Wednesday , 20 February 2019
Home / Cover Story / സ്വര്‍ഗം അടുത്തെത്തുന്ന അനുഭവം

സ്വര്‍ഗം അടുത്തെത്തുന്ന അനുഭവം

രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചു കഴിഞ്ഞിട്ട് ആറു മാസം കഴിഞ്ഞപ്പോഴാണ് അവള്‍ക്ക് പുറം
വേദന അനുഭവപ്പെട്ടത്. ഞാന്‍ ജോലി ചെയ്തിരുന്ന സ്‌കൂളില്‍ തന്നെ ടീച്ചറായിരുന്നു അവള്‍. മെറ്റേണിറ്റി ലീവ് കഴിഞ്ഞ് വീണ്ടും സ്‌കൂളില്‍ പോയി തുടങ്ങി, ഞങ്ങള്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് പുറം വേദനയുടെ കാര്യം പറയുന്നത്. സാധാരണയുണ്ടാകുന്നതു പോലെയെന്നേ ആദ്യം തോന്നിയുള്ളൂ. ദിവസങ്ങള്‍ കഴിഞ്ഞു. വേദന കൂടിവന്നു. മരുന്നുകള്‍ പലത് മാറി മാറി കഴിച്ചെങ്കിലും കുറഞ്ഞില്ല. ഒരു ദിവസം നാവ് കുഴയുന്നതു കണ്ടപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ടെസ്റ്റുകള്‍, സ്‌കാനിംഗ് പലതു കഴിഞ്ഞു. എം.ആര്‍.ഐ സ്‌കാനിംഗില്‍ നട്ടെല്ലിനു ഇന്‍ഫെക്ഷന്‍ ഉണ്ടെന്നും ഓപ്പറേഷന്‍ വേണമെന്നും ഡോക്ടര്‍ പറഞ്ഞു. വിദഗ്ധാഭിപ്രായങ്ങള്‍ തേടുകയും അവസാനം ഓപ്പറേഷനു തീരുമാനിക്കുകയും ചെയ്തു. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലായിരുന്നു ഓപ്പറേഷന്‍. ഡോക്ടര്‍ എന്നെ മുറിയിലേക്കു വിളിപ്പിച്ചു കാര്യം പറഞ്ഞു: ”കാര്യങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതു പോലെയല്ല. കാന്‍സറാണ്. ഇന്‍ഫക്ഷന്‍ നട്ടെല്ലിലൂടെ തലച്ചോറിലേക്കു കടന്നിട്ടുണ്ട്.”ഇനി എന്താണു ചെയ്യേണ്ടതെന്നു ഞാന്‍ തിരക്കി.പ്രത്യേകിച്ച് ഇനി ഒന്നും ചെയ്യേണ്ടതില്ലെന്നും വേദന സംഹാരി ഗുളിക കൊടുക്കാം, ലൈഫ് എക്‌സ്‌പെകറ്റന്‍സി മാത്രം നോക്കിയാല്‍ മതിയെന്നും ഡോക്ടര്‍ പറയുമ്പോഴും എനിക്കങ്ങോട്ട് കാര്യങ്ങള്‍ പിടിത്തം കിട്ടിയില്ല. വീണ്ടും ചോദിച്ചപ്പോള്‍ ശാന്തതയോടെ എല്ലാം പറഞ്ഞു മനസ്സിലാക്കിത്തന്നു.

എക്‌സ്‌പെകറ്റന്‍സി ഒരു വര്‍ഷമോ അതോ കുറച്ചുവര്‍ഷങ്ങളുണ്ടാകുമോ എന്നൊക്കെ ചോദിക്കാന്‍ ഉള്ളില്‍ തോന്നിയെങ്കിലും നാവിറങ്ങി പോയതുപോലെ തോന്നി. മുറിയില്‍ നിന്നിറങ്ങി നേരെ ആശുപത്രിയിലെ ചാപ്പലിലേക്കു പോയി. ദിവ്യകാരുണ്യ സന്നിധിയില്‍ ഇരുന്നു. നിശ്ശബ്ദനായി, വലിയൊരു ശാന്തത എന്റെയുള്ളില്‍ നിറയുന്നത് ഞാനറിഞ്ഞു. ആറു മാസം പ്രായമുള്ള ഇളയകുട്ടിയേയും രണ്ടരവയസ്സുള്ള മൂത്തകുട്ടിയേയും കൂടെയുള്ളവരെയും ഒക്കെ വിട്ട് ഇവള്‍ ഇപ്പോള്‍ മരിച്ച് ദൈവസന്നിധിയിലേക്കു പോയാല്‍ പിന്നീടുള്ള കാര്യങ്ങള്‍ എന്താകും എന്ന നൊമ്പരപ്പെടുത്തുന്ന ചിന്ത ഉള്ളിലുണ്ടെങ്കിലും കര്‍ത്താവിനോടു ഞാന്‍ പറഞ്ഞു: എന്റെ കര്‍ത്താവേ കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ധ്യാനത്തിലൂടെഅങ്ങയെ അറിയുവാന്‍ നീയെന്നെ ഇടയാക്കി, ജീസസ് യൂത്ത് മൂവ്‌മെന്റിലൂടെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ ജീവിതത്തിലെ നിര്‍ണായകമായ, ഈ പ്രതിസന്ധിഘട്ടത്തില്‍ എന്റെ ഭാര്യയായ ബെന്‍സിയെ ഞാന്‍ നിനക്കു സമര്‍പ്പിക്കുന്നു. അവളെ തിരിച്ചു നല്‍കണമെന്ന് പ്രാര്‍ഥിക്കുന്നില്ല. നിന്നെ സ്‌നേഹിക്കുന്നവര്‍ക്കു എല്ലാം നന്മയ്ക്കായി മാറ്റുമെന്ന് നീ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുന്നു. ദൈവമേ, നിന്റെ ഈ വാഗ്ദാനത്തിനു മുമ്പില്‍ അവളേയും മക്കളേയും കുടുംബത്തെ മുഴുവന്‍ ഞാനിതാ നല്‍കുന്നു. നിനക്കിഷ്ടമുള്ളതു ചെയ്തു കൊള്ളുക. ഈ പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ധൈര്യം കിട്ടിയതായി അനുഭവപ്പെട്ടു.

പിന്നീടുള്ള ദിവസങ്ങള്‍ ഒരുക്കത്തിന്റേതായിരുന്നു. ജീവിതത്തിലേക്കു തിരിച്ചു വരാന്‍ അവളും നല്ല മരണത്തിനായി അവളെ ഒരുക്കുവാന്‍ ഞാനും തയ്യാറായി. കാരണം, രോഗ വിവരങ്ങള്‍ അവളെ അറിയിച്ചിരുന്നില്ല. കാര്യങ്ങളുടെ ഗൗരവം അറിയാമായിരുന്നത് അവളുടെ ഒരങ്കിളിനും എനിക്കും മാത്രമായിരുന്നു.

പിന്നീട്, കൃത്യം ഒരു മാസം. രോഗം വഷളായി. അവള്‍ തീരെ അവശയായി. മാര്‍ച്ച് 17-നു ഓപ്പറേഷന്‍കഴിഞ്ഞു. ഏപ്രില്‍ 17-നു അവള്‍ യാത്രയായി. ഞങ്ങള്‍ക്കു മുമ്പേ, യേശുനാഥന്റെ പക്കലേക്ക്. ഞങ്ങളെല്ലാവരുടെയും പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തിലായിരുന്നു അവളുടെ വേര്‍പാട്. തൃശൂര്‍ അമല ഹോസ്പിറ്റലിലായിരുന്നു അവസാന ദിനങ്ങള്‍. അന്നേരം മൂത്തകുട്ടിയെ അടുത്തു വിളിച്ച് മറ്റാരെങ്കിലുംഎന്തെങ്കിലുമൊക്കെ പറഞ്ഞു കൊടുക്കുന്നതിനു മുമ്പേതന്നെ അവനു മനസ്സിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. എങ്കിലും കുഞ്ഞെന്നോടു ചോദിച്ചു: അമ്മയെപ്പോഴാ തിരിച്ചു വരുന്നതെന്ന്.

സംസ്‌കാര ശുശ്രൂഷയില്‍ ആളുകള്‍ പങ്കെടുക്കുമ്പോള്‍ പ്രത്യാശ നഷ്ടപ്പെട്ടവരാകാതെ, ദൈവസാന്നിധ്യത്തെ ഓര്‍ക്കുവാനായി റോമ 8:28 ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്കു അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്കു അവിടന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു..” എന്ന വചനം ഒരു വലിയ ബാനറില്‍ തയ്യാറാക്കി മുറ്റത്തെ പന്തലില്‍ വയ്ക്കുവാനായതും പള്ളിയില്‍ ദിവ്യബലി മധ്യേ ”മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും അവിടന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല” എന്ന തിരുവചനം ഞാന്‍ വായിക്കുമ്പോഴും അക്ഷരാര്‍ഥത്തില്‍ അവിടന്നു നല്‍കിയ ഭയമില്ലായ്മയും പരിശുദ്ധാത്മാവിന്റെ അഭിഷേകവും ഞാനനുഭവിക്കുകയായിരുന്നു.

ഈ ദിനങ്ങളില്‍, എന്റെ കര്‍ത്താവ് പ്രത്യാശാനിര്‍ഭരമായ ഒരു വലിയ ചിന്ത നല്‍കിയത് ഇപ്രകാരമായിരുന്നു: നേരെ നിന്നുകൊണ്ട് താഴെയുള്ള ഒരു ഉറുമ്പിന്‍കൂട് കാണുകയും ഉറുമ്പുകള്‍ വരുന്നതും പോകുന്നതും കാലൊന്നു ചവിട്ടിയാല്‍ തീരുന്ന, ഉറുമ്പുകളുടെ ക്ഷണികമായ ജീവിതവും എനിക്കു കാണിച്ചുതന്നു. ദൈവം ഇപ്രകാരമാണ് സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലെ മനുഷ്യരെ കാണുന്നതെന്നുംഞാനും അപ്രകാരം തന്നെ ഈ ജീവിതത്തെ കണ്ടാല്‍ മതിയെന്നും അവിടന്നെന്നെ ഓര്‍മപ്പെടുത്തി. ഇതൊരു വലിയ ഉള്‍ക്കാഴ്ചയായിരുന്നു. ക്ഷണികമായ ജീവിതത്തെ നോക്കിയിരിക്കാതെ അനശ്വര സൗഭാഗ്യമായ ദൈവത്തെ മുഖാമുഖം കാണുന്ന നിത്യജീവനെ ലക്ഷ്യം വയ്ക്കാനും അവിടന്നെന്നെ പഠിപ്പിക്കുകയായിരുന്നു. ഏതു കാര്യവും നന്മയ്ക്കായി മാറ്റുവാന്‍ കഴിയുന്നവന്‍ ദൈവമല്ലാതെയാരാണ്?! അവിടന്നില്‍ ആശ്രയിക്കുന്നവര്‍ക്കതു അനുഭവപ്പെടുകയുംചെയ്യും തീര്‍ച്ച. നമ്മുടെ ദൈവത്തിന് എല്ലാം സാധ്യമാണന്നേ… എല്ലാം.

സാജന്‍ സി.എ

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co