Wednesday , 20 February 2019
Home / Articles / Vartha Vicharam / വാര്‍ത്താവിചാരം

വാര്‍ത്താവിചാരം

പാവങ്ങളോട് ഇത്രയൊക്കെ മതി !

ഏതാണ്ട് 75-ഓളം പേര്‍ മരിക്കുകയും അത്രതന്നെ ആള്‍ക്കാരെ കാണാതാവുകയും ചെയ്ത ‘ഓഖി’ ചുഴലിക്കാറ്റിന്റെ ദുരന്തം കണ്ട് കുറച്ചു ദിവസങ്ങള്‍ കേരളം ഞെട്ടി. ഒരു മാസത്തിനുശേഷം ചിന്തിക്കുമ്പോള്‍ ദുരന്തത്തിന് ഇരയായവര്‍ക്കുമാത്രമാണ് വേദനകള്‍ നിലനില്ക്കുന്നത് എന്നു കാണാം. മറ്റാരും ഇനി ഈ ദുരന്തത്തെക്കുറിച്ച് അധികം ശ്രദ്ധിക്കണമെന്നില്ല. എങ്കിലും പിടിപ്പുകേടിന്റെയും അലസതയുടെയും പ്രകടനത്തെ എളുപ്പം മറക്കാന്‍ കഴിയുകയില്ലല്ലോ. രൗദ്രമായി ചീറ്റിയടിക്കുന്ന ഉയര്‍ന്ന തിരമാലകള്‍ക്കുള്ളില്‍ ചാഞ്ചാടി വള്ളത്തിലും ബോട്ടിലും അള്ളിപ്പിടിച്ചു കിടന്ന് ജീവനുവേണ്ടി യുദ്ധം ചെയ്യുമ്പോള്‍ രക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ പരസ്പരം പഴിചാരി ഇരിക്കുകയായിരുന്നു. ആ സന്ദര്‍ഭത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പരിമിതി കൂടുതല്‍ നടപടികളെടുക്കാന്‍ അപര്യാപ്തമായി എന്നാണ് അധികൃതര്‍ പറയുന്നത്. തങ്ങളുടെ കൈവശമുള്ളവ കൊണ്ട് കൂടുതലൊന്നും ചെയ്യാന്‍ നിവൃത്തിയില്ലെന്ന് അവര്‍ പറ യുന്നു. ശരിയായിരിക്കാം, കൂറ്റന്‍ തിരമാലകളോട് മല്ലിട്ട് പുറംകടലില്‍ രക്ഷാപ്രവര്‍ത്തനം നടക്കാനുള്ള
സംവിധാനം കൈവശമില്ലായിരിക്കാം. എന്നാല്‍, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും ഓഷ്യല്‍ റിസര്‍ച്ച് സെന്റര്‍ ഹൈദരബാദിന്റെയും (INCOIS) സൈറ്റുകളില്‍ നവംബര്‍ 29-നു വന്ന മുന്നറിയിപ്പുകള്‍ അന്വേഷിക്കേണ്ടവര്‍ എന്തുചെയ്യുകയായിരുന്നുവെന്ന് ചോദ്യമുയരുന്നുണ്ട്.

ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്കു വരുന്ന കാര്യം കാലാവസ്ഥാനിരീക്ഷണകേന്ദ്രം ചീഫ് സെക്രട്ടറിക്കും, ജില്ലാകലക്ടര്‍മാര്‍ക്കും നല്കിയിരുന്നു. സന്ദേശത്തില്‍ ചുഴലിക്കാറ്റെന്ന പദത്തിനു പകരം ‘ഡീപ് ഡിപ്രഷന്‍’എന്ന സാങ്കേതികപദമാണ് ഉപയോഗിച്ചത്.ഡീപ് ഡിപ്രഷനാണ് ചുഴലിക്കാറ്റായി മാറുന്നത്. ചുഴലിക്കാറ്റെന്ന് വ്യക്തമായി പറയാത്തതുകൊണ്ടാണ് വേണ്ട തയ്യറെടുപ്പുകള്‍ നടത്താന്‍ കഴിയാത്തതെന്ന് സംസ്ഥാന ദുരന്തനിവാരണ കേന്ദ്രവും പ്രതികരിച്ചു. എല്ലാ മാസാവസാനത്തിലും വേണ്ടതിലേറെ വേതനമായി വാങ്ങുന്നവര്‍ക്ക് ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരുന്നാല്‍ മതിയല്ലോ. അവരുടെയൊക്കെ കുടുംബങ്ങളില്‍ ഏതെങ്കിലും മകനോ ഭര്‍ത്താവോപിതാവോ മരണപ്പെട്ടാല്‍ പെന്‍ഷനോ ആശ്രിതനിയമനമോ അങ്ങനെ എന്തെങ്കിലുമൊക്കെ ലഭിക്കുമെന്നതിനാല്‍ ഒന്നുമല്ലാത്തവന്റെ ദുരന്തത്തിന്റെ തീവ്രത മറ്റാര്‍ക്കും മനസ്സിലാവുകയില്ല.

ഇനി രണ്ടു ദിവസം കൊടുങ്കാറ്റുണ്ടാകും, തിരമാലകളുയരും, അതിനാല്‍ ആരും കടലില്‍ പോകരുതെന്ന് അറിയിപ്പ് നല്കുന്നതോടെ ഉത്തരവാദിത്വം തീര്‍ന്നുവെന്നും കരുതരുത്. കടലില്‍ പോയില്ലെങ്കില്‍ മത്സ്യത്തൊഴിലാളിയുടെ വീടു പട്ടിണിയാകും. അതിനുള്ള പരിഹാരത്തെപ്പറ്റി ആരും ചിന്തിക്കാത്തതെന്താണ് ?കുടുംബത്തിന്റെ നെടുംതൂണ്‍ നഷ്ടപ്പെട്ടവര്‍ക്കു കൊടുക്കുന്ന സഹായധനത്തിനുവേണ്ടി എത്രമാത്രം സമരങ്ങള്‍ അവര്‍ നടത്തണം ? സര്‍ക്കാര്‍ പ്രഖ്യാപിച്ചധനസഹായം പോലും പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരണപ്പെട്ടവര്‍ക്കു കൊടുത്തതിനെക്കാള്‍ കൂടുതലാണെന്ന് ഒരു കടുത്ത ജാതി നേതാവ് പ്രഖ്യാപിക്കുകയും ചെയ്തു.

ആയിരക്കണക്കിനു കോടി രൂപ സുനാമി ഫണ്ട് ആയി വര്‍ഷങ്ങള്‍ക്കു മുന്‍പ് തീരദേശത്തേക്ക് അനുവദിക്കപ്പെട്ടതാണ്. അത് ഏതൊക്കെ വഴിക്ക് നീങ്ങിയെന്ന് അന്വേഷിക്കാന്‍ ആരുമില്ല. ആദിവാസികളും തീരദേശവാസികളുമാണ് വലിയവരെന്നു വിചാരിക്കുന്നവരുടെ കടുത്ത ചൂഷണത്തിനും അനീതിക്കും എന്നും ഇരയാകുന്നത്.

യേശുനാമത്തെ ഭയപ്പെടുന്നവര്‍

യുപിയിലെ സത്‌നയില്‍ ക്രിസ്മസ് കരോള്‍ നടത്താന്‍ ഗ്രാമത്തിലേക്ക് പതിവുപോലെ പോയ വൈദികരെയും വൈദികവിദ്യാര്‍ഥികളെയും മര്‍ദിച്ചവശരാക്കി. മര്‍ദനമേറ്റവര്‍ക്കെതിരേ പോലീസ് കേസുമെടുത്തു. ഒരു മതേതര ജനാധിപത്യരാജ്യത്ത് ഒരു പ്രത്യേക ജനവിഭാഗത്തില്‍പെട്ടവര്‍ക്കു മാത്രമാണ് ആരാധനയും ആഘോഷങ്ങളും നടത്താന്‍ പാടുള്ളൂവെന്ന് ചില തീവ്ര മതസംഘടനകള്‍ തീട്ടൂരം പുറപ്പെടുവിച്ചിരിക്കുകയാണ്. യൂറോപ്പിലും അമേരിക്കയിലും പൊതുവേ ക്രിസ്ത്യന്‍ രാജ്യങ്ങളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അവിടെയൊക്കെ എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങളും ആരാധനകളും നടക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. അവരുടെയൊക്കെ ദേവാലയങ്ങളും ധാരാളമായി അവിടെ പണിയുന്നുമുണ്ട്. ഭാരതത്തില്‍ ചില വിഭാഗങ്ങള്‍ യേശുനാമത്തിലുള്ളതെന്തിനെയും എതിര്‍ക്കുന്നു. ആരോപണങ്ങളുന്നയിക്കുകയും പീഡനങ്ങള്‍ നടത്തുകയും ചെയ്യുന്നു. യേശുനാമത്തെ അവര്‍ ഭയപ്പെടുന്നു എന്നതാണ് അടിസ്ഥാന കാരണം. ശക്തി ആര്‍ക്കാണെന്ന് അവരുടെ ഉള്ളില്‍ ഉറപ്പുണ്ട്. ഭയത്തില്‍ നിന്നുളവാകുന്ന ഈ അസഹിഷ്ണുതയുടെ പ്രതികരണമാണ് പലയിടത്തും ക്രൈസ്തവര്‍ ഇന്നനുഭവിക്കുന്ന പീഡനത്തിന്റെ അടിസ്ഥാനമുദ്ര.

ആകാശപ്പറവയെപ്പോലെഉന്നതങ്ങളിലേക്ക്

ഇനിയും പൊതുസമൂഹത്തിനുമുന്‍പില്‍ കൂടുതലായി അറിയപ്പെടുകയോ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്യപ്പെടാത്ത ഒരാളായിരുന്നു കഴിഞ്ഞ ഡിസംബര്‍ 20-ന് ദിവംഗതനായഫാ.ജോര്‍ജ് കുറ്റിക്കല്‍. തെരുവിലലയുന്ന ഒരു അഗതിയെ കണ്ടാല്‍ ഏറെ ആദരവോടെ കൂട്ടി കൊണ്ടുവന്ന് മുട്ടുകുത്തി പാദചുംബനം നടത്തിയിട്ടാണ് ആ വ്യക്തിക്ക് ആശ്രയം നല്കിയിരുന്നത്. ജീവിച്ചിരിക്കേ പാദപൂജയും പാദക്ഷാളനവും മറ്റുള്ളവരെക്കൊണ്ട് നടത്തിക്കുന്ന ‘മഹോന്നതാത്മാക്കള്‍’ ജീവിക്കുന്ന നമ്മുടെ നാട്ടിലാണ് ഇത്തരം ശുശ്രൂഷയിലൂടെ സേവനത്തിന്റെ ക്രിസ്തീയ മാതൃക സമൂഹത്തില്‍ പ്രകാശിപ്പിച്ച് ഒരാള്‍ കടന്നുപോയത്. കുറ്റിക്കലച്ചന്‍ കാണിച്ചുതന്ന പ്രേഷിതത്വത്തിന്റെ വിശുദ്ധവഴികള്‍ ഇനിയും ധാരാളമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. പുല്‍ത്തൊട്ടിയിലെ ക്രിസ്തുവിനെ ജീവിതത്തിലൂടെ അനുകരിക്കുകയെന്നത് അസാമാന്യമായ കാര്യമാണ്. ഇക്കാലത്ത് ദരിദ്രനായി ജീവിക്കുകയെന്നതാണ് ഏറ്റവുംപ്രയാസകരമെന്നു തോന്നുന്നു. മരണം വരെ സത്യസന്ധമായി അനുകരിച്ചു എന്നതാണ് 

കുറ്റിക്കലച്ചന്‍നല്കിയ മഹത്തായ പാഠം.

സണ്ണി കോക്കാപ്പിള്ളില്‍

sunnykokkappillil@gmail.com

Share This:

Check Also

വാര്‍ത്താവിചാരം

ടൂറിസത്തിലൂടെ വികസനമോ? ടൂറിസംകൊണ്ട് കേരളത്തെ രക്ഷപെടുത്താമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. ഇനി കേരളത്തിന്റെ വികസനം ടൂറിസം മേഖലയിലാണുപോലും. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് …

Powered by themekiller.com watchanimeonline.co