Wednesday , 20 February 2019
Home / Featured / ചിരിയുടെ കുടപിടിച്ച് ലോകത്തെ നേടാം

ചിരിയുടെ കുടപിടിച്ച് ലോകത്തെ നേടാം

ചിരിച്ചും ചിന്തിപ്പിച്ചും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ തീര്‍ത്ത് ക്രൈസ്തവ സഭയിലെ വലിയ തിരുമേനി ലോകത്തെ ആസ്വദിക്കുന്നു. നിറഞ്ഞമനസ്സും തുറന്നചിന്തയും ലോകത്തെ നന്മയിലേക്ക് നയിക്കുന്നു എന്ന് വിശ്വസിക്കുന്ന ആള്‍. തിരുമേനിയെ അറിഞ്ഞാല്‍ പറയാം: ക്രിസ്തുവില്‍ നിന്ന് ക്രിസോസ്താത്തിലേക്കുള്ള ദൂരം ഒരു ചിരിയുടെ അകലമാണെന്ന്. സെഞ്ച്വറി കഴിഞ്ഞും പ്രായം മുന്നേറുമ്പോള്‍ സമൂഹത്തിന് ഊര്‍ജമാകുന്നു ഈ അഭിഷേക സാന്നിധ്യം. മാര്‍ത്തോമ സഭയുടെ പത്മഭൂഷന്‍ മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌തോം വലിയ മെത്രാപ്പോലീത്ത കെയ്‌റോസിനോട് സംസാരിക്കുന്നു.

എപ്പോഴും സന്തോഷത്തോടെ ആയിരിക്കുക ഇടവിടാതെ പ്രാര്‍ഥിക്കുക. ഈ തിരുവചനമാണ് അങ്ങയെ കാണുമ്പോള്‍ ഓര്‍മ വരുന്നത്. അങ്ങയുടെ ഊര്‍ജത്തിന് പിന്നില്‍ ഈ വചനം തന്നെയാണോ?

അപ്പത്തിന്റെ ഗുണം ഉഴുന്നിലാണോ, അരിയിലാണോ എന്ന് ചോദിച്ചാല്‍ എന്ത് പറയും? അതൊരിക്കലും ഒന്നിന്റെ ഗുണമല്ല. ചേരുവകള്‍ കൃത്യമായി ചേരുന്നതിന്റെ സവിശേഷതയാണ്. നിങ്ങള്‍ കാണുന്ന അനുഭവിക്കുന്ന എന്റെ ഊര്‍ജം ദൈവത്തിലും അവിടത്തെ സുവിശേഷത്തിലും അടങ്ങിയിരിക്കുന്നു.

ക്രൈസ്തവ സഭകളില്‍ ഏറ്റവുമധികം മെത്രാന്‍ പദവിയിലിരുന്ന വ്യക്തിയാണ് അങ്ങ്. സഭയിലെ വലിയ ഉത്തരവാദിത്വങ്ങള്‍ ലളിതമായും സൗമ്യതയോടെയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനെ കുറിച്ച്?

അസാധാരണ പാടവമുള്ള അപ്പന്റെ സാധാരണക്കാരനായ മകനാണ് ഞാന്‍. എന്നെ കാര്യങ്ങള്‍ ഏല്പിക്കുന്നത് അസാധ്യകാര്യങ്ങള്‍ സാധ്യമാക്കാന്‍ ശക്തി തരുന്ന ആ ദൈവമാണ്. ആഹാരവും പോഷകവും കൊടുത്ത് കുഞ്ഞിനെ അമ്മ വളര്‍ത്തുന്നത് പോലെ ദൈവവും എന്നെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കുന്നു. എന്നാല്‍ അതിനര്‍ഥം എല്ലാം വളരെ നിസ്സാരവും ലളിതവുമായിരുന്നു എന്നല്ല. പ്രയാസങ്ങള്‍ വന്നപ്പോള്‍ ഞാന്‍ വളരെ കൂളായി ദൈവത്തോട് പറഞ്ഞു. ഇതിന്റെ ഭൂതവും ഭാവിയും അറിയാവുന്ന അങ്ങ് തന്നെ ഈ വര്‍ത്തമാനകാലത്തെ അവസ്ഥയ്ക്ക് നീതിപൂര്‍വകമായ പരിഹാരം കാണണമേ എന്ന്. ഞാന്‍ ആദ്യം തന്നെ ആയുധം വച്ച് കീഴടങ്ങിയപ്പോള്‍ ദൈവത്തിന് എളുപ്പമായി. അതായിരുന്നു എന്റെ വിജയ രഹസ്യം.

നൂറിന്റെ തികവിലും യുവത്വം നിറഞ്ഞ മനസ്സ്.പ്രായത്തെ ഒരു പരിധിയില്‍ കൂടുതല്‍ മനസ്സിനെ സാധിക്കാന്‍ അനുവദിക്കാത്തതാണോ?

ഞാന്‍ എന്റെ മഹത്വമല്ല. ദൈവത്തിന്റെ മഹത്വമാണ് അന്വേഷിക്കുന്നത്. ഞാന്‍ ദൈവത്തിന്റെ മഹത്വം ആണ് അന്വേഷിക്കുന്നതെങ്കില്‍ എനിക്ക് അവിടത്തെ മഹത്വത്തിന്റെ ആനന്ദം അനുഭവിക്കാനാവും. കാരണം,ദൈവമാണ് സ്രഷ്ടാവും. നിയന്താവും പരിപാലകനും.നീ ദൈവത്തില്‍ താത്പര്യം വയ്ക്കുമ്പോള്‍ അവിടത്തെസൃഷ്ടികളില്‍ സന്തോഷം കണ്ടെത്താന്‍ നിനക്ക് കഴിയും അങ്ങനെ ദൈവം മഹത്വപ്പെടുന്നതില്‍ എന്റെ ആനന്ദവും ആത്മനിറവും അടങ്ങിയിരിക്കുന്നു.

ആകുലത അമിതമായ പ്രതീക്ഷകള്‍, ഒത്തിരി സ്വപ്നങ്ങള്‍ മലയാളിയുടെ അസ്വസ്ഥതയുടെ കാരണങ്ങള്‍ ഇതൊക്കെയാണാണ്. ഇവയുടെ പിന്നിലെ കാരണത്തെക്കുറിച്ച്?

കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടില്ലേ, യേശുവിലാണെന്റെ വിശ്വാസം, കീശയിലാണെന്‍ ആശ്വാസം എന്ന്. നമുക്ക്ആശ്രയം ചോദിക്കാന്‍ ദൈവമുണ്ട്. ഇത് പറഞ്ഞിട്ട്വീണ്ടും നമ്മള്‍ ദൈവം നിയന്ത്രിക്കാന്‍ പോകുന്നകാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോകും. അതാലോചിച്ച് സമയവും മനസ്സിന്റെ സ്വസ്ഥതയും കളയും. എല്ലാം ദൈവത്തിന്റെ കൈയില്‍ ഭദ്രമാണെന്ന് ആശ്വസിക്കാന്‍ നമുക്ക് പറ്റുന്നില്ല. അതാണ് കാരണം.

യുവജനങ്ങള്‍ ഇത്രയധികം ടെന്‍ഷനും പിരിമുറുക്കവും ഉള്ളവരായി മാറുന്നതിനുപിന്നില്‍?

നമുക്ക് എണ്ണിയാല്‍ തീരാത്ത അത്രയും സ്വപ്നങ്ങളുണ്ട്. നേടിയെടുക്കാന്‍ നിരവധി ആഗ്രഹങ്ങളുമുണ്ട്. പക്ഷേ, അവ എങ്ങനെ കൈവരിക്കാം എന്ന് അറിയില്ല. അഥവാ, ലക്ഷ്യത്തിലേക്ക് നമ്മള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗം പാളിപ്പോകുന്നതാണ് കാരണം. ശരിയായ വഴിയിലൂടെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിവരെല്ലാം അധികം ഭാരപ്പെടാതെ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നവരാണ്. മാര്‍ഗത്തെ എങ്ങനെ ക്രമപ്പെടുത്താം എന്ന് നമ്മുടെ യുവജനങ്ങള്‍ പഠിക്കണം. സമര്‍ഥരാണ് ഇന്നത്തെ യുവാക്കള്‍. മികച്ച ലക്ഷ്യങ്ങള്‍ ഉള്ളവര്‍. എന്നാല്‍ മാര്‍ഗം തിരഞ്ഞെടുക്കുന്നതില്‍ കൂടി വിജയിക്കേണ്ടിയിരിക്കുന്നു.

ആരെയും ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുന്ന അങ്ങയുടെ പ്രധാന ആയുധം നര്‍മം കലര്‍ന്ന സംസാരമാണ്.സരസത നിറഞ്ഞ ഈ ശൈലി ചെറുപ്പം മുതല്‍ കൂടെ ഉള്ളതാണോ?

ഏത് സാഹചര്യത്തെയും ആസ്വദിക്കാന്‍ നമ്മെ സഹായിക്കുന്നത് നര്‍മമാണ്. ഒരിക്കല്‍ ഞാന്‍ എന്റെ സുഹൃത്തിനെ കാണാന്‍ പോയി. അവന്‍ അത്ര നോര്‍മല്‍ അല്ലാത്ത ആളാണ്. ഞാനും എന്റെ ജ്യേഷ്ഠനും കൂടിയാണ് അവന്റെ വീട്ടില്‍ ചെല്ലുന്നത്. എന്നെ കണ്ടതേ അവന്‍ പറഞ്ഞൂ ‘എടാ, നിന്റെ അസുഖം എനിക്കുംപിടിച്ചു. ഞാനും ഇപ്പോള്‍ എപ്പോഴും ചിരിക്കും’ എന്ന്. ഇത് കേട്ട് എന്റെ സഹോദരന്‍ എന്നോട് പറഞ്ഞു ”എടാ അവന്‍ പറഞ്ഞത് സത്യമാ. അവന്റെ അസുഖം നിനക്കും ഉണ്ട്.” (തിരുമേനി ഉറക്കെ ചിരിക്കുന്നു). ഓരോ സാഹചര്യത്തെയും ഏത് വിധത്തില്‍ വേണമെങ്കിലും നമുക്ക് കൈകാര്യം ചെയ്യാം. എനിക്ക് നര്‍മം കലര്‍ന്ന ശൈലിയാണ് ഇഷ്ടമെന്ന് മാത്രം. കാരണം, അത് ആര്‍ക്കും സ്വീകാര്യമാകുമല്ലോ.

മുഖത്തും സംസാരത്തിലും കാണുന്ന ഈ ശാന്തതയ്ക്കു പിന്നിലും നര്‍മബോധത്തിന് പങ്കുണ്ടോ?

ഭാരങ്ങളില്ലാത്ത വ്യക്തിയായി ഇരിക്കാനാണ് ഇഷ്ടം. ഒന്നിലും അമിതമായി പ്രതീക്ഷ വയ്ക്കുന്നില്ല. ദൈവത്തിലല്ലാതെ. അത് മാത്രമാണ് കാരണം.

നിരവധി തലമുറകളിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞു. ലോകത്തിന്റെ വളരെപ്പെട്ടെന്നുള്ള മാറ്റങ്ങള്‍ അറിയുന്നു. ഇന്നത്തെ ഈ ലോകത്തെക്കുറിച്ചുള്ള അങ്ങയുടെ സ്വപ്നം പങ്കുവയ്ക്കാമോ?

ഒരിക്കല്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം അദ്ദേഹത്തിനൊരു ഉപദേശം നല്കാമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ”അങ്ങയെ ഉപദേശിക്കാന്‍ മാത്രം മണ്ടനല്ല ഞാന്‍. അങ്ങൊരു രാജ്യത്തിന്റെ ഭരണാധികാരിയാണ്. നിരവധിയാളുകള്‍ അങ്ങയെ ഉപദേശിക്കും. ഇവിടെ അതിന് പ്രസക്തിയില്ല.” ഈ ലോകത്തെക്കുറിച്ചും എനിക്കിത്രയേ പറയാന്‍ ഉള്ളൂ. വരും കാലങ്ങളില്‍ സംഭവിക്കാന്‍ ഇരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ദൈവത്തിന്റെ നിയന്ത്രണത്തില്‍ ഭദ്രമായതിനെക്കുറിച്ച് അറിയാത്ത ഞാന്‍ ഇവിടെ വെറുതെ മനക്കോട്ട കെട്ടേണ്ടതില്ലല്ലോ. സ്വപ്നമല്ല, പ്രവര്‍ത്തനമാണ് ഇന്നില്‍ ജീവിക്കാന്‍ ആവശ്യം അതാണ് നാളേക്കുള്ള ഊര്‍ജവും.

ദൈവരാജ്യ ശുശ്രൂഷയില്‍ സന്തോഷം കണ്ടെത്തുന്ന നമ്മുടെ യുവജനങ്ങളോട് പറയാന്‍ ഉള്ളത്?

കോളേജും അവിടത്തെ ഇന്നത്തെ രീതികളൊന്നും എനിക്ക് അത്ര പരിചിതമല്ല. എങ്കിലും പറയാം, നന്മ ചെയ്യുക. അതിനെ പ്രോത്സാഹിപ്പിക്കുക. അത് ആര് ചെയ്താലും അഭിനന്ദിക്കാന്‍ മനസ്സ് കാണിക്കുക. കാരണം എല്ലാ നന്മകളുടെയും ആദികാരണവും അന്ത്യകാരണവും ദൈവമാണ്. നന്മയെ വളര്‍ത്തുക. അതാണ് ലോകത്തെ ദൈവത്തിനായി നേടാനുള്ള ഏക മാര്‍ഗം. മനുഷ്യഹൃദയങ്ങളിലെ നന്മയെ കാണുന്നതിലും വലിയ തെളിച്ചം മനസ്സിന് കിട്ടാന്‍ ഇല്ല. യുവഹൃദയങ്ങള്‍ നന്മയുടെ നെടും തൂണുകളാവട്ടെ.

ചിരി ആയുസ്സ് വര്‍ധിപ്പിക്കും എന്ന് പറയുന്നു. തിരുമേനിയുടെ അനുഭവത്തില്‍?

ആയുസ്സ് കൂട്ടാന്‍ ചിരിക്ക് കഴിയില്ല. എന്നാല്‍ ദൈവത്തിന് കഴിയും. ദൈവം അനുവദിക്കുന്ന ആയുസ്സിനെ എങ്ങനെ ഉപയോഗിക്കണമെന്ന് മനുഷ്യന്റെ സ്വാതന്ത്ര്യമാണ്. പരമാവധി ചിരിക്കാന്‍ സാധിച്ചാല്‍ മനസ്സിന്റെ ഭാരം അധികമില്ലാതെ മരിക്കാം. 

ഇല്ലെങ്കില്‍ഉള്ളിലെ ഭാരം കാരണം ഒരു ജീവിതത്തിനിടയില്‍പലതവണ നമ്മള്‍ മരിക്കും.

 

എല്‍സീന ജോസഫ്‌

Share This:

Check Also

വന്ദിച്ചില്ലെങ്കിലും… നിന്ദിക്കരുത്..!

മുന്നറിയിപ്പ്: ഈ കുറിപ്പ് വൈദികരെക്കുറിച്ചാണ് നെറ്റി ചുളിയുന്നവര്‍ വായിക്കണമെന്ന് നിര്‍ബന്ധമില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനേഴാം വയസ്സില്‍തന്നെ ജീവിതം മടുത്തുപോയൊരു കൗമാരക്കാരന്‍ …

Powered by themekiller.com watchanimeonline.co