Wednesday , 20 February 2019
Home / Anubhavam / പ്രാര്‍ഥിച്ചിട്ടും അമ്മ വീണു!

പ്രാര്‍ഥിച്ചിട്ടും അമ്മ വീണു!

ജീവിതത്തില്‍ ഓരോ നിമിഷവും ദൈവത്തിന്റെ കരുതലും സംരക്ഷണവും അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ് ഞാന്‍. എന്റെ ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും മരണശേഷം മക്കളില്ലാത്ത ഞാന്‍, തികച്ചും ഒറ്റപ്പെട്ടു പോകേണ്ടതാണ്. പക്ഷേ, ഇപ്പോള്‍ ഒരു കുടുംബത്തിന്റെ സംരക്ഷണവും സ്‌നേഹവും അനുഭവിച്ച്, എന്റെ മാതാപിതാക്കളെ-102 വയസ്സുള്ള എന്റെ ചാച്ചനെയും 92 വയസ്സുള്ള അമ്മയെയും ശുശ്രൂഷിച്ച് എന്റെ സഹോദരിക്കും മകനും താങ്ങായി, ഒരു അഭിഭാഷകയായി ജോലി ചെയ്ത് ഞാന്‍ ദൈവസ്‌നേഹത്തണലില്‍ സംതൃപ്തിയോടെ ജീവിക്കുന്നു.

എന്റെ അമ്മ ഒരു അല്‍ഷിമേഴ്‌സ് രോഗിയാണ്. അമ്മയെ പരിചരിക്കുന്നത് ഒത്തിരി ക്ഷമയും കരുതലും സമയവും ആവശ്യമുള്ള കാര്യമാണ്. എന്റെ ജോലിയുടെ തിരക്കുകളും വീട്ടിലെ ഉത്തരവാദിത്വങ്ങളും ഒന്നിച്ചു കൊണ്ടുപോകുവാന്‍ സാധിക്കുന്നത് ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണ്. അമ്മ ഇപ്പോള്‍ തീര്‍ത്തും കിടപ്പാണ്. എല്ലാ ഭക്ഷണവും ദ്രാവകരൂപത്തില്‍ കൊടുക്കണം. വായില്‍ ഒഴിച്ചു കൊടുത്താല്‍ ഇറക്കാന്‍ മറന്നുപോകും ഇറക്കാന്‍ പറഞ്ഞാല്‍ ‘ഇറക്കുക’ എന്താണെന്ന് മനസ്സിലാകാതെ നോക്കിയിരിക്കുന്ന അവസ്ഥ. അതുകൊണ്ട് ഒന്നും പ്ലാന്‍ അനുസരിച്ച് നടക്കില്ല. അമ്മയ്ക്ക് എന്റെ ഒത്തിരി സമയം ആവശ്യമുണ്ട്. അതിലെനിക്ക് പരാതിയുമില്ല. കാരണം എന്റെ സാമീപ്യവും ശുശ്രൂഷയും എന്റെ മാതാപിതാക്കളുടെ അവകാശമാണ്. ഇരുന്ന് പ്രാര്‍ഥിക്കാന്‍പോലും എനിക്ക് സമയം കിട്ടാറില്ല. അടുക്കളയില്‍ ജോലി എടുക്കുന്ന സമയത്ത് ഞാന്‍ എന്റെ പ്രാര്‍ഥനകള്‍ ചൊല്ലും.

സ്ത്രീകള്‍ക്ക് അഭിഭാഷകവൃത്തിയില്‍ പുരോഗമനം ഉണ്ടാകാന്‍ സാധാരണയായി ഏറെ സപ്പോര്‍ട്ടും
കുടുംബപാരമ്പര്യവുമൊക്കെ ആവശ്യമുണ്ട്. ഇതൊന്നും ഇല്ലാത്ത ഒരാളാണ് ഞാന്‍. എന്റെ
പരിമിതികളും അവസ്ഥയും അറിയാവുന്ന തമ്പുരാന്‍ എന്റെ ജോലിയും വീട്ടിലെ ഉത്തരവാദിത്വങ്ങളും ഒരുമിച്ച് കൊണ്ടുപോകുവാന്‍ എന്നെ സഹായിക്കുന്നു. എന്റെ ജോലിയുടെ ഒരു പ്രധാനപ്പെട്ട ഭാഗം ഓരോ കേസിനും ആവശ്യമുള്ള ലോ പോയന്റ് കണ്ടുപിടിക്കുക എന്നതാണ്. ഇത് എന്റെ കൂടെയുള്ള മറ്റാരും കണ്ടുപിടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ എനിക്കു ചെയ്യാന്‍ സാധിക്കാറുണ്ട്. ഇത് എനിക്ക് കൂടുതല്‍ കഴിവ് ഉള്ളതുകൊണ്ടല്ല. ഞാന്‍ തമ്പുരാനോട് പറയും. ”നീ തന്നെ കാണിച്ചു തന്നാലേ എനിക്ക് മുമ്പോട്ടുപോകാന്‍ പറ്റൂ.” അപ്പോള്‍ എനിക്ക് കൂടുതല്‍ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കും.

എന്റെ കൂടെയുള്ള അഭിഭാഷകരില്‍ ക്രിസ്ത്യാനികളായി അഞ്ച് പേര്‍ മാത്രമേയുള്ളൂ എങ്കിലും ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവര്‍ വന്ന് എന്നോട് പങ്കുവയ്ക്കാറുണ്ട്. ഇത്രയും പേരുടെ ഇടയില്‍ നിന്ന് അവര്‍ എന്നെ ഇതിനായി തിരഞ്ഞെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മാത്രമല്ല അവരെ ക്ഷമയോടെ കേള്‍ക്കുവാന്‍ ഞാന്‍ സമയം കണ്ടെത്തുന്നു. ഇതിനും പുറമേ രൂപതയിലും ഇടവകയിലും സാധിക്കുന്നത്ര ദൈവിക ശുശ്രൂഷകള്‍ചെയ്യുന്നു. ക്ലാസ്സെടുക്കാനും സെമിനാറിനും ഒക്കെ പോകുമ്പോള്‍ സഹോദരങ്ങളാണ് മാതാപിതാക്കളെ നോക്കി സഹായിക്കുന്നത്.

ഈ അടുത്തകാലത്ത് എന്റെ ജീവിതത്തില്‍ ഉണ്ടായ വളരെ വ്യക്തമായ ദൈവിക ഇടപെടലിനെക്കുറിച്ച് പങ്കുവയ്ക്കട്ടെ. അമ്മയ്ക്ക് വര്‍ഷങ്ങളായി ഞങ്ങളെ ആരെയും അറിയില്ല. കൂടെയുള്ളത് ജീവിതപങ്കാളിയും മക്കളുമാണെന്നുമുള്ളതും ഞങ്ങളുടെ ആരുടെയും പേരുകള്‍ പോലും അറിയില്ല. മാത്രമല്ല ചാച്ചനെക്കാണുന്നതുപോലും ഭയങ്കര ദേഷ്യമാണ്. എന്നിട്ടും ചാച്ചന്‍ ഈ പ്രായത്തിലും വളരെ സമചിത്തതയോടെ പെരുമാറും. പക്ഷേ ഇതെനിക്കൊരു വലിയ സങ്കടമായിരുന്നു. ഞാന്‍ എപ്പോഴും കുര്‍ബാനയില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്ന രണ്ടു കാര്യങ്ങളായിരുന്നു; അമ്മ ചാച്ചനെ സ്‌നേഹിക്കണം, ഞങ്ങളെ തിരിച്ചറിയണം എന്നത്. കഴിഞ്ഞ ഓക്‌ടോബറില്‍ പത്തു ദിവസത്തെ ജപമാലയോടനുബന്ധിച്ച് ഞങ്ങളുടെ യൂണിറ്റിന്റെ
പെരുന്നാള്‍ ദിനം എനിക്ക് പള്ളിയില്‍ പോകാന്‍ വലിയ ആഗ്രഹം തോന്നി. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. രാവിലത്തെ മരുന്നിന്റെ സെഡേഷനില്‍ അമ്മ ഉറങ്ങിക്കൊള്ളും എന്ന് വിശ്വസിച്ച് ഞാന്‍പള്ളിയില്‍ പോയി. തിരിച്ചു വരുമ്പോള്‍ കട്ടിലില്‍ നിന്ന് വീണ് നെറ്റി പൊട്ടി ചോരയില്‍ കുളിച്ചു കിടക്കുന്ന അമ്മയെയാണ് കണ്ടത്. എനിക്ക് തമ്പുരാനോട് വലിയ പരിഭവം ആയി. ”തമ്പുരാനെ ഞാന്‍ വേറെങ്ങും അല്ലല്ലോ പള്ളിയിലല്ലേ പോയത്.” അമ്മയുടെ നെറ്റിയില്‍ സ്റ്റിച്ചിടേണ്ടി വന്നു. 8 ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിയും വന്നു. പക്ഷേ, ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ മുതല്‍ വലിയ മാറ്റമാണ് അമ്മയ്ക്ക്. വീഴ്ചയില്‍ അമ്മയുടെ തലയ്ക്ക് നല്ല ഒരു
ഷോക്ക് ഉണ്ടായി. ഇപ്പോള്‍ ഞങ്ങളെ എല്ലാവരെയും അത്യാവശ്യം തിരിച്ചറിയാം, എന്റെ പേര് വിളിക്കുന്നുണ്ട്. ചാച്ചനോടാണെങ്കില്‍ ഇപ്പോള്‍ വലിയ സ്‌നേഹവുമാണ്. അപകടമുണ്ടായപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കിലും അതിലൊളിഞ്ഞിരിക്കുന്ന ദൈവാനുഗ്രഹം പിന്നീടാണ് മനസ്സിലായത്.

എന്ത് പ്രാര്‍ഥിക്കുന്നുവോ അത് മനസ്സിലാക്കി ഉത്തരം തരുന്ന ഒരു തമ്പുരാനാണ് എന്റേത്. എല്ലാത്തിനെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുവാന്‍ ശക്തി തരുന്നത് എന്റെ ജീവിതത്തില്‍ 

ദൈവത്തിന്റെ ഈ നിരന്തമായ സാന്നിധ്യമാണ്.
(കുറിപ്പ് തയ്യാറാക്കിയത്: അനിത ബാബു)                                   

                                                                                                             അഡ്വ. മിനി, പാലക്കാട് 

Share This:

Check Also

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ …

Powered by themekiller.com watchanimeonline.co