Wednesday , 20 February 2019
Home / Cover Story / വല്യപ്പന്റെ മരണം

വല്യപ്പന്റെ മരണം

പ്രിയപ്പെട്ടവരേ, ഞങ്ങളുടെ വല്യപ്പന്‍ ലോനന്‍ ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ കര്‍ത്താവില്‍ നിദ്രപ്രാപിക്കുമെന്നാണ് പൊതുവേ ഡോക്ടര്‍മാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ സംസ്‌കാരത്തില്‍ കുടുംബസമേതം പങ്കെടുത്ത് ഞങ്ങളുടെ ദുഖത്തില്‍ പങ്കുചേരാന്‍ എല്ലാവരെയും ക്ഷണിക്കുകയാണ്. എന്നുമരിച്ചാലും മൃതദേഹം ഒരാഴ്ചയെങ്കിലും ഫ്രീസറില്‍ വയ്ക്കും. ഇതില്‍ രണ്ടുദിവസം ആശുപത്രിയിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടിലുമായിരിക്കും. വല്യപ്പനെ കാണാനായി വീട്ടില്‍വരുന്ന എല്ലാവര്‍ക്കും അടുത്ത വീടുകളില്‍ ബ്രേക്ക് ഫാസ്റ്റും ഉച്ചഭക്ഷണവും ഒരുക്കും. അടക്കിനോടു ചേര്‍ന്ന് രണ്ടുദിവസം ഫോട്ടോഷൂട്ട് ഉണ്ടാകും. എല്ലാവര്‍ക്കും മൃതദേഹത്തോടൊപ്പമുള്ള അവരവരുടെ ഫോട്ടോയുടെ പ്രിന്റ് അവിടെത്തന്നെ വിതരണം ചെയ്യും. സോഫ്റ്റ് കോപ്പി വേണ്ടവര്‍ ഇ-മെയില്‍ ഐ.ഡി. നല്‍കണം. തുടര്‍ന്ന് പരേതനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഓര്‍മകള്‍ മൈക്കിലൂടെ പറയാന്‍ അവസരമുണ്ടാകും. പരേതനെപ്പറ്റി തയാറാക്കിയ ഡോക്യുമെന്ററിയുടെ സ്‌ക്രീനിങ്ങും ഇടവേളകളില്‍ നടക്കും. മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോകാനായി ചില്ലിട്ട ആംബുലന്‍സ് തയാറാക്കുന്നുണ്ട്. പ്രധാനപോയിന്റുകളില്‍ നിറുത്തി പ്രദര്‍ശിപ്പിക്കും. അകമ്പടിയായി ബുള്ളറ്റുകളും കാറുകളുമുണ്ടണ്ടാകും. സംസ്‌കാരച്ചടങ്ങ് ഫേയ്‌സ്ബുക്കില്‍ ലൈവായിരിക്കും. ലോക്കല്‍ ചാനലുകളോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. വല്യപ്പന്റെ മുഖംമൂടാന്‍ മൂന്നുനിറത്തിലുള്ള പട്ടുതൂവാലകള്‍ ലഭ്യമാക്കും. ചടങ്ങുകളുടെ അവസാനം പാരിഷ്ഹാളിലെ ലഘുഭക്ഷണത്തിനും എല്ലാവരെയും ക്ഷണിക്കുകയാണ്.

കല്യാണങ്ങള്‍ക്കും മാമ്മോദീസയ്ക്കും പിറന്നാളിനുമൊക്കെയുള്ള ഇപ്പോഴത്തെ ആഘോഷങ്ങളുടെ ട്രെന്‍ഡ് കാണുമ്പോള്‍ ഇങ്ങനെയൊരു കത്തിന്റെ സാധ്യത അതിശയോക്തിയാണെന്നു വിചാരിക്കാനാകുന്നില്ല. കല്യാണം ഒരിക്കലല്ലേയുള്ളൂ, മാമ്മോദീസ ഇനിയില്ലല്ലോ, മൂന്നാം പിറന്നാളിന്റെ ഫീല്‍ നാലാംപിറന്നാളിനു കിട്ടുമോ എന്നൊക്കെ ചോദിച്ച് ലക്ഷങ്ങള്‍ പൊടിക്കുമ്പോള്‍ വല്യപ്പന്‍ ഒരിക്കലല്ലേ മരിക്കൂവെന്ന ചോദ്യവും ഇക്കാര്യത്തില്‍ പ്രസക്തമാണ്.

കോടീശ്വരന്മാരായ പ്രവാസികളും ബിസിനസ്സുകാരും ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ പലതും ചെയ്യും. അത് ഈ നാടിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നുണ്ടെന്നോര്‍ത്ത് ന്യായീകരിക്കാം. എന്നാലും സമൂഹത്തില്‍ ഭൂരിഭാഗവും വരുന്ന ഇടത്തരക്കാര്‍ ആഢംബരത്തിലേക്കിറങ്ങുന്നതാണ് ഭയാനകം. അവര്‍ക്കെന്തുകൊണ്ട് ആയിക്കൂടാ എന്ന സമത്വത്തിന്റെ ചിന്ത ഇവിടെ ഒരപകടമുണ്ടാക്കുന്നുണ്ട്. കൈയില്‍ കാശില്ലാത്തവര്‍ കടംവാങ്ങിച്ചുപോലും സംസ്‌കാരച്ചടങ്ങ് കളറാക്കേണ്ടിവരും. ഇല്ലാത്തകാശുണ്ടാക്കി വല്യപ്പനെ ഫ്രീസറില്‍ സൂക്ഷിക്കേണ്ടിവരും. ജീവിച്ചിരുന്നപ്പോള്‍ കണ്ടാല്‍ വഴിമാറിപ്പോയിരുന്നവരുടെപോലും മുന്നിലൂടെ ചില്ലുവണ്ടിയില്‍ കൊണ്ടുപോകേണ്ടിവരും. ഒരിക്കല്‍പോലും കാണാന്‍ താത്പര്യമില്ലെങ്കിലും ഫോട്ടോയും വീഡിയോയും ഒരുചടങ്ങുപോലെ എടുക്കേണ്ടിവരും. ഇങ്ങനെ മരിച്ചടക്കത്തിലും എല്ലാവരും ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക നീണ്ടുപോകും. ആര്‍ക്കും വേണ്ടെന്നുവയ്ക്കാന്‍ പറ്റാത്തവിധം ഇപ്പോള്‍തന്നെ എത്രകാര്യങ്ങള്‍ നമ്മുടെ ചടങ്ങുകളിലേക്ക് കടന്നുവന്നുവെന്ന് ഓര്‍മിക്കുക. ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ ക്രിയേറ്റിവിറ്റി മൂത്ത് ചെയ്യുന്ന കാര്യങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ നമ്മുടെ സോഷ്യല്‍ സ്റ്റാറ്റസ് ഇനി സമ്മതിക്കുമെന്നു തോന്നുന്നില്ല. മാമ്മോദീസ, വര്‍ഷംതോറുമുള്ള പിറന്നാളുകള്‍, ഗൃഹപ്രവേശം, ആദ്യകുര്‍ബാന, കല്യാണമുറപ്പിക്കല്‍, കല്യാണം. കേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ താങ്ങാനാവാത്തവിധം എണ്ണമറ്റ ആഘോഷങ്ങളാണ്. ഒടുവില്‍ മരണവും ആ പട്ടികയിലേക്കു കയറുന്നു. ലാളിത്യത്തിന്റെ ഭംഗി വത്തിക്കാനിലിരുന്നു പോപ്പിനു പറയാം. ഇവിടെ പാവം മലയാളികളുടെ അവസ്ഥ അദ്ദേഹം അറിയുന്നില്ലല്ലോ. മരണവുമായി ബന്ധപ്പെട്ട നല്ലൊരു തമാശ പ്രാഞ്ചിയേട്ടന്‍ എന്ന പടത്തില്‍ രഞ്ജിത്ത് പറയുന്നുണ്ട്. ഒരു നിമിഷം
പ്രാഞ്ചി സ്വപ്നം കാണുകയാണ്. സ്റ്റേറ്റിന്റെ സമ്പൂര്‍ണ ആദരവോടെ പത്മശ്രീ പ്രാഞ്ചിയേട്ടന്റെ സംസ്‌കാരം നടക്കുന്നു. അയാളുടെ കമന്റാണ് ക്ലാസ്സിക്. ‘എന്റെ ശവാടക്ക്, അതൊരു കളറു പരിപാടിയായിരിക്കും മേനനെ…’ ശവാടക്ക് കളറാക്കാന്‍ കൊതിക്കുന്ന പ്രാഞ്ചിയേട്ടന്മാര്‍ക്കും മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും കൂപ്പുകൈയോടെ നിറുത്തട്ടെ.

ജെ. നവീന്‍

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co