Wednesday , 21 November 2018
Home / Editorial / മരണത്തെക്കുറിച്ച് പറയണോ?

മരണത്തെക്കുറിച്ച് പറയണോ?

കെയ്‌റോസിന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും മരണത്തെ പരാജയപ്പെടുത്തി ഉത്ഥിതനായ ഈശോയുടെ തിരുനാളിന്റെ മംഗളങ്ങള്‍ നേരുന്നു. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍.

സുഹൃത്തുക്കളുടെ കാര്‍ യാത്രയ്ക്കിടയിലെ സംഭാഷണത്തില്‍ മരണവും അതിനോടനുബന്ധിച്ചുള്ള
നിരവധി വിഷയങ്ങളും കടന്നുവന്നു.

”മരിക്കാറായവരെ അവസാന സമയത്ത് ബന്ധുക്കളില്‍ നിന്നുമൊക്കെ അകറ്റി ഐ.സി.യു.വിന്റെയും വെന്റിലേറ്ററിന്റെയും തടവിലാക്കി ശിക്ഷിക്കുന്നത് ക്രൂരതയാണ്”, ”ജീവിതത്തിന്റെ അവസാന സമയത്ത് മരിക്കാന്‍ പോലും അവസരം കൊടുക്കാതെ അതിശക്തമായ മരുന്നിനും ഏറെ വേദനാജനകമായ ഓപ്പറേഷനുകള്‍ക്കും വിധേയമാക്കുന്ന അവസ്ഥ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്.” ”മരിക്കാറായവരുടെ മക്കള്‍ അനുഭവിക്കുന്ന സാമൂഹിക സമ്മര്‍ദം അതിശക്തവും കഠിനവുമാണ്. ഏറ്റവും മുന്തിയ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തില്ലെങ്കില്‍, കുറെ ദിവസത്തേയ്‌ക്കെങ്കിലും ഐ.സി.യു.വിലൊക്കെ ആക്കിയില്ലെങ്കില്‍, മക്കള്‍ മാതാപിതാക്കളോട് ക്രൂരത കാട്ടി എന്ന നിലയിലാണ് ബന്ധുക്കളും മറ്റുള്ളവരും കുറ്റപ്പെടുത്തുന്നത്.”

”മരിച്ച ആളെ അടക്കുക എന്നത് ഇന്ന് വമ്പിച്ച ചെലവുള്ള ഒരു പരിപാടിയായി മാറിക്കഴിഞ്ഞിരിക്കുന്നു. മൊബൈല്‍ മോര്‍ച്ചറിയും, പാട്ടും, പൂക്കളും, മൈക്കുമൊക്കെയായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരും.”

”കുടുംബക്കല്ലറ, എന്നൊക്കെയുള്ള രീതിക്ക് ചില അര്‍ഥങ്ങളൊക്കെ ഉണ്ടെങ്കിലും ഏറെ പണച്ചെലവിനും അനാവശ്യ മത്സരങ്ങള്‍ക്കും ഇടവരുത്തുന്ന ഒന്നായി അത് മാറിക്കഴിഞ്ഞിട്ടുണ്ട്. ഞാന്‍ മരിക്കുമ്പോള്‍ കുടുംബക്കല്ലറയൊന്നും വേണ്ട, സാധാരണ സ്ഥലത്ത് മണ്ണില്‍ അടക്കിയാല്‍ മതി എന്ന് വില്പത്രം എഴുതി വച്ചാലോ എന്ന് ആലോചിക്കുകയാണ്”.

”മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് മരണശേഷം ശരീരം വിട്ടുകൊടുക്കുക എന്നതൊക്കെ ഏറെ ബഹുമാനിക്കേണ്ട തീരുമാനങ്ങളാണ്”.

”മരണം വരുമൊരു നാള്‍, ഓര്‍ക്കുക മര്‍ത്യാ നീ,

കൂടെപ്പോരും നിന്‍ ജീവിത ചെയ്തികളും – ഞാന്‍

ജീവിതത്തില്‍ കേട്ടിട്ടുള്ള ഏറ്റവും അര്‍ഥപൂര്‍ണമായ ഗാനമിതാണ്”.

”ദൈവം വിളിക്കുന്ന ഏതു നിമിഷവും മരണത്തിനു റെഡിയായിരിക്കുക എന്നത് എത്രയോ മഹത്തായൊരു കാര്യമാണ്.”

ഏറെ പ്രധാനപ്പെട്ടതും കാലിക പ്രസക്തിയുള്ളതുമായ ചിന്തകളാണ് ആ യാത്ര സമ്മാനിച്ചത്.

കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രസിദ്ധീകരിക്കപ്പെടുന്ന കെയ്‌റോസില്‍ മരണത്തെക്കുറിച്ച് എഴുതണോ? ചെറിയ പ്രായം മുതല്‍ തന്നെ നല്ല മരണം എന്ന ചിന്തയില്‍ വളരാനാവുന്നതല്ലേ ഏറ്റവും മനോഹരമായ കാര്യം. മരണത്തിനു ശേഷം ഉത്ഥാനത്തിന്റെ മഹത്വത്തിലേയ്ക്ക് നമുക്കും പ്രവേശിക്കാനാകട്ടെ..

 

സ്‌നേഹപൂര്‍വം,
ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍
kairosmag@gmail.com

Share This:

Check Also

കുടുംബം -കുടുംബങ്ങളെ പിറക്കുമ്പോള്‍

ദാമ്പത്യസ്‌നേഹത്തിന്റെ ഫലസമൃദ്ധി മാതാപിതാക്കള്‍ വിദ്യാഭ്യാസത്തിലൂടെ മക്കള്‍ക്കു കൈമാറുന്ന ധാര്‍മികവും ആധ്യാത്മികവും അതിസ്വാഭാവികവുമായ ജീവന്റെ ഫലങ്ങളിലേക്കും വ്യാപിക്കുന്നു. മാതാപിതാക്കളാണ് മക്കളുടെ പ്രഥമാധ്യാപകരും …

Powered by themekiller.com watchanimeonline.co