Wednesday , 20 February 2019
Home / Cover Story / വേണം നമുക്ക് യുവജനങ്ങളുടെ പ്രവചനങ്ങള്‍

വേണം നമുക്ക് യുവജനങ്ങളുടെ പ്രവചനങ്ങള്‍

സത്യത്തില്‍ എന്തുമാത്രം കഴിവുള്ളവരാണു ഈ കാലഘട്ടത്തിലെ നമ്മുടെ യുവജനങ്ങള്‍. ഏതു മേഖലയെടുത്താലും ഒരു യൂത്ത് ടച്ച് എല്ലാത്തിലും കാണാനാവുന്നുണ്ട്. കല, സാംസ്‌കാരികം, രാഷ്ട്രീയം, മതം, ആത്മീയം എന്നുവേണ്ട സകലതിലും കൈവയ്ക്കുന്നുണ്ട് നമ്മുടെ യുവജനങ്ങള്‍. നാടന്‍ പലഹാര വ്യവസായങ്ങള്‍ പൊടിപൊടിക്കുന്നതിനും ജൈവ പച്ചക്കറി കൃഷിയിലൂടെ മണ്ണിനെ സ്‌നേഹിക്കുവാനും ഈ കാലയളവില്‍ യുവജനങ്ങള്‍ മുന്നോട്ടു വരുന്നത് ഏറെ ആശാവഹമാണ്. യുവജനങ്ങളിലൂടെ ഒരുപാടു നന്മകള്‍ ഉണ്ടാകുന്നതു കാണുമ്പോള്‍ ഏറെ ആനന്ദവുമുണ്ട്.

ദര്‍ശനങ്ങള്‍ ഉണ്ടാകാനും അവയെല്ലാം പ്രവചിക്കാനുംതക്ക രീതിയില്‍ യുവജനങ്ങളെ ഒരുക്കുന്നുണ്ടണ്ട് ദൈവത്തിന്റെ ആത്മാവ്. ജോയേല്‍ പ്രവാചകന്റെ വാക്കുകള്‍ ഈ സത്യം നമ്മെ ഓര്‍മപ്പെടുത്തുകയാണ് തന്റെ പ്രവചനത്തിലൂടെ.നമ്മുടെയൊക്കെ ഇടവകകളില്‍ എന്തുമാത്രം യുവജനങ്ങളാണുള്ളത്. ഇടവകയുടെ വലിപ്പമനുസരിച്ച് എണ്ണം ആയിരക്കണക്കിനായിരിക്കും. എന്നാല്‍ ഇടവകയിലെ യുവജന പ്രസ്ഥാനങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ വളരെ വിരളം. എന്താണിതിനു കാരണം? ഇക്കാര്യത്തെക്കുറിച്ച് ഞാനീയിടെ വെറുതെയൊന്നു ചിന്തിച്ചു. വ്യത്യസ്തരായ ചിലരുടെ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തു. ഇടവക പ്രവര്‍ത്തനങ്ങളിലില്ലാത്ത ചിലരോട്. കേട്ടപ്പോള്‍ ചില കാര്യങ്ങള്‍ ശരിയല്ലേയെന്നെനിക്കും തോന്നി.

ഇടവകകളിലെ യുവജന പ്രവര്‍ത്തനങ്ങള്‍ ആരെയെങ്കിലും ആകര്‍ഷിക്കുന്നുണ്ടോയെന്നുള്ളതാണ് ഒരുപ്രധാന കാര്യം. അല്ലെങ്കില്‍ ആകര്‍ഷകവും ആത്മാര്‍ഥതയുമുള്ള രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ വേണ്ട പരിശീലനമോ മാര്‍ഗ നിര്‍ദേശങ്ങളോ ആരെങ്കിലും ഇവര്‍ക്കു നല്‍കുന്നുണ്ടോ? ഇക്കാര്യങ്ങളെക്കുറിച്ച് എന്നോടു പറഞ്ഞയാളുടെ വാക്കുകളില്‍ തന്നെ പറയുന്നതായിരിക്കും നല്ലത്. ”ഒരാത്മാര്‍ഥത തോന്നിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ പറ്റിയിട്ടില്ല. സംഘടനയില്‍ വന്നതിനുശേഷം ഫ്രണ്ട്‌സായി തീരുകയും അങ്ങനെ അവര്‍ ഒരുമിച്ചുവന്ന് നല്ല
പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതിനു പകരം, കുറച്ചു സുഹൃത്തുക്കള്‍ ഒരുമിച്ചുവന്ന് സംഘടനയില്‍ ചേരുകയും അവര്‍ ഒരുമിച്ചു കാര്യങ്ങള്‍ ചെയ്യുന്ന രീതികളുമാണു കാണുന്നത്.” ഇത്തരം ശൈലികള്‍ സംഘടനയുടെ ദര്‍ശനങ്ങളോട് എത്രമാത്രം ചേര്‍ന്നു പോകുന്നുവെന്നതില്‍ സംശയിക്കേണ്ടിയിരിക്കുന്നു.

മറ്റൊരാളുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. ”നമ്മുടെടാലന്റുകള്‍ പ്രകടിപ്പിക്കാന്‍ പറ്റിയ ഇടം വേണം. ഇടമുണ്ടണ്ടായാല്‍ മാത്രം പോരാ. നമ്മളെ സ്വീകരിക്കുന്ന ഒരിടം കൂടിയാവണമത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഇടവകയില്‍ ഒരു പ്രസ്ഥാനത്തോടു ചേര്‍ന്നു വളരെ ആക്ടീവായിരുന്നു. അതിന്റെ ചില പ്രധാന ആളുകള്‍ വന്ന് കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്തു തുടങ്ങിയതോടെ ‘നമ്മുടെ പണിപോയി’. പിന്നെ സാവധാനം ഞാന്‍ ഔട്ടായി. ഇടിച്ചുകേറി ചെയ്യുന്ന ഒരാളല്ല ഞാന്‍. വെറും സാധാരണ ഒരു ചെറുപ്പക്കാരന്‍.ഒരുപാടുപേര്‍ ഇത്തരത്തിലുള്ളവരായിരിക്കും. ഞാനിപ്പോഴും റെഡിയാണ്, വീണ്ടും സജീവമാകാന്‍. നമ്മള്‍ റെഡിയായതുകൊണ്ടു മാത്രം കാര്യമില്ലല്ലോ. വിളിക്കാന്‍ അവരും തയ്യാറാവണ്ടേ? ഇപ്പോള്‍ ഇടവകയിലെ ഒരു പ്രവര്‍ത്തനങ്ങളിലുമില്ല. വീട്, കുടുംബം, ജോലി ഇവയയൊക്കെയായി സന്തോഷത്തോടെന മ്മുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നു. എങ്കിലും ഞങ്ങളെപ്പോലുള്ള വെറും സാധാരണ ചെറുപ്പക്കാരെക്കൂടി വിളിക്കുന്ന, കൂടെക്കൂട്ടുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഇടവകകളില്‍ ഉണ്ടാകണം. അതാണാഗ്രഹം. ഞാനിപ്പോഴും റെഡിയാണ്”.

യുവജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍വരാത്ത ബഹുഭൂരിപക്ഷം വരുന്ന യുവജനങ്ങള്‍ക്കെല്ലാം ഒരുപാടു കാര്യങ്ങള്‍ നമ്മോടു പറയാനുണ്ടാകും. ആരാണവര്‍ക്കൊന്നു ചെവി കൊടുക്കുക. അവരുടെ വാക്കുകളായിരിക്കാം ഒരു പക്ഷേ, നല്ല മാറ്റങ്ങള്‍ക്കു കാരണമാകുന്നത്.

”പുതിയ സഹസ്രാബ്ദത്തിന്റെ വിശുദ്ധരാകാന്‍നിങ്ങള്‍ ഭയപ്പെടരുത്”- 2000-ത്തില്‍ നടന്ന 15-ാമതു ലോക യുവജന സമ്മേളനത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ യുവജനങ്ങളോടു പറഞ്ഞ ഈ വാക്കുകള്‍ ഇന്നും യുവജനങ്ങള്‍ക്കും മറ്റേതൊരാള്‍ക്കും ധൈര്യവും പ്രത്യാശയും പകരുന്നുണ്ട്.

സ്വന്തം കാര്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കുംഅവരുടെ നന്മകള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ക്രിസ്തു ദര്‍ശനങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന നിസ്വാര്‍ഥരായ കുറെ യുവതീയുവാക്കള്‍ ഉണ്ടാവുകയും ആവേശകരമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന- ചുരുക്കി പറഞ്ഞാല്‍ ജാഡകളൊന്നുമില്ലാതെ പുഞ്ചിരിക്കുന്ന യുവ മനസ്സുകള്‍ നമ്മുടെയൊക്കെ ഇടവക കുടുംബങ്ങളില്‍ ഉണ്ടെങ്കില്‍.. പിന്നെയെന്തു കാര്യമാണ് നടക്കാതെ പോകുന്നത്?

ഇത്തരം മാതൃകാപരവും നല്ല ദര്‍ശനങ്ങളുമുള്ള യുവജനങ്ങളും പ്രവര്‍ത്തനങ്ങളും ചില ഇടവകകളില്‍ കാണാനാകുന്നുണ്ട്. അങ്ങിങ്ങായുള്ള ഇതുപോലുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം ഓര്‍ത്തുകൊണ്ടു തന്നെനമുക്കു സ്വപ്നം കാണാം, യുവജനങ്ങളുടെ പ്രവചനങ്ങള്‍ക്കായി.

വഴിപിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെയിടയില്‍ കുറ്റമറ്റ ദൈവമക്കളാകാനും ലോകത്തില്‍ വെളിച്ചമായി പ്രകാശിക്കാനും ദൈവാത്മാവ് നമ്മെ ശക്തിപ്പെടുത്തട്ടെ.

സാജന്‍ സി.എ

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co