Wednesday , 20 February 2019
Home / Featured / യുവജനവര്‍ഷം ആഘോഷത്തിന്റെ സമയം

യുവജനവര്‍ഷം ആഘോഷത്തിന്റെ സമയം

കേരളത്തിലെ ക്രൈസ്തവ യുവതയുടെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന കെ .സി.വൈ.എം., ജീസസ് യൂത്ത് എന്നീ യുവജന മുന്നേറ്റങ്ങള്‍ സഭയുടെ പ്രതീക്ഷയാണെന്നതില്‍ തര്‍ക്കമില്ല. റൂബി ജൂബിലിയുടെ നിറവില്‍ കെ.സി.വൈ.എം., മുപ്പത്തിയഞ്ച് വര്‍ഷം പിന്നിടുന്ന ജീസസ് യൂത്ത്; ഇവര്‍ നല്കുന്ന സംഭാവനകള്‍ അനവധിയാണ്. കേരള സഭ യുവജന വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍, യുവജന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്ന രണ്ട് യുവ മിഷണറിമാര്‍ ഇവിടെ ഒന്നിച്ചിരിക്കുന്നു.

ജീസസ് യൂത്ത് ഓള്‍ കേരള കോ-ഒര്‍ഡിനേറ്റര്‍ അഭിലാഷ് എം.കെ, കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ എന്നിവര്‍ യുവജന ശുശ്രൂഷയില്‍ ഇവയുടെ പങ്കും സ്വപ്നവും കെയ്‌റോസുമായി പങ്കുവയ്ക്കുന്നു.

കെയ്‌റോസിന്റെ വായനക്കാര്‍ക്ക് വേണ്ടി പരിചയപ്പെടുത്താമോ?

അഭിലാഷ്: ഇടുക്കി സ്വദേശി. ട്രെയിനിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ജീസസ് യൂത്ത് ഉത്തരവാദിത്വങ്ങള്‍ക്കായി ജോലി താത്കാലികമായി ഉപേക്ഷിച്ചു. ഭാര്യ: ആന്‍സി, മകന്‍: ആരോണ്‍ (മൂന്ന് വയസ്സ്).ഇമ്മാനുവല്‍: തിരുവനന്തപുരം പൂന്തുറ സ്വദേശി. എയര്‍ടെല്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് സംസ്ഥാന ഭാരവാഹിയാകുന്നത്. തന്മൂലം ജോലി രാജി വച്ച് യുവജന ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നു. ഭാര്യ: ലിജി, മക്കള്‍; ആന്‍ഡ്രിന്‍ ഇമ്മാനുവല്‍, ആന്‍ഡ്രിയ ഇമ്മാനുവല്‍ (പത്തു മാസം).

യുവജന ശുശ്രൂഷ രംഗത്ത് എത്തിച്ചേര്‍ന്നത് എങ്ങനെയാണ്?

അഭിലാഷ്: ഹിന്ദു മതവിശ്വാസത്തില്‍ വളര്‍ന്ന് പിന്നീട് ക്രൈസ്തവ വിശ്വാസം
സ്വീകരിച്ച വ്യക്തിയാണ് ഞാന്‍. അമ്മയായിരുന്നു ഈശോയെ അറിയുന്നതിന് സഹായിച്ച വ്യക്തി. ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനത്തില്‍ സംബന്ധിക്കാന്‍ സാധിച്ചത് വിശ്വാസവഴിയില്‍ വഴിത്തിരിവായി. എന്നിട്ട് ജീസസ് യൂത്ത് കൂട്ടായ്മയെ പരിചയപ്പെട്ടു. നിരവധി ചേട്ടന്മാരുടെ സ്‌നേഹവും കരുതലും അവര്‍ നിര്‍ലോഭം ചെയ്യുന്ന ശുശ്രൂഷകളും എന്നെ അത്ഭുതപ്പെടുത്തി. സോണിലെ ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളിലൂടെയാണ് വളര്‍ന്നു വന്നത്.

ഇമ്മാനുവല്‍: യുവാക്കളെല്ലാം ഏതെങ്കിലും തരത്തിലുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കണമെന്ന കാഴ്ചപ്പാടായിരുന്നു ഞങ്ങളുടെ ഇടവകയിലുണ്ടായിരുന്നത്. യുവാക്കളുടെ സാമൂഹികവും വ്യക്തിപരവുമായ വികാസത്തിന് സംഘടനാ പ്രവര്‍ത്തനം സഹായിക്കുമെന്നും അതിലെല്ലാമുപരി തെറ്റായ വഴികളിലേക്കു കടക്കാതിരിക്കാനും നല്ലൊരു മാര്‍ഗമായി സംഘടനാ പ്രവര്‍ത്തനത്തെ ഏവരും കണ്ടു. അങ്ങനെയാണ് സ്‌കൂള്‍ കാലഘട്ടം മുതല്‍ ഞാനുംപങ്കെടുത്തു തുടങ്ങിയത്. ഹൈസ്‌കൂളില്‍ ഐക്കഫായിരുന്നു പ്രവര്‍ത്തനമേഖല. പത്താം ക്ലാസ്സില്‍വച്ച് കെ.സി.വൈ.എം.ലേക്കു കടന്നു. പിന്നെഅതിലായി മുഖ്യശ്രദ്ധ. എങ്കിലും ജീസസ് യൂത്ത് അടക്കമുള്ള പ്രസ്ഥാനങ്ങളുമായും അടുത്ത ബന്ധമാണ്.

കെ.സി.വൈ.എം/ജീസസ് യൂത്ത് യുവജന ശുശ്രൂഷയുടെപ്രത്യേകതകള്‍ എന്തൊക്കെയാണ്?

ഇമ്മാനുവല്‍: കൂടുതല്‍ പ്രവര്‍ത്തന സാധ്യതയുള്ള ഒരു രംഗം എന്നനിലയിലാണ് ഞാന്‍ കെ.സി.വൈ.എം. ലേക്ക് ആകര്‍ഷിക്കപ്പെട്ടത്. സഭയും സഭാംഗങ്ങളും നേരിടുന്ന ഏതു പ്രതിസന്ധിയിലും നിര്‍ണായകമായഇടപെടല്‍ നടത്തുന്ന സംഘടനയുടെ ശൈലി. കഴിഞ്ഞ നാല്പത് വര്‍ഷമായി സഭയോട് ഒപ്പം നിന്ന് സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്നു.

അഭിലാഷ്: ജീസസ് യൂത്ത് കരിസ്മാറ്റിക് നവീകരണ അനുഭവത്തില്‍വളര്‍ന്ന മുന്നേറ്റമാണ്. കേരളത്തില്‍ രൂപപ്പെട്ട് മുപ്പത്തിയഞ്ച് രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന വലിയ പ്രേഷിത സമൂഹമായി മാറിയിരിക്കുന്നു.ക്രിസ്തുവിനെ പ്രതി ജീവിതം ആനന്ദപ്രദമാക്കുന്ന ആളുകളെയാണ് ഇവിടെ കാണുന്നത്. ഏത് ജീവിത സാഹചര്യത്തില്‍ കഴിയുന്നവര്‍ക്കും, വിവിധങ്ങളായ സര്‍ഗാത്മ കഴിവുകള്‍ ഉള്ളവര്‍ക്കും അവരവരുടെ സാധ്യതകള്‍ ഉപയോഗിച്ച് സുവിശേഷ വേലയില്‍ പങ്കുചേരാന്‍ ഇവിടെ സാഹചര്യം ഉണ്ട്.

ഇവ രണ്ടിന്റെയും അനന്യ സവിശേഷതകള്‍?

ഇമ്മാനുവല്‍: സാമൂഹിക വിഷയങ്ങളെ സസൂക്ഷ്മം വീക്ഷിക്കുകയും പ്രതി
കരിക്കുകയും ചെയ്യുന്ന നേതൃത്വമാണ് കെ.സി.വൈ.എമ്മിനുള്ളത്. കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളിലെ അംഗങ്ങളെ ഒരുകുടക്കീഴില്‍ നിര്‍ത്തുന്നുവെന്നതും സംഘടനയുടെ സൗന്ദര്യമാണ്. ഇതിലൂടെ യുവാക്കള്‍ക്ക് മറ്റു റീത്തുകളുടെ പാരമ്പര്യവും പ്രത്യേകതകളും പഠിക്കാന്‍ സാധിക്കുന്നുണ്ടണ്ട്. എല്ലാറ്റിനും ഉപരിയായി കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക സംഘടനയെന്ന നിലയില്‍ വലിയ പ്രാര്‍ഥനാ ചൈതന്യവും കാത്തുസൂക്ഷിക്കുന്നുണ്ട്. യൂണിറ്റുകളിലെല്ലാം തന്നെ തെയ്‌സെ പ്രെയറടക്കമുള്ള പ്രാര്‍ഥനാ സംഗമങ്ങള്‍ സ്ഥിരമായി നടത്താറുമുണ്ട്.

അഭിലാഷ്: ഏറ്റവും പ്രധാനമായി ജീസസ് യൂത്ത് ഒരു പ്രവര്‍ത്തനശൈലി അല്ല. ജീവിത ശൈലിയാണ്. വത്തിക്കാനില്‍ നിന്നും പൊന്തിഫിക്കല്‍ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ഏക അത്മായ മുന്നേറ്റമാണിത്. പ്രായഭേദമില്ലാതെ, തൊഴില്‍ വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും സ്ഥാനമുള്ളസ്ഥലം. കാലഘട്ടത്തിന്റെ പ്രവണതയെ മനസ്സിലാക്കി അതിനോട് ചേര്‍ന്ന് ക്രിസ്തുവിനെ പങ്കുവയ്ക്കുന്നു.

സമകാലിക യുവജന സമൂഹം നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?

അഭിലാഷ്: യുവജനങ്ങള്‍ എന്നും പോര്‍മുഖത്താണ് നില്‍ക്കുന്നത്. അവര്‍ സമൂഹത്തിനും സമൂഹം അവര്‍ക്കും വെല്ലുവിളിയാകുന്നു. പണ്ടുതൊട്ടേപറയുന്ന മദ്യപാനം, മയക്കുമരുന്ന്, ലൈംഗിക അരാജകത്വം തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഇന്ന് ആധുനികതയുടെ സ്വാധീനം കൂടി വന്നപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായി. ഇവിടെ, ഇതിനോടൊക്കെ പൊരുതുന്നവരെയും, പൊരുതാനാവാതെ തുടര്‍ന്നവരെയും പൊരുതിയതിന്റെ പേരില്‍ സമപ്രായക്കാരുടെ ഇടയില്‍നിന്നും തഴയപ്പെട്ടവരെയുമാണ് നമ്മള്‍ കാണുന്നത്.

ഇമ്മാനുവല്‍: വിദ്യാഭ്യാസപരമായി നമ്മുടെ യുവാക്കള്‍ പിന്നാക്കം നില്‍ക്കുന്നതായാണ് ഇപ്പോള്‍ കാണുന്നത്. പെണ്‍കുട്ടികള്‍ താരതമ്യേന മുന്നിലേക്കുവരുന്നുണ്ടെങ്കിലും ആണ്‍കുട്ടികള്‍ പ്ലസ്ടു, ഡിഗ്രിതലത്തില്‍ പഠനം നിറുത്തുകയാണ്. എല്ലാവരും ഏറ്റവും കുറഞ്ഞതു പി.ജി.വരെയെങ്കിലും പഠിക്കണമെന്നതാണ് നമ്മള്‍ ലക്ഷ്യമിടുന്നത്. യുവാക്കളില്‍ തെറ്റായവഴിയിലൂടെ സഞ്ചരിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നതും മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട സമയമായിക്കഴിഞ്ഞു. നവ മാധ്യമങ്ങളില്‍ മാത്രം സമയം ചെലവഴിക്കാന്‍ താത്പര്യപ്പെടുന്ന യുവാക്കള്‍ സാമൂഹിക പ്രതിബദ്ധതയുടെ കാര്യത്തില്‍ പിന്നാക്കം പോകുന്നതും ഇന്നത്തെ വലിയൊരു വെല്ലുവിളിയാണ്.

സഭയ്ക്കും യുവജന ശുശ്രൂഷയ്ക്കും ഇന്നത്തെ യുവജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നുണ്ടോ?

അഭിലാഷ് & ഇമ്മാനുവല്‍: ഉണ്ട്. യുവജനങ്ങളെ നോക്കിനിങ്ങളാണ് സഭയെന്ന് പറഞ്ഞ സമകാലിക ലോകത്തിലെ വിശുദ്ധന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും യുവജനങ്ങളെ വിവിധ തലത്തില്‍പ്പെട്ട 527 ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കിയ ബനഡിക്ട് പതിനാറാമന്‍ പാപ്പയും യുവജനങ്ങള്‍ക്ക് ചേര്‍ന്ന ശൈലിയില്‍ അവരോട് ഇടപഴകുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്ന ഫ്രാന്‍സിസ് പാപ്പയും ഈസിനഡ് പോലും യുനജങ്ങള്‍ക്കായി വിളിച്ചു ചേര്‍ക്കാന്‍ കാണിച്ച താത്പര്യവുമൊക്കെ സഭ യുവജനങ്ങളെ ഗൗരവമായി പരിഗണിക്കുന്നു എന്നതിന്റെ തെളിവാണ്. ക്രിയാത്മക പ്രവര്‍ത്തന പദ്ധതികളുമായി യുവത മുന്നോട്ട് വന്നപ്പോഴൊക്കെ അതിന് പിന്തുണയും
പ്രോത്സാഹനവും നല്കി സഭ കൂടെ നിന്നിട്ടുണ്ട്. ഒപ്പം യുവജനങ്ങള്‍ക്ക് വേണ്ടിയും പദ്ധതികള്‍ മുന്നോട്ട് വയ്ക്കുന്നു. അതിനെ നടപ്പില്‍ വരുത്തുന്നു.

യൂത്ത് മിനിസ്ട്രിയുടെ പുതിയ സാധ്യതകള്‍, സ്വപ്നങ്ങള്‍?

അഭിലാഷ്: യൂത്ത് എവിടെയാണോ ഉള്ളത് അവിടേക്ക് ചെന്ന് മിനിസ്ട്രി ചെയ്യാനാണ് ഇനി ശ്രമിക്കേണ്ടത്. ചുറ്റുമുള്ള നിരവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തി യൂത്ത് ട്രെന്റ് ചേര്‍ത്ത് അവതരിപ്പിച്ചാല്‍ മാത്രമേ യുവജനങ്ങളെ ചേര്‍ത്ത് നിറുത്താന്‍ ആകൂ. അവരില്‍ ഒരാളായി നിന്ന് അവരെ ചലഞ്ച് ചെയ്യുമ്പോഴാണ് അവരെ നേടാന്‍ സാധിക്കുക. ഓരോ വ്യക്തിയിലെയും തനിമ തിരിച്ചറിയാന്‍ അവരെ സഹായിക്കാനുംഅതിനെ നന്മയ്ക്കുവേണ്ടി പ്രയോജനപ്പെടുത്താനും അവരെ ഗൈഡ് ചെയ്യുകയാണ് വേണ്ടത്. തോളോട് തോള്‍ ചേര്‍ന്നുള്ള സഞ്ചാര സ്വാതന്ത്ര്യം നല്കാന്‍
നമുക്ക് കഴിയണം.ഇടവക കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിനാണല്ലോ കെ.സി.വൈ.എം. ഊന്നല്‍ നല്‍കുന്നത്.

പഠനത്തിനും ജോലിക്കുമായി സ്വന്തം ഇടവകവിട്ടു പുറത്തേക്കു പോകുന്നവര്‍ക്കായി എന്താണ് പദ്ധതികള്‍ ?

ഇമ്മാനുവല്‍: റീത്ത് തലത്തിലുള്ള ഏകോപനമാണ് അവിടെ ഫലപ്രദമാകുന്നത്. എം.സി.വൈ.എം., എസ്.എം.വൈ.എം., എല്‍.സി.വൈ.എം. എന്നീ സംഘടനകളാണ് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലായിചിതറിക്കിടക്കുന്ന യുവാക്കളെ ഓരോ റീത്തിലും ഏകോപിപ്പിക്കുന്നത്.

യുവജന വര്‍ഷത്തില്‍ നിങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന കര്‍മ പരിപാടികള്‍?

ഇമ്മാനുവല്‍: കേരള സഭയിലെ എല്ലായുവജന സംഘടനകളെയും ഉള്‍പ്പെടുത്തി ഡിസംബറില്‍ തിരുവനന്തപുരത്തുവച്ച് വലിയൊരു സമ്മേളനം നടത്തുന്നുണ്ട്. അതില്‍ കെ.സി.വൈ.എമ്മും ജീസസ് യൂത്തും ഐക്കഫും പുതിയ സംഘടനയായ യൂക്രിസ്റ്റിയയുമെല്ലാം ഉണ്ടാകും. ഇതോടൊപ്പം കാസര്‍ഗോഡ് മുതല്‍ പാറശ്ശാലവരെ ഒരു യുവജന സന്ദേശയാത്ര നടത്തും. യുവജനവര്‍ഷത്തില്‍ സഭയിലെ എല്ലാ യുവജന സംഘടനകളും ഒരുമിച്ചു പോകണമെന്നതാണ് കാഴ്ചപ്പാട്.

അഭിലാഷ്: ഞങ്ങളുടെ യുവത്വത്തെ സഭയുടെ ചൈതന്യത്തില്‍ ആഘോഷിക്കുകയാണിപ്പോള്‍. കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുക, മിഷന്‍ യാത്രകളെ പ്രോത്സാഹിപ്പിക്കുക, ക്യാംപസുകളിലെ യുവജനങ്ങളുടെ രൂപീകരണത്തിന് നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിക്കുക, തുടങ്ങിയവ അതില്‍പ്പെടുന്നു. ഏറ്റം പ്രധാനമായി കേരളത്തിലെ മുഴുവന്‍ ജീസസ് യൂത്തും ഒത്തുചേരുന്ന കോണ്‍ഫറന്‍സ് ഓഗസ്റ്റില്‍ മൂവാറ്റുപുഴയില്‍ വച്ച് നടക്കും.

ജോബി തോമസ്

Share This:

Check Also

വന്ദിച്ചില്ലെങ്കിലും… നിന്ദിക്കരുത്..!

മുന്നറിയിപ്പ്: ഈ കുറിപ്പ് വൈദികരെക്കുറിച്ചാണ് നെറ്റി ചുളിയുന്നവര്‍ വായിക്കണമെന്ന് നിര്‍ബന്ധമില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനേഴാം വയസ്സില്‍തന്നെ ജീവിതം മടുത്തുപോയൊരു കൗമാരക്കാരന്‍ …

Powered by themekiller.com watchanimeonline.co