Wednesday , 24 April 2019
Home / Cover Story / ഉണര്‍ന്നെഴുന്നേല്‍ക്കുക ശബ്ദമുയര്‍ത്തുക

ഉണര്‍ന്നെഴുന്നേല്‍ക്കുക ശബ്ദമുയര്‍ത്തുക

ഉണര്‍ന്നെഴുന്നേല്‍ക്കുക ശബ്ദമുയര്‍ത്തുക

എന്റെ ജീവിതത്തിന്റെ സൗഭാഗ്യമായും ആവേശമായും ഓര്‍ക്കുന്ന കാലം സഭയുടെ വിവിധങ്ങളായ സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച നിമിഷങ്ങളാണ്. അള്‍ത്താര ബാല
സംഘത്തിലും, തിരുബാല സഖ്യം, മിഷന്‍ ലീഗ്, ഐക്കഫ് തുടങ്ങിയവയിലെല്ലാം പ്രവര്‍ത്തിക്കാനും അതിന്റെ നന്മയെ ജീവിതത്തിലേയ്ക്ക് കടമെടുക്കാനുംഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാന്‍. ക്രിസ്തുവിന്റെ ജീവിത ദര്‍ശനങ്ങളായിരുന്നു ഈ സംഘടനകളുടെയെല്ലാം കാതല്‍. ഓരോ സംഘടനയും ആ ദര്‍ശനത്തിന്റെ വിവിധങ്ങളായ മുഖങ്ങളെ സമൂഹത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ചു എന്നു മാത്രം. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ രൂപീകരണത്തിനു ചുക്കാന്‍ പിടിച്ച കുഞ്ഞേട്ടനും, ജോസഫ് മാലിപ്പറമ്പില്‍ അച്ചനും ഒക്കെ സ്വപ്നം കണ്ട കാര്യങ്ങള്‍ അവരോട് ചേര്‍ന്ന് നിന്നു തന്നെ അറിയാന്‍ കഴിഞ്ഞത് എന്റെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പങ്ക് വഹിച്ചു. മിഷന്‍ലീഗിന്റെ ഇടവകതലം മുതല്‍ ദേശീയ തലം വരെ ഭാരവാഹിത്വം വഹിക്കാന്‍ കഴിഞ്ഞതും (പ്രഥമ ദേശീയ പ്രസിഡന്റ് ആയിരുന്നു. 8 വര്‍ഷം ഈ ഉത്തരവാദിത്വം വഹിച്ചു) നിറമുള്ള ഓര്‍മ. ഗ്രൂപ്പുകളായി ചേര്‍ന്ന് മാനുവല്‍ ബുക്ക് പൂരിപ്പിച്ചതും, നന്മ ചെയ്യാനുള്ള ഊര്‍ജം പകരുന്ന വഴികളായിരുന്നു. മാനുഷിക മൂല്യങ്ങളെ വിലയറിഞ്ഞ് സ്‌നേഹിക്കാന്‍ എന്നെ പഠിപ്പിച്ച വിദ്യാലയം മിഷന്‍ ലീഗാണ്.

കലാലയ ജീവിതത്തിന്റെ വര്‍ണങ്ങളില്‍ പ്രഥമ പരിഗണന ഐക്കഫ് എന്ന (All India Catholic University federation) പ്രസ്ഥാനത്തിനാണ്. (”Stand Up and speak out”)”എഴുന്നേല്‍ക്കുക, നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തുക” എന്ന ഉറച്ച ബോധ്യവും പ്രവര്‍ത്തന ധൈര്യവും ഇവിടന്നാണ് എനിക്ക് കിട്ടുന്നത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ നമുക്ക് നേരേ നീതി കണ്ണടയ്ക്കപ്പെടുന്നുവെങ്കില്‍ അത് തിരിച്ചറിയാനുള്ള വിവേകംനമുക്ക് അന്യമായതുകൊണ്ടാണ് എന്ന് ഇവിടന്ന് ഞാന്‍ മനസ്സിലാക്കി. ശബ്ദമില്ലാത്തവന്റെ ശബ്ദമാകുവാനും, മനഃസാക്ഷിയുടെ കാവല്‍ക്കാരനാകുവാനും
നീതിക്കുവേണ്ടി നിര്‍ഭയം പൊരുതാനും എന്നെ ഒരുക്കിയത് ഈ പ്രസ്ഥാനത്തിന്റെ വിജയമാണ്. വിശുദ്ധിയുള്ള, സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ സ്വപ്നം കാണുമ്പോള്‍ ഒരു തലമുറയ്ക്ക് അനുകരിക്കാന്‍ പറ്റുന്ന മാതൃകകള്‍ ഇവിടെ ഉണ്ടായേ തീരൂ. അത്തരം അനുകരണീയ മാതൃകകളെ രൂപപ്പെടുത്തുവന്‍ ഇവയ്‌ക്കൊക്കെ കഴിഞ്ഞിട്ടുണ്ട്.

നിശ്ശബ്ദതയ്ക്ക് ഇവിടെ സ്ഥാനമില്ല. ഒച്ചപ്പാടുകള്‍ക്കും പ്രസക്തിയില്ല. പിന്നെയോ, നീതിക്കുവേണ്ടിയുള്ള സ്വരമാവണം ഉയരേണ്ടത്. അത് നമുക്കുവേണ്ടി ത്രമല്ല. അപരനുവേണ്ടിയും ആവണം. ഈ ജീവിതശൈലി ഞാന്‍ സ്വായത്തമാക്കിയത് ഈ സംഘടനകളിലൂടെയൊക്കെ ആണ്.

ജീവിത സാക്ഷ്യത്തെക്കാള്‍ കൂടുതലായൊരു സന്ദേശവും കൈമാറാനില്ലാതിരുന്ന ഗാന്ധിയെയാണ്
ജീസസ് യൂത്തിനെ കാണുമ്പോള്‍ ഓര്‍മ വരുക. യേശുവിന്റെ ജീവിതശൈലി അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍. സമൂഹം ഇവിടെനിന്നും ഒരുപാട് അറിയാനുണ്ട്.

എന്നെ വളര്‍ത്തിയ സഭാ സംഘടനകള്‍ക്കുള്ള പ്രതിനന്ദി ജീവിതത്തിലൂടെ അവ അനുകരിക്കുന്നതിലൂടെയാണ് കാണിക്കാനായത്. നന്മകള്‍ പകരുന്ന സമൂഹം ഇനിയും ഇവിടെ നിന്നും രൂപപ്പെടുമെന്ന് പ്രത്യാശിക്കട്ടെ.

നമ്മുടെ ജീവിതം തന്നെയായിരിക്കണം നമ്മുടെ സുവിശേഷ പ്രഘോഷണം!! പറയുന്നതുപോലെ എളുപ്പമല്ല ഇത്. എങ്കിലും നമ്മള്‍ കൈമാറാന്‍ ശ്രമിക്കുന്ന സദ്‌വാര്‍ത്ത സ്വന്തം ജീവിതത്തിന്റെചൂരില്‍ നിന്നും ഉള്ളതാകുമ്പോഴാണ് നമ്മെ കാണുന്നവര്‍ക്കും അറിയുന്നവര്‍ക്കും അതിന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ കഴിയുക.ഭക്ത സംഘടനകള്‍ക്ക് മുന്‍നിരയില്‍ നിന്നും നേതൃത്വം കൊടുക്കുന്നവര്‍ അറിയേണ്ടണ്ടതും ഓര്‍ത്തിരിക്കേണ്ടതും ഈ വസ്തുതയാണ്.

ജസ്റ്റിസ് കുര്യന്‍ ജോസഫ്

വിശ്വാസം അറിഞ്ഞ് ജീവിക്കേണ്ടവര്‍ നമ്മള്‍

ഐക്കഫ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെ ലഭിച്ച പരിശീലനത്തില്‍ നിന്നാണ് ഞാനെന്ന സഭാ സ്‌നേഹിയുടെയും അതിലുപരി വ്യക്തിയുടെയും വളര്‍ച്ചയുടെ ഘട്ടം തുടങ്ങുന്നത്. വ്യക്തിയെന്നാല്‍ വളര്‍ച്ചയുള്ളവനായിരിക്കണം. വിശുദ്ധിയുള്ളവനായിരിക്കണം. വിവേകത്തോടെ ചിന്തിച്ച് പ്രവര്‍ത്തിക്കുന്നവനായിരിക്കണം. ആ അര്‍ഥത്തില്‍ എന്നെ മാത്രമല്ല എന്നെപ്പോലുള്ള നിരവധി വ്യക്തികളുടെ ജീവിതത്തില്‍ കൈത്തിരിയാകുവാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.

എസ്.ബി. കോളേജില്‍ പഠിക്കുമ്പോഴാണ് ഈ സംഘടനയില്‍ അംഗമാകുന്നത്. തുടര്‍ന്ന് ഒരു അഞ്ചു വര്‍ഷത്തോളം സംഘടനയുടെ വിവിധ തലങ്ങളില്‍ വിവിധങ്ങളായ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. സഭാപഠനങ്ങള്‍ മനസ്സിലാക്കുന്നതിനും, സഭയുടെ നിലപാടുകള്‍ അറിയുവാനും അതിനെ സൂക്ഷ്മതയോടെ നിരീക്ഷിക്കുവാനും നേതൃപരിശീലനം, വിശ്വാസ പരിശീലനം എന്നിവയൊക്കെ അഭ്യസിച്ചത് ഇവിടെ നിന്നാണ്.

കോട്ടയം അതിരൂപതയുടെ ആദ്യത്തെ യുവജന പ്രസ്ഥാനത്തിന്റെ – ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്ന കെ.സി.വൈ.എല്‍-ന്റെ ആദ്യത്തെ ഡയറക്ടറായി അതിരൂപത നേതൃത്വം എന്നെ തിരഞ്ഞെടുത്തു. പിന്നീട്ആ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചറിഞ്ഞ സഭാ നേതൃത്വംതന്നെ കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. നീണ്ട 12 വര്‍ഷക്കാലം ഈ ഉത്തരവാദിത്വം വഹിച്ചു.ഇവിടന്ന് കിട്ടിയ പരിശീലനങ്ങളും ചെറുതല്ല. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും മൂല്യങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കുമൊക്കെ പിന്നില്‍ ഒരു വ്യക്തമായ കാരണം ഉണ്ടായിരിക്കണം. ഞാന്‍ എന്തിനൊരു ക്രിസ്ത്യാനിയായി? എന്തുകൊണ്ട് ഞാന്‍ ഈ വിശ്വാസത്തില്‍നിലനില്‍ക്കുന്നു? ഇത്തരം കാര്യങ്ങളിലെല്ലാം കൃത്യവുംവ്യക്തവുമായ സ്വതന്ത്രമായ നിലപാട് നമുക്ക് അനിവാര്യതയാണ്. അതിന് വേണ്ടത് നമ്മുടെ വിശ്വാസ
പാരമ്പര്യങ്ങളെയും നിര്‍മിതമായിരിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയെയും അടുത്തറിയലാണ്. ഞാനെന്ന വ്യക്തിയുടെ നിലപാടുകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നിഗമനങ്ങള്‍ക്കുമൊക്കെ സ്പഷ്ടത തന്നത്ഈ പ്രവര്‍ത്തന രംഗത്തെ പരിശീലനങ്ങളാണ്.

മ്മുടെ യുവാക്കള്‍ക്ക് ആവശ്യവും വിവേകത്തോടെ നിലപാടുകള്‍ എടുക്കുന്നതിനാവശ്യമായ പരിശീലനമാണ്. വിശ്വാസ സത്യങ്ങളെ അടുത്തറിയലാണ്. കാര്യകാരണ സഹിതം കാര്യങ്ങളെ അപഗ്രഥിക്കാനുള്ള ജ്ഞാനമാണ്. ക്രൈസ്തവ സഭ തന്നെ മക്കള്‍ക്ക് അതിനാവശ്യമായ അനവധി പ്ലാറ്റ് ഫോമുകള്‍ നല്കുന്നുണ്ട്. യുവാക്കള്‍ അവയെല്ലാം വേണ്ടവിധം പ്രയോജനപ്പെടുത്തട്ടെ.മാനസിക-ആത്മീയ-ബൗദ്ധിക തലങ്ങളില്‍ സമഗ്ര വികാസത്തിലെത്താന്‍ എന്നെ പരിശീലിപ്പിച്ച സംഘടനകള്‍ ഇന്നത്തെ തലമുറയ്ക്കും തര്‍ക്കമില്ല.സഭയോട് ചേര്‍ന്ന് സമൂഹത്തില്‍ നന്മ വിതയ്ക്കുന്ന വിതക്കാരനാകുവാന്‍ ഇന്നത്തെ തലമുറയ്ക്കുകഴിയട്ടെ.

 

ജസ്റ്റിസ് സിറിയക് ജോസഫ്

മനസ്സില്‍ തീക്ഷ്ണത കോരിയിട്ട യുവജന പ്രസ്ഥാനം

മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.സി.വൈ.എം.”കര്‍ത്താവിന്റെ ആത്മാവ് എന്റെമേല്‍ ഉണ്ട്”. ലൂക്കാ സുവിശേഷകന്റെ നാലാം അധ്യായത്തിലെ 18 മുതലുള്ള വാക്യങ്ങള്‍ ഹൃദയത്തില്‍ ഇന്നും അഗ്നിയാണ്. എന്റെ ജീവിതത്തിന്റെ നയരേഖയായി യൗവനത്തില്‍ കെ.സി.വൈ.എം. പ്രസ്ഥാനം പകര്‍ന്നു നല്‍കിയ തിരുവചനം.

കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതയുടെയും സംസ്ഥാന സമിതിയുടെയും നേതൃത്വം വഹിക്കുമ്പോഴുംഅതിനു ശേഷവും എന്നെ വഴി നടത്തി ഈ തിരുവചനത്തിന്റെ വെളിച്ചം.

മദര്‍ തെരേസ 1993-ല്‍ കെ.സി.വൈ.എം. പതിനഞ്ചാം വാര്‍ഷികത്തില്‍ പങ്കെടുക്കുവാനായി കണ്ണൂര്‍ സന്ദര്‍ശിച്ചു. അന്ന് ഞാന്‍ കെ.സി.വൈ.എം. സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കനിവിന്റെ അമ്മ അന്ന് ഞാനുള്‍പ്പെടുന്ന ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്ക് നല്കിയ സ്‌നേഹസന്ദേശം കാരുണ്യത്തിന്റെ അരുവികളായി ഇന്നും കേരളത്തില്‍ ഒഴുകുന്നുണ്ട്. കൊച്ചി നഗരത്തിലെ റോഡരുകിലിരുന്ന് പണിയെടുക്കുന്ന ചെരുപ്പുകുത്തികളെ സംഘടിപ്പിച്ച് കേരള പാദരക്ഷാത്തൊഴിലാളി യൂണിയന്‍ ഉണ്ടാക്കാന്‍ പ്രചോദനമായത് കെ.സി.വൈ.എം. പകര്‍ന്നു നല്‍കിയ വെളിച്ചമാണ്. പ്രണത ബുക്‌സിലൂടെ പുസ്തക പ്രസാധകനായിമുന്നേറാനായതും പുതിയ വഴികള്‍ വെട്ടിത്തുറക്കാന്‍ പ്രസ്ഥാനം നല്കിയ കരുത്തിന്റെ പിന്‍ബലമാണ്.

തീര ജനതയ്ക്ക് പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി നിലകൊള്ളാന്‍ ശക്തി പകരുന്നത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള തൃഷ്ണയില്‍ നിന്നാണ്. ധര്‍മത്തിനുംഅന്യായത്തിനുമെതിരെ നെഞ്ചുറപ്പോടെ പൊരുതാന്‍ കെ.സി.വൈ.എം. എന്നെ ശക്തനാക്കി.

 

ഷാജി ജോര്‍ജ്ജ്

പിന്നിട്ട വഴികളിലെ ദൈവത്തിന്റെ കൈയൊപ്പ്

മുന്‍ ദേശീയ പ്രസിഡന്റ്, ഐ.സി.വൈ.എം.ഒരു ക്രൈസ്തവനായ യുവാവ് എന്ന നിലയില്‍ ദൈവത്തോടൊപ്പം തന്റെ യുവത്വംആഘോഷിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു
തന്നെ പിന്നിട്ട പാതയിലെ നേരിനെ തുറന്നു പറയുവാന്‍ കൃത്രിമ അലങ്കാരങ്ങള്‍ ചേര്‍ക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നാം ഓരോരുത്തരും വിളികള്‍ക്കായി കാതോര്‍ക്കുന്നവര്‍ ആണ് ചിലര്‍ ആ വിളിയെ ഉള്‍ക്കൊണ്ട് അതിനൊപ്പം സഞ്ചരിക്കുന്നു. ചിലര്‍ വിളി തിരിച്ചറിയാന്‍ ഒരുപാട് വൈകിപ്പോവുന്നു. കഴിഞ്ഞ എട്ടു വര്‍ഷക്കാലം യുവജനങ്ങള്‍ക്കൊപ്പം നടക്കുവാന്‍ ആണ് എന്റെ വിളിയെന്നു തിരിച്ചറിഞ്ഞു ആ വഴിയിലൂടെ നടക്കുവാന്‍ എനിക്ക് സാധിച്ചു. അതിനായ് എനിക്ക് ദൈവം തന്ന സര്‍വ കഴിവുകളും ഉപയോഗിച്ചു ആ വിളി എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ ഇന്ന് ഏതെങ്കിലും ഒരു ആശുപത്രിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒരു മെയില്‍ നേഴ്‌സായി ഞാന്‍ ജീവിക്കുമായിരുന്നു. ഇടവകയിലെ ഒരു യൂണിറ്റ് മീറ്റിങ്ങില്‍ കിട്ടിയ ഒരു ചെറിയ തീപ്പൊരി ആയിരുന്നു എന്നെ ദേശീയ പ്രസിഡന്റ് പദവിയിലേക്ക് വരെ എത്തിച്ചതെന്നു പറയുവാന്‍ സാധിക്കും. നാലു ചുമരില്‍ ഒതുങ്ങാതെ യുവജന ശുശ്രൂഷചെയ്യുക എന്ന വിളി ഞാന്‍ മനസ്സാ സ്വീകരിച്ചു. തലശ്ശേരി അതിരൂപത പ്രസിഡന്റ്, കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി, സീറോ മലബാര്‍ യുവജന പ്രസ്ഥാനത്തിന്റെ പ്രഥമ പ്രസിഡന്റ്, അവസാനം ഭാരത കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനമായ ഐ.സി.വൈ.എം. ന്റെ ദേശീയ പ്രസിഡന്റ് വരെയുള്ള വലിയ പദവികളിലേക്ക് ദൈവം എന്നെ ഉയര്‍ത്തി. അവിടെയൊക്കെ എനിക്ക് യുവജനങ്ങളോട് സംവദിക്കുവാന്‍ സാധിച്ചു. അവരുടെ സുഖദു:ഖങ്ങളില്‍ പങ്കു ചേരുവാന്‍ പറ്റി. സാമൂഹ്യ പ്രതിബദ്ധതയുള്ള യുവജനങ്ങളെ വളര്‍ത്തുവാനായി പരിശ്രമിച്ചു.

ഞാന്‍ ചെയ്തതും ചെയ്യാന്‍ ആഗ്രഹിച്ചതും ഇതൊക്കെ തന്നെയായിരുന്നു. നമ്മുടെ സാധ്യതകള്‍ മനസ്സിലാക്കാന്‍ നമുക്ക് കഴിയണം. അതിനുള്ള വേദികള്‍ ഒരുക്കപ്പെടണം. ശുഭാപ്തി വിശ്വാസമുള്ള യുവ സമൂഹത്തെ കെട്ടിപ്പടുക്കുവാന്‍ അവരില്‍ ഒരാളായ എനിക്ക് ചെറിയ തോതില്‍ എങ്കിലും കഴിഞ്ഞു എന്നുറപ്പുണ്ട്. ആരാലും അറിയപ്പെടാതെയും പരിഗണിക്കപ്പെടാതെയും പോകുമായിരുന്ന എന്നെ വലിയ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ യുവജന മുന്നേറ്റം എനിക്കൊരു ആവേശമാണ്. ഒരു വിശ്വാസസത്യം സൂക്ഷിക്കുന്ന സമൂഹം വിവിധ ഇടങ്ങളില്‍ ഇരുന്നുകൊണ്ട് അവയെ ജീവിതത്തില്‍ പകര്‍ത്തുന്നു. ദേശങ്ങള്‍ക്കപ്പുറവും സ്‌നേഹമെന്ന ആദര്‍ശത്തെ വിട്ടുവീഴ്ചയില്ലാതെ കൊണ്ടുനടക്കുവാന്‍ പരിശ്രമിക്കുന്നവര്‍ വിവിധ സംസ്‌കാരങ്ങളുടെ നടുവില്‍ ജീവിക്കുമ്പോഴും സ്‌നേഹത്തിന്റെ സംസ്‌കാരം മറക്കാത്തവര്‍. ഈ യാത്രയില്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ അങ്ങനെ നീണ്ടുപോകുന്നു.

ഞാന്‍ നടന്നു വന്ന പാതയില്‍ ദൈവത്തിന്റെ കൈയൊപ്പ് ഉണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. തൊഴിലില്ലായ്മയിലും നിരാശയിലും കഴിയുന്ന യുവജനങ്ങളെ കണ്ടു. ഒരല്പം പ്രോത്സാഹനം കിട്ടിയാല്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നു കുതിക്കാന്‍ ശേഷിയുള്ള നിരവധി യുവാക്കളെ യാത്രക്കിടയില്‍ കണ്ടു. യാത്രക്കിടയിലും മീറ്റിങ്ങുകളിലും കണ്ട യുവജനങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് പ്രതീക്ഷ നശിച്ചതുപോലുളള അനുഭവങ്ങളായിരുന്നു. ജോലിയുടെ സ്‌ട്രെസ് അനുഭവിക്കുന്നവര്‍, പഠിച്ചതനുസരിച്ചുള്ള ജോലി കിട്ടാത്തതിലുള്ള വിഷമം മനസ്സിലുള്ളവര്‍, പ്രതീക്ഷയുടെ ഭാരം കാരണം ജീവിക്കാന്‍ മറന്നവര്‍ അങ്ങനെ പലതും. എന്നാല്‍ ചിലരില്‍ പ്രതീക്ഷയുടെ തിരി കണ്ടു. അവരുടെ വേര് ഉറപ്പിച്ചിരുന്നത് സഭയുടെ യുവജന കൂട്ടായ്മകളിലായിരുന്നു.

വിശ്വാസത്തിന് വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ യുവജനങ്ങളെ വിശ്വാസത്തിലേയ്ക്ക്നയിക്കുക എന്ന ഒരു വലിയ ഉത്തരവാദിത്വം ആണ് നമുക്ക് ഉള്ളത്. കൂട്ടായ്മയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അത് സമൂഹത്തിലേക്ക് പ്രസരിപ്പിച്ച് അവര്‍ പ്രത്യാശയുടെ കിരണം പരത്തുന്നവരാകാം.

ഒരു കാര്യം കൂടി, ദേശീയ പ്രസിഡന്റ് ആയപ്പോള്‍ ജോലി രണ്ടു വര്‍ഷത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ കുടുംബം ഒരുപാടു എന്നെ പിന്‍തുണച്ചു. ജോലി നഷ്ടപ്പെട്ടതില്‍ ഞാന്‍ ഇന്ന് ഖേദിക്കുന്നില്ല. പകരം ഞാന്‍ അഭിമാനിക്കുന്നു. നേട്ടങ്ങള്‍ മാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളൂ. കുശവന്റെ കൈയിലെ കളിമണ്ണ് പാത്രമായിരുന്നു ഞാന്‍. അദ്ദേഹം എനിക്ക് വ്യക്തമായ ശരിയായ രൂപം തന്നിരിക്കുന്നു.                                                                                           സിജോ അമ്പാട്ട്   

ബോധ്യങ്ങള്‍ നല്കിയ യുവജന പ്രവര്‍ത്തനം

കോട്ടയം ബി.സി.എം. കോളജിലെ പ്രീഡിഗ്രിപഠനകാലത്ത് അവിടത്തെ ഐക്കഫ് യൂണിറ്റിന്റെ പ്രസിഡന്റായിരുന്നെങ്കിലും നീണ്ടുനില്‍ക്കുന്നൊരു സ്വാധീനമായി അത് മാറിയില്ല. കോട്ടയം മെഡിക്കല്‍ കോളജിലെ പഠന കാലത്ത് ചില സുഹൃത്തുക്കളുടെ സാക്ഷ്യ ജീവിതവും, ആത്മീയ പ്രവര്‍ത്തനങ്ങളും ഏറെ സ്വാധീനിച്ചു. പന്തക്കുസ്താ സഭക്കാരായിരുന്ന അവരുടെ കൂടെ പ്രവര്‍ത്തിച്ചു തുടങ്ങിയ നാളുകളിലാണ് ജീസസ് യൂത്ത് എന്നൊരു കൂട്ടായ്മയുണ്ടെന്നും വിശ്വാസ വഴികളില്‍ വളരാന്‍ അതൊരു മാര്‍ഗമാണെന്നും കണ്ടെത്താന്‍ ഇട വരുന്നത്. പിന്നീട് നിരവധി യൂത്ത് പ്രോഗ്രാമുകളും, ധ്യാനങ്ങളും, ഔട്ട് റീച്ചുകളും, പരിശീലന പരിപാടികളും എന്നെ രൂപപ്പെടുത്തിയ വഴികളായി.

ഡോക്ടറാവുക എന്നത് പണമുണ്ടാക്കലിനപ്പുറമുള്ള വലിയൊരു ദൗത്യമാണെന്ന തിരിച്ചറിവൊക്കെനല്കിയത് യുവജന പ്രവര്‍ത്തനങ്ങളാണ്. ഇന്ന്പ്രോ-ലൈഫ് ഉള്‍പ്പെടെ സഭയുടെ വിവിധ തലങ്ങളില്‍ സജീവമാകാനുള്ള ബോധ്യങ്ങള്‍ ലഭിച്ചത് അന്നത്തെ യുവജന 

പ്രവര്‍ത്തനങ്ങളില്‍ നിന്നാണ്. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ദൈവത്തോട് നന്ദിയുണ്ട്. അന്ന് ജീസസ് യൂത്ത് കൂട്ടായ്മയിലേക്ക് എന്നെ വഴി തിരിച്ചുവിട്ട ആ സുഹൃത്തുക്കളില്ലായിരുന്നുവെങ്കില്‍ കത്തോലിക്കാ സഭയുടെ ധന്യതകള്‍ അനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനില്ലാതായേനെ!!

ഡോ. സുമ ജില്‍സണ്‍

 

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co