Wednesday , 20 February 2019
Home / Featured / സാബു അച്ചനും കൂട്ടുകാരും എന്താണീ ചെയ്യുന്നത്?

സാബു അച്ചനും കൂട്ടുകാരും എന്താണീ ചെയ്യുന്നത്?

തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ സാബു അച്ചന്‍ കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയാണ്. 2013 ഒക്‌ടോബര്‍ 10-ന് തിരുഹൃദയ കലാലയത്തിലെത്തുമ്പോള്‍ പുതിയ ജോലി സ്ഥലത്തെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. ഇന്ന്, 4 വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞു നോക്കുമ്പോള്‍ അത് ഒരു നിയോഗത്തിന്റെ ഭാഗമായിരുന്നു എന്ന് അച്ചന്‍ തിരിച്ചറിയുന്നു. വൈദിക ജീവിതത്തിലെ 11 വര്‍ഷങ്ങള്‍ യുവജനങ്ങളോടൊപ്പം ചിലവഴിച്ച് അവരെ അടുത്തറിഞ്ഞ് സ്‌നേഹിച്ച്, മനസ്സിലാക്കി കൂടെ നടത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ അനുഭവങ്ങളാണ് തേവര കോളേജിലെ ജീസസ് യൂത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസനീയമായ നിലയിലേക്ക് വളര്‍ത്തിക്കൊണ്ടണ്ടുവരാന്‍ അച്ചനെ സഹായിച്ചത്. ജാതി മത വ്യത്യാസമില്ലാതെ എല്ലാ യുവ മിഷണറിമാര്‍ക്കും അവരെ നയിക്കുന്ന അധ്യാപകര്‍ക്കും മാതൃകയും വലിയ പ്രചോദനവും നല്‍കുന്ന അച്ചന്റെ പ്രവര്‍ത്തനങ്ങളെ അടുത്തറിയാം.

അച്ചന്‍ എങ്ങനെയാണ് ജീസസ് യൂത്തിന്റെ
ഭാഗമാകുന്നത്?

ജീസസ് യൂത്തിനെക്കുറിച്ച് എനിക്ക് കേട്ടു പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ക്ലബ്ബിന്റെ മാതൃകയിലാണ് ജീസസ് യൂത്ത് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഇന്‍ചാര്‍ജ് ആകാന്‍ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെ തിങ്കളാഴ്ചകള്‍ തോറുമുള്ള പ്രയര്‍ മീറ്റിംഗുകളില്‍ കുട്ടികളോടൊപ്പം പങ്കെടുത്തു തുടങ്ങി.

എങ്ങനെയാണ് വിദ്യാര്‍ഥികളെ ഒരുമിച്ച് കൂട്ടിയത്?

ഇവിടത്തെ ജീസസ് യൂത്ത് കൂട്ടായ്മയെ സെക്യുലര്‍ പ്ലാറ്റ് ഫോം ആയി ഒപ്പം വ്യത്യസ്തതകളെ ബഹുമാനിക്കുന്ന നന്മയുള്ള ഒരു ഇടമായി കാണാന്‍ ഞാന്‍ ശ്രമിച്ചു. ‘സോള്‍റ്റീസ്’ എന്ന ക്യാമ്പാണ് ആദ്യം ചെയ്യുന്ന പരിപാടി. 4-5 പേര്‍ മാത്രം ഒന്നിച്ച് കൂടിയിരുന്ന പ്രയര്‍ മീറ്റിംഗില്‍ നിന്ന് മുഴുവന്‍ കോളജിനും വേണ്ടി വലിയ ഒരു പരിപാടി ചെയ്യുന്ന തലത്തിലേയ്ക്ക് ദൈവം ഉയര്‍ത്തി. ‘സോള്‍റ്റീസ്’ നല്ല പ്രതികരണം നേടി. ഒരുമിച്ചുള്ള പ്രാര്‍ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ സമയങ്ങളായിരുന്നു അത്. തുടര്‍ന്ന് നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാര്‍ഥികളുടെ പങ്കാളിത്തം ലഭിച്ചു.

വിദ്യാര്‍ഥികള്‍ വലിയ താത്പര്യമാണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  കാണിക്കുന്നത്.എന്താണിതിന്റെ രഹസ്യം?

അവരോടുള്ള സമീപനം മാറിയപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങളോടുള്ള മനോഭാവം മാറി. വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ക്ക് പിന്‍തുണ നല്‍കി. മാര്‍ഗനിര്‍ദേശവും പ്രചോദനവും ഒപ്പം തിരുത്തലുകളും ഒക്കെ ആയി ഞാന്‍ അവരില്‍ ഒരാളായി മാറുകയായിരുന്നു. അധ്യാപകന്‍-വിദ്യാര്‍ഥി ഈഗോയോ അകലമോ ഉണ്ടാക്കാതെ ശ്രദ്ധിച്ചു. അവരെ വിശ്വസിച്ച് ഓരോ കാര്യങ്ങള്‍ ഏല്പിക്കുന്നു എന്ന് മനസ്സിലായി കഴിഞ്ഞപ്പോള്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നോട് വളരെ അടുത്ത് ഇടപെടുന്നവരും പഠിപ്പിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ കുമ്പസാരിക്കാന്‍ എന്നെ തേടിവരുന്നത് എന്റെ ആത്മവിശ്വാസം കൂട്ടുന്നു.

ജീസസ് യൂത്തിനെ ഒരു സെക്യുലര്‍ പ്ലാറ്റ് ഫോം ആയി കാണുന്നു എന്ന് പറഞ്ഞു. എങ്ങനെയാണ് അതിന് സാധിച്ചത്?

ഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നതുകൊണ്ട് പല ഡിപ്പാര്‍ട്ട്മെന്റുകളിലെ കുട്ടികളുടെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നു. ആശുപത്രി സന്ദര്‍ശനം, തണല്‍ മരം പോലുള്ള പ്രവര്‍ത്തനങ്ങളിലെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ക്ലാസ്സില്‍ പൊതുവായി പങ്കുവയ്പിച്ചു. വളരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന അത്തരം അനുഭവങ്ങള്‍ കുട്ടികളെയും ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളിലേയ്ക്ക് ആകര്‍ഷിച്ചു. എല്ലാവര്‍ക്കും പങ്കുചേരാന്‍ പറ്റുന്ന രീതിയില്‍ പൊതു പ്രാര്‍ഥനകള്‍ ഉപയോഗിച്ചു തുടങ്ങി. വേര്‍തിരിവുകളില്ലാതെ എല്ലാവര്‍ക്കും ഓരോ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം നല്‍കി. പതിയെ നമ്മുടെ ഇനിഷ്യേറ്റീവുകള്‍ എല്ലാവര്‍ക്കും ഇഷ്ടമായി തുടങ്ങി.

അച്ചന്റെ  നേതൃത്വത്തില്‍          തുടങ്ങിയ
പ്രവര്‍ത്തനങ്ങളെ കുറിച്ച്?

2014-ല്‍ ആരംഭിച്ച തണല്‍ മരം ആണ് എടുത്ത് പറയാന്‍ ഉള്ളത്. എല്ലാ ബുധനാഴ്ചകളിലും ആശ്രമത്തില്‍ എത്തുന്ന അഗതികളോടൊത്ത് സമയം ചെലവഴിക്കുക എന്നതാണ് തണല്‍ മരം കൊണ്ട് ഉദ്ദേശിച്ചത്. വലിയ പല പ്രവര്‍ത്തനങ്ങള്‍ക്കും കാരണമായ ചെറിയ ചുവടായിരുന്നു തണല്‍ മരം. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുവാനാണ് ശ്രദ്ധിച്ചത്. ആശുപത്രി സന്ദര്‍ശനം, ലുലുമാള്‍ യാത്ര, മെട്രോ യാത്ര, തുടര്‍ച്ചയായി നടക്കുന്ന സ്‌നേഹ സംഗമങ്ങള്‍, അനാഥാലയം സന്ദര്‍ശിക്കല്‍, ഔട്ട് റീച്ച് മിനിസ്ട്രി പ്രവര്‍ത്തനങ്ങള്‍ ഹോണസ്ടി ഷോപ്പ്,സാള്‍റ്റീസുകള്‍, ഹാര്‍വെസ്റ്റ് പ്രോഗ്രാമുകള്‍ അങ്ങനെ ദൈവം നയിക്കുകയാണ്.

പ്രവര്‍ത്തങ്ങളോട് കോളേജില്‍ നിന്നുള്ള
പ്രതികരണം?

100-ഓളം വിദ്യാര്‍ഥികള്‍ കോളേജിന് സമീപ പ്രദേശത്തുള്ള 300-ല്‍ അധികം വീടുകളില്‍ നിന്ന് ആക്രി സാധനങ്ങല്‍ ശേഖരിച്ചു. തണല്‍ മരത്തില്‍ എത്തുന്നവര്‍ക്ക് ലുലു മാള്‍ യാത്ര ഒരുക്കുവാന്‍ തുക സമാഹരിച്ചത് അങ്ങനെയും കൂടിയാണ്. കേട്ടവര്‍ക്ക് എല്ലാം സിറ്റിയിലുള്ള കോളേജിലെ കുട്ടികള്‍ ഇതിന് തയ്യാറായി എന്നത് അത്ഭുതമായി തോന്നി. പ്രിന്‍സിപ്പല്‍ റവ. ഡോ. പ്രശാന്ത് പാലക്കാപ്പള്ളില്‍ വലിയ പിന്‍തുണയാണ് നല്‍കുന്നത്. ഒത്തിരി നന്മ സംഭവിക്കുന്നു എന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമുണ്ടണ്ട്. നല്ല സഹകരണം ലഭിക്കുന്നു.

വിദ്യാര്‍ഥികളുടെ മനോഭാവത്തില്‍ വന്ന മാറ്റങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു?

ഡിജിറ്റല്‍ ലോകത്ത് വിര്‍ച്ച്വല്‍ റിയല്‍ ആയി ജീവിച്ചിരുന്നവരെ രോഗം, പട്ടിണി, മരണം അനാഥത്വം തുടങ്ങിയ യാഥാര്‍ഥ്യങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയപ്പോള്‍ അവരില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ഉപദേശം കൊണ്ട് ആരെയും മാറ്റാന്‍ പറ്റില്ല, പക്ഷേ, മാതൃകാ ജീവിതങ്ങള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും സാധിക്കും എന്ന് ഞാന്‍ പറയുന്നതിന്റെ കാരണവും ഇതാണ്. സുഖം, സന്തോഷം, ആനന്ദം ഇവയില്‍ ആനന്ദം കണ്ടെത്താനും അനുഭവിക്കാനും അവര്‍ പഠിച്ചു വരുന്നു. കാരണം ആനന്ദം ശാശ്വതമാണ് എന്ന് അവര്‍ തിരിച്ചറിയുന്നു. പുസ്തകങ്ങളിലെ സങ്കല്പങ്ങളില്‍ നിന്ന് ജീവിതത്തിന്റെ യാഥാര്‍ഥ്യത്തിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാന്‍ സാധിച്ചതിന്റെ ഫലമാണ് ഇതെല്ലാം.

നാലുവര്‍ഷത്തെ യൂത്ത് മിനിസ്ട്രി പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ആനന്ദം നല്‍കിയ അനുഭവം?

കോളേജിന് തൊട്ടടുത്തുള്ള സ്‌കൂളില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത്
കൊടുക്കുന്നുണ്ട്. നമ്മുടെ ജീസസ് യൂത്ത് കുട്ടികള്‍ ക്ലാസ്സ് കഴിഞ്ഞ് ഒരു മണിക്കൂര്‍ ഇതിനുവേണ്ടി മാറ്റി വയ്ക്കുന്നു. നമ്മള്‍ ട്യൂഷന്‍ കൊടുത്ത ഒരു കുട്ടി ഇംഗ്ലീഷ് പരീക്ഷയില്‍ ക്ലാസ്സില്‍ ഒന്നാമതെത്തി. അവന്‍ ഓടി വന്ന് അത് പറഞ്ഞപ്പോള്‍ വലിയ സന്തോഷമായി.

യുവതലമുറയുടെ ആത്മീയ രൂപവത്ക്കരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?

ചിലരെങ്കിലും ആത്മീയ രൂപവത്ക്കരണം നല്‍കുന്ന ഇടങ്ങളില്‍ ഇന്ന് തീവ്രമായ മതചിന്തകളും, ചെറിയ തോതില്‍ ഫണ്ടമെന്റലിസവും പ്രചരിപ്പിക്കുന്നില്ലെ എന്ന് ആശങ്കയുണ്ടണ്ട്. കുറ്റബോധവും ഭയവും യുവജനങ്ങളില്‍ നിറച്ച് അവരെ അധികം നാള്‍ കൂടെ നിറുത്താന്‍ കഴിയില്ല. ഒരു വ്യക്തിക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായ കാര്യം പോസിറ്റീവ് സെല്‍ഫ് ഇമേജാണ്. അത് നല്‍കാന്‍ ആണ് ആത്മീയ രൂപവത്ക്കരണ കേന്ദ്രങ്ങള്‍ ശ്രമിക്കേണ്ടണ്ടത്. സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥികളുമായി ഇടപെടുമ്പോള്‍ യേശു എന്ന് ഞാന്‍ പറയാറില്ല. പക്ഷേ, സംസാരിച്ച് തീരുമ്പോള്‍ അവര്‍ക്ക് മനസ്സിലാകും ഞാന്‍ ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന്. നമ്മുടെ പ്രവൃത്തിയും ചിന്തയും നമ്മുടെ ആത്മീയതയ്ക്ക് സാക്ഷ്യമാകണം.

കോളേജുകളില്‍ സ്പിരിച്ച്വല്‍ ആനിമേഷന്‍
നടത്തുന്ന ഫാക്കല്‍റ്റികളോട് പറയുവാനുള്ളത്?

വിദ്യാര്‍ഥികളെ വിശ്വസിക്കാന്‍ തയ്യാറാവുക. നമ്മുടെ മനസ്സില്‍ അവര്‍ക്ക് ഒരു വിലയുണ്ട് എന്ന് മനസ്സിലായാല്‍ എന്തിനും തയ്യാറായി അവര്‍ കൂടെ നില്‍ക്കും. യുവജനങ്ങള്‍ ഇന്ന് ആകെ മോശം അവസ്ഥയില്‍ ആണ് എന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. അങ്ങനെ വിലപിച്ചതുകൊണ്ട് കാര്യമില്ല. അവര്‍ക്ക് ആവശ്യമായ പിന്‍തുണയും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ ആളുണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു വിദ്യാര്‍ഥിയെ ക്ലാസ്സില്‍ നിന്ന് ഇറക്കി വിടേണ്ട സാഹചര്യം വന്നാല്‍ അത് കുട്ടിയുടെ കുറവല്ല, അധ്യാപനം നടത്തുന്ന ആളുടെ പോരായ്മയാണ്. അയാളെക്കൂടെ ക്ലാസ്സില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം. നമുക്ക് മാതൃകയാകാന്‍ കഴിയുന്നില്ല എങ്കില്‍ അവര്‍ മറ്റ് ആളുകളെ മാതൃകയാക്കും.

തേവര കോളേജിലെ ജീസസ് യൂത്ത് കൂട്ടായ്മയുടെ ഭാവി പരിപാടികള്‍?

എറണാകുളത്തെ മറ്റ് കോളേജുകളില്‍ നിന്ന് കൂടി വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നമ്മുടെ കോളേജുകളില്‍ ക്യാമ്പ് നടത്താന്‍ ആലോചനയുണ്ട്. അതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. യുവജനങ്ങള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്സ് നല്കുന്നതിന് മറ്റ് കോളേജുകള്‍ എന്നെ ക്ഷണിക്കാറുണ്ട്. അടുത്തിടയായി ഇവിടത്തെ ജീസസ് യൂത്ത് ടീമിനെ ഒപ്പം കൂട്ടുന്നു. ഞങ്ങള്‍ ഒരു റിസോഴ്‌സ് ടീം ആയി മാറുകയാണ്. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് റീച്ച് ഔട്ട്Amal Tom_Small പോകാന്‍ ആലോചനയുണ്ട്.

അമല്‍ ടോം ജോര്‍ജ് 

Share This:

Check Also

വന്ദിച്ചില്ലെങ്കിലും… നിന്ദിക്കരുത്..!

മുന്നറിയിപ്പ്: ഈ കുറിപ്പ് വൈദികരെക്കുറിച്ചാണ് നെറ്റി ചുളിയുന്നവര്‍ വായിക്കണമെന്ന് നിര്‍ബന്ധമില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനേഴാം വയസ്സില്‍തന്നെ ജീവിതം മടുത്തുപോയൊരു കൗമാരക്കാരന്‍ …

Powered by themekiller.com watchanimeonline.co