Wednesday , 20 February 2019
Home / Featured / ”രുചികരമായ വിരുന്നൊരുക്കുന്ന സഭയെയാണ് എനിക്കിഷ്ടം”

”രുചികരമായ വിരുന്നൊരുക്കുന്ന സഭയെയാണ് എനിക്കിഷ്ടം”

തുറവിയും ലാളിത്യവുമാണ് ഏത് വ്യക്തിയെയും സമൂഹത്തിനുമുന്നില്‍ വിലയുള്ളവനാക്കുന്നത്. എങ്കിലും എല്ലാവരെയും തന്നിലേക്കടുപ്പിക്കുന്ന ക്രിസ്തുഭാവത്തിന്റെ ഉടമകള്‍ നമുക്കിടയില്‍ കുറവാണ്. അടുക്കുന്തോറും അടയുന്ന വാതിലുകള്‍ പണിയാതെ വിശാലതയുടെ ലോകം തുറന്നിടേണ്ട മനോഭാവം വാക്കിലും പ്രവൃത്തിയിലും ഒരുപോലെ പ്രതിഫലിക്കുന്നുണ്ട് ഈ ഇടയന്റെ ജീവിതത്തില്‍. മാറ്റേണ്ട ശൈലികളെകുറിച്ച് ഇടയദര്‍ശനത്തില്‍ കെയ്‌റോസ് വായനക്കാരോട് സംസാരിക്കുകയാണ് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്.

സഭയെന്ന കവാടം എപ്പോഴും എല്ലാവര്‍ക്കുംപ്രത്യേകിച്ചും താഴെ തട്ടിലുള്ള സാധാരണക്കാര്‍ക്ക് വരെ കടന്നുചെല്ലാന്‍പറ്റുന്നത്ര തുറവിയുള്ളതാണോ?

കേരളത്തിന്റെ റിയാലിറ്റിയില്‍ ഇപ്പോള്‍ ഞങ്ങള്‍ പിതാക്കന്മാര്‍ ചിന്തിക്കുന്ന ഒരു കാര്യം, സഭയുടെ ഭരണച്ചട്ടക്കൂടുകളില്‍നിയതമായ തീരുമാനങ്ങള്‍ എടുക്കുന്ന ഒട്ടുമുക്കാലും ആള്‍ക്കാര്‍ മിഡില്‍ ക്ലാസ്സിലും അപ്പര്‍ മിഡില്‍ ക്ലാസ്സിലുംപെട്ട ആളുകളാണ്. നമ്മുടെ തിരുനാളുകള്‍,
പള്ളിമണി, അല്ലങ്കില്‍ ഊട്ടുനേര്‍ച്ച ഇവ നടത്തുന്നത് സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്നവരാണ്. പലപ്പോഴും നമ്മള്‍ കാണുന്നത് അതിലേക്ക് പാവപ്പെട്ടവരുടെ ശബ്ദം കടന്നുവരാറില്ല എന്നതാണ്. അവര്‍ക്ക് ശബ്ദമില്ല. ഇതിനെന്തെങ്കിലും മാറ്റം വരുത്താന്‍ സാധിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഒട്ടുമുക്കാല്‍ സമയങ്ങളിലും സഭയ്ക്കു സാധിക്കുന്നില്ല എന്നു പറയേണ്ടിവരും.

അതുപോലെ തന്നെ നമ്മള്‍ നേരിടുന്ന ഒരു പ്രലോഭനംനമ്മുടെ പാരിഷ് കൗണ്‍സിലുകളിലും മറ്റു ഉത്തരവാദിത്വങ്ങളിലും എത്തുന്നവര്‍ ലോകത്തെ അതേപടിഅനുകരിച്ച് അത് സഭയില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതാണ്. ഉദാഹരണത്തിന് രാഷ്ട്രീയരംഗത്തുള്ളവര്‍ സഭയുടെ ഉത്തരവാദിത്വങ്ങളില്‍ വന്നാല്‍ ചില തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ അവരായിരിക്കുന്ന മേഖലയിലെ ശൈലിയെങ്ങനെയോഅങ്ങനെ മാത്രം കാര്യങ്ങള്‍ നിര്‍വഹിക്കണം എന്ന ശാഠ്യം പുലര്‍ത്താറുണ്ട്. മിക്കപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ പ്രാര്‍ഥനാപൂര്‍വമായിരിക്കില്ല. ഇവിടെയെല്ലാം സഭയ്ക്കു മാറ്റം വരേണ്ടതുണ്ട്. അതോടൊപ്പം നമ്മള്‍ കാണേണ്ട ഒരു കാര്യം പാവങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന സന്മനസ്സുള്ള ധാരാളം പേര്‍ നവീകരണപ്രസ്ഥാനത്തിലൂടെയൊക്കെ മുന്നോട്ടു വരുന്നു എന്നത് ഒരു ശുഭസൂചനയാണ്.

സമൂഹത്തിനിടയില്‍ സഭ ചില മതില്‍കെട്ടുകള്‍ അറിഞ്ഞോ അറിയാതെയോ പണിതുയര്‍ത്തുന്നു എന്ന് പുറമെ നിന്നും നോക്കുന്നവര്‍ പറയാറുണ്ട്. അതിനെ കുറിച്ച് ഒരു മറുപടി എന്താണ്?

സഭയ്ക്കു രണ്ടു വശങ്ങളുണ്ട്. ഒന്ന്: സഭയെന്നു പറയുന്നത് ദൈവികമായ ഒരു യാഥാര്‍ഥ്യമാണ്. പ്രസാദവരം, ദൈവത്തിന്റെ ആത്മാവ്, ദൈവത്തിന്റെ ശക്തി ജനത്തിനു കൊടുക്കുവാനായിട്ട് ദൈവത്തിന്റെ ഉപകരണമായി സഭ ലോകത്തില്‍ പ്രവര്‍ത്തിക്കുന്നു. അതേസമയംതന്നെ സഭ ഒരു സാമൂഹിക യാഥാര്‍ഥ്യവുമാണ്. സാമൂഹിക യാഥാര്‍ഥ്യമായി മാറുമ്പോള്‍ സഭയില്‍ ചട്ടക്കൂടുകളുണ്ട്, സ്ഥാനങ്ങളുണ്ട്, വ്യക്തികളുണ്ട്. അതിനു പ്രഭയുണ്ട്, ശക്തിയുണ്ട്, സമുദായികമായ ധാര്‍ഷ്ഠ്യമുണ്ട്. ഓരോ വ്യക്തിയും എവിടെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഒരു ദേവാലയത്തില്‍ പോയിരുന്ന് മണിക്കൂറുകളോളം പ്രാര്‍ഥിക്കുന്ന ഒരാള്‍ക്ക് ആ ദേവാലയം അയാളുടെ ആത്മാവിനു കുളിരേകുന്ന ഒരനുഭവമായി മാറുന്നു. പള്ളിയുമായി ബന്ധപ്പെട്ട് ഒരു എയ്ഡഡ് സ്‌കൂളില്‍ ജോലിക്ക് ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സ്ട്രക്ചറിന്റെ ദുര്‍ഗ്രഹമായ ചില വശങ്ങള്‍ കാണുകയും അത് അവളെപേടിപ്പെടുത്തുകയും ചെയ്യും.

സഭയില്‍ എന്നും ഒരു ടെന്‍ഷനുണ്ട്. അതായത്, ഒരു ആധ്യാത്മിക റിയാലിറ്റിയായി സഭ നിലകൊള്ളണമോ,അതോ, സാമൂഹിക റിയാലിറ്റിയായി നിലകൊള്ളണമോ? ഇപ്പോള്‍ നമുക്കുള്ള ചില സ്ഥാപനങ്ങള്‍ ഒഴിവാക്കിയാല്‍ സഭയ്ക്കു കുറച്ചുകൂടി പുളിമാവായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. പക്ഷേ, അതേസമയം തന്നെ ഇതൊരു സാമൂഹിക ശക്തിയായതുകൊണ്ടും തങ്ങളുമായി ബന്ധപ്പെടുന്ന ആളുകളുടെ ഒരു പരിധിവരെയുള്ള സംരക്ഷണവും നന്മയും പരിശീലനവുമെല്ലാം ഒരു സഭയുടെ ബാധ്യതയായതുകൊണ്ട് സഭാചട്ടങ്ങളിലൂടെ, സ്ഥാപനങ്ങളിലൂടെ സഭ ഈ കര്‍മം നിര്‍വഹിക്കുകയാണ്. ഈ കര്‍മ നിര്‍വഹണത്തില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അതിന്റെ തന്നെ പ്രയോജനം ലഭിക്കുന്ന അല്‍മായരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരു സമയത്തിലൂടെയാണ് സഭ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ സഭയില്‍ സ്ഥാപനങ്ങള്‍ വേണ്ടാ എന്നു വാദിക്കുന്നവരുമുണ്ട്. എന്നാല്‍ സഭയ്ക്ക് ഈ സ്ഥാപനങ്ങള്‍ ഉണ്ടാകണമെന്നും
മനഃസാക്ഷിയോടെ പ്രവര്‍ത്തിക്കണമെന്നും ഒരു നിലവാരം സൃഷ്ടിക്കാനായി പരിശ്രമിക്കണമെന്നും പറയുന്നവരുമുണ്ട്.

സഭ നിരന്തരമായി ചെയ്യേണ്ടത്, സര്‍പ്പം അതിന്റെതൊലിപൊളിക്കുന്നതുപോലെ നിരന്തരമായി ജാഗ്രതയുള്ളവരും ആത്മശോധന ചെയ്യാനായി സന്നദ്ധത ഉള്ളവരുമാകണം. ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ രുചികരമായ ഒരു യാഥാര്‍ഥ്യമായി സഭ മാറണം.അതിനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. താഴത്ത് ഒരു ദേവാലയ ശുശ്രൂഷി മുതല്‍ മുകളില്‍ കര്‍ദിനാള്‍ വരെ ഊ പരിശ്രമം നിരന്തരം തുടരണം.

മാര്‍പാപ്പ ഏറെ ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യം ലാളിത്യത്തെക്കുറിച്ചാണ്. പാപ്പായുടെ വാക്കുകളും നിലപാടുകളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഈ നിലപാടില്‍ ജനം താരതമ്യം ചെയ്യുന്നത് സഭയുടെ നേതൃനിരയെത്തന്നെയാണ്. സാമീപ്യമാവുക, ലളിതജീവിതം നയിക്കുക ഇവയൊക്കെ എല്ലാവര്‍ക്കും സാധിക്കുന്നുണ്ടോ?

നമ്മള്‍ എപ്പോഴും സഭയില്‍ കാണുന്ന ഒരു രീതി എന്താണെന്നുവച്ചാല്‍ ആളുകള്‍ക്ക് ആരാധിക്കാനാണിഷ്ടം. അനുഗമിക്കാനല്ല. മാര്‍പാപ്പ പ്രത്യേകമായൊരു ശൈലി കത്തോലിക്കാ സഭയില്‍ പ്രപ്പോസ് ചെയ്യുകയാണ്. അതിതാണ്, എന്റെ ബലഹീനമായകരങ്ങളിലൂടെ ക്രിസ്തുവിന്റെ മാര്‍ഗം കണ്ടെത്തി അതു സാധാരണക്കാരിലേക്കും സമൂഹത്തിലെ മാറ്റി
നിറുത്തപ്പെട്ടവരിലേക്കും എത്തിക്കുക. മാര്‍പാപ്പയുടെ ആഹ്വാനം ടിവിയിലൂടെയും സോഷ്യല്‍ മീഡിയയിലൂടേയും കാണുമ്പോള്‍ അത് മനസ്സിനെ ആകര്‍ഷിക്കുന്നു.മാര്‍പാപ്പ എന്ന വ്യക്തിയെ ഒരു ഐക്കണ്‍ ആയി സ്ഥാപിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഒരു പരിധിവരെ മനസ്സിന് കുളിരേകുന്ന ഒരു ചിന്തയായിട്ടു മാത്രം കൊണ്ടു നടക്കാനുള്ള പ്രലോഭനം അതിശക്തമാണ്. എന്നാല്‍, വ്യക്തിപരമായ ജീവിതത്തില്‍ സഭാനേതൃത്വത്തിലിരിക്കുന്നവര്‍ മാത്രമല്ല, മാമ്മോദീസയിലൂടെ ക്രൈസ്തവ സമൂഹത്തിലായിരിക്കുന്ന ഓരോ വ്യക്തിയും മാര്‍പാപ്പ പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ മാംസവത്ക്കരിക്കാന്‍ കടപ്പെട്ടിരിക്കുന്നു.

മറ്റൊരു നല്ല സൂചനയെന്താണെന്നുവച്ചാല്‍ എറണാകുളത്തുള്ള ഹൈന്ദവ-മുസ്ലീം സുഹൃത്തുക്കള്‍ പറയുന്നൊരു കാര്യം നിങ്ങള്‍ക്ക് ഇങ്ങനെയൊരു സഭാതലവനുണ്ടെന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ എല്ലാ ദിവസവും ഞങ്ങള്‍ . അതായത്, മാര്‍പാപ്പ ഓരോ ദിവസവും പറയുന്ന കാര്യങ്ങള്‍ക്ക് നവീനതയുണ്ടെന്നതാണ്. ക്ലാവു പിടിച്ച ചട്ടക്കൂടുകളിലെ ക്ലാവു ചുരണ്ടിക്കളഞ്ഞ്, വൃത്തിയുള്ളതാക്കാന്‍ മാര്‍പാപ്പ പറയുന്നുണ്ട്.
സഭാ നേതൃത്വം അത്തരത്തിലൊരു സ്റ്റെപ്പെടുക്കാന്‍ മാര്‍പാപ്പ ആഗ്രഹിക്കുന്നു. ഇക്കാര്യങ്ങള്‍ മാംസവത്ക്കരിക്കാന്‍ കേരളസഭയ്ക്കു സാധിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ കേരളസഭ ഇന്നും പഴയ മാമൂലുകളില്‍പിടിച്ചു നില്‍ക്കുകയാണ്. വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനരേഖയില്‍ പറയുന്നതുപോലെ അതു അകലെ നില്‍ക്കുന്ന ഒരു സ്വപ്നമാണ്. എന്നാല്‍,ഇതിനു മാറ്റം വരുമെന്ന ശുഭപ്രതീക്ഷ എനിക്കുണ്ട്.

അകലെ നില്‍ക്കുന്ന സ്വപ്നം ആ വാക്കൊന്നെടുക്കുകയാണ്. സഭാ നേതൃത്വം മാത്രമല്ല, വിശ്വാസസമൂഹംഒന്നടങ്കം ഈ സ്വപ്ന സാക്ഷാത്ക്കാരത്തിനായി എന്താണ് ചെയ്യേണ്ടത്?

നമ്മുടെ ദേവാലയങ്ങള്‍, കൂദാശകള്‍ തുടങ്ങി ആചാരങ്ങള്‍ വരെ ഓരോന്നിലും നമ്മള്‍ നിരന്തരം ചോദിക്കണം, ഇത് എന്റെ ആത്മാവിന്റെ ഉള്ളില്‍ നിന്നുവരുന്നതാണോ? ക്രിസ്തു പറഞ്ഞത്, ഞാന്‍ പ്രത്യക്ഷപ്പെടുന്നത് പാവപ്പെട്ടവനിലും വേദനിക്കുന്നവനിലുമാണെന്നാണ്. ഈ യേശുവിനെ അനുഗമിക്കാനായിട്ട് എനിക്കു സാധിക്കുന്നുണ്ടോ?

അമേരിക്കയിലെ ഒരു ബിഷപ്പ് അദ്ദേഹം സംഘടിപ്പിക്കുന്ന എല്ലാ മീറ്റിംഗുകളിലും അവസാനത്തെ പതിനഞ്ചു മിനിറ്റ് ഒരു ഇവാലുവേഷനാണ്. അവിടെ അദ്ദേഹംചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇന്നു നമ്മള്‍ എടുത്ത തീരുമാനങ്ങള്‍ സമൂഹത്തിലെ പാവപ്പെട്ടവരുടെ ജീവിതത്തില്‍ ഗുണപരമായി എങ്ങനെ സ്വാധീനിക്കുന്നു? ഇതു ചോദിക്കുന്നിടത്താണ് നമ്മുടെ യാത്ര ആരംഭിക്കുക. അങ്ങനെയായിക്കഴിഞ്ഞാല്‍ നമ്മുടെ ദേവാലയങ്ങള്‍ സമാഗമ കൂടാരങ്ങളായി മാറും. നമ്മുടെ ആഘോഷങ്ങളില്‍ കൂട്ടായ്മയുടെ സൗന്ദര്യമുണ്ടാകും.

ദൈവത്തിന്റെ ഇടപെടല്‍ രണ്ടുതരത്തിലാണ് വരുന്നത്.ക്രിയാത്മകമായ പ്രവാചകന്മാരെ വിട്ടുകൊണ്ട് സഭയെ ചലഞ്ചു ചെയ്യുന്നതാണ് ഒരു രീതി. മാര്‍പാപ്പ അത്തരത്തിലൊരു പ്രവാചകനാണ്. ദൈവത്തിനു ചിലപ്പോള്‍ പൊറുതിമുട്ടുമ്പോള്‍ ദൈവം നമ്മുടെ ചെവിക്കുപിടിച്ച് ശിക്ഷിച്ച് ചില മാര്‍ഗങ്ങളിലൂടെ കൊണ്ടുപോയിദൈവമാഗ്രഹിക്കുന്ന മാറ്റത്തിലേക്ക് എത്തിക്കും. ഇതു രക്ഷാകരമായ മാറ്റമാണ്. അങ്ങനെയുള്ള മാറ്റത്തിന് . പല സഭകളിലും അതു നടന്നുകണ്ടിട്ടുണ്ട്. അത് കേരളസഭയിലും നടക്കില്ല എന്നു നമുക്കു പറയാനാവില്ല.

മാര്‍പാപ്പായുടേതിനുസമാനമായ പ്രവാചക ദൗത്യനിര്‍വഹണത്തില്‍ പിതാവിനെ ചലഞ്ച് ചെയ്ത വേറെയേതെങ്കിലും വ്യക്തികള്‍ ഉണ്ടോ?

പല രാജ്യങ്ങളിലും യാത്രചെയ്യുമ്പോള്‍ കണ്ടുമുട്ടുന്നചില ബിഷപ്പുമാര്‍, കര്‍ദിനാള്‍മാരുടെ മനോഭാവങ്ങള്‍, ജീവിതമിങ്ങനെ മുള്‍മുനയില്‍ നിറുത്തി കഴിയുന്ന സന്ന്യാസിനികള്‍, അതിനേക്കാളൊക്കെ എനിക്കു തോന്നുക വളരെ ഹീറോയിക്ക് ആയിട്ട് ജീവിക്കുന്ന അത്മായരുടെ മാതൃകകളാണ്. കുടുംബജീവിതത്തിന്റെ വെല്ലുവിളികളും ആഘാതങ്ങളും തകര്‍ച്ചകളും പരിപൂര്‍ണമായി ദൈവത്തിലര്‍പ്പിച്ച് അവരുടെ ദുഃസ്ഥിതിയില്‍ മനംമടുക്കാതെ അവരെപ്പോലെ വേദനിക്കുന്നവരുടെ ജീവിതത്തിലേക്ക് ഒരു മന്ദമാരുതനെപ്പോലെ കടന്നുചെല്ലുന്ന അനേകം അല്‍മായരെ കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടയില്‍ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. അതുകൊണ്ട് സഭയെക്കുറിച്ച് എനിക്ക് വലിയ പ്രത്യാശയാണ്. പുളിമാവായി പ്രവര്‍ത്തിക്കുന്ന ഇതുപോലുള്ള വ്യക്തികളുള്ളതുകൊണ്ടാണ് സഭ ഇന്ന് വസന്തമായി നില്‍ക്കുന്നത്.

വ്യക്തിപരമായ ഒരു ചോദ്യം. നമ്മള്‍ സാധാരണനടക്കാനായി തിരഞ്ഞെടുക്കുക തിരക്കു കുറഞ്ഞ വഴിയാണ്. പക്ഷേ പിതാവ് എല്ലാ ദിവസവും നടക്കാന്‍ഇറങ്ങുക ബ്രോഡ്‌വേ മാര്‍ക്കറ്റിനുള്ളിലേക്കാണ്. എന്താണ് ഇതിനു പിന്നില്‍?

ഞാന്‍ ഇടയ്ക്ക് മംഗളവനത്തിനടുത്തുകൂടെ നടക്കാനിറങ്ങുമായിരുന്നു. അപ്പോഴെനിക്കു വല്ലാത്ത ഭാരം അനുഭവപ്പെടുമായിരുന്നു. മാര്‍ക്കറ്റ് റോഡില്‍ മാതളം വില്‍ക്കുന്ന തമിഴത്തി സ്ത്രീകളുണ്ട്. പച്ചക്കറി വില്‍പനക്കാരുണ്ട്. പടം വരയ്ക്കുന്നൊരാളുണ്ട്. ഒരാളുപോലുംപടം വാങ്ങിയില്ലേലും അയാള്‍ വരച്ചുകൊണ്ടേയിരിക്കും. രാവിലെ മുതല്‍ സന്ധ്യവരെ അവരെല്ലാം ആ മാര്‍ക്കറ്റ് റോഡിലാണ്. പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വഹിക്കാനുള്ള സൗകര്യം അവര്‍ക്കില്ല.ഞാന്‍ ഈ അരമനയില്‍ താമസിക്കുന്നു. ഇവിടെ സങ്കടം പറയാനായി, സഹായങ്ങള്‍ക്കായി ധാരാളം പേര്‍ വരാറുണ്ട്. ഇവരില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തരായ കുറച്ചു മനുഷ്യരെയാണ് ഞാന്‍ ആ മാര്‍ക്കറ്റില്‍ കാണുന്നത്. ജീവിത പ്രാരാബ്ദങ്ങളോട് മല്ലിടുന്ന അവരെ കാണുന്നത്, അവരായിരിക്കുന്നിടത്തെ വായു ഒന്നു ശ്വസിക്കുന്നത്, അവരുടെ വസ്ത്രത്തിന്റെ മണം ലഭിക്കുന്നത് എന്റെ വിശ്വാസ ജീവിതത്തില്‍ എന്നെ ശക്തിപ്പെടുത്തുന്നുണ്ട്. ജീവിതം എന്നേക്കാള്‍ വലുതാണ് എന്ന യാഥാര്‍ഥ്യം എന്നെ ഓര്‍മപ്പെടുത്തുന്നുണ്ട്.

പിതാവേ, സിറ്റി ഇവാഞ്ചലൈസേഷന്‍ ഇന്നൊരു വലിയ സ്വാധീനമാണ്. വളരെ പ്രതിബദ്ധതയുള്ള വ്യക്തികളിലൂടെ അനേകരിലേക്കെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെയൊരു മുന്നേറ്റം തുടങ്ങാനുള്ള
പ്രചോദനം എന്തായിരുന്നു?

2002-ലെ സി.ബി.സി.ഐ. മീറ്റിംഗിനു പോയ അവസരത്തില്‍ കമ്മീഷനിലെ പ്രധാനപ്പെട്ട ഒരംഗമായ ഊര്‍സുലൈന്‍ സിസ്റ്ററുമായി സംസാരിക്കാന്‍ ഇടയായി. സാധാരണക്കാരുടെ ഇടയില്‍ അവര്‍ ചെയ്ത ചില കാര്യങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു. സിറ്റിയ്ക്കുള്ളില്‍ സഹായം അര്‍ഹിക്കുന്ന അനേകരുണ്ട്. തുടക്കത്തില്‍ സി.എം.സി. കോണ്‍ഗ്രിഗേഷനില്‍പ്പെട്ട സി. അര്‍പ്പിതയും സി. മെറിനും മുന്നോട്ടു വന്നു. കോണ്‍വെന്റിനു പുറത്ത് വീടുകളില്‍ താമസിച്ചുകൊണ്ട് ആവശ്യക്കാരിലേക്ക് ഇറങ്ങുക എന്ന ദൗത്യം തുടങ്ങി. തുടര്‍ന്ന് പലരും മുന്നോട്ടുവന്നു. എല്ലാവരുടെയും സംഘാതമായ ഒരു നീക്കമാണ് ഇതു സാധ്യമാക്കിയത്.എയിഡ്‌സ് ബാധിതര്‍, തെരുവോരങ്ങളിലായിരിക്കുന്നവര്‍, സെക്‌സ് വര്‍ക്കേഴ്‌സ്, അങ്ങനെ വിവിധ മേഖലകളില്‍ ക്രിസ്തുവിന്റെ അദൃശ്യ സാന്നിധ്യമാകാന്‍ സിസ്റ്റേഴ്‌സിനും അല്‍മായര്‍ക്കും കഴിഞ്ഞു. പതിനഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ ഇടയില്‍ വരെ എത്തിനില്‍ക്കുന്നു. ഇതൊരു വലിയ പ്രസ്ഥാനമാക്കണമെന്നൊന്നും ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഏതു മരുഭൂമിയിലും വസന്തമുണ്ടണ്ടാകും എന്ന സൂചനയായി ഇതിനെ ഞാന്‍ കാണുന്നു.

ഒരിക്കല്‍ ഞാന്‍ കേട്ടിരുന്നു, ബിഷപ് ഹൗസിന്റെ പരിസരത്ത് യാചകയായിരുന്ന ഒരു സ്ത്രീയുടെ ഭര്‍ത്താവിന്റെ മരണശേഷം അവരുടെ ബന്ധുക്കളെ കണ്ടുപിടിക്കാനായി പിതാവിന്റെ വാഹനത്തില്‍ അവര്‍ക്കൊപ്പം തിരുവനന്തപുരത്ത് പോയതായി. സ്വയം ഇങ്ങനെയൊരു സ്റ്റെപ്പെടുത്ത് അവര്‍ക്കൊപ്പം പോകാന്‍ പ്രേരിപ്പിച്ച ഘടകം എന്താണ്?

തങ്കമണിയെ അടുത്തു പരിചയമുണ്ടായിരുന്നു. ഭര്‍ത്താവ് വിജയന്‍ ചേട്ടന്‍ മരിച്ചുകഴിഞ്ഞ്, അദ്ദേഹത്തിന്റെ ശവം മറവു ചെയ്തത് നമ്മുടെ കരുണാലയത്തിലായിരുന്നു. പിന്നീട് അവര്‍ക്ക് എറണാകുളത്ത് തനിയെ നില്‍ക്കാന്‍ പ്രയാസമുണ്ടണ്ട്. ഭര്‍ത്താവിന്റെനാട് തിരുവനന്തപുരത്താണെന്നാണ് അവര്‍ക്കാകെയുള്ള അറിവ്. ഒരു പാലത്തിനടുത്തുള്ള പൂക്കടയില്‍ അന്വേഷിച്ചാല്‍ മതി ബന്ധുക്കളെ കണ്ടുമുട്ടാനാകും. സിറ്റി ഇവാഞ്ചലൈസേഷന്‍ അംഗങ്ങള്‍ക്കൊപ്പം തങ്കമണിയേയും കൂട്ടി ഞങ്ങള്‍ തിരുവനന്തപുരത്തേയ്ക്കു വെളുപ്പിന് നാലു മണിയ്ക്ക് പുറപ്പെട്ടു. എനിക്ക് അത്,വേളാങ്കണ്ണിക്കോ മറ്റു സ്ഥലങ്ങളിലേക്കോ പോകുന്നഒരു തീര്‍ഥാടനത്തിന്റെ അനുഭവമാണ് നല്‍കിയത്.ഇവര്‍ അവിടെനിന്നു പോന്നിട്ട് ഏകദേശം 20 വര്‍ഷത്തോളമായി. നാടും നഗരവുമെല്ലാം ഏറെ മാറിക്കഴിഞ്ഞിരുന്നു. വൈകുന്നേരം അഞ്ചുമണിവരെ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പടെ അവര്‍പറഞ്ഞ സ്ഥലങ്ങളിലും അന്വേഷിച്ചു. ചില വീടുകളില്‍ പോയി. അവര്‍ തങ്കമണിയെ കണ്ടിട്ടു പറഞ്ഞു: ‘ഇവര്‍ ഞങ്ങളുടെ ബന്ധുവല്ല.’ ഒടുവില്‍ തങ്കമണി പറഞ്ഞു: ‘പിതാവേ,
നമുക്കു തിരിച്ചു പോകാം.’ പിന്നീട് തങ്കമണി തൂത്തുക്കുടിയിലുള്ള അവരുടെ ബന്ധുവീട്ടിലേക്ക് പോവുകയും ചെയ്തു.

എപ്പോഴെങ്കിലും ഒരു കാര്യം ചെയ്യണം എന്ന തോന്നല്‍ഉണ്ടായാല്‍ ഉടനെ അതിന്റെ പിന്നാലെ പോവുക എന്നഒരു സ്വഭാവശൈലി എന്നിലുണ്ട്. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു പ്രേരകശകതിയുണ്ട്. ഒരു ആവശ്യക്കാരന്‍ എന്റെ അടുത്തുവരുമ്പോള്‍, മറ്റാരുംഅയാളെ സഹായിക്കാനില്ലായെങ്കില്‍ രാത്രിയെന്നോ പകലെന്നോ നോക്കാതെ സഹായം ആവശ്യമായ ആസമയത്ത് ഇറങ്ങി പുറപ്പെടാനാകുന്നതിന്റെ പിന്നിലുള്ള ധീരത ക്രിസ്തു നല്‍കുന്ന ശക്തിയാണ്. സാധാരണ നമ്മള്‍ പറയാറുള്ളതുപോലെ ചിന്തിച്ച് ആലോചിച്ച് പ്രാര്‍ഥിച്ച് വിവേകപൂര്‍വം തീരുമാനിക്കുന്നതിനു പകരം ആ സമയം ലഭിക്കുന്ന സ്പിരിച്വല്‍ ഇന്‍സ്പിരേഷന്റെ പിന്നാലെ പോയതാണ് എന്റെ ഇന്നുവരെയുള്ള അനുഭവങ്ങള്‍. കാലില്ലാത്ത ആ സ്ത്രീയുമായി ഒരു ദിവസം മുഴുവന്‍ അലഞ്ഞു തിരിയുന്നതില്‍യാതൊരു അത്ഭുതവുമില്ലെന്നു തോന്നിയേക്കാം.പക്ഷേ, യഥാര്‍ഥത്തില്‍ ആ ദിവസം എത്രയോ അര്‍ഥവത്തായിരുന്നു. തിരുവനന്തപുരത്ത് ഹൈന്ദവ സുഹൃത്തുക്കള്‍ നല്ല ഊണു തയ്യാറാക്കി ആ സ്ത്രീയെ രാജകുമാരിയെപ്പോലെ സ്വീകരിച്ചു. അവരെ സ്‌നേഹിക്കുന്ന കുറച്ചുപേര്‍ക്കൊപ്പം ഒരു ദിവസം മുഴുവന്‍ അവര്‍ യാത്രചെയ്തു. അവരുടെ ഉള്ളില്‍ കാത്തുസൂക്ഷിക്കാനുള്ള ഒരു ഓര്‍മ അവര്‍ക്കു സമ്മാനിക്കാന്‍ കഴിഞ്ഞു.

പിതാവ് പലതുകൊണ്ടും വ്യത്യസ്തനാണെന്നു തോന്നിയിട്ടുണ്ട്. എപ്പോഴുമുള്ള ഈ പുഞ്ചിരി,പാവങ്ങളോടുള്ള പക്ഷം ചേരല്‍ ഈയൊരു ഫോര്‍മേഷന്റെ ബേസ് എവിടെനിന്നാണ്?

അതു തീര്‍ച്ചയായും അപ്പനിലും അമ്മയിലും നിന്നാണ്.ഞങ്ങളുടേതൊരു കര്‍ഷക കുടുംബമായിരുന്നു.പാടത്ത് പണിയെടുക്കുന്ന പണിക്കാരുണ്ട്. അവരോടു വലിയ കരുതലായിരുന്നു എന്റെ അപ്പന്. എല്ലാ ദിവസവും മൂന്നു മണിക്ക് പണിക്കാര്‍ക്ക് കൊടുക്കുവായി കപ്പ പുഴുങ്ങിയതും മുളകു പൊട്ടിച്ചതും കട്ടന്‍ കാപ്പിയുമായി പാടത്തെത്തണം. അതു ഞങ്ങളുടെ ഡ്യൂട്ടിയായിരുന്നു. അതുകൊണ്ട്, നമ്മുടെ അടുത്തെത്തുന്ന ആരുതന്നെയായാലും അവര്‍ക്ക് ആഹാരംനല്‍കണമെന്ന ചിന്ത ചെറുപ്പത്തിലേ ഇടംകേറിയിരുന്നു. അപ്പച്ചന്‍ പാട്ടത്തിനു സ്ഥലമെടുത്തായിരുന്നുകൃഷി ചെയ്തിരുന്നത്. കടംകേറി ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോഴും മെച്ചപ്പെട്ട നിലയില്‍നിന്നും വന്ന എന്റെ അമ്മച്ചി ഒരു പരാതിയും കൂടാതെപുഞ്ചിരിച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോയി. ഞായറാഴ്ചകളില്‍ മാത്രമായിരുന്നു അമ്മച്ചി കുര്‍ബാനയ്ക്കു പോയിരുന്നത്. പക്ഷേ, എല്ലാവരും കഴിച്ചുകഴിഞ്ഞ് ബാക്കിയുള്ള കഞ്ഞി കുടിക്കാനെടുക്കുമ്പോള്‍ ഏതെങ്കിലും യാചകന്‍ വന്നാല്‍ അതയാള്‍ക്കു കൊടുക്കുന്ന അമ്മച്ചിയുടെ ഒരു ജീവിത ശൈലി ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് സഹായം തേടി മുന്നില്‍ വരുന്നവര്‍ക്ക് ആവശ്യമായവ ചെയ്തുകൊടുക്കാനുള്ള ഒരു ത്രസിപ്പ് ഈ രക്തത്തില്‍ കിടപ്പുണ്ട്.

ചെറുപ്പക്കാരോട് എന്താണ് പിതാവിനുപറയാനുള്ളത്?

എനിക്ക് പറയാനുള്ളത് നമുക്കു ബോധ്യം വന്ന ചില കാര്യങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ ഫീല്‍ ചെയ്യാന്‍പറ്റണം. രണ്ടാമതായി, നന്മ ചെയ്യാനായി ഇറങ്ങിപ്പുറപ്പെട്ടു കഴിഞ്ഞാല്‍ നമ്മോടൊപ്പം സംഘം ചേരാന്‍ ആളുകളുണ്ടാകും. എവിടെയെങ്കിലും ഒരു ചെറിയപ്രകാശം പരത്താനായി ചെറുവിരല്‍ അനക്കിയാല്‍ ആ അനക്കം സുനാമിപോലെ ആക്കിത്തീര്‍ക്കുന്ന ദൈവത്തിന്റെ ഇടപെടല്‍ മാത്രമല്ല, ദൈവം കൃത്യസമയത്ത് ആവശ്യമായ ആളുകളെ നമ്മുടെ മുന്നില്‍ കൊണ്ടു നിറുത്തിത്തരും. എനിക്ക് ചെറുപ്പക്കാരോട് അതിരറ്റ സ്‌നേഹമാണ്; വാത്സല്യമാണ്. അവരിലെഊര്‍ജം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ സഭാനേതൃത്വം വീണ്ടും ഒരു പരിശീലനത്തിലൂടെ മനോഭാവത്തിന് മാറ്റം വരുത്തേണ്ട സമയം സമാഗതമായി എന്നെനിക്കു തോന്നുന്നു. കാരണം, അവര്‍ മുകളിലേക്കു കയറുന്ന പ്രശ്‌നമില്ല. അപ്പോള്‍പ്പിന്നെ നമ്മള്‍ താഴത്തേക്കിറങ്ങിച്ചെന്ന് അവര്‍ക്കൊപ്പം കൂടുക.

ആലിസ് മാത്യ

 

 

 

 

Share This:

Check Also

വന്ദിച്ചില്ലെങ്കിലും… നിന്ദിക്കരുത്..!

മുന്നറിയിപ്പ്: ഈ കുറിപ്പ് വൈദികരെക്കുറിച്ചാണ് നെറ്റി ചുളിയുന്നവര്‍ വായിക്കണമെന്ന് നിര്‍ബന്ധമില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനേഴാം വയസ്സില്‍തന്നെ ജീവിതം മടുത്തുപോയൊരു കൗമാരക്കാരന്‍ …

Powered by themekiller.com watchanimeonline.co