Wednesday , 20 March 2019
Home / Cover Story / ആരാണ് മികച്ചവര്‍?

ആരാണ് മികച്ചവര്‍?

കഴിഞ്ഞ മാസം ഇടവക പള്ളിയിലെ ഞായറാഴ്ചകുര്‍ബാന കഴിഞ്ഞപ്പോള്‍ വികാരിയച്ചന്‍
പൊതുയോഗം ഉണ്ടെന്ന് പറയുന്നത് കേട്ടു. കുര്‍ബാന കഴിഞ്ഞയുടനെ പൊതുയോഗത്തിന് നില്‍ക്കാതെ വീട്ടിലേക്ക് വച്ചുപിടിക്കുന്ന പാരിഷ് കൗണ്‍സില്‍ മെമ്പറെ കണ്ടപ്പോള്‍ കൂട്ടുകാരിക്ക് ഒരു സംശയം. ‘എന്താ ഇത്’. ഈ ചേട്ടന് പൊതുയോഗം ഒന്നും ബാധകമല്ലേ. ഒരു അനാവശ്യ കുശലാന്വേഷണം നടത്തി, കൂടെ പൊതുയോഗത്തില്‍ നിന്നും മുങ്ങിയതിന്റെ കാരണവും അവന്‍ ചേട്ടനോട് ചോദിച്ചു: ”അവിടെയൊന്നും പോയി ഇരുന്നാല്‍ ശരിയാവില്ല. നമ്മളെപ്പോലുള്ള സാധാരണക്കാരന്റെ മനസ്സും ചിന്തയുമൊന്നും അവിടെ ഇരിക്കുന്നവര്‍ക്ക് പിടിക്കത്തില്ല.” മറുപടി തന്ന് ചേട്ടന്‍ എന്തൊക്കെയോ പിറുപിറുത്ത് മുന്നോട്ട് നീങ്ങി. എന്റെ ചിന്ത മുഴുവന്‍ ആ വാക്യത്തിലുടക്കി.രാഷ്ട്രീയ സാമുദായിക രംഗങ്ങളിലെല്ലാം സംഘടനകളുംപ്രസ്ഥാനങ്ങളും നിരവധിയാണ്. കുറേയധികം ആളുകള്‍ ഇതിന്റെയൊക്കെ ഭാഗമായി നിലകൊള്ളുന്നു. പുറമെ നിന്ന് നോക്കുന്നകുറേപ്പേര്‍ക്ക് എങ്കിലും അസൂയ തോന്നുംവിധം കര്‍മപരിപാടികളും ആഘോഷങ്ങളുമായി തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇവിടെയെല്ലാം നടക്കുന്നത്. ഇടവകയെടുത്താല്‍, പാരിഷ് കൗണ്‍സില്‍ ടീം ഒരു വശത്ത്, മാതൃവേദി, പിതൃവേദി, വിന്‍സെന്റ് ഡി പോള്‍, കെ.സി.വൈ.എം, മിഷന്‍ ലീഗ് തുടങ്ങിയ കാറ്റഗറികള്‍ ഒരു വശത്ത്, പ്രാര്‍ഥനയും പരിത്യാഗവും പുറമെ കാണിച്ച് ഒരു തരത്തിലും കാറ്റഗറി വ്യത്യാസമില്ലെന്ന ബാനറില്‍ ജീസസ് യൂത്തും പ്രയര്‍ഗ്രൂപ്പും കാണും. ഇവിടെയൊക്കെ വീണു കിട്ടുന്ന ഇടവേളകളിലെ ചൂടന്‍ ചര്‍ച്ചാ വിഷയങ്ങള്‍ മറ്റു സംഘടനകളിലെ ആളുകളുടെ ഇടപെടലിനെ കുറിച്ചാകുന്നത് സ്വാഭാവികം.

ഓരോ സംഘടനക്കാരുടെയും നടപ്പും എടുപ്പും സംസാര രീതിയും ഇവിടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടുന്നു. യൂത്തിന്റെ സംസാരവും ശൈലിയും സംഘടനയുടെ പൊതു സ്വഭാവത്തിനനുസരിച്ച് മാറുന്ന കാഴ്ച രസകരമാണ്. ഓരോ ഗ്യാങ്ങിനും ഓരോ സ്വഭാവം. പുറമെ നിന്ന് ആര്‍ക്കും എന്‍ട്രി കിട്ടാത്തവിധം മാറുന്ന സംസാര ശൈലികള്‍. ചിലര്‍ ആത്മീയതയുടെ ആഴങ്ങളെയും ആത്മീയാചാര്യന്മാരുടെ വീക്ഷണങ്ങളെയും കുറിച്ച് ചിന്തിക്കുന്നു. ഈ ലോകത്തിലെ വേറൊന്നിലും തങ്ങള്‍ക്ക് ഇടപെടാനുളള സാധ്യതയില്ലെന്ന് കരുതി സ്വയം വാതില്‍ അടയ്ക്കുന്നു. പ്രാര്‍ഥന മാത്രമാണ് സ്വര്‍ഗത്തിലേക്കുളള വഴിയെന്നും പ്രാര്‍ഥിക്കാത്തവരാരും സ്വര്‍ഗലോകം കാണില്ലെന്നും ഗ്രൂപ്പിലിരുന്ന് വിധിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട ഇടങ്ങളിലും വട്ടംകൂടി നിന്ന് സ്തുതിച്ച് പ്രാര്‍ഥിക്കാം എന്ന് പറഞ്ഞ് ആത്മീയതയെ അപഹാസ്യമാക്കുന്നവരെ നോക്കിപ്രാര്‍ഥന അല്‍പം കുറവാണെങ്കിലും പ്രവൃത്തിയില്‍ നീതി ബോധമുള്ളവര്‍ വിമര്‍ശിച്ചാല്‍ അതിലെന്ത് അതിശയോക്തി?

പത്രത്തില്‍ ഫോട്ടോ വരാന്‍ മാത്രം സാമൂഹ്യബോധം പ്രകടിപ്പിക്കുന്ന യുവത സഭയുടെ യൗവനത്തെ ചുളിവുകള്‍ കൊണ്ട് വികൃതമാക്കുന്നു എന്ന് പറഞ്ഞാലും മുഴുവന്‍ തെറ്റ് പറയാന്‍ പറ്റില്ല. സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പ്രാര്‍ഥനാധിഷ്ഠിത പ്രവര്‍ത്തനങ്ങളുടെയും ഇടമാകേണ്ട അമ്മക്കൂട്ടങ്ങള്‍ (മാതൃവേദി)ഏറ്റവും പുതിയ സാരിയുടെ പകിട്ട് കാണിക്കാനും
ആഭരണങ്ങളിലെ മോഡലുകള്‍ പ്രദര്‍ശിപ്പിക്കാനും മക്കളുടെ പൊങ്ങച്ചം പറയാനുമുളള ഇടമായി മാറിയാല്‍- എല്ലാവരും എല്ലായിടത്തും അങ്ങനെയാണ് എന്നല്ല. ചെയ്യുന്ന നന്മകള്‍ കണ്ടില്ലെന്ന് നടിക്കുന്നതുമല്ല. എങ്കിലും- സംഘടനയിലേക്ക് വരാന്‍ പുതുമുഖങ്ങള്‍ക്ക് എങ്ങനെ തോന്നും? മതിലുകള്‍ പണിയണം. അരുതുകള്‍ക്ക് നേരെ മതി ഇതിലേ എന്ന് പറയാന്‍പറ്റണം. അരികുകളിലേയ്ക്ക് സഞ്ചരിക്കാനും അകലെയുള്ളവരെ അരികിലേക്ക് ചേര്‍ത്ത് നിര്‍ത്താനുംനമുക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.

പണവും പത്രാസും പഠിപ്പും ജോലിയും നോക്കിതരത്തില്‍ ചേര്‍ക്കാന്‍ പറ്റിയ ആളുകളോട് മാത്രംബന്ധം നിലനിറുത്തുന്ന പൊതുപ്രവണതക്കുമുന്‍പില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫും, അബ്ദുള്‍ കലാമും കാണിച്ച് തന്ന മാതൃകകള്‍ പുനര്‍ വിചിന്തനത്തിനിടയാകട്ടെ.

സഭക്കകത്തും പുറത്തുമുള്ള ആളുകളോട് അവരിലൊരുവനായി മാറി ആരോടും സാധാരണ’മായി പെരുമാറുന്ന ജീസസ് യൂത്തിലെ പോലീസ് ബാബുവും(ബാബു പി. ജോണ്‍), പ്രഫ. സി. സി ആലീസ് കുട്ടിയും ജാഡയില്ലാത്ത ജീവിതത്തിന് അനുകരിക്കാന്‍ പറ്റുന്ന ഉദാഹരണങ്ങളാണ്.

സ്വര്‍ഗരാജ്യത്തില്‍ ദൈവത്തിന്റെ വലത്തോ ഇടത്തോ അവിടന്ന് നമ്മെ ഇരുത്തട്ടെ. എവിടെ ഇരിക്കും എന്നാലോചിച്ച് നന്മ ചെയ്യേണ്ട സമയം പാഴാക്കണോ?

എല്‍സീന ജോസഫ്‌

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co