Wednesday , 20 March 2019
Home / Anubhavam / നന്മനിറഞ്ഞ പാര്‍ക്ക്‌

നന്മനിറഞ്ഞ പാര്‍ക്ക്‌

ജീസസ് യൂത്ത് എന്നത് ഒരു കൂട്ടം ചെറുപ്പക്കാര്‍പ്രാര്‍ഥിക്കാന്‍ കൂടുന്നത് എന്നതില്‍ നിന്ന്, അത് ഒരു സ്‌നേഹക്കൂട്ടായ്മയായി തീരുന്നതും, പതിയെഅതൊരു ജീവിതചര്യയായി മാറുന്നതും അനുഭവിക്കാന്‍കഴിഞ്ഞത് അതിനെ അടുത്തറിഞ്ഞപ്പോഴാണ്.ടെക്‌നോപാര്‍ക്കിലെ യുവജനകൂട്ടായ്മയിലൂടെ എന്നെപ്പോലെ പലരെയും കര്‍ത്താവ് വിളിച്ചു നടത്തുന്നു, വളര്‍ത്തുന്നു. ദൈവവചനം പറയുന്നതുപോലെ ”പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജീവമാണ്” (യാക്കോ 2:17).

”ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ” (1 കോറി 12:4). മിനിസ്ട്രികള്‍ പലതെങ്കിലും പ്രവര്‍ത്തിക്കുന്ന ആത്മാവ് ഒന്നുതന്നെ.വിശ്വാസത്തോടും പ്രാര്‍ഥനകളോടുമൊപ്പം തന്നെ സഹജീവികളോടുള്ള സ്‌നേഹത്തിന്റെയും കരുണയുടെയും മുഖങ്ങളായി മാറുവാന്‍ ഈ കൂട്ടായ്മയിലൂടെ പരിശുദ്ധാത്മാവ് സഹായിക്കുന്നു.

തങ്ങള്‍ക്കുള്ള കഴിവുകളും സമയവും ശമ്പളത്തിന്റെ വിഹിതവും മറ്റുള്ളവര്‍ക്കും പങ്കുവയ്ക്കുവാന്‍ ഈ കൂട്ടായമയിലൂടെ ഓരോരുത്തര്‍ക്കും സാധിക്കുന്നു. കടലോരത്തെ, ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളായ അഞ്ചുതെങ്ങിലെ കുടുംബങ്ങളിലെ മക്കളെ പഠിപ്പിക്കുവാന്‍, അവര്‍ക്ക് ഈശോയുടെ സ്‌നേഹം പകര്‍ന്നു കൊടുക്കുവാന്‍ സ്‌നേഹാരാമിലൂടെ (Jesuit വൈദികരുടെ സ്ഥാപനം) ഞങ്ങള്‍ക്ക് സാധിക്കുന്നു. ക്ലാസ്സ്മുറികളിലെ പഠനത്തിലും കഥകളിലും പാട്ടുകളിലും മാത്രം ഒതുങ്ങാതെ പുറത്തെ കളികളിലൂടെയും കുട്ടികളുമായി കൂടുതല്‍ അടുക്കുവാന്‍ ജീസസ് യൂത്ത് ശ്രമിക്കുന്നു. കുട്ടികളില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പകര്‍ന്നു കൊടുക്കുന്നതോടൊപ്പംതന്നെ ഈശോയിലൂടെ, ഈശോയോടുകൂടെ എങ്ങനെ ജീവിക്കാം എന്നും പറഞ്ഞു കൊടുക്കുന്നു. കുട്ടികളുടെ സ്വഭാവത്തിലും പഠനത്തിലും ഉണ്ടാകുന്ന മാറ്റം ഞങ്ങള്‍ക്ക് കൂടുതല്‍ ആവേശവും ആനന്ദവും പകരുന്നു. മാസത്തിലെ ഒന്നോ രണ്ടോ ബുധനാഴ്ചകളില്‍ ട്രിവാന്‍ഡ്രം ജീസസ് യൂത്തുമായി ചേര്‍ന്ന് മെഡിക്കല്‍ കോളേജ് പരിസരങ്ങളിലും സിറ്റിയിലും ഭക്ഷണത്തിനായി അലയുന്നവര്‍ക്ക് സ്ട്രീറ്റ് ബാന്‍ക്വറ്റ് (Street Banquet )ലൂടെ സ്‌നേഹപ്പൊതിയുമായി ഓടിയെത്താനുംശ്രമിക്കുന്നു. സന്തോഷവും സ്‌നേഹവും ഒരുപിടി അനുഭവങ്ങളും മനസ്സുനിറച്ചു തരുന്ന ഒരായിരം അനുഗ്രഹങ്ങളുമായാണ് ഞങ്ങള്‍ തിരിച്ചു വരുന്നത്.

മാനസികമായ അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും തങ്ങളുടെ ഇടയിലേയ്ക്ക് എത്തുന്ന ഓരോരുത്തര്‍ക്കും ധാരാളം അനുഭവങ്ങളും തുറവികളും തരുന്നുണ്ട് നൂറോളം സഹോദരങ്ങള്‍ ഉള്ള സാധന റിന്യൂവല്‍ സെന്റര്‍. അവിടത്തെ ഓരോ മക്കളെയും സ്വന്തം മക്കളെപ്പോലെകരുതുന്ന സാധനയിലെ വൈദികരോടൊപ്പവും അവിടത്തെ മക്കളോടൊപ്പവും ഒന്നിച്ചായിരിക്കുന്നത് എന്നും ഞങ്ങള്‍ക്കൊരനുഭവമാണ്. അവിടെയെത്തുന്ന ഞങ്ങളെ ഓരോരുത്തരെയും സഹോദരങ്ങളെപ്പോലെ കാണുന്ന അച്ചന്‍മാരെയും സഹായത്തിനുള്ള ചേട്ടന്‍മാരെയും ഓര്‍ക്കാതെ വയ്യ.

ടെക്‌നോപാര്‍ക്കിലെ യുവജനങ്ങള്‍ക്ക് ദിവസവും ഒരുമിച്ചുകൂടാനും ബലിയര്‍പ്പിക്കാനും ഒരിടം എന്ന സ്വപ്നം മനസ്സില്‍ കൊണ്ടുനടന്ന ഞങ്ങളുടെ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും, അവരുടെകൂടെ ഉണ്ടായിരുന്നവര്‍ക്കുമെല്ലാം ഈശോ തന്ന വലിയ സമ്മാനമാണ് ഞങ്ങളുടെ സ്വന്തം മിഷന്‍ സെന്റര്‍ (St.John Paul II Youth  Centre). എല്ലാ ദിവസവും ദിവ്യബലിയും, ആഴ്ചയില്‍ ഒരിക്കല്‍ ആരാധനയും, ജപമാലകളും ഒക്കെ ഞങ്ങളെഓരോരുത്തരെയും ഒരുപാട് വളര്‍ത്തുന്നു. സ്‌നേഹത്തോടെ, പൂര്‍ണ മനസ്സോടെ, ആത്മാര്‍ഥതയോടെ എല്ലാ കാര്യങ്ങളും ചെയ്യുന്ന യുവജന സുഹൃത്തുക്കളെ കര്‍ത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

എല്ലാ വ്യാഴാഴ്ചകളും ഉള്ള പ്രയര്‍ മീറ്റിങ്ങുകളും മാസാദ്യ വെള്ളിയാഴ്ചകളിലെ നൈറ്റ് വിജിലുകളും ടെക്‌നോപാര്‍ക്കിന്റെ സ്‌നേഹത്തിന്റെ വലിയ മുത്തുമണിമാലയില്‍ പരിശുദ്ധാത്മാവ് ചേര്‍ക്കുന്ന ഓരോ പവിഴമുത്തുകളാണ്- മങ്ങാതെ പൂര്‍ണ നിറവോടെ തെളിമയോടെ ദൈവപിതാവിനു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

റെബിന്‍സ്‌

Share This:

Check Also

എല്ലാം അറിയുന്നവൻ കൂടെയുണ്ട്

‘ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടത്തെ ഏല്‍പിക്കുവിന്‍. അവിടന്ന് …

Powered by themekiller.com watchanimeonline.co