Wednesday , 20 March 2019
Home / Cover Story / വലിയ ശാഖകളുള്ള തണല്‍മരം

വലിയ ശാഖകളുള്ള തണല്‍മരം

നിങ്ങളുടെ പ്രവൃത്തികള്‍ കണ്ട് മനുഷ്യര്‍ സ്വര്‍ഗസ്ഥനായ പിതാവിനെ മഹത്ത്വപ്പെടുത്തണം’ എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. മക്കള്‍ ചെയ്യുന്ന സത്പ്രവൃത്തികള്‍ വയറലായപ്പോള്‍ അനേകരുടെ നല്ല വാക്കുകള്‍ കേട്ട് ആ അപ്പന്റെ ‘തിരു’ ഹൃദയം നിറയുന്നുണ്ട്. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ജീസസ് യൂത്ത് ഇനിഷ്യേറ്റീവുകളെക്കുറിച്ചാണ് പറയുന്നത്. ഒരു കലാലയം അത് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സമൂഹവുമായി പല കൊടുക്കല്‍ വാങ്ങലുകളും നടത്തുന്നുണ്ട്. അതില്‍ സാമൂഹിക പ്രതിബദ്ധതയുള്ള അനേകം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുവാനും ഏകോപിപ്പിക്കുവാനും എസ്.എച്ച് കോളേജിലെ ജീസസ് യൂത്തിന് സാധിച്ചു.

കലാലയങ്ങളില്‍ സാധാരണ ഒരു പിരീയഡ് വാല്യു എഡ്യുക്കേഷന്‍ നടക്കാറുണ്ട്. പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ പലപ്പോഴും കഴിയാറില്ല. എന്നാല്‍ തണല്‍ മരം എന്ന ചെറിയ ചുവടുവയ്പില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വലിയ ചലനങ്ങള്‍ തേവര കോളേജിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നു. എറണാകുളത്തും പരിസര പ്രദേശങ്ങളിലും അഗതികളും ആലംബഹീനരുമായി അലഞ്ഞു നടന്നവര്‍ക്ക് ചേക്കേറാന്‍ തണല്‍ മരം ഒരുങ്ങിയതിന്റെ കഥ പറയാം.

ബുധനാഴ്ച ദിവസം മൊണാസ്ട്രിയുടെ മുന്‍പില്‍ സാധാരണ എത്തിച്ചേരാറുള്ള സാധുജനങ്ങളെ ഒരുമിച്ചുകൂട്ടി 2014-ലെ ക്രിസ്മസ് അവധിക്ക് മുന്‍പുള്ള ബുധനാഴ്ച ഒരു സ്‌നേഹസംഗമം നടത്തി. ജീസസ് യൂത്ത് പാട്ടും, ഡാന്‍സും, കളികളും, കേക്കും സമ്മാനങ്ങളുമെല്ലാം ഒരുക്കി പരിപാടി കളറാക്കി. പിന്നീടുള്ള എല്ലാ ബുധനാഴ്ചകളിലും രാവിലെ 8.30 മുതല്‍ 9.30 വരെ അവിടെ എത്തുന്നവരോടൊപ്പം ആയിരിക്കാന്‍ സമയം കണ്ടെത്തി. കാരുണ്യവര്‍ഷം പ്രമാണിച്ച് വിന്‍സെന്റ് ഡി പോള്‍ വര്‍ത്തകരുമായി സഹകരിച്ച് അവര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി. ഇപ്പോള്‍ കോളേജ് ക്യാന്റീനില്‍ നിന്ന് മുടങ്ങാതെ നല്‍കുന്നു. 9.15 മുതല്‍ 9.30 വരെ വിദ്യാര്‍ഥികള്‍ക്ക് അവിടെ വരുന്നവരോട് സംസാരിക്കാനുള്ള സമയമാണ്.

ഒരിക്കല്‍ ജീസസ് യൂത്ത് ഇന്‍ചാര്‍ജ് സാബു അച്ചന്‍ ലുലു മാളിന്റെ പരിസരത്ത് ഭിക്ഷ എടുത്ത് നടന്ന ഒരാളോട് ലുലുവില്‍ കയറിയിട്ടുണ്ടോന്ന് ചോദിച്ചു. മറുപടി നമുക്ക് ഊഹിക്കാമല്ലോ! അവിടെ വന്ന എല്ലാവരോടും ചോദിച്ചു. മറുപടികള്‍ ഷൂട്ട് ചെയ്ത് ഒരു വീഡിയോ ആക്കി അച്ചന്‍ വാട്ട്‌സാപ്പില്‍ ഷെയര്‍ ചെയ്തു. അങ്ങനെ കോളേജിലെ ജീസസ് യൂത്തുകാര്‍ എഴുപത് പേരും തണല്‍ മരത്തില്‍ വന്നു ചേരുന്നവര്‍ 65 പേരും ഒരുമിച്ച് ലുലുമാള്‍ കാണാന്‍ പോയി. പി.വി.ആര്‍-ലെ സിനിമ, ഒന്നിച്ചുള്ള ഭക്ഷണം, ലുലു നല്‍കിയ സമ്മാനം, പിന്നെ ആക്രി പെറുക്കി കൂട്ടുകാര്‍ സൊരുക്കൂട്ടിയ 25000 രൂപ പകുത്ത് എല്ലാവര്‍ക്കും പോക്കറ്റ് മണിയായി കൊടുത്തു. മൊത്തം വലിയ സന്തോഷം. ലുലുവിന്റെ നടുത്തളത്തില്‍ വച്ച് അവര്‍ ആ 65 പേരില്‍ ഒരാളുടെ ബര്‍ത്തഡേ ആഘോഷവും നടത്തി. എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ വലിയ അനുഭവം പങ്കുവയ്ക്കലിന്റെ പുതിയ അധ്യായം. ജീസസ് യൂത്ത് അവിടംകൊണ്ട് നിറുത്തിയില്ല. മെട്രോ വന്നപ്പോള്‍ തണല്‍ മരത്തിലെ അറുപത് കിളികളെയും കൊണ്ട് ഒരു യാത്ര. അങ്ങനെ പോകുന്നു തണല്‍ മരത്തിന്റെ വിശേഷങ്ങള്‍. ഓരോ ആഴ്ചയും ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇങ്ങനെ മാറി മാറി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതുകൊണ്ട് കോളേജിലെ 80% വിദ്യാര്‍ഥികളും ജീസസ് യൂത്ത് ഇനിഷ്യേറ്റീവുകളില്‍ പങ്കെടുത്തിട്ടുണ്ട്.

കോളേജ് പരിസരത്തുള്ള വീടുകള്‍ സന്ദര്‍ശിച്ചാലോ എന്നൊരു ആലോചന വന്നു, പ്രയര്‍ മീറ്റിംഗിനിടയില്‍. അങ്ങനെ അവിടുള്ള കോളനിയില്‍ എത്തിയപ്പോള്‍ അവിടത്തുകാര്‍ ചോദിക്കുവാ ‘ഒന്ന് ഇവിടംവരെ വരാന്‍ എന്താ ഇത്ര വൈകിയേ’ന്ന്. വിശേഷങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഒന്‍പതാം ക്ലാസ്സില്‍ തോറ്റ് പഠനം നിറുത്തിയ ഒരു കുട്ടിയുടെ കാര്യം അറിയുന്നത്. തുടര്‍ന്നുള്ള പ്രയര്‍ മീറ്റിംഗില്‍ എഡ്യു കെയര്‍ എന്ന പദ്ധതിക്ക് രൂപം കൊടുത്തു. തൊട്ടടുത്തുള്ള സ്‌കൂളില്‍ ഹൈസ്‌കൂളിലെ മുപ്പത് കുട്ടികള്‍ക്കും യു.പി.യിലെ നാല്പത് കുട്ടികള്‍ക്കും ട്യൂഷന്‍ എടുത്ത് നല്‍കുന്നു. ഓരോ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇരുപത് വിദ്യാര്‍ഥികള്‍ ക്ലാസ്സ് സമയം കഴിഞ്ഞ് സ്‌കൂളിലെത്തുന്നു. അഞ്ച് പേര്‍ക്ക് ഒരു ടീച്ചര്‍ എന്നാണ് കണക്ക്. വിഷയങ്ങള്‍ മാറിമാറി പഠിപ്പിച്ച് കൊടുക്കും. പരിഗണനയും സ്‌നേഹവും പ്രചോദനവുമൊക്കെ ആയപ്പോള്‍ തോറ്റ് കിടന്നവര്‍ ക്ലാസ്സ് ടോപ്പര്‍ ആകുന്ന മാജിക് കാണാനിടയായി.

സമൂഹത്തിന്റെ അതിര്‍ത്തികളിലും പുറംപോക്കുകളിലും കഴിഞ്ഞിരുന്നവരെ അവിടേയ്ക്ക് ഇറങ്ങിച്ചെന്ന്, കൈപിടിച്ച് മുഖ്യധാരയുടെ ഭാഗമാക്കുക, എന്നതാണ് ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എല്ലാവരെയും പോലെ ഇവരും ചെയ്യുന്നത്. കോളേജിലെ പ്രെയര്‍ ഗ്രൂപ്പിനെ അതിനുവേണ്ടിയുള്ള മനോഹരമായ ഉപകരണമാക്കിയതില്‍ ഇവര്‍ വിജയിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കാണുകയും അറിയുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളില്‍ നിന്ന് ലൈക്കും, ഷെയറും വാങ്ങി ഇനിഷ്യേറ്റീവുകള്‍ മറ്റ് ക്യാമ്പസുകളിലും വയറലാകട്ടെ എന്ന് തിരുഹൃദയത്തില്‍ സ്ഥാനം പിടിച്ച യേAmal Tom_Smallശുവിന്റെ യുവജനങ്ങള്‍ ആഗ്രഹിക്കുന്നു.

അമല്‍ ടോം ജോര്‍ജ് 

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co