Wednesday , 20 February 2019
Home / Articles / JYKC 2018

JYKC 2018

എല്ലാവരെയും കാണാനും കൂടുതല്‍ കാര്യങ്ങള്‍ അറിയാനും വിളിച്ച കാര്‍ത്താവിന്റെ പിന്നാലെ മറുചോദ്യമില്ലാതെ ഇറങ്ങിത്തിരിച്ച അനേകര്‍ സജീവമായി പ്രവര്‍ത്തനനിരതമാകുന്ന ഇടമാണെനിക്ക് ഓരോ കോണ്‍ഫറന്‍സ് വേദികളും. കാരണം, ഒന്നുമാകാതിരുന്ന എന്നെപ്പോലുള്ള അനേകം പേരെ അവിടന്ന് തിരഞ്ഞെടുത്തു. അവരെ തമ്മില്‍ ഹൃദയത്തിന്റെ ഭാഷകൊണ്ട് ഐക്യപ്പെടുത്തി അവിടന്ന്. ജീസസ് യൂത്ത് പ്ലാറ്റ്‌ഫോമുകളില്‍ സംഭവിക്കുന്ന ഏറ്റവും വലിയ നന്മയിതാണ്.1988-ലെ ക്യാമ്പസ് കോണ്‍ഫറന്‍സാണ് എന്റെ ആദ്യത്തെ കോണ്‍ഫറന്‍സ്. അന്ന് അതൊരത്ഭുതമായിരുന്നെനിക്ക്. 1992-ലെ ഒക്‌ടോബര്‍ കോണ്‍ഫറന്‍സ് നേതൃനിരയിലുള്ളവരെ അടുത്തറിയാനും അവരോട് ചേര്‍ന്ന് കാര്യങ്ങളില്‍ പങ്കുചേരാനുമുള്ള അവസരം തന്നു. ആ വര്‍ഷത്തെ ഫുള്‍ടൈമറായിരുന്ന എന്നെ, ഒരു മുന്‍പരിചയവുമില്ലാതിരുന്നിട്ടും പ്രോഗ്രാം ടീമില്‍ ചേര്‍ത്തതും ഒരു ദിവസം പ്രോഗ്രാമിന്റെ അവതാരികയാക്കാന്‍ അന്നത്തെ പ്രോഗ്രാം ടീം കാണിച്ച ധൈര്യവും എന്നെ അത്ഭുതപ്പെടുത്തി.

പ്രോഗ്രാമുകളുടെ ഉത്തരവാദിത്വത്തില്‍ നിന്നും മാറി ഒരു പങ്കുകാരി എന്ന നിലയില്‍ മാത്രം ചിന്തിക്കുമ്പോഴും ആനന്ദം തന്ന നിമിഷങ്ങള്‍ നിരവധിയുണ്ട്. സൗത്ത് ഏഷ്യന്‍ കോണ്‍ഫറന്‍സിന്റെ സമയം ഫാമിലികള്‍ക്കു വേണ്ടിയുള്ള സെപ്പറേറ്റ് സെഷന്‍ നടക്കുന്നു.അന്ന് സെഷന്‍ ചെയ്യുന്നത് ഒരു ഓസ്‌ട്രേലിയന്‍ ബിഷപ്പാണ്. പിതാവ് ഞങ്ങളെ നോക്കി ആദ്യം പറഞ്ഞു:”നിങ്ങളില്‍ ഒരു കുടുംബം മുന്നോട്ട് കടന്നുവരണം.” തൃശൂര്‍കാരനായ വില്‍സണ്‍ ചേട്ടനും കുടുംബവും മുന്നോട്ട് ചെന്നു. പിതാവ് അവരുടെ മുന്നില്‍ മുട്ടു കുത്തി. എന്നിട്ട് തലയില്‍ കൈവച്ച് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ തലയില്‍ കൈവച്ച്പ്രാര്‍ഥിച്ചപ്പോള്‍ പിതാവ് അതില്‍ പങ്കുകൊണ്ട രംഗം മനസ്സില്‍ നിന്നും മായുന്നില്ല. പിതാവിന്റെ എളിമയും രീതിയും ഒരുപാട് ചിന്തിപ്പിച്ചു.

കുട്ടികളുടെയും കുടുംബത്തിന്റെയും ജോലിയുടെയും നിരവധി കാര്യങ്ങള്‍ക്കിടയിലും ജീസസ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് മനസ്സിന്റെ സന്തോഷത്തില്‍ നിന്നാണ്. കാണാനും കേള്‍ക്കാനുംഅറിയാനും ആഗ്രഹിച്ച നമ്മുടെ സഹോദരങ്ങളെ കൈയെത്തുന്ന ദൂരത്തില്‍ അവിടെ നമുക്ക് ലഭിക്കുന്നു.കാണാനാഗ്രഹിച്ചവരെ നേരില്‍ കാണുമ്പോള്‍ ഒന്നു തോളില്‍ തട്ടാനും കണ്ണില്‍ തെളിയുന്ന കൗതുകവുംവാക്കുകളിലെ ഹൃദ്യതയും പ്രായം, സ്ഥലം ഇവയൊക്കെ മറന്ന് 

പഴയകാലത്തെ വിശേഷങ്ങള്‍ ഓര്‍ത്തെടുക്കുന്നതും ഒക്കെ എത്ര രസകരം. വീട്ടിലെ പ്രധാന ആഘോഷത്തിന് അകന്ന ബന്ധുക്കള്‍ പോലും നേരത്തെ എത്തുന്നതും എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്നതു പോലെയോ അതിലുപരിയോ ആനന്ദം സമ്മാനിക്കുന്ന ഇടമാണെനിക്ക് ജീസസ് യൂത്ത് കോണ്‍ഫറന്‍സുകള്‍.

                                                                                                      ലീന സെബാസ്റ്റിന്‍., തലശ്ശേരി

ഈശോയ്‌ക്കെഴുതിയ കത്ത്പ്രോഗ്രാമുകള്‍ കുറേ കൂടി, ഒടുവിലാണ് ഞാന്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ഓര്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്ന സംഭവം. കേരള ടീന്‍സ് ടീമിന്റെ ഭാഗമായതുകൊണ്ടുതന്നെ ടീന്‍സിന്റെ പ്രോഗ്രാം ടീമിനെ സഹായിക്കാന്‍ അവസരം കിട്ടിയ
പ്പോള്‍ പെട്ടന്ന് തോന്നിയത് ഞെട്ടലായിരുന്നെങ്കിലും പിന്നെ രണ്ടും കല്പിച്ചു ചെയ്യാമെന്ന് സമ്മതിച്ചു.പ്രോഗ്രാമില്‍ ഒരു സമയത്ത് ഈശോയ്‌ക്കൊരു ലെറ്റര്‍ എഴുതിക്കുന്ന ചെറിയൊരു ആക്ടിവിറ്റി ഉണ്ടായിരുന്നു.ഓരോ ടീനേജറും ഈശോയ്‌ക്കൊരു കത്ത് എഴുതും. ഇവിടെ എനിക്ക് കിട്ടിയ പണികളില്‍ ഒന്ന് ഈ കുട്ടികള്‍ക്ക് മറുപടി കത്ത് കൊടുക്കണം. ഏകദേശം രണ്ടായിരം കത്തുകള്‍ തയ്യാറാക്കണം. ഓരോ കത്തും കൈകൊണ്ട് എഴുതി തീര്‍ക്കുക എളുപ്പമായിരുന്നില്ല. കോണ്‍ഫറന്‍സിന്റെ ദിവസം എത്തിയിട്ടും എഴുത്ത് തീരാതെ വന്നപ്പോള്‍ ഞാന്‍ ഈ കത്തൊക്കെ ആയിട്ട് ആന്റിയുടെ വീട്ടില്‍ പോയി. അവിടെവച്ച് പിള്ളേരേം ആന്റിമാരെയും ഒക്കെ കൂട്ടി കത്തെഴുതിച്ചു. എന്നെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം കത്തെഴുതിയ എന്റെ സഹോദരങ്ങളെ ആ പ്രവൃത്തിയുടെ വലിയ കോണ്‍ഫറന്‍സിന്റെ ഭാഗമാക്കാന്‍ എനിക്കു കഴിഞ്ഞു. പിന്നെയും തീരാതെ വന്നപ്പോള്‍ ജൂബിലിയുടെ സമയത്തു രാത്രി ഏറെ വൈകിയും ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാം ഒന്നിച്ചിരുന്ന് പ്രാര്‍ഥിച്ച് കത്തെഴുതി. ആ വശത്തും ഇതൊന്നും അറിയാതെ ആഘോഷങ്ങളില്‍ പങ്കെടുത്ത് കൂട്ടുകാര്‍ നടക്കുമ്പോള്‍ പിന്നാമ്പുറത്ത് ഇതിനുവേണ്ടി ചെറുവിരല്‍ എങ്കിലും അനക്കാന്‍ കഴിഞ്ഞതിന്റെ ത്രില്‍ ഒന്നു വേറെതന്നെ. അതേ, ഞങ്ങളുടെ വിരല്‍ത്തുമ്പിലൂടെ ഈശോ ഒരുപാട് കൗമാരക്കാരോട് സംസാരിച്ചില്ലേ..!!! നിര്‍മല കോളേജില്‍ ഞാനും വരും. പഴയ ഓര്‍മകള്‍ അയവിറക്കാനും പുതിയവ അനുഭവിച്ചറിയാനും.

മേരി ഡോണ, ചേര്‍ത്തല

നിരവധി വിശുദ്ധരെ കാണാം അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും വരുമ്പോള്‍, ഒറ്റയ്ക്കായാലും ഒരുമിച്ചായാലും ദൈവത്തിലാശ്രയിച്ചു മുന്നോട്ടു പോകുമ്പോള്‍ ഉണ്ടാകുന്ന അനുഭവം അതൊന്നു വേറെ തന്നെ. ജൂബിലി ണ്‍ഫറന്‍സിനിടയിലുണ്ടായ ശക്തമായ കാറ്റും മഴയും ആദ്യമൊന്നു ഭയപ്പെടുത്തിയെങ്കിലും എല്ലാവരുമൊന്നിച്ചുള്ള ആ പ്രാര്‍ഥന ഒരനുഭവമായിരുന്നു.

ഫെയ്ത്ത് കോണ്‍ഫറന്‍സിന്റെ സമയത്ത്, ഡോക്‌ടേഴ്‌സ് ഉള്‍പ്പെടെയുള്ള വ്യത്യസ്തമായ തൊഴില്‍ മേഖലയിലുള്ളവര്‍ ഒരുമിച്ചു വന്ന് ക്ലീനിംഗ് മിനിസ്ട്രിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതു കണ്ടപ്പോള്‍ വളരെ ഇന്‍സ്‌പെയറിംഗ് ആയിരുന്നു. യാതൊരു പരിഭവങ്ങളും മടുപ്പുമില്ലാതെ ഇത്തരം ശുശ്രൂഷകള്‍ ചെയ്യാനാകുന്നത് തീര്‍ച്ചയായും ഒരുമിച്ചു കൂടുന്നതിലെ ഐക്യവും അതിലൂടെയുള്ള ദൈവാത്മാവിന്റെപ്രവര്‍ത്തനവുമാണ്. ഇതൊക്കെ കാണുന്നവര്‍ക്ക്, ഗോതമ്പുമണി നിലത്തു വീണ് അഴിയുന്ന അനുഭവമാണുണ്ടാവുക. മറ്റൊന്ന്, ഭക്ഷണം വേസ്റ്റാക്കരുതെന്നു പറഞ്ഞിട്ടും ചിലര്‍ അപ്രകാരം ചെയ്തപ്പോള്‍ അതെടുത്ത് കഴിച്ചിട്ട് സ്‌നേഹത്തിലൂടെ നീതി ബോധത്തെ തട്ടിയുണര്‍ത്തിയ, പാവങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ചില നല്ല മനസ്സുകളും ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു.

പ്രോഗ്രാമില്‍ പങ്കെടുക്കുന്ന ഒരു പെണ്‍കുട്ടി ഇടയ്ക്കു കിട്ടിയ ഇടവേളകളില്‍ ആശുപത്രിയില്‍ ഐ.സി.യു.വില്‍ കിടക്കുന്ന പപ്പയെ കാണാന്‍ ചെന്നപ്പോള്‍ അവളുടെ അമ്മയുടെ വാക്കുകള്‍ അവളെ തിരിച്ചയച്ചതും പിന്നീട് ഇതവള്‍ ഞങ്ങളോടു പറയുമ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞതും ദൈവാത്മാവിന്റെ പ്രവര്‍ത്തനമല്ലാതെ മറ്റെന്താണ്. ”നീയിവിടെ ആശുപത്രിയില്‍ വന്നിരുന്നാല്‍ അവിടെയെന്തെങ്കിലുംനന്മ നടക്കാതെ പോകുമെങ്കില്‍ വേഗം തിരിച്ചുപൊയ്‌ക്കൊള്ളുക”- ആ അമ്മയുടെ വാക്കുകള്‍ ഉള്‍ക്കരുത്തും പ്രതിബദ്ധതയും നിറഞ്ഞതായിരുന്നു.

                                                                                                                        ബിനോഷ് തലശ്ശേരി

 


ചില കോണ്‍ഫറന്‍സ്ഓര്‍മകള്‍
2018 ഓഗസ്റ്റ് മാസത്തില്‍ നടക്കാനിരിക്കുന്ന കേരള ജീസസ് യൂത്ത് കോണ്‍ഫറന്‍സിന്റെ പശ്ചാത്തലത്തില്‍ വലിയ കൂട്ടായ്മകള്‍ സമ്മാനിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുകയാണിവര്‍:

ജീവിതത്തിനാകെ മൈലേജ് കൂട്ടിയ ഇടങ്ങള്‍

1996 മുതല്‍ എന്റെ ജീവിതത്തില്‍ ഓരോ ജീസസ് യൂത്ത് കോണ്‍ഫറന്‍സുകളും വ്യത്യസ്തവും പുതുമയാര്‍ന്നതുമായ അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.ചുരുക്കം കോണ്‍ഫറന്‍സുകളില്‍ മാത്രം ഹാളില്‍ ഇരുന്ന് പങ്കെടുത്തപ്പോഴും മറ്റുള്ളവയില്‍ സംഘാടക സമിതികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചപ്പോഴും ജീവിതത്തില്‍ കൈവന്ന പുത്തനാവേശം ജീവിതയാത്രയ്ക്ക് എക്‌സ്ട്രാ ഗിയറുകള്‍ ഘടിപ്പിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. പുതിയ പരിചയങ്ങളുംബന്ധങ്ങളും നാനാതുറകളില്‍ നിന്നുളളവരുമായിനേരിട്ടിടപഴകിയതുമെല്ലാം കര്‍ത്താവിനൊപ്പം മുന്നേറ്റത്തിന്റെ ഭാഗമായി നിലകൊള്ളാന്‍ ഏറെ സഹായകമായി. മഹാജൂബിലി കോണ്‍ഫറന്‍സിലെ ലോക്കല്‍ അറേഞ്ച്‌മെന്റും പാവറട്ടി കോണ്‍ഫറന്‍സ് മുതലുള്ള
സി.സി.ടി.വി. സജ്ജീകരണങ്ങളും സൗത്ത് ഏഷ്യന്‍ കോണ്‍ഫറന്‍സിലെ ഡീസല്‍ ചുമടും ജൂബിലി കോണ്‍ഫറന്‍സിന്റെ അവസാന രാത്രിയില്‍ ഗ്രൗണ്ടിലെ വെള്ളം പമ്പുചെയ്തതും ഫെയ്ത്ത് കോണ്‍ഫറന്‍സിലെ വോളണ്ടിയേഴ്‌സ് കൂട്ടായ്മയുമെല്ലാം എന്നിലെ ജീസസ് യൂത്ത് തനിമയുടെ നാഴികക്കല്ലുകളായി. ആ ദിവസങ്ങളിലെ അധ്വാനത്തിന് സ്‌നേഹത്തില്‍ ധനികനായ നല്ല അപ്പന്‍ വരമ്പത്ത് കൂലിയും നല്‍കി എന്നത് അനുബന്ധ കഥ. ഇത്തവണത്തെ കോണ്‍ഫറന്‍സിന് ഞങ്ങളുടെ ജീവിതത്തില്‍ വലിയൊരു പ്രാധാന്യമുള്ളത് ഞാനും ടിന്റുവും മൂന്ന് മക്കളും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ ജീസസ് യൂത്ത് കോണ്‍ഫറന്‍സ് ആണ് എന്നതാണ്. കാത്തിരിക്കുന്നു ആഗസ്റ്റ് ആകാന്‍.

                                                                                                              അനീഷ് കെ തോമസ്, ഇടുക്കി

 

എന്നെ പൊളിച്ചടുക്കിയ ജീസസ് യൂത്ത് 85

എന്റെ ഡിഗ്രി പഠനത്തിന്റെ രണ്ടാം വര്‍ഷത്തിലായിരുന്നു ജീസസ് യൂത്ത് 85 കോണ്‍ഫറന്‍സില്‍പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. തലേവര്‍ഷംകോളേജില്‍ നടന്ന കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തതും കോളജ് പ്രാര്‍ഥനാ ഗ്രൂപ്പിലെ പങ്കാളിത്തവും കാഞ്ഞിരപ്പള്ളി സോണിലെ വണ്‍ ഡേ സെമിനാറുകളില്‍ പങ്കെടുത്തിരുന്നതുമാണ് എന്റെ മുന്‍ പരിചയം.

തേവര കോളജിന്റെ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ് ബാല്‍ക്കണിയുമൊക്കെ തിങ്ങി നിറഞ്ഞുള്ള ആ കാഴ്ചതന്നെ ആവേശകരമായിരുന്നു. വളരെ വ്യത്യസ്തവും, ആകര്‍ഷകവുമായ പ്രസംഗ, അവതരണ ശൈലികള്‍, വിവിധ തരത്തിലുള്ള വര്‍ക്ക്‌ഷോപ്പുകള്‍, മ്യൂസിക്, ടെസ്റ്റിമണി സെഷനുകള്‍, എക്‌സിബിഷന്‍, എന്നിങ്ങനെ സുവിശേഷ ചൈതന്യംനിറയ്ക്കുന്നതും, ആവേശം പകരുന്നതുമായിരുന്നു അവിടെ കണ്ടതും അനുഭവിച്ചതും എല്ലാം.

യേശുവിന്‍ യുവാക്കള്‍ നാം, എന്ന പാട്ടിന്റെ കോറസ്മുഴുവന്‍ ചെറുപ്പക്കാരും ഒന്നു ചേര്‍ന്ന് കൈകള്‍ വീശി പാടുന്നതൊക്കെ ഇപ്പോഴും മനസ്സില്‍ കാണാന്‍ പറ്റുന്ന കാഴ്ചകളാണ്. ‘കത്തെഴുത്ത് സുവിശേഷവത്കരണം’ എന്നൊരു ശില്പശാലയിലാണ് ഞാന്‍ പങ്കെടുത്തത്. കള്ളുഷാപ്പില്‍ ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരന്‍ കുടിക്കാന്‍ വന്നിരുന്നവരോട് സുവിശേഷം പറഞ്ഞതിന്റെ അനുഭവം ഓര്‍ക്കുന്നുണ്ട്.

കാഞ്ഞിരപ്പള്ളിക്കാരനായ എനിക്ക് കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ പുഞ്ചിരിക്കുന്ന മുഖങ്ങളും, മധുരിക്കുന്ന ഓര്‍മകളുമായി മാറ്റിയ ജീസസ് യൂത്ത് 85 കോണ്‍ഫറന്‍സ് എന്റെ ചിന്തകളെയും, വീക്ഷണങ്ങളെയും പൊളിച്ചടുക്കി എന്നതില്‍ സംശയമില്ല. 2018 കോണ്‍ഫ്രന്‍സ് അനേകായിരം ചെറുപ്പക്കാര്‍ക്ക് മനോഹരമായൊരു കൂട്ടായ്മയുടെയും വലിയ സാധ്യതകളിലേക്കുള്ള കണ്ണുതുറക്കലിന്റെയും സമയമായിരിക്കും.

                                                                                                           ഡോ.ചാക്കോച്ചന്‍ ഞാവള്ളില്‍

ജീസസ് യൂത്ത് കേരള കോണ്‍ഫറന്‍സ് 2018

2018-ലെ ഓണാവധി കേരളത്തിലെ ജീസസ് യൂത്ത് കുടുംബത്തിന് ആത്മീയ ആനന്ദത്തിന്റെ ആഘോഷവേളയാകും തീര്‍ച്ച. നാളിതുവരെ മുന്നേറ്റം ഉയര്‍ത്തിപ്പിടിച്ചിരുന്ന തനിമയും കൈമാറാന്‍ ശ്രമിച്ച ആത്മീയതയും കാണിച്ചു തന്ന ജീവിതമാതൃകയും പ്രാര്‍ഥനാശൈലിയും മുന്നേറ്റത്തിന്റെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയും സഭയുടെ കാഴ്ചപ്പാടില്‍ അഭിമാനിക്കാവുന്ന സ്ഥാനവും നല്കി. തലമുറകളിലൂടെ കൈമാറുന്ന ഈ സജീവ പ്രേഷിതയാത്രഅനേകം വ്യക്തികളെ യേശുവിലേയ്ക്ക് അടുപ്പിച്ചു. വളര്‍ച്ചയുടെ ഘട്ടത്തില്‍ മുന്നേറ്റത്തില്‍ പല മാറ്റങ്ങളും സംഭവിച്ചു. മിഷന്‍, ഫോര്‍മേഷന്‍, കമ്മിറ്റ്‌മെന്റ് ഡേ, സോണല്‍ കൗണ്‍സിലുകള്‍ ഇവയൊക്കെ അതില്‍ ചിലതാണ്. ഈ മാറ്റങ്ങള്‍ മുന്നേറ്റത്തിന്റെ മുഖത്തെ ആകെ മിനുക്കിയിട്ടുണ്ട്. പുതുതലമുറയ്ക്ക് ആ മാറ്റം മനസ്സിലാകുന്നതിലും വേഗം പത്തു വര്‍ഷത്തിലധികമായി മുന്നേറ്റത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഇത് മനസ്സിലാകുന്നുണ്ട്. മുന്നേറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളോരോന്നും അതിന്റെ ചൈതന്യത്തിനൊത്തവിധം പങ്കുവയ്ക്കാനും കൈമാറാനും ഇത്തരം വലിയ ഒത്തുചേരലുകള്‍ സഹായകമാകുന്നുണ്ട്. അത് നമ്മള്‍ അനുഭവിച്ചറിഞ്ഞതുമാണ്. ആ നിലയ്ക്ക് വരുംതലമുറയ്ക്ക് ഈ ഊര്‍ജം അതിന്റെ ശക്തി ഒട്ടും കുറയാതെ കൈമാറ്റം ചെയ്യുവാന്‍ നമുക്കുള്ള ദൗത്യം പ്രത്യേകം എടുത്തു പറയേണ്ടതില്ല. നടക്കാനിരിക്കുന്ന കോണ്‍ഫറന്‍സിന്റെ ലക്ഷ്യങ്ങളിലൊന്നും ഇതു തന്നെയാണ്.

മുന്നേറ്റത്തിന്റെ പൈതൃകവും തനിമയും ആഴത്തിലറിയാനും നമ്മില്‍ ഒളിഞ്ഞിരിക്കുന്ന നിധിയെ തിരിച്ചറിയാനും അവയെ വിവേകപൂര്‍വം കൈമാറ്റം ചെയ്യുന്നതിന് വേണ്ട ഉള്‍ക്കാഴ്ച ലഭിക്കാനും ജീസസ് യൂത്ത് കേരള കോണ്‍ഫറന്‍സ് 2018 (JYKC 2018) നിങ്ങളെ സഹായിക്കും തീര്‍ച്ച.

                                                                                അലന്റ് സി. മാനുവല്‍,                                                         കോണ്‍ഫറന്‍സ് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍    

 

Share This:

Check Also

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ …

Powered by themekiller.com watchanimeonline.co