Wednesday , 20 March 2019
Home / Anubhavam / ഡിപ്പാര്‍ട്ട്‌മെന്റിലെ വഴിവിളക്ക്‌

ഡിപ്പാര്‍ട്ട്‌മെന്റിലെ വഴിവിളക്ക്‌

ജീവിതത്തില്‍ വഴിത്തിരിവുകളുണ്ടണ്ടാവുന്നതുപലപ്പോഴും അപ്രതീക്ഷിതവും അവിചാരിതവുമായിട്ടാണെന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍അതിന്റെ മനോഹാരിത അതില്‍ ദൈവത്തിന്റെ പരിപാലനയുടെ, രക്ഷയുടെ വലിയ പദ്ധതികള്‍ അവനൊരുക്കി വച്ചിട്ടുണ്ടെന്നുള്ള സത്യമാണ്. ഇതു എപ്പോഴും എല്ലാവരും മനസ്സിലാക്കില്ല. അപ്പോഴും സത്യം സത്യമായി നിലനില്‍ക്കും. ജീവനും മരണവും നിന്റെ മുന്‍പിലുണ്ട്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം എന്നുള്ള വചന വെളിച്ചത്തില്‍ നോക്കുമ്പോള്‍ ദൈവം ഒരുക്കി വച്ചിട്ടുള്ള പദ്ധതിയോടു നമ്മള്‍ സഹകരിച്ചപ്പോഴൊക്കെ രക്ഷയുടെ വഴിയില്‍ നമ്മള്‍ ചരിച്ചതു കാലങ്ങള്‍ക്കു ശേഷം തിരിച്ചറിയുന്നു,അല്ലാത്തപ്പോള്‍ ഇരുട്ടില്‍ പരതുന്നു. നമ്മളിലെ ചില മാറ്റങ്ങള്‍ക്കു ദൈവം മറ്റുള്ളവരിലൂടെ അവര്‍പോലുമറിയാതെ ഇടപെടുന്നതു കാണാന്‍ സാധിക്കുമെന്നതാണ് എന്റെ അനുഭവം. 15 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരനുഭവം പങ്കുവയ്ക്കാം.

ആ വ്യക്തി ഒരു ഹോസ്പിറ്റലിലെ വളരെ സാധാരണക്കാരനായ റിസപ്ഷനിസ്റ്റ് മാത്രമായി അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു. ജോലിയുടെ ഭാഗമായി എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും സന്ദര്‍ശിക്കുകയും അതാതു ഡിപ്പാര്‍ട്ടുമെന്റുകളുടെ ആവശ്യങ്ങള്‍ പഠിക്കുകയും ചെയ്തു. എന്റെ ജോലിയുടെ പ്രത്യേകതകൊണ്ട് റിസപ്ഷനിലും ബില്ലിംഗ് കൗണ്ടറുകളിലും ഞാന്‍ നിത്യ സന്ദര്‍ശകനായിരുന്നു. ആയിടയ്ക്കാണ് നമ്മുടെ ഈ റിസപ്ഷനിസ്റ്റ് അവിടെ ജോയിന്‍ ചെയ്തത്. അത്രയും നാള്‍ ആ ഡിപ്പാര്‍ട്ടുമെന്റില്‍ ചെല്ലുമ്പോള്‍ കുശുമ്പും കുറ്റം പറച്ചിലും പരദൂഷണവും കൊണ്ട് മലിനമാക്കപ്പെട്ടിരുന്ന അന്തരീക്ഷത്തില്‍ ഒരു പോസിറ്റീവ് എനര്‍ജി പതുക്കെ കടന്നു വരാന്‍ തുടങ്ങിയത് ശ്രദ്ധിക്കപ്പെട്ടു. പരദൂഷണങ്ങള്‍, കുശുമ്പുകള്‍ എല്ലാം ചില സ്‌നേഹത്തിന്റെ പ്രത്യാശയുടെ സംഭാഷണങ്ങള്‍ക്കു വഴി മാറികൊടുക്കുന്നതായി അനുഭവപ്പെട്ടു.

ആ സമയത്താണ് നിരാശയ്ക്ക് കൂട്ടായി പുകവലിയും,മദ്യപാനവും ഒക്കെയായി കഴിഞ്ഞിരുന്ന ഈ 25 വയസ്സുകാരന്, അത്യാവശ്യം ശമ്പളം ആരും ചോദിക്കാനില്ലഎന്നൊക്കെയുള്ള സ്ഥിതിയില്‍ ഇരുട്ടില്‍ കഴിഞ്ഞിരുന്ന എനിക്ക്- മെല്ലിച്ചു കുറിയ ആ റിസപ്ഷനിസ്റ്റ് ഒരത്ഭുതവും ദൈവാനുഭവവുമായി മാറിയത്. കൂടുതല്‍ അടുത്ത് കഴിഞ്ഞപ്പോഴാണ് എപ്പോഴും പ്രകാശപൂര്‍ണമായ മുഖത്തോടും പ്രത്യാശയോടെ മാത്രവും സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതവും എന്ത് മാത്രം സഹനങ്ങള്‍ നേരിട്ടതാണെന്നും അപ്പോള്‍ കടന്നു
പോയിക്കൊണ്ടിരിക്കുന്ന ജീവിതാവസ്ഥയും ലോകത്തിന്റെ മുന്‍പില്‍ പരാജയത്തിന്റെ വഴികളാണെന്നും എനിക്ക് മനസ്സിലാകുന്നത്. പക്ഷേ, എന്റെ നൈരാശ്യത്തിലേക്കു വിരല്‍ ചൂണ്ടി അവന്‍ പറയും എന്തിനാ പേടിക്കുന്നേ നമുക്ക് നമ്മുടെ അപ്പനുണ്ടല്ലോ എന്ന്. എനിക്കത് അന്നു മനസ്സിലായില്ല. പിന്നീടാണ് മനസ്സിലായത്, അവന്റെ വളരെ ചെറുപ്പത്തിലേ അവനു അമ്മയും അപ്പനും നഷ്ടപ്പെട്ടിരുന്നു എന്ന്. അപ്പനെ നഷ്ടപ്പെട്ട നാള്‍ മുതല്‍ അവന്റെ ‘അമ്മ പ്രസ്സില്‍ ബൈന്‍ഡിങ് ജോലിക്കു പോയി. ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ അവനും ജോലിക്ക് പോയി കുടുംബംപുലര്‍ത്താന്‍ അധ്വാനിച്ചു. ഞാന്‍ ഒന്നുരണ്ട് കിലോമീറ്റര്‍ ദൂരം ബൈക്ക് ഓടിച്ചു മാത്രം ജോലിക്കു പോയിരുന്നപ്പോള്‍ പതിമൂന്ന് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ജോലിക്കു വന്ന് ഈവനിംഗ് ക്ലാസ്സില്‍ ഡിഗ്രിയുംപി.ജി.യും ചെയ്ത അവന്‍ പറയും ”എന്തിനാണ് സങ്കടപ്പെടുന്നത്, നമുക്ക് നമ്മുടെ അപ്പനുണ്ടണ്ടല്ലോ” എന്ന്.

അവനില്‍ ഞാന്‍ പ്രത്യാശ കണ്ടെത്താന്‍ തുടങ്ങി.പതിയെ പതിയെ എന്റെ വഴി ദൈവത്തിന്റെ സന്നിധിയിലേക്കവന്‍ തിരിച്ചുവിട്ടു. കസാന്‍ദ്‌സാക്കിസിന്റെഗോഡ്‌സ് പൗപെര്‍ (God’s Pauper) ഒക്കെ തന്ന് അവനെയല്ല, അപ്പനെയാണ് നോക്കേണ്ടത് എന്നവന്‍ ഞാന്‍ പോലുമറിയാതെ എന്നെ പഠിപ്പിച്ചു. എനിക്കു വേണ്ടി പ്രാര്‍ഥിച്ചിരുന്ന എന്റെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഒക്കെ പ്രാര്‍ഥനയുടെ ഉത്തരമായി എന്റെ ജോലി സ്ഥലത്തേയ്ക്ക് ദൈവമയച്ച എന്റെ മാലാഖയായി അവനെ ഇന്നും ഞാന്‍ കാണുന്നു. പോളിടെക്‌നിക്കില്‍നിന്ന് ഡിപ്ലോമയില്‍ അവസാനിച്ചേക്കാമായിരുന്ന, സാധാരണ കമ്പ്യൂട്ടര്‍ ജോലിക്കാരനായി തുടര്‍ന്നേക്കാമായിരുന്ന, അതിനേക്കാളൊക്കെ ഉപരിയായി നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന എന്റെ ജീവിതത്തെ ക്രിസ്തുവിന്റെ രക്ഷയുടെ വഴിയിലേക്ക് തിരിച്ചു വിടപ്പെട്ടു. അനേകം സഹന വഴിയിലൂടെ കടന്നു പോയിട്ടാണെങ്കിലും (അല്ലെങ്കിലും അതാണല്ലോ നമ്മുടെ വഴി) ഇന്ന് 15 വര്‍ഷത്തിനിപ്പുറം ദൈവകൃപയാല്‍ മാത്രം, പി.ജി.യും ഐ.ടി. മേഖലയിലെ ധാരാളം സര്‍ട്ടിഫിക്കേഷന്‍സും ഒക്കെ ചെയ്തു ഒരു അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഐ.ടി. മാനേജര്‍ ആയി ജോലിയും ലഭിക്കാന്‍തക്ക അവസ്ഥയിലേയ്ക്ക് എന്റെ ജീവിതം തിരിച്ചു വിട്ടത് ആ പാവം ജീസസ് യൂത്ത് ആയിരുന്നു. എന്റെ സഹപ്രവര്‍ത്തനകനായിരുന്ന ജീസസ് യൂത്ത്.

ജോലി സ്ഥലത്തും അനുദിനവും നമ്മള്‍ ആയിരിക്കുന്നഎല്ലായിടത്തും ജീവിതംകൊണ്ട്പ്രഘോഷിക്കാം. ഇരുട്ടില്‍ കഴിയുന്ന അനേകര്‍ നമ്മുടെ ചുറ്റുവട്ടത്തിലുണ്ട്. എല്ലാം അറിയുന്ന സ്വര്‍ഗസ്ഥനായ അപ്പനുണ്ട് നമുക്ക്.

 

നവീന്‍ ജോസഫ്‌

Share This:

Check Also

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ …

Powered by themekiller.com watchanimeonline.co