Wednesday , 20 March 2019
Home / Anubhavam / കൂട്ടുകെട്ടിന്റെ രസക്കൂട്ട്‌

കൂട്ടുകെട്ടിന്റെ രസക്കൂട്ട്‌

നിനക്കു കുറച്ചു പക്വത ആയിക്കൂടേ…
ഒരു ഉത്തരവാദിത്വവും കാണിക്കാതെയുള്ള നടപ്പാ നീ ഇപ്പോ…

ഡെയ്‌ലി ഇത് കേട്ടിരുന്ന ഈ എന്നോടാണ് അന്ന് മമ്മി പറയുന്നത് ”ഡാ അവളെ നീ ആന്ധ്രവരെ കൊണ്ടുപോയി വിടണം!!!”

അനിയത്തിയെ നഴ്‌സിങ്ങിന് ചേര്‍ക്കാന്‍ ഈ ഞാനോ… ഒറ്റയ്‌ക്കോ!! മമ്മി തമാശിച്ചതാ എന്നാണ് ആദ്യം വിചാരിച്ചത്. പിന്നീട് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തപ്പോഴാണ് തമാശയല്ല എന്ന് മനസ്സിലായത്.

അങ്ങനെ ആ സുദിനം എത്തി. കേരള എക്‌സ്പ്രസ്സില്‍
ആന്ധ്രയിലേക്കുള്ള ആ യാത്ര. എല്ലാ യാത്രയിലെയും
പോലെ ഹെഡ്‌സെറ്റ് ചെവിയില്‍ തിരുകി പാട്ട് കേള്‍ക്കാന്‍ തുടങ്ങി. അനിയത്തി അടുത്തു തന്നെയുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ചെവിയില്‍ പറഞ്ഞു: ”ചേട്ടായി ആ ചേട്ടനെ കണ്ടിട്ട് ജീസസ് യൂത്ത് ആണ് എന്ന് തോന്നുന്നു.” അനിയത്തി അവനെ കണ്ടപ്പോള്‍ ജീസസ് യൂത്ത് ആണെന്ന് എങ്ങനെയാ മനസ്സിലാക്കിയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അത് ഇപ്പോഴും എനിക്ക് പിടികിട്ടാത്ത കാര്യമായി തുടരുന്നു. പക്ഷേ, അതില്‍ ഒരു സുഖം ഉണ്ട്. പുറമേക്കാര്‍ക്ക് ആര്‍ക്കും മനസ്സിലാകാത്ത ഒരു സുഖം.

ചേട്ടായി ഒന്ന് ചോദിച്ചു നോക്കിക്കേ… അവള്‍ പറഞ്ഞു. എതിരെ ഒരു പയ്യന്‍ ഇരിപ്പുണ്ട്. അവന്‍ അവിടെ നല്ല സംസാരം ആണ്. രണ്ടും കല്പിച്ചു അങ്ങ് ചോദിച്ചു. ”ജീസസ് യൂത്തിന്റെ ഏതേലും പ്രോഗ്രാമിന് പോയിട്ടുണ്ടോ?” ”ചേട്ടാ, ഞാനും ജീസസ് യൂത്ത് ആണ്. ഇപ്പോള്‍ ഒരു പ്രോഗ്രാം കഴിഞ്ഞു വരുന്ന വഴിയാണ്.” അവന്റെ മറുപടിയില്‍ വലിയ ഒരു സന്തോഷംകാണാമായിരുന്നു. ഞങ്ങള്‍ക്ക് അത് കേട്ടപ്പോഴും. അവന്റെ വിശേഷങ്ങളും ഞങ്ങളുടെ വിശേഷങ്ങളും ഒക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഉടനെ വന്നു വേറെ ഒരു പെണ്‍കുട്ടിയുടെ ശബ്ദം. ചേട്ടാ ഞാനും ജീസസ് യൂത്ത് ആണ്. അവള്‍ പഠിക്കാന്‍ പോകുന്നത് അനിയത്തിയുടെ അതെ കോളേജില്‍ ആണ്. പറയുമ്പോള്‍ അവളുടെ മുഖത്തു കാണാം ഒരു വലിയ സന്തോഷം.

നാലുപേര് ആയപ്പോള്‍ അവിടെ സന്തോഷവും ഒപ്പം ശബ്ദവും കൂടി വന്നു. പതിയെ സംസാരിക്കുന്നത് ആണ് നല്ലതെന്ന് എനിക്കു തോന്നി തുടങ്ങിയപ്പോഴേക്കും അടുത്തിരുന്ന ഒരു ആന്റി, മക്കള്‍ എങ്ങോട്ട് പോകുവാ എന്ന് അന്വേഷിക്കാന്‍ എത്തി. ബഹളം കുറയ്ക്കാന്‍ പറയാനാണോ എന്ന് ഞാന്‍ ഒന്ന് ശങ്കിച്ചു. പക്ഷേ, ആന്റിക്ക് അറിയേണ്ടണ്ടതു ഞങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളും ആയിരുന്നു. ആന്റിയെയും ഞങ്ങളുടെ കൂടെ കൂട്ടി. യാത്ര മുന്‍പോട്ടു പോകുംതോറും ഞങ്ങളുടെ എണ്ണവും കൂടി വന്നു. ബന്ധങ്ങളുടെ ആഴവും. അവന്‍ പാലക്കാട് വച്ച് യാത്ര പറഞ്ഞു പോയപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്തെന്ന് അറിയാത്ത വേദന ആയിരുന്നു. പിന്നീട് രാത്രിയില്‍ ഒരു കൂപ്പയിലെ എല്ലാവരും ഒന്നിച്ചിരുന്നു കൊന്ത ചൊല്ലിയപ്പോഴും പാട്ട് പാടിയപ്പോഴും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചപ്പോഴും പക്വത ഇല്ലാത്ത എന്നെ കര്‍ത്താവ് സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരുപാട് ആള്‍ക്കാരുടെ ഇടയില്‍ കൊണ്ടുപോയി ഇടുന്നതിനെയാണ് ഓര്‍ത്തത്. ഉത്തരവാദിത്വം ഇല്ലാതെ കിടന്നു ഉറങ്ങിയ എന്നെ സ്റ്റേഷന്‍ എത്തിയപ്പോള്‍ വിളിച്ചു എണീപ്പിച്ചതു ആന്റി ആണ്. അല്ലേലും കര്‍ത്താവ് വലിയ കരുതല്‍ ഉള്ള ആളാണല്ലോ!!

അടിക്കുറിപ്പ്:

അനിയത്തീടെ ബര്‍ത്തഡേ ആയിരുന്നു കഴിഞ്ഞ ദിവസം. അവര്‍ കോളേജില്‍ പ്രയര്‍ ഗ്രൂപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ പോകുവാണ്. ട്രെയിനില്‍ വച്ച് കണ്ട ആ പെണ്‍കുട്ടി ആണ് അവളുടെ ഒപ്പം.

കഥയിലെ ഹീറോയുടെ മെസ്സേജ് കണ്ടാണ് ഞാന്‍ മിക്ക ദിവസവും ഉണരുന്നത്. ഇന്നും അവന്റെ സ്‌നേഹം തുടരുന്നു.

ആന്റിയുടെ കോള്‍ ഇടയ്ക്കിടയ്ക്കു വരും, ഒരുപാട് സ്‌നേഹത്തോടെ.

ഞാനാണേല്‍ അലാറം പോലെ ഇന്നും കേട്ടു. നിനക്കു എന്നാടാ പക്വത വയ്ക്കുക?!

മാസങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് നിന്ന് തുടങ്ങിയ യാത്ര ഇന്നും ഇങ്ങനെ തുടരുന്നു.

അല്ലേലും കര്‍ത്താവ് ഭയങ്കര സെറ്റപ്പ് ആണല്ലോ. തീര്‍ന്നു എന്ന് വിചാരിക്കുന്നിടത്തു നിന്ന് ഓരോന്ന് തുടങ്ങും!!

അജയ് അഗസ്റ്റിന്‍

Share This:

Check Also

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ …

Powered by themekiller.com watchanimeonline.co