Friday , 20 July 2018
Home / Editorial / വരൂ, നമുക്ക് ചിരിക്കാം

വരൂ, നമുക്ക് ചിരിക്കാം

വരൂ, നമുക്ക് ചിരിക്കാംഅടുത്തയിടെ കണ്ട ഒരു പോസ്റ്ററിലെ വാക്യങ്ങള്‍ രസകരവും ചിന്തോദ്ദീപകവുമായിരുന്നു. ‘വെള്ളിയാഴ്ചയാകാന്‍ കാത്തിരിക്കുന്നത് അവസാനിപ്പിക്കൂ, വേനല്ക്കാലമെത്താനും കാത്തിരിക്കേണ്ട, മറ്റാരെങ്കിലും നിങ്ങളോട് സ്‌നേഹത്തിലാകുന്നതും നോക്കിയിരിക്കേണ്ട, നിങ്ങളുടെ ജീവിതത്തിനു വേണ്ടിപോലുമുള്ള കാത്തിരിപ്പ് ഒഴിവാക്കാം, സന്തോഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കി, അതത് നിമിഷങ്ങളുടെ പരമാവധി നേടാനാവുമ്പോഴാണ് സന്തോഷം സ്വന്തമാവുന്നത്.’

പൊതുവേ ചിരി കുറവുള്ളവരാണോ കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ എന്നൊരു ചോദ്യം ചോദിക്കുന്നതു കേട്ടു. കര്‍ദിനാളായിരുന്ന ആന്റണി പടിയറ പിതാവിന്റെ പടിയറ ഫലിതങ്ങളും, ഇപ്പോള്‍ നമ്മുടെ നാട്ടില്‍ പ്രശസ്തനായിരിക്കുന്ന ജോസഫ് പുത്തന്‍പുരയ്ക്കലച്ചന്റെ രസകരവും, മര്‍മത്തില്‍ കൊള്ളുന്നതുമായ പ്രഭാഷണങ്ങളുടെ കാര്യവും പറഞ്ഞ് മലയാളി ക്രൈസ്തവര്‍ക്ക് ചിരിയൊക്കെയുണ്ട് എന്ന മറുപടിയും കേട്ടു. മാര്‍ത്തോമാ സഭയുടെ വലിയ പിതാവ് ക്രിസോസ്റ്റം തിരുമേനി നൂറു വയസ്സിന്റെ തികവിലും തിരുവസ്ത്രം ധരിക്കുന്നവരുടെ കൂട്ടത്തിലെ ചിരിയുടെ തമ്പുരാനായി തുടരുന്നു.

ജീവിതത്തെ ആവശ്യത്തില്‍ കൂടുതല്‍ ഗൗരവത്തിലെടുക്കുന്നതിന്റെ സൂചനയാണ് ആധ്യാത്മികതയിലെ ചിരിയുടെ കുറവെങ്കില്‍ അത് തിരുത്തപ്പെടേണ്ടതാണെന്നു തോന്നുന്നു.

മറ്റുള്ളവരെ കാണിക്കുന്നതിനു മാത്രം പ്രയോജനപ്പെടുന്ന വലിയ വീടുകള്‍, ലക്ഷങ്ങള്‍ കടമെടുത്ത്
പണിത്, ജീവിതകാലം മുഴുവന്‍ കടക്കെണിയില്‍ നട്ടം തിരിയുന്ന സമൂഹം മലയാളികളുടെ ഇടയില്‍ മാത്രമേ കാണൂ എന്നൊരു നിരീക്ഷണമുണ്ട്. നാളയെക്കുറിച്ചുള്ള ആകുലതകളാല്‍ ഇന്നിന്റെ സന്തോഷം മുഴുവന്‍ നഷ്ടപ്പെടുത്തുന്ന ജീവിതരീതികളും, ശൈലികളും മാറ്റപ്പെടേണ്ടതാണ്.

നിങ്ങള്‍ ആകുലരാകേണ്ട, ആകുലതകൊണ്ട് ജീവിതത്തിന്റെ നീളം ഒരു മുഴമെങ്കിലും നീട്ടാന്‍ നിങ്ങള്‍ക്കാവുമോ എന്ന സുവിശേഷത്തിലെ പ്രസ്താവനയും ആകാശത്തിലെ പറവകളെക്കാള്‍ സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കില്ലേ, ഒറ്റദിവസം കൊണ്ട് കരിഞ്ഞുണങ്ങുന്ന ലില്ലിപ്പൂക്കളേക്കാള്‍ മനോഹരമായി ദൈവം നിങ്ങളെ കരുതുകയില്ലേ എന്ന ചോദ്യവുമൊക്കെ (ലൂക്ക 12:22) നമ്മുടെ ആകുലതകള്‍ ദൂരെയെറിയാനും, ജീവിതത്തെ പുഞ്ചിരിയോടെ നേരിടാനും നമ്മെ സഹായിക്കേണ്ടതാണ്. കെയ്‌റോസിന്റെ എല്ലാ വായനക്കാര്‍ക്കും കൂടുതല്‍ പുഞ്ചിരിയും സന്തോഷവുമുള്ള ഒരു വര്‍ഷം ആശംസിക്കുന്നു.

ഇംഗ്ലീഷ്, മലയാളം കെയ്‌റോസ് മാസികകള്‍ www.kairos.global എന്ന വെബ് സൈറ്റില്‍ നിന്ന് സമ്മാനിക്കാനും വാങ്ങാനും ആവും എന്നറിയിക്കട്ടെ. ഈ മാസം ഒരാള്‍ക്കെങ്കിലും

കെയ്‌റോസ് സമ്മാനിക്കൂ.

 

സ്‌നേഹപൂര്‍വം,
ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍

kairosmag@gmail.com

 

 

Share This:

Check Also

മരണം വരുമൊരു നാള്‍ ഓര്‍ക്കുക മര്‍ത്യാ നീ

യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്പും ലോകജനത ധ്യാനവിഷയമാക്കുന്ന കാലയളവാണിത്.ജനനം പോലെ തന്നെ സര്‍വസാധാരണമായ മരണത്തെപ്പറ്റി ചിന്തിക്കാന്‍ ഏറ്റവും അനുയോജ്യമായ അവസരവും ഇതുതന്നെ. …

Powered by themekiller.com watchanimeonline.co