Tuesday , 11 December 2018
Home / Articles / ഓര്‍മകള്‍ ഉണ്ടായിരിക്കണം!

ഓര്‍മകള്‍ ഉണ്ടായിരിക്കണം!

ഒരേയൊരു പാപമേയുള്ളൂ’
വിസ്മൃതി …
വന്ന വഴികളും എത്തേണ്ടയിടങ്ങളും മറന്നു പോവുക.’
ബോബി ജോസ് കപ്പൂച്ചിന്‍

ഒരിക്കല്‍ ദൈവത്തോട് വളരെ അടുത്ത് ജീവിച്ച ഒരു ബിസിനസ്സുകാരനുണ്ടായിരുന്നു. തന്റെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിക്കാന്‍തുടങ്ങിയപ്പോള്‍ പതുക്കെ ദൈവത്തില്‍നിന്നും, പ്രാര്‍ഥനയില്‍ നിന്നും അയാള്‍ വ്യതിചലിക്കാന്‍ തുടങ്ങി. അദ്ദേഹത്തെ ദൈവവഴിയിലേക്ക് തിരികെ കൊണ്ടുവരാന്‍ അനേകര്‍ പരിശ്രമിച്ചു, എങ്കിലും അയാള്‍ കൂടുതല്‍ തീക്ഷ്ണതയോടെ തന്റെ ബിസിനസ്സില്‍ മുഴുകി ജീവിച്ചു പോന്നു. ഒരു ദിവസം അദ്ദേഹത്തിന്റെ മൂന്നു ആണ്‍മക്കളില്‍ ഇളയ കുഞ്ഞിനെ ഒരു വിഷസര്‍പ്പം കടിച്ചു. വിഷബാധവല്ലാതെ മൂര്‍ച്ഛിച്ചു, ഡോക്ടര്‍മാര്‍ കൈവിട്ടപ്പോള്‍ അത്യന്തം ആകുലനായ അയാള്‍ പ്രാര്‍ഥിക്കാന്‍ ഇടവക വികാരിയെ ആളയച്ചു വരുത്തി.

അദ്ദേഹം വന്ന് ഇപ്രകാരം ഉറക്കെ പ്രാര്‍ഥിച്ചു ”കര്‍ത്താവേ… ഈ കുട്ടിയെ കടിക്കുവാനായി ആ പാമ്പിനെ അയച്ചതിനെ ഓര്‍ത്ത് ഞാന്‍ അങ്ങയെ സ്തുതിക്കുന്നു, എന്തെന്നാല്‍ അങ്ങയെപ്പറ്റി ചിന്തിക്കുന്ന ഒരവസ്ഥയിലേക്ക് ഈ കുടുംബത്തെ നയിക്കാന്‍ എനിക്ക് സാധിച്ചില്ല. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി എനിക്ക് സാധിക്കാതിരുന്ന ഈ കാര്യം ഒറ്റ നിമിഷം കൊണ്ട് ഈ പാമ്പ് സാധിച്ചിരിക്കുന്നു. കര്‍ത്താവേ, ഈ കുഞ്ഞിനെ ഇപ്പോള്‍ത്തന്നെ സുഖപ്പെടുത്തണമേ, ഈ കുടുംബത്തോട് കരുണയായിരിക്കണമേ. ഇനിയൊരിക്കലും അങ്ങയെ ഓര്‍ക്കാന്‍ ഒരു പാമ്പിന്റെ സഹായം അവര്‍ക്കാവശ്യമായി വരാത്തവിധം അവരെ സഹായിക്കണമേ…” ദൈവം ആ പ്രാര്‍ഥനയ്ക്ക്പെട്ടെന്ന് തന്നെ മറുപടി നല്‍കി, കുഞ്ഞ് സുഖംപ്രാപിച്ചു.

‘വന്ന വഴികളും എത്തേണ്ടയിടങ്ങളും മറന്നുപോവുക…” എന്ന വലിയ വീഴ്ചയെക്കുറിച്ച് ഗൗരവപൂര്‍വം ഒന്ന് ചിന്തിക്കാന്‍ ഈ പുതുവത്സരത്തില്‍നമുക്കാകണം. ആകാശത്തെയും, ഭൂമിയെയും വിളിച്ച് ദൈവം തമ്പുരാന്‍ കരയുന്ന ഒരു തിരുവചനമുണ്ട് ഏശയ്യായുടെ പുസ്തകത്തിന്റെ ആരംഭത്തില്‍ തന്നെ. ”ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെപോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കലഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല (ഏശ 1:2,3)

തിരക്കിട്ട് ഒരു ബേക്കറിയില്‍ നിന്ന് എരിവുള്ളതെന്തോ വാങ്ങി ഇറങ്ങി വരുന്ന, യുവത്വം വിട്ടുമാറാത്ത രണ്ട് ചെറിയ കുഞ്ഞുങ്ങളുടെ അപ്പനായ ഒരാള്‍ സ്വകാര്യമായി ചെവിയില്‍പ്പറയുന്നത്: തിരക്കിനു കാരണംഒരു ‘കുടി’ പാര്‍ട്ടിയുണ്ട് (മദ്യ വിരുന്ന്) എന്നതാണത്രെ. മുന്‍പ് പ്രാര്‍ഥനാരൂപിയില്‍ ജീവിച്ച, തീക്ഷ്ണമതിയായ യുവാവാണ്. എന്നാല്‍ ഇപ്പോള്‍ ജീവിത വ്യഗ്രതയും, ലോകത്തിന്റെ അരൂപിയുമൊക്കെപിടിമുറുക്കിയുള്ള ഒരു ജീവിതം. വി.പൗലോസിന്റെവാക്കുകളില്‍ – ”ആത്മാവില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്‍മാരാണോ നിങ്ങള്‍?” (ഗലാ 3:3). ഈ തിരുവെഴുത്ത് അന്വര്‍ഥമാക്കിയുള്ള ഓട്ടം. ഒരാളെആത്മീയമായി രൂപാന്തരപ്പെടുത്തിയെടുക്കാന്‍ എത്ര പേരുടെ പ്രാര്‍ഥനകളും, അധ്വാനവുമുണ്ട്. എത്രയോ ലാഘവബുദ്ധിയോടെ എന്നിട്ടും ചിലര്‍പിന്നേയും പുറംതിരിഞ്ഞു നടക്കുന്നു. വിരല്‍തുമ്പില്‍ വിസ്മയങ്ങള്‍ ഒളിപ്പിച്ച് നവമാധ്യമങ്ങള്‍ ജീവിതങ്ങളില്‍ ഭരണം നടത്തുന്ന കാലമാണ്.

നേരത്തെ വായിച്ച പാമ്പിന്റെ കഥ നമുക്ക് മറക്കാതിരിക്കാം. വന്ന വഴികള്‍ മറന്നു കൂടാ, തിരിച്ചു നടക്കണം അതിലൂടെയെല്ലാം. പഴയ ആത്മീയ ശീലങ്ങള്‍; പ്രാര്‍ഥിക്കാന്‍ ഓര്‍മപ്പെടുത്തുന്ന പഴയഒരു സ്‌നേഹിതന്‍; തനിച്ചിരുന്ന് ധ്യാനിച്ചിരുന്ന ആരാധനാലയം; ഈ നവവത്സരത്തില്‍ ഒന്നു കൂടെ മടങ്ങാം അവിടേക്കെല്ലാം. തീര്‍ച്ചയായും അവ നമ്മെ നാം എത്തേണ്ട ഇടങ്ങള്‍ ഓര്‍മിപ്പിക്കും.

 

          ശശി ഇമ്മാനുവല്‍

sasiimmanuel@gmail.com

 

 

 

Share This:

Check Also

മഴത്തുള്ളിക്കാലം

ജീസസ് യൂത്ത് പ്രൊഫഷണല്‍ മിനിസ്ട്രിയുടെ ‘പ്രൊഫസ്സ് മിശിഹാ’ കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ ഡസ്‌കില്‍ നിന്നാണ് വിളി വന്നത്, അലക്‌സി ജേക്കബ് ആണോ …

Powered by themekiller.com watchanimeonline.co