Wednesday , 20 February 2019
Home / Articles / ഔദ്യോഗികരംഗത്ത് സാക്ഷ്യസാന്നിധ്യമാകാന്‍ ജീസസ് യൂത്ത്‌

ഔദ്യോഗികരംഗത്ത് സാക്ഷ്യസാന്നിധ്യമാകാന്‍ ജീസസ് യൂത്ത്‌

ജീസസ് യൂത്തിന്റെ വളര്‍ച്ചയുടെ നാള്‍ വഴികളില്‍ ഒരു സുപ്രധാന കാല്‍വയ്പാണ് ജീസസ് യൂത്ത് പ്രൊഫഷണല്‍ മിനിസ്ട്രി. കഴിഞ്ഞ പതിറ്റാണ്ടണ്ടുകളില്‍ പ്രൊഫഷനല്‍ കലാലയങ്ങളില്‍ ജീസസ് യൂത്ത് അനുഭവങ്ങളിലൂടെ കടന്നുപോയ അനേകം യുവജനങ്ങള്‍ ഇന്ന് ഔദ്യോഗികരംഗത്ത് വിവിധ പ്രവര്‍ത്തനമേഖലകളില്‍ കര്‍മനിരതരാണ്. അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളെ പ്രേഷിതചൈതന്യത്താല്‍ പൂരിതരാക്കാനുള്ള ചിന്തകള്‍ 2010 ഡിസംബറില്‍ നടന്ന ജീസസ് യൂത്ത് ജൂബിലി ആഘോഷനിറവില്‍നിന്ന് ഉടലെടുത്തതാണ്. അങ്ങനെ വിവിധ പ്രൊഫഷനുകളിലുള്ളവരുടെ നെറ്റുവര്‍ക്കും പ്രൊഫഷനല്‍മിനിസ്ട്രിയും രൂപം കൊണ്ടു.

ഉത്പത്തി പുസ്തകത്തിന്റെ ആദ്യതാളുകളില്‍തന്നെ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ത്താവിനെയാണ് നമ്മള്‍ കണ്ടുമുട്ടുന്നത്. തന്റെ സൃഷ്ടി മനോഹരമായിരിക്കുന്നു എന്ന് അവിടന്നു പറയുന്നു (ഉല്‍ 1:31). വെളിപാടിന്റെ പുസ്തകത്തിലും പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നതിനെക്കുറിച്ചും നമ്മള്‍ വായിക്കുന്നു. പതിനൊന്നാം മണിക്കൂറിലും പണിയെടുക്കാന്‍ തയ്യാറായവരെയാണ് അവിടന്ന് തേടുന്നത് (മത്താ 20:9). തൊഴിലിടങ്ങളിലെ ക്രൈസ്തവസാന്നിധ്യത്തിലൂടെ ഈ ലോകത്തെ ക്രമവത്ക്കരിക്കാനുംപ്രകാശമാക്കാനുമാണ് അല്‍മായരുടെ പ്രത്യേക വിളിയും ദൗത്യവുമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ പറയുന്നു (ജനതകളുടെ പ്രകാശം 32-35). സഭക്ക് നേരിട്ട് എത്തിച്ചേരാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ അല്‍മായരുടെ സാന്നിധ്യവും പങ്കാളിത്തവും പുളിമാവായി പ്രവര്‍ത്തിക്കുന്നു. കത്തോലിക്കാസഭയുടെ മതബോധനവും തൊഴിലിലൂടെ സൃഷ്ടാവിനെ മഹത്വപ്പെടുത്തുവാനും അതുവഴിയായി വിശുദ്ധീകരിക്കപ്പെടുവാനുമുള്ള നമ്മുടെ വിളിയെ ബോധ്യപ്പെടുത്തുന്നു (897-913, 940-943). ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളില്‍ തൊഴില്‍ ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്യുന്നത് വലിയ മാനുഷികവും സാമൂഹ്യവുമായ ഉത്തരവാദിത്വമാണ്. പ്രാര്‍ഥന, കുടുംബം, തൊഴില്‍, സാമൂഹ്യപ്രതിബദ്ധത ഇവയെല്ലാം സന്തുലിതമായി ക്രമീകരിക്കണം. അങ്ങനെ ഈ ലോകത്തിന്റെ സൗന്ദര്യവും തൊഴിലിന്റെ മഹത്വവും ഒന്നിച്ച് കൊണ്ടു
പോകുവാന്‍ സാധിക്കണം.

ജീസസ് യൂത്ത് നാഷനല്‍ പ്രൊഫഷണല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2018 ജനുവരി 26 മുതല്‍ 28 വരെ ചെന്നൈയില്‍ വച്ച് നടക്കുന്ന ”ടേക്ക് ഓഫ്” എന്ന നാഷനല്‍ കോണ്‍ഫറന്‍സിലേക്ക് എല്ലാവരെയുംക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുംമിനിസ്ട്രി വെബ് സൈറ്റായ www.jyprofessionals.org സന്ദര്‍ശിക്കുക. തൊഴിലാഭിമുഖ്യവും നൂതനതൊഴില്‍സംസ്‌കാരവും കെട്ടിപ്പെടുക്കുവാനും തൊഴില്‍ മേഖലയിലുള്ള സജീവമായ പങ്കാളിത്തത്തിലൂടെ മിശിഹായുടെ പ്രൊഫഷനുകളാകാന്‍ വിവിധ പ്രൊഫഷനുകളിലുള്ളവരെ സജ്ജമാക്കാനുമാണ് കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നത്. ആധുനികതൊഴില്‍ രംഗത്തിന്റെ വെല്ലുവിളികളും സാധ്യതകളും ഉള്‍ക്കൊണ്ടുകൊണ്ട് കുടുംബജീവിതവും തൊഴില്‍ മേഖലകളും പ്രേഷിതപ്രവര്‍ത്തനവും എപ്രകാരം സമഞ്ജസമായി സമന്വയിപ്പിക്കാം എന്നും ഈ കോണ്‍ഫറന്‍സ് വിചിന്തനം ചെയ്യുന്നു.

ഔദ്യോഗികജീവിതത്തിന് നവമായൊരഭിഷേകംപകര്‍ന്നു നല്‍കുന്ന ഈ വചന വിരുന്നില്‍ ഡോക്ടേഴ്‌സ്, എഞ്ചിനിയേഴ്‌സ്, അഡ്വക്കേറ്റ്‌സ്, മാനേജ്‌മെന്റ് പ്രൊഫഷണല്‍സ്, പ്രൊഫഷണല്‍ കോളേജ് അധ്യാപകര്‍, മീഡിയാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പഠനംപൂര്‍ത്തീകരിച്ച് ജോലിക്കായി തയ്യാറെടുക്കുന്ന പ്രൊഫഷണല്‍ രംഗത്തെ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഔദ്യോഗിക ജീവിതത്തില്‍ മിശിഹായ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ജീവിക്കുന്ന അനേകരുടെ തീക്ഷ്ണതയാര്‍ന്ന ജീവിതാനുഭവങ്ങള്‍, കത്തോലിക്കാസഭയുടെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ടപഠനങ്ങള്‍, പുത്തന്‍ കാഴ്ചപ്പാടുകള്‍ പകര്‍ന്നുനല്‍കുന്ന ചര്‍ച്ചകള്‍, ആത്മീയ ഉത്ഘര്‍ഷമുണര്‍ത്തുന്നപ്രാര്‍ഥനാ ശുശ്രൂഷകള്‍, ആത്മീയ വെളിച്ചം പകര്‍ന്നുനല്‍കുന്ന വി

വിധ ദൃശ്യശ്രാവ്യസെഷനുകള്‍ തുടങ്ങി ചേതോഹരങ്ങളായ അനേകം ധന്യനിമിഷങ്ങള്‍ ഈ കോണ്‍ഫറന്‍സ് നല്‍കുന്നു. മറ്റു വ്യത്യസ്തതൊഴില്‍മേഖലകളിലേക്കും മിനിസ്ട്രിയെ വ്യാപിപ്പിക്കാനുള്ളഫോളോ അപ്പ് പ്രോഗ്രാമുകളും സമ്മേളനത്തിന്റെ സവിശേഷതയാണ്.

 

ഡോ. കൊച്ചുറാണി   ജോസഫ്ഫ്
ആനിമേറ്റര്‍, നാഷനല്‍ പ്രൊഫഷണല്‍സ് മിനിസ്ട്രി

Share This:

Check Also

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ …

Powered by themekiller.com watchanimeonline.co