Wednesday , 20 February 2019
Home / Anubhavam / വചനം മാംസമാകുന്നത് ഇങ്ങനെയാണ്‌

വചനം മാംസമാകുന്നത് ഇങ്ങനെയാണ്‌

കുട്ടികളോടൊപ്പം ഒരാഴ്ചത്തെ ധ്യാനം കൂടി തിരിച്ചു പോരുന്ന അവസരത്തിലാണ് മേരി ആ വയോവൃദ്ധനെ കണ്ടുമുട്ടുന്നത്. 80 വയസ്സ് പ്രായമുള്ള തമിഴനായിരുന്നു പീറ്റര്‍. ഒരു ബേക്കറിയില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനിടയില്‍ വൃദ്ധന്‍ തനിക്കും എന്തെങ്കിലും വേണമെന്നു പറഞ്ഞു.വിശപ്പ് സഹിക്കവയ്യാഞ്ഞിട്ടാണെന്ന് അയാള്‍ യാചിച്ചു.കടയുടമസ്ഥന്‍ അയാള്‍ക്ക് ഒന്നും കൊടുത്തില്ല. മാത്രമല്ല, അവിടെ നിന്നും ഓടിച്ചു വിടുകയും ചെയ്തു. കടയ്ക്കു പുറത്തുള്ള ബസ്സ്‌സ്റ്റോപ്പില്‍ നിന്നവരും അയാളുടെ നേരെ മണ്ണുവാരിയെറിഞ്ഞു ഓടിച്ചു വിടുന്നതില്‍ പങ്കു ചേര്‍ന്നു. ഇതെല്ലാം കണ്ടു നിന്ന മേരിയുടെ മനസ്സില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ധ്യാനഗുരു പറഞ്ഞ ചില വചനങ്ങള്‍ തികട്ടിവന്നു.

”അനന്തരം രാജാവ് തന്റെ വലതു ഭാഗത്തുള്ളവരോട് അരുളിചെയ്യും; എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍, എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ അടുത്തുവന്നു. അപ്പോള്‍ നീതിമാന്മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായി കണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍? നിന്നെഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ട്സന്ദര്‍ശിച്ചത് എപ്പോള്‍? രാജാവ് മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണുചെയ്തു തന്നത് ” (മത്താ 25: 34-40).

ഒരു സ്‌ക്രീനിലെന്നവണ്ണം ഈ വചനഭാഗങ്ങള്‍ മേരിയുടെ ഹൃദയത്തിലൂടെ കടന്നുപോയി. ധ്യാനത്തിന്റെ അവസാനദിനം അഭിഷേക പ്രാര്‍ഥനയുടെ സമയത്ത്മേരി കര്‍ത്താവിനോട് ഇങ്ങനെ പറഞ്ഞിരുന്നു, ”കര്‍ത്താവേ,ഇനി ഞാന്‍ അങ്ങയുടെതാണ്. എന്റെ ജീവിതം മുഴുവനായി അങ്ങേയ്ക്കായി മാറ്റി വച്ചിരിക്കുന്നു”. അവിടത്തേക്കു ജോലി ചെയ്യാനുള്ള അവസരമാണ് ഇപ്പോള്‍ കടന്നു വന്നിരിക്കുന്നത്. വിശന്നും ദാഹിച്ചും രോഗിയായും പരദേശിയായും ഒരു തമിഴ് വൃദ്ധന്‍ ഇപ്പോള്‍ തന്റെ മുന്‍പില്‍ വന്നു പെട്ടിരിക്കുന്നു. ഇതാണവസരം. പെട്ടെന്നു തന്നെ കടയില്‍ നിന്നും കുറച്ചു ഭക്ഷണം വാങ്ങി വൃദ്ധന്റെ പിന്നാലെ ഓടി. അയാള്‍ ഭക്ഷണം സന്തോഷപൂര്‍വം കഴിച്ചു. കൂടുതല്‍ സംസാരിച്ചപ്പോള്‍ തത്ക്കാലം അയാള്‍ക്കു പോകാനിടമില്ലെന്നു മനസ്സിലായി. വഴിയിലയാളെ ഉപേക്ഷിച്ചു പോകാനൊരു മടി. വചനം ഒരു കയര്‍ പോലെ മേരിയെ ചുറ്റിപ്പിണഞ്ഞു. തീരുമാനമെടുക്കേണ്ട ഒരു നിമിഷമായിരുന്നു അത്. ഒന്നുകില്‍ താന്‍ ചെയ്യാനുള്ളതു ചെയ്തു എന്ന് സ്വയം ന്യായീകരിച്ച് കുട്ടികളെയും കൂട്ടി അവിടെനിന്നും സ്ഥലം വിടുക. താനൊരു മഹത്തായ കാര്യം ഇപ്പോള്‍തന്നെ ചെയ്തു കഴിഞ്ഞിരിക്കുന്നു. എല്ലാവരും ആട്ടിയോടിച്ച വൃദ്ധനെ വിശപ്പുമാറ്റാന്‍ സഹായിച്ചു. ദൂരെ നിന്ന് അവര്‍ പലതും പറയുന്നതു കേള്‍ക്കാം. ഒരു ഭ്രാന്തന്റെ പിന്നാലെ ഭക്ഷണവുമായി ചെന്നിരിക്കുന്നു. അയാള്‍ ഉപദ്രവിക്കുകയോ മറ്റോ ചെയ്താലോ? ചെറിയ മൂന്നു കുട്ടികളാണു കൂടെയുള്ളത്. തീരുമാനമെടുക്കുക എന്നത് ദൈവകൃപയാല്‍ സാധിക്കുന്ന ഒന്നാണ്. പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുമെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍ പരിശുദ്ധ മറിയത്തോടു പറഞ്ഞപ്പോള്‍ മറിയത്തിന്റെ ഒരു മറുപടി ഉണ്ട്. ”ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!” (ലൂക്കാ 1: 37).

വചനത്തിന്റെ ശക്തി അത്ഭുതകരമാണ്. ”എന്റെ കൂടെ വരുന്നോ?” മേരി അയാളോട് ചോദിച്ചു. ചോദ്യം കേള്‍ക്കാന്‍ കാത്തിരുന്നതുപോലെ അയാള്‍ മറുപടി പറഞ്ഞു: ”ഞാനും വരുന്നു”.

ഭവനത്തിലേക്കുള്ള മേരിയുടെ യാത്ര അത്ര സുഖകരമായിരുന്നില്ല. ”ധ്യാനം കൂടി വട്ടു പിടിച്ചതായിരിക്കും”, പലരുടെയും അഭിപ്രായപ്രകടനം അങ്ങനെയായിരുന്നു. ആരൊക്കെ ഉറച്ചനിലപാടുകള്‍ എടുത്തിട്ടുണ്ടോ അതെല്ലാം നടപ്പില്‍ വന്നിട്ടുമുണ്ട്. വീടിനടുത്തുള്ള
പഴയൊരു ഷെഡ് വൃത്തിയാക്കി അയാളെ പാര്‍പ്പിച്ചു. അന്നു തന്നെ ജടപിടിച്ച മുടി വെട്ടി കുളിപ്പിച്ച് മനുഷ്യക്കോലത്തിലേക്ക് പീറ്ററിനെ രൂപാന്തരപ്പെടുത്തി. അന്നു വൈകുന്നേരം മാനസികാസ്വാസ്ഥ്യമുള്ള ഒരു സ്ത്രീയെയും നാട്ടുകാരിലൊരാള്‍ കൊണ്ടുവന്നു. ഏക സഹോദരന്‍ നാടുവിട്ടു പോയതിനാല്‍ ബന്ധുക്കള്‍ കൊണ്ടു വന്ന് ഏല്പിച്ചതാണ്.

ഇന്ന് അവിടെ 450-ഓളം അന്തേവാസികളുണ്ട്.അനേകം ശുശ്രൂഷകരുണ്ട്. കഴിഞ്ഞ 19 വര്‍ഷം കൊണ്ടുണ്ടായ മാറ്റമതാണ്. ദിവസവും പതിനായിരക്കണക്കിനു രൂപ ചെലവുണ്ട്. വചനം രൂപപ്പെടുത്തിയതായതുകൊണ്ട് വചനത്തിന്റെ ശക്തിയാല്‍ സ്ഥാപനം അനുദിനം മുന്നോട്ടു നയിക്കപ്പെടുന്നു.

പെരുമ്പാവൂരിനടുത്ത കൂവപ്പടിയിലാണ് ഈ സ്ഥാപനംനിലകൊള്ളുന്നത്. ഞാനവിടെ ചെന്നത് മകളുടെപേരിലുള്ള അവാര്‍ഡിന് (റോസ് മേരി അവാര്‍ഡ്)പരിഗണിക്കുന്നു എന്നു പറയാനായിരുന്നു. ഏതാനുംമണിക്കൂറുകള്‍ അവിടെ ചെലവഴിച്ചപ്പോള്‍ മനുഷ്യ ജീവിതത്തിന്റെ വിവിധ തലങ്ങളെ നേരിട്ടറിയാന്‍ കഴിഞ്ഞു. മാനസിക രോഗം വരുമ്പോള്‍ വീട്ടില്‍ നിന്നൊഴിവാക്കുന്നവര്‍; സുഖപ്പെട്ടാലും തിരിച്ചു കൊണ്ടുപോകാത്തവര്‍; ജന്മദിനം, വിവാഹം തുടങ്ങിയ ആഘോഷങ്ങള്‍ ഇവരോടൊത്ത് ചെലവഴിക്കുന്നവര്‍; ആര്‍ഭാടത്തോടെയുള്ള ആഘോഷങ്ങളില്‍ കുറവു വരുത്തിപണം കൊണ്ടു വന്നു കൊടുക്കുന്നവര്‍; നിസ്വാര്‍ഥമായി അന്തേവാസികളെ കുളിപ്പിക്കുകയും മുടി വെട്ടി കൊടുക്കുകയും ചെയ്യുന്നവര്‍ തുടങ്ങി ജീവിതത്തിന്റെ പല മുഖങ്ങളെ ഒരേ സമയം പരിചയപ്പെടാന്‍കഴിഞ്ഞു. ഇതൊരറിവാണ്; നേരിട്ടു കണ്ടും കേട്ടും മനസ്സിലാക്കുന്ന അറിവ്; സ്വര്‍ഗത്തിലേക്കുള്ള പാതയുടെ അറിവ്.

സണ്ണി കോക്കാപ്പിള്ളില്‍

Share This:

Check Also

എല്ലാം അറിയുന്നവൻ കൂടെയുണ്ട്

‘ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടത്തെ ഏല്‍പിക്കുവിന്‍. അവിടന്ന് …

Powered by themekiller.com watchanimeonline.co