Wednesday , 20 February 2019
Home / Editorial / അകലം കുറയ്ക്കുന്ന ചിരി

അകലം കുറയ്ക്കുന്ന ചിരി

കോളേജില്‍ ബിരുദ പഠനത്തിന് എത്തിയ കാലത്ത് എനിക്ക് കലാലയ രാഷ്ട്രീയത്തിലും സംഘടനാ പ്രവര്‍ത്തനത്തിലുമൊക്കെ കുറച്ച് താത്പര്യമുണ്ടായിരുന്നു. ആദ്യ വര്‍ഷത്തില്‍ ഒന്നാം വര്‍ഷക്കാരുടെ പ്രതിനിധിയെന്ന നിലയില്‍ സ്വതന്ത്രനായി മത്സരിച്ച് തോല്ക്കുകവരെ ചെയ്തു. അതിനിടയിലാണ് കോളേജില്‍ നടന്ന ചെറിയൊരു നവീകരണ ധ്യാനത്തില്‍ പങ്കെടുക്കാനിടയായതും പ്രാര്‍ഥനാ ഗ്രൂപ്പില്‍ തുടര്‍ച്ചയായി പങ്കെടുത്തു തുടങ്ങിയതും. അന്ന് ഞാന്‍ പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ കത്തോലിക്കാ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വംനല്കിയിരുന്നത് പ്രാര്‍ഥനാഗ്രൂപ്പ് അംഗങ്ങളായിരുന്നു. അങ്ങനെ രണ്ടാം വര്‍ഷമായപ്പോഴേയ്ക്കും ആ പ്രവര്‍ത്തനങ്ങളുടെയെല്ലാം മുമ്പില്‍ ഞാനുമുണ്ടായിരുന്നു.

ഓരോ പീരിയഡിനും ശേഷമുള്ള അഞ്ച് മിനിറ്റ് ബ്രേക്ക്സമയത്ത്, ഏതെങ്കിലുമൊക്കെ കാര്യം നടത്താനും,കാര്യങ്ങള്‍ ഏല്പിച്ചിട്ട് ചെയ്തവരെയും, ചെയ്യാത്തവരെയും ഫോളോ അപ്പ് ചെയ്യാനുമൊക്കെ ഓടി നടക്കേണ്ടി വരാറുണ്ടായിരുന്നു. പോകുന്ന വഴിയില്‍ വിവിധ തരത്തില്‍ പരിചയമുള്ളവരോടൊക്കെ സംസാരിക്കാന്‍ സമയമുണ്ടായിരുന്നില്ലെങ്കിലും, ചിരിക്കാന്‍ മറക്കാറില്ലായിരുന്നു. അത്തരത്തില്‍ ചില ദിവസങ്ങളിലൊക്കെ ചിരിച്ച്, ചിരിച്ച്, മുഖത്തെ മസ്സിലുകള്‍ക്ക് വേദന എടുക്കുന്ന അവസരങ്ങളുമുണ്ടായിട്ടുണ്ട്

ചിരി മറ്റൊരു തരത്തിലും പ്രശ്‌നമുണ്ടാക്കി. പരിചയമുള്ള ആരെ കണ്ടാലും ചിരിക്കുക എന്നതൊരു ശീലമായിത്തീര്‍ന്നു. കുറച്ച് വിരോധമോ ദ്വേഷ്യമോ ഉള്ളവരെയാണെങ്കിലും കാണുമ്പോള്‍ ഓര്‍ക്കാതെ പെട്ടെന്ന് ചിരിക്കും. പിന്നീടാണോര്‍ക്കുന്നത് അയാളോട് ഞാന്‍
ദ്വേഷ്യപ്പെടാനിരിക്കുകയായിരുന്നല്ലോ എന്ന്. എന്തായാലും ഇപ്പോള്‍ ഏതാണ്ട് മൂന്ന് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും അന്നത്തെ എന്റെ ചിരിയുടെ ഇരകള്‍പലരുമിന്നും എന്നെ തിരിച്ചറിയുന്നുണ്ട്. അകലങ്ങള്‍ കുറയ്ക്കാനും ബന്ധങ്ങള്‍ വളര്‍ത്താനും ചിരിക്കുപോലും സാധിക്കും എന്ന് തീര്‍ച്ച.

പുതിയ വാഹനങ്ങള്‍ക്കെല്ലാമിപ്പോള്‍ പവര്‍ സ്റ്റിയറിങ്ങും പവര്‍ ബ്രേക്കുമൊക്കെയാണ്. ചെറിയ വിധത്തില്‍ ശക്തി പ്രയോഗിക്കുമ്പോള്‍ത്തന്നെ കൂടുതല്‍ പ്രതികരണം ലഭിക്കുന്നുവെന്നതാണല്ലോ അതിന്റെ പ്രയോജനം. പ്രഭാഷകരും രാഷ്ട്രീയക്കാരുമൊക്കെ ശക്തമായ ശരീര ഭാഷ സ്വന്തമാക്കാന്‍ പരിശീലിക്കുന്നതായി കേട്ടിട്ടുണ്ട്. ജോലിക്കൊക്കെയുള്ള അഭിമുഖ പരീക്ഷയിലും മറ്റും വിജയിക്കാന്‍ പവര്‍ ഡ്രസ്സിങ്ങ് വേണമത്രേ. ടിവി പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കൊക്കെ ദിവസങ്ങള്‍ നീളുന്ന ഗ്രൂമിങ്ങ് സെഷനുകളുണ്ട്. മേല്പറഞ്ഞതിനൊക്കെ ഗുണങ്ങളുണ്ട് എന്നത് നിഷേധിക്കുന്നില്ല. എങ്കിലും പെരുമാറ്റത്തിലും ശൈലികളിലും കൃത്രിമത്വം നിറയാനത് കാരണമാകുന്നില്ലേ, വ്യക്തി ബന്ധങ്ങളിലെ നൈര്‍മല്യം നഷ്ടപ്പെടുന്നില്ലേ എന്നൊക്കെ അന്വേഷിക്കാവുന്നതാണ്. ജീവിതം ഒരു അഭിനയമായിത്തീരരുതല്ലോ.

ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചത് ഒരു പശുക്കൂട്ടിലായത് നന്നായി. ഏറ്റവും പാവപ്പെട്ടവര്‍ക്കുപോലും വൈക്ലഭ്യം കൂടാതെ ഈശോയുടെ പക്കലേയ്ക്ക് വരാനുള്ള ധൈര്യം അത് നല്കിയിട്ടുണ്ടാവും. പരിശുദ്ധിയുടെ ഉറവിടമായിരുന്നിട്ടും പാപികള്‍ക്കു പോലും ഈശോയുടെ അടുത്ത് കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യം തോന്നിയത് എന്തുകൊണ്ടാകും? 2018

എന്ന പുതിയ വര്‍ഷത്തില്‍ ജാഡകള്‍ കുറയ്ക്കാനാവുമോ എന്ന് നമുക്ക് നോക്കാം.

സ്‌നേഹപൂര്‍വം,

ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍

                                                                                                           kairosmag@gmail.com

Share This:

Check Also

വരൂ! നമുക്ക് പുറത്തിറങ്ങി കളിക്കാം

കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ മുഖപത്രമായ ജീവജ്വാലയുടെ 1994 നവംബര്‍ ലക്കം ജീസസ് യൂത്ത് സ്‌പെഷ്യലായിരുന്നു. 52 പേജില്‍ കവര്‍ …

Powered by themekiller.com watchanimeonline.co