Wednesday , 21 November 2018
Home / Cover Story / സാന്ത്വനസ്പര്‍ശങ്ങളിലൂടെ സ്വാസ്ഥ്യമൃതിയിലേക്ക്‌

സാന്ത്വനസ്പര്‍ശങ്ങളിലൂടെ സ്വാസ്ഥ്യമൃതിയിലേക്ക്‌

പായാധിക്യത്തിന്റെ അവശതകൊണ്ടോ, രോഗാവസ്ഥ മൂര്‍ച്ഛിച്ചോ മരണവക്കില്‍ എത്തിനില്‍ക്കുന്ന വ്യക്തിയെയുമായി ആശുപത്രിയില്‍ എത്തിയാല്‍ രോഗിയെ പ്രവേശിപ്പിക്കുക ഐ.സി.യു.വില്‍ ആകുന്നത് സ്വാഭാവികം. പിന്നെ ഉറ്റവരാല്‍ അകറ്റപ്പെട്ട് യന്ത്രസാമഗ്രികളുടെ നടുവില്‍ ഒറ്റപ്പെടുന്നു. സ്വസ്ഥമായ ശ്വാസോഛ്വാസം പോലും എടുക്കാനാവാതെ നീറുന്നതിലും നല്ലതല്ലേ ശാന്തമായ ചുറ്റുപാടില്‍ സമാധാനമായി കണ്ണടയ്ക്കുന്നത്! പാലിയേറ്റിവ് കെയറുകള്‍ ചെയ്യുന്നത് ഈ സേവനമാണ്.

പ്രാര്‍ഥിച്ചൊരുങ്ങിയും ബന്ധുമിത്രാദികളുടെ സ്‌നേഹപരിചരണങ്ങള്‍ സ്വീകരിച്ചും സ്വസ്ഥമായി ‘മരണമെന്ന സോദരി’ (വി. ഫ്രാന്‍സിസ് അസ്സീസി) യെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നത് വലിയ ദൈവാനുഗ്രഹമാണ്. വൈദ്യശാസ്ത്രം ഇത്രയധികം വിജയിക്കാത്ത മുന്‍കാലത്ത് കട്ടിലിനു ചുറ്റും നില്‍ക്കുന്ന പ്രിയപ്പെട്ടവരെ കണ്ടും പ്രാര്‍ഥനകളുംനാമജപങ്ങളും കേട്ടും മരണപ്പെടാന്‍ ഭാഗ്യം ലഭിച്ചവരാണ് പഴയതലമുറയിലെ പല വയോധികരും രോഗികളും. അവരെ സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും അന്ത്യകാല ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുകയും ചെയ്യുന്നത് പുണ്യമായി മറ്റുള്ളവര്‍ കരുതിയിരുന്നു. ഇത്തരത്തില്‍ ചൈതന്യവത്തായ മനസ്സോടെയും ശരീരത്തോടെയും പ്രകാശിതരായി മരണത്തെ എതിരേല്ക്കാന്‍ സഹായിക്കുന്ന രോഗീപരിചരണ സംവിധാനമാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍. കാന്‍സര്‍ ഉള്‍പ്പെടെയുള്ള പലവിധ
മാറാരോഗങ്ങളും അപകടങ്ങളും പിടിപെട്ട് മാസങ്ങളും വര്‍ഷങ്ങളും കിടപ്പിലാകുന്നവര്‍ക്ക് പ്രത്യാശയുടെ കൈത്താങ്ങാകുകയാണ് സാന്ത്വനചികിത്സയുടെ ലക്ഷ്യം. രോഗിക്കും കുടുംബത്തിനും ആവശ്യമായ സമ്പൂര്‍ണ ശ്രദ്ധയും പരിചരണവും നല്കാന്‍ സാധിക്കുന്നതിലൂടെ മരണാസന്നരായ പലരും പുതുജീവന്റെ അനുഭവം സ്വീകരിച്ച് ശിഷ്ടജീവിതത്തെ അര്‍ഥപൂര്‍ണമായി നേരിടുന്നു. ശാരീരികവും മാനസികവും ആത്മീയവും കുടുംബപരവും സാമൂഹികവുമായ നിലകളിലെല്ലാം രോഗികള്‍ക്ക് ആവശ്യമായപിന്തുണ നല്കാന്‍ ഇതിലൂടെ കഴിയുന്നുണ്ട്.

കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാലിയേറ്റീവ് കെയര്‍ ആരംഭിക്കുന്നത് 2004-ലാണ്. അന്ന് കോട്ടയം ജില്ലയിലുണ്ടായിരുന്ന നാലു യൂണിറ്റുകള്‍ ഇന്ന് ഇരുപത്തെട്ടെണ്ണമായി വളര്‍ന്നു. ‘പാലിയം’ എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ് ‘പാലിയേറ്റീവ്’ എന്ന വാക്കിന്റെ ഉത്ഭവം. സംരക്ഷണം, പുതപ്പ് എന്നൊക്കെയാണ് ഇതിന്റെ അര്‍ഥം. രോഗിയുടെ സമഗ്രസൗഖ്യവും പുനരധിവാസവും കുടുംബസുസ്ഥിതിയും പാലിയേറ്റീവ് കെയര്‍ ലക്ഷ്യമിടുന്നു. ആശുപത്രിയിലും വീട്ടിലും രോഗീപരിചരണം ലഭ്യമാക്കുന്നു. രോഗികളും കുടുംബവും കടുത്ത മനോവേദനയിലും ഭയത്തിലും നിരാശയിലും ചിലപ്പോള്‍ കുറ്റബോധത്തിലുമൊക്കെ കഴിയുമ്പോള്‍ പാലിയേറ്റീവ് ടീം അംഗങ്ങള്‍ അവരെ സന്ദര്‍ശിക്കുകയും പരിചരിക്കുകയും ശ്രവിക്കുകയും ചെയ്യുന്നു. പ്രശ്‌നങ്ങള്‍ ലഘൂകരിച്ച് സാന്ത്വനമേകാനുംരോഗാവസ്ഥയെ അംഗീകരിക്കാനും രോഗിയെയും കുടുംബത്തെയും സഹായിക്കുന്നു. രോഗം സുഖപ്പെട്ടവരുടെ ജോലി, പഠനം തുടങ്ങിയ കാര്യങ്ങളിലും മരണപ്പെട്ടവരുടെ കുടുംബ പുനരധിവാസത്തിലും ഇവര്‍ ശ്രദ്ധ വയ്ക്കാറുണ്ട്. കാരിത്താസ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉത്തരവാദിത്വത്തില്‍ ഇത്തരത്തില്‍ സാമ്പത്തികമുള്‍പ്പെടെ പലവിധ സഹായങ്ങള്‍ നല്കിയ നൂറുകണക്കിന് അനുഭവങ്ങള്‍ കഴിഞ്ഞ14 വര്‍ഷങ്ങള്‍ക്കിടയിലുണ്ട്.

പാലിയേറ്റീവ് കെയര്‍ മതിയെന്ന് ഡോക്ടര്‍ അഭിപ്രായപ്പെടുമ്പോള്‍ ‘രോഗിയുടെ മരണമടുത്തെന്നത്’ തെറ്റിദ്ധാരണയാണ്. മോര്‍ഫിന്‍ ഉള്‍പ്പെടെയുള്ള വേദനാസംഹാരികള്‍ പാലിയേറ്റീവ് കെയറിന്റെ ഉത്തരവാദിത്വത്തില്‍ സ്വീകരിച്ച്, വര്‍ഷങ്ങള്‍ ജീവിച്ചവരും ചെറിയ ജോലികള്‍ ചെയ്ത് പ്രത്യാശയോടെ മുന്നോട്ടു പോയവരും നിരവധിയാണ്. മാറാരോഗങ്ങളിലും കിടപ്പുരോഗങ്ങളിലും അകപ്പെട്ടവര്‍ക്ക് ഫിസിഷ്യന്‍, അനസ്‌തെറ്റിസ്റ്റ്, സ്പിരിച്വല്‍ കെയറര്‍, സൈക്കോളജിസ്റ്റ്,
സോഷ്യല്‍ വര്‍ക്കര്‍, പാലിയേറ്റീവ് ടീം എന്നിങ്ങനെയുള്ള മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ പരിചരണം ഫലപ്രദമായി കാണാറുണ്ടണ്ട്. പൊതുവേ ഭാരതത്തിലെ കുടുംബ-സാമൂഹ്യ ബന്ധങ്ങള്‍ കെട്ടുറപ്പുള്ളതും ഊഷ്മളവുമായതിനാല്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട സംരക്ഷണവും സഹായവും വീട്ടില്‍ ലഭ്യമാക്കാനാവും.ആധ്യാത്മിക ജീവിതവും പ്രാര്‍ഥനയും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയും മരണത്തെ താരതമ്യേന എളുപ്പത്തില്‍ അഭിമുഖീകരിക്കുവാന്‍ മിക്കവരെയും സഹായിക്കുന്നു. കൂടുതല്‍ രോഗികളും സ്വന്തം കട്ടിലില്‍ കിടന്ന് തന്റെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ മരിക്കാനാണ് ആഗ്രഹിക്കുന്നത്. സുഖപ്പെടുത്തുന്നതിന് പരിധികളുണ്ടെങ്കിലും ശുശ്രൂഷയ്ക്ക് പരിധികളില്ലെന്ന് ഓര്‍മിക്കേണ്ടതാണ്.

ഹോം കെയറിന് ഡോക്ടര്‍, നഴ്‌സ്, സോഷ്യല്‍ വര്‍ക്കര്‍, ഫാര്‍മസിസ്റ്റ്, വോളണ്ടണ്ടിയേഴ്‌സ് തുടങ്ങിയവരുടെ ഒരു ടീമാണ് നിയോഗിക്കപ്പെടുന്നത്. പരിചരണം നല്കുവാനും ആവശ്യമായ പരിചരണ രീതികള്‍ കുടുംബാംഗങ്ങളെ പഠിപ്പിക്കുവാനും മാത്രമല്ല, ക്ഷമയോടെ ശ്രവിക്കുവാനും സംശയങ്ങള്‍ ദൂരീകരിക്കുവാനും സഹായ-നിര്‍ദേശങ്ങള്‍ നല്കുവാനുമെല്ലാം അവര്‍ക്കു സാധിക്കും. സ്ഥിരം കുടുംബാംഗങ്ങളോ ശുശ്രൂഷകരോ അല്ലാതെ പാലിയേറ്റീവ് ടീം അംഗങ്ങള്‍ രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ എഴുന്നേറ്റിരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം രോഗികള്‍ക്ക് ഉന്മേഷവും ഉണര്‍വും ഉണ്ടാകുന്നത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. രോഗിയുടെ സാമ്പത്തിക സ്ഥിതി, വീട്ടുകാരുടെ ശുശ്രൂഷാ മനോഭാവം എന്നിവ നേരിട്ട് കാണാനും ആവശ്യമായ സഹായം എത്തിക്കാനും ഹോംകെയര്‍ വേദികള്‍ സഹായിക്കുന്നു. വര്‍ഷങ്ങള്‍ കടുത്ത വിദ്വേഷത്തോടെയും അസ്വസ്ഥതയോടെയും മരണാസന്നനായി ജീവിച്ച ഒരു ക്യാന്‍സര്‍ രോഗിയെ ഓര്‍മിക്കുന്നു, തന്നോടുതന്നെയും കുടുംബാംഗങ്ങളോടും അയാള്‍ക്ക് തീരാത്ത അമര്‍ഷമായിരുന്നു.
പല തവണ സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ക്ഷമയോടെ സംസാരിക്കുകയും ശ്രവിക്കുകയും ചെയ്തതിന്റെ ഫലമായി അദ്ദേഹം കുമ്പസാരിച്ചും ദിവ്യകാരുണ്യം ഉള്‍ക്കൊണ്ടും സമാധാനപൂര്‍വമാണ് മരിച്ചത്. രോഗിക്ക് അനുകമ്പയും സ്‌നേഹവുംനിറഞ്ഞ് പരിചരണം നല്കുകയും സമൂഹത്തിനുംകുടുംബത്തിനും വിലപ്പെട്ട വ്യക്തിയാണെന്നു ബോധ്യപ്പെടുത്തുകയും സാന്നിധ്യ-സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്താല്‍ മരണത്തെ സൗമ്യമായും സന്തോഷത്തോടെയും സ്വീകരിക്കാന്‍ അയാള്‍ക്കു സാധിക്കും. സംഗീതം, ടി.വി, റേഡിയോ, വായന തുടങ്ങിയവയൊക്കെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്നവയാണ്. ജീവിക്കുന്നിടത്തോളംകാലം നിലവാരപ്പെട്ട രീതിയില്‍ കഴിയാനും ‘എന്നെ ആര്‍ക്കും വേണ്ട, ജീവിതം മടുത്തു, എന്നെ അങ്ങു കൊല്ലൂ (ദയാവധം)’ എന്ന് രോഗികള്‍ക്ക് പറയാന്‍ തോന്നാത്ത നിലയില്‍ പരിചരിക്കുകയും ചെയ്യുമ്പോള്‍ മരണത്തിനുള്ള ഒരുക്കകാലം തന്നെ കൃതജ്ഞതയും സമാധാനവും
നിറഞ്ഞ പ്രകാശിതവേളയായി പരിണമിക്കും. യന്ത്രമുരള്‍ച്ചകളും ഏകാന്തഭീതികളും നിറഞ്ഞ ശൈത്യമുറികളേക്കാള്‍ സൗഖ്യവും സാന്ത്വനവുമേകുന്ന വീട്ടകങ്ങള്‍ എത്രമേല്‍ അനുഗ്രഹപ്രദമായ മരണാലയങ്ങളാവും!!

(ഡോ. മേരി കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെപ്രഥമ അംഗവും പയ്യാവൂര്‍ മേഴ്‌സിഹോസ്പിറ്റല്‍, കാരിത്താസ് പാലിയേറ്റീവ് കെയര്‍ എന്നിവയുടെസ്ഥാപകയുമാണ്. ലേഖനം തയ്യാറാക്കിയത്: ജോബി തോമസ്)     

                                                                                                         ഡോ. മേരി  കളപ്പുരയ്ക്കല്‍

Share This:

Check Also

LOVE STORIES

ഒരു കഥ പറയാം. കഥയല്ല, കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഒരു സുഹൃത്ത് പറഞ്ഞ അനുഭവമാണ്. അത് അയാളുടെ ജീവിതവും ആയിരുന്നു എന്നതാണ് …

Powered by themekiller.com watchanimeonline.co