Wednesday , 20 February 2019
Home / Articles / പ്രത്യാശയിലേക്ക് വിളിച്ച് അവള്‍ കടന്നുപോയി

പ്രത്യാശയിലേക്ക് വിളിച്ച് അവള്‍ കടന്നുപോയി

2015 ഏപ്രില്‍ 16 ജോണ്‍ നടുവത്താനം-വത്സമ്മദമ്പതികളുടെ ഇഹലോക ജീവിതത്തിലെ ഒരുമിച്ചുള്ള അവസാന യാത്രയായിരുന്നു. ജോലി കഴിഞ്ഞ് സന്തോഷപൂര്‍വം മടങ്ങിയ അവരുടെ ജീവിതത്തിലേയ്ക്ക് സ്‌കൂട്ടര്‍ അപകടത്തിന്റെ രൂപത്തില്‍ ആകസ്മികമായി മരണം വിരുന്നെത്തിയപ്പോള്‍ ജോണേട്ടനു പ്രിയപ്പെട്ട ഭാര്യയെയും അഞ്ജലിക്കും ആനന്ദിനും വാത്സല്യനിധിയായ അവരുടെ അമ്മയെയും ആണ് നഷ്ടമായത്. ജീവിതത്തിന്റെ നിര്‍ണായക നിമിഷങ്ങളെക്കുറിച്ച് ജോണ്‍ നടുവത്താനത്തിന്റെ വാക്കുകളിലൂടെ…

”വേര്‍പാടിന്റെ വിടവ് നികത്താനാവാത്ത നഷ്ടം തന്നെ ആണ് നമുക്ക് സമ്മാനിക്കുന്നത്. ആ സഹനത്തിലും എന്റെ ജീവിതത്തില്‍ പ്രത്യാശയുടെ കിരണങ്ങള്‍ മാത്രം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് മരണം വത്സമ്മയെ കൊണ്ടുപോയത്. എന്നാല്‍, അത് ദൈവത്തിന്റെ സമയമാണ്; ദൈവിക പദ്ധതിയാണ് എന്നെനിക്കുറപ്പുണ്ട്. കാരണം ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കില്ല. ഞാന്‍ പാലാ സോണിന്റെ കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കെ 1990-ലായിരുന്നു ഞങ്ങളുടെ വിവാഹം. ആദ്യമായി കണ്ട പെണ്ണിനെ തന്നെയാണ് ദൈവം എനിക്കായി
നല്‍കിയത്. അന്നു മുതല്‍ മരണം വരെ കൊച്ചുകൊച്ചു പിണക്കങ്ങള്‍ ഉണ്ടായെങ്കിലും സ്‌നേഹത്തില്‍ സമാധാന പൂര്‍ണമായ ജീവിതം നയിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അതുകൊണ്ടുതന്നെ നടുവത്താനത്തെ ഞങ്ങളുടെ കൊച്ചു സ്വര്‍ഗത്തില്‍ നിന്ന് അതിവിശാലമായ സ്വര്‍ഗത്തിലേക്ക് ദൈവകരങ്ങളിലേക്കാണ് ഭാര്യ മടങ്ങിയത്. ദൈവം തന്നു; ദൈവം എടുത്തു; ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ, എന്നു ജോബിനെപ്പോലെ ഞാനും പ്രാര്‍ഥിക്കുന്നു.

ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ മകള്‍ അഞ്ജലി അവധിക്കു വീട്ടില്‍ ഉള്ള ദിനമായിരുന്നു വത്സമ്മയുടെ വേര്‍പാട്. മകള്‍ ഞങ്ങളേയും പ്രതീക്ഷിച്ച് ചായയെല്ലാം തയ്യാറാക്കി ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ആണെങ്കില്‍ അന്ന് ഒത്തിരി സന്തോഷത്തോടു കൂടിയാണ് വീട്ടിലേക്കു തിരിച്ചത്. ജോലി കഴിഞ്ഞ് പാസ്റ്ററല്‍ സെന്ററില്‍ വച്ച് പിതാവിനോടൊക്കെസംസാരിച്ചാണ് മടങ്ങിയത്. ഒരുമിച്ചുള്ള യാത്രാമധ്യേമരണം ഭാര്യയെ കവര്‍ന്നപ്പോള്‍ എന്നേക്കാളും മോനേക്കാളുമുപരി തളര്‍ന്നത് മകളായിരുന്നു. ഒരുപക്ഷേ, ജീസസ് യൂത്തില്‍ പ്രവര്‍ത്തിച്ചുള്ള പരിചയവും അനുഭവ സമ്പത്തും ആകാം മകനെ താങ്ങി നിറുത്തിയത്.അന്നാളുകളില്‍ പ്രാര്‍ഥനയുടെ ബലവും, കൂട്ടായ്മയുടെ ശക്തിയും പ്രാധാന്യവും കരുതലും എല്ലാം ആഴത്തില്‍ അനുഭവിച്ചറിയാന്‍ സാധിച്ചു. അപകടത്തെക്കുറിച്ച് പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ട്, ആര് എന്തൊക്കെ പറഞ്ഞാലും അത് ദൈവഹിതമാണ്.

ഭാര്യയുടെ മരണശേഷം ദൈവപരിപാലന ഓരോ നിമിഷവും ഞങ്ങളുടെ കുടുംബത്തിന്റെ കൂടെ ഉണ്ടെന്നു അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ഞാന്‍ ജോലി ചെയ്യുന്നത് ഒരു ലേഡീസ് ഹോസ്റ്റലിലാണ്. രാവിലെ കുര്‍ബാനയ്ക്കുശേഷം കുഴിമാടത്തില്‍ പ്രാര്‍ഥിച്ച് ജോലി സ്ഥലത്തേക്കു പോകുന്നു. പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ അവിടെ നിന്നു ലഭിക്കുന്നു. അതിനാല്‍ വീട്ടില്‍ വന്നാലും പാചകം ചെയ്യാനുള്ള ബുദ്ധിമുട്ട് അറിയേണ്ടി വരുന്നില്ല. ഞായറാഴ്ച ഇടവകപ്പള്ളിയിലെ അള്‍ത്താര സഹായിയായും വിന്‍സന്റ് ഡി പോള്‍ സംഘടനയിലെ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നു. മുപ്പത് വര്‍ഷത്തോളമായി എല്ലാ ബുധനാഴ്ചകളിലും കൂടുന്ന സെല്‍ ഗ്രൂപ്പില്‍ മുടങ്ങാതെപങ്കെടുക്കാന്‍ സാധിക്കുന്നു.

മക്കള്‍ രണ്ടുപേരും പഠനം പൂര്‍ത്തിയാക്കി അവരവരുടേതായ മേഖലകളില്‍ സന്തുഷ്ടരായിരിക്കുന്നു. മകള്‍ അഞ്ജലി പഠനം പൂര്‍ത്തിയാക്കി വേറൊരു കോഴ്‌സ് ചെയ്യുന്നു. മകന്‍ ആനന്ദ് ഫിസിയോ തെറാപ്പി പൂര്‍ത്തിയാക്കി മംഗലാപുരത്ത് ജോലി ചെയ്യുന്നു. ഒപ്പം അവിടത്തെ ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളിലും സജീവം. ‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെടുന്നവര്‍ക്ക് അവിടന്നു സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു’ എന്ന ദൈവ വചനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ജീവിക്കുന്നു; ഞങ്ങള്‍ക്ക്പ്രത്യാശ മാത്രമേ ഉള്ളൂ!

 

 രശ്മി ജോയ്‌

 

Share This:

Check Also

‘ചലോ’ വെറും കുട്ടിക്കളിയല്ല

ജീസസ് യൂത്ത് ടീന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ചലോ മധ്യപ്രദേശ്’ എന്ന മിഷന്‍ പ്രോഗ്രാമിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഒരു മാസം മുഴുവന്‍ …

Powered by themekiller.com watchanimeonline.co