Wednesday , 24 April 2019
Home / Anubhavam / പ്രതിസന്ധികളിലൂടെ എന്നെ നടത്തുന്ന ദൈവം

പ്രതിസന്ധികളിലൂടെ എന്നെ നടത്തുന്ന ദൈവം

വചനപ്രഘോഷണ മേഖലയില്‍ വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ, എന്റെ എല്ലാ പ്രശ്‌നങ്ങളും എടുത്തുമാറ്റി വഴി നടത്തുന്ന ദൈവത്തെയല്ല, പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളിലൂടെ എന്നെ ധൈര്യമായി നടക്കാന്‍ പഠിപ്പിക്കുന്ന ദൈവത്തെയാണ് അനുദിന ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചറിയുന്നത്. ഈ അടുത്ത നാളുകളില്‍ അപ്രതീക്ഷിതമായി എന്റെ അനുജന്‍ ആത്മഹത്യ ചെയ്തു. എന്നെ അടിമുടി തകര്‍ത്തു കളഞ്ഞ ഒരു സംഭവമായിരുന്നു അത്. ആ ദിവസങ്ങളില്‍, ഒരുസുഹൃത്ത്, അവിടെക്കൂടിയിരുന്ന ആളുകളുടെ മുമ്പില്‍ വച്ച് താന്‍ ലോകം മുഴുവന്‍ വചനവും പറഞ്ഞ് മറ്റുള്ളവരെ രക്ഷപെടുത്തി നടക്കുന്നതല്ലേ? എന്നിട്ടെന്തേ തനിക്കു തന്റെ അനിയനെ രക്ഷിക്കാന്‍ കഴിയാഞ്ഞത്? എന്നെന്നോടു ചോദിച്ചു. എനിക്കുത്തരം നല്‍കാന്‍ ഒന്നുമില്ലായിരുന്നു. ഇനി മുതല്‍ ഞാന്‍ സുവിശേഷം പറയില്ല എന്നു ഞാന്‍ തീരുമാനിച്ചു. അങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍ എനിക്ക് അടുപ്പമുള്ള ഒരു വൈദികന്‍ എന്നെ വിളിച്ചു പറഞ്ഞു: ‘നീ ആരോടും സംസാരിക്കാന്‍ നില്‍ക്കണ്ട. നേരെ പോയി കതകടച്ച് കര്‍ത്താവിന്റെ മുമ്പിലിരിക്കുക.’ അതനുസരിച്ച് ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍ ഹൃദയം തുറന്നപ്പോള്‍, കര്‍ത്താവ് എന്നോടിങ്ങനെപറയുന്നതായി എനിക്കു തോന്നി. ”നിന്റെ ജീവിതത്തില്‍ നീ ഏതെല്ലാം വേദനകളിലൂടെ കടന്നുപോയോ അതിലൂടെയെല്ലാം ഞാനും കടന്നു പോയിട്ടുണ്ട്. എന്റെ ജീവിതത്തിലുമുണ്ട് ഈ വേദന. ഞാന്‍പന്ത്രണ്ടു പേരെ കൂടെക്കൊണ്ടു നടന്നതില്‍ ഒരുവന്‍ ചെയ്തതെന്തെന്ന് നിനക്കറിയില്ലേ? നീ ഒരു ശുശ്രൂഷകന്‍. പക്ഷേ, എന്നോട് ഇവര്‍, താന്‍ ദൈവമായിരുന്നിട്ടും കൂടെക്കൊണ്ടു നടന്നവനെപ്പോലും രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നു ചോദിക്കുമായിരുന്നില്ലേ? അങ്ങനെയെങ്കില്‍ നിന്നെക്കാളധികം ഞാനല്ലേ വേദനിക്കേണ്ടത്? എനിക്കു ചിന്തിക്കാന്‍പോലും പറ്റാത്ത വിധമുള്ള കര്‍ത്താവിന്റെ ഈ മറുപടി ഒത്തിരി ആശ്വസിപ്പിച്ചു. അതിനുശേഷം സമാന അനുഭവങ്ങളിലൂടെ കടന്നുപോയ ധാരാളം പേരെ കണ്ടുമുട്ടാനും അവരെ പ്രത്യാശയുടെ വഴിയിലേക്കു നയിക്കാനും ഈ അനുഭവം എന്നെ സഹായിച്ചു.

കുറച്ചുനാളുകള്‍ക്കു മുമ്പുണ്ടായ മറ്റൊരനുഭവം എനിക്കുണ്ടായ ഒരപകടമാണ്. ഏകദേശം രാത്രി ഒരു മണിയാകാറായ സമയത്ത്, നേര്യമംഗലം കാടിന്റെ നടുവില്‍ വച്ച്, കോതമംഗലത്തേയ്ക്ക് യാത്ര ചെയ്തു വന്ന ഞാനും എന്റെ സ്‌കൂട്ടറും എതിരെ വന്ന ഒരു ലോറി തട്ടി ഓടയിലേക്ക് തെറിച്ചു വീണു. മയക്കത്തിലായിരുന്ന ലോറി ഡ്രൈവര്‍ ഞെട്ടി എഴുന്നേറ്റുവെങ്കിലും വണ്ടി നിറുത്താതെ പൊയ്ക്കളഞ്ഞു. ഒരു വിധത്തില്‍ വലിഞ്ഞു കയറി റോഡിലെത്തിയ ഞാന്‍ പത്തിരുപത്തിയഞ്ച് വണ്ടികള്‍ക്കു മുമ്പില്‍ കൈ നീട്ടിയെങ്കിലും ഒരാളുപോലും നിറുത്തിയില്ല. ഫോണ്‍ വിളിക്കാന്‍ റേഞ്ചുമില്ലെന്നായപ്പോള്‍ കര്‍ത്താവിലല്ലാതെ മറ്റൊരു ശരണമെനിക്കില്ല എന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അവിടെനിന്ന് ഉച്ചത്തില്‍ കര്‍ത്താവിനെ സ്തുതിച്ചും പ്രാര്‍ഥിക്കാന്‍ തുടങ്ങി. വലിയൊരു ധൈര്യവും ശക്തിയും എനിക്കു ലഭിക്കുന്നതുപോലെ തോന്നി, ഞാന്‍ തനിയെ നിരങ്ങി ഇറങ്ങി വണ്ടി പതിയെ നേരെയാക്കി, ഒരു വിധത്തില്‍ വലിച്ച് മുകളില്‍ കൊണ്ടുവന്നു. വണ്ടി സ്റ്റാര്‍ട്ടാക്കി ഞാന്‍ വീട്ടിലേക്കു പോയി. പിന്നീടാണ് ഞാന്‍ ആശുപത്രിയിലേക്കു പോകുന്നത്. ഒരു മനുഷ്യനും സഹായിക്കാന്‍ ഇല്ലാതിരുന്ന സമയം എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദൈവാനുഭവത്തിന്റെ നിമിഷങ്ങളാണ്.

ദൈവം എന്നെ വളര്‍ത്തുന്ന മറ്റൊരു മേഖലയാണ് ദുരഭിമാനത്തെ ജയിക്കാനുള്ള അവസരങ്ങള്‍. എനിക്ക് ആറു കുട്ടികളാണ്. കുട്ടികളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഞാന്‍ പലപ്പോഴും കോണ്‍ക്രീറ്റു പണിക്കുപോകാറുണ്ട്. അവിടെ ചെല്ലുമ്പോള്‍ പലരും എന്നെ തിരിച്ചറിയും, മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തും. അപ്പോള്‍ പലരും ചോദിക്കാറുണ്ട്, നിങ്ങളെന്താ ഇവിടെ എന്ന്. അനുഗ്രഹദാതാവായ ദൈവം ഒന്നും തന്നില്ലേ എന്നതാണ് ആ ചോദ്യത്തിന്റെ സൂചന.
പക്ഷേ, സ്വന്തം കൈകൊണ്ട് ആധ്വാനിച്ച് ഞാനെന്റെ കുട്ടികളുടെ കാര്യം നോക്കുന്നു. ഞങ്ങള്‍ താമസിക്കുന്ന വാടക വീട് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അടച്ചുറപ്പില്ലാത്ത ഒരു വീടാണ്. മഴ പെയ്താല്‍ വീടു മുഴുവന്‍ വെള്ളം കയറും, കാടിനടുത്തായതുകൊണ്ട് ഇടയ്ക്കു പാമ്പു കയറും. പ്രാര്‍ഥിച്ച് ഇറങ്ങിപ്പോകാന്‍ പറയുമ്പോള്‍ പാമ്പ് തനിയെ പുറത്തുപോകും, കുട്ടികളറിയാതെ. പക്ഷേ, സമയത്തിന്റെ പൂര്‍ണതയില്‍ ദൈവം ഞങ്ങള്‍ക്കാവശ്യമായ ഒരു നല്ല ഭവനം നല്‍കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. എന്റെ ഇപ്പോഴത്തെ ഓരോ ദിനവും അതിന്റെ ക്ലേശവും പ്രശ്‌നങ്ങളും മറ്റുള്ളവരെ ദൈവാനുഭവത്തിലേയ്ക്ക് വളര്‍ത്താന്‍ ദൈവം എനിക്കു തരുന്ന അമൂല്യമായ 

അനുഭവങ്ങളാണ്.                                                                                                                             

                                                                                                                       സജി പന്ന്യാറുകുട്ടി

Share This:

Check Also

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ …

Powered by themekiller.com watchanimeonline.co