Wednesday , 21 November 2018
Home / Anubhavam / തീരുമാനമെടുക്കുവാന്‍

തീരുമാനമെടുക്കുവാന്‍

കുറച്ചു നാളുകള്‍ക്ക് മുമ്പ് എനിക്കൊരുതീരുമാനം എടുക്കേണ്ടതായ സാഹചര്യം വന്നു. നിലവില്‍ താമസിക്കുന്ന ഹോസ്റ്റലില്‍നിന്നും മാറണമോ വേണ്ടയോ എന്നതായിരുന്നു തീരുമാനം. സത്യത്തില്‍ നേരിയ ഒരു വെല്ലുവിളി അതിലുണ്ടായിരുന്നു. നിലവിലുള്ളതു അത്യാവശ്യം സൗകര്യമുളള ഇടം തന്നെ. പക്ഷേ, മാറേണ്ടതായ സാഹചര്യവും. ഏതായാലും താമസം മാറിയേക്കാം എന്ന നിലപാടില്‍ മറ്റൊരിടം അന്വേഷണം തുടങ്ങി. കുറച്ചു അന്വേഷിച്ചിട്ടും നടപടിയില്ല. ഒരെണ്ണം പോലും ശരിയാകുന്നില്ല. ഊര്‍ജിതമായി അന്വേഷണം മുന്‍പോട്ടു പോയപ്പോള്‍ ഏകദേശമൊന്നു ഒത്തുവന്നു. പക്ഷേ അതുറപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ല. അന്നേരം ഒരു ജ്യേഷ്ഠ സഹോദരനില്‍ നിന്നും ഞാനൊരു ഉപദേശം തേടി. ഇത്തരം സാഹചര്യങ്ങളില്‍ ദൈവഹിതം ആരായുന്നത് നന്നായിരിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

എന്റെ ദൈവമേ എനിക്കൊരു തീരുമാനമെടുക്കുവാന്‍ സാധിക്കുന്നില്ലല്ലോ, അങ്ങ് തന്നെ എന്നോട് സംസാരിക്കണമേ എന്ന ഗദ്ഗദമായിരുന്നു ആ ഉപദേശത്തിന്റെ കാതല്‍. അതിനായി ഒട്ടും ലോജിക് ഇല്ലാത്ത ഒരുകാര്യം വച്ചുതന്നെ ഗദ്ഗദത്തെ ഡീകോഡ് ചെയ്‌തെടുക്കുവാന്‍ തീരുമാനിച്ചു.

അന്ന് രാത്രി ഉറങ്ങാന്‍ പോകും മുമ്പ് പ്ലാന്‍ സെറ്റ്ചെയ്തു. ‘ദൈവമേ ഞാന്‍ ഇതാ അങ്ങയോടു ചേര്‍ന്ന് ഉറങ്ങുകയാണ്. നാളെ രാവിലെ 5 മണിക്ക് മുന്‍പ്ഞാന്‍ സ്വയമേ ഉണരുകയാണ് എങ്കില്‍ പുതിയ റൂമിലേയ്ക്ക് മാറണമെന്നും പകരം, രാവിലെ 5 മണിക്ക് ശേഷമാണ് കണ്ണു തുറക്കുകയെങ്കില്‍ റൂം മാറേണ്ടതില്ല എന്നുമാണ് അങ്ങയുടെ ഹിതം എന്ന് ഞാന്‍ മനസ്സില്‍ കരാറിലെത്തുന്നു. ഉചിതമായി എന്നെ വിളിച്ചുണര്‍ത്തുക!

അങ്ങനെ ഞാന്‍ അന്ന് രാത്രി സുഖമായി കിടന്നുറങ്ങി. രാവിലെ പതിവില്ലാത്തെ സ്വയമേ ഞാന്‍ കണ്ണു തുറന്നു. സമയം നോക്കുമ്പോള്‍ കൃത്യം 4:59! എന്റെ കര്‍ത്താവെ ഇതെന്താപ്പോ അങ്ങയുടെ തീരുമാനം. ഇപ്പോള്‍ മാറണമെന്നാണോ? മാറേണ്ടെന്നാണോ? ഒരു ഞാണിന്മേല്‍ നിര്‍ത്തിയല്ലോ അങ്ങ്!

കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കും മുമ്പ് തന്നെ അതു വിവേചിച്ചറിയുവാന്‍ എനിക്ക് സാധിച്ചു. ‘ഞാന്‍ മാറണമെന്ന് തന്നെയാണ് ദൈവതീരുമാനം. പക്ഷേ, കുറച്ചുകൂടി കാത്തിരിക്കുക.! യെസ്. ഞാനതു അംഗീകരിച്ചു.

കൃത്യം ഒരു മാസത്തിനു ശേഷം മറ്റൊരു റൂം തരപ്പെടുകയും ഞാന്‍ ധൈര്യമായി താമസം മാറുകയും ചെയ്തു. ഇന്ന് 8 മാസങ്ങള്‍ക്കു ശേഷം ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആ തീരുമാനം വളരെ ശരിയായിരുന്നുവെന്നും ദൈവതീരുമാനം തന്നെയായിരുന്നു അതെന്നും എനിക്ക് ഉറപ്പിക്കുവാന്‍ സാധിക്കുന്നു.

ഈ അനുഭവം എനിക്കുതന്ന ഉള്‍ക്കാഴ്ച വലുതാണ്. പലപ്പോഴും ശരിയേത് തെറ്റേത് എന്നും എന്റെ തീരുമാനം ശരിയാകുമോ ഇല്ലയോ എന്നും നമ്മുടെ തീരുമാനങ്ങളെക്കുറിച്ച് ആശങ്കയുണ്ടാകാം. അങ്ങനെയൊന്നു പലപ്പോഴും നമ്മെ അലട്ടുന്നുണ്ടെങ്കില്‍ ഒരു കാര്യം മറക്കാതിരിക്കുക. നമ്മുടെ സ്വര്‍ഗസ്ഥനായ പിതാവിനോട് ചോദിച്ചു തീരുമാനമെടുക്കുവാന്‍!

ഒരപ്പന്‍ തന്റെ മക്കള്‍ക്ക് സുപ്രധാനമായ ഒരു തീരുമാനത്തിന് സഹായിക്കുന്നതിലും സ്‌നേഹത്തോടെ, അതിന്റെ പതിന്മടങ്ങു കരുതലോടെ അവിടന്ന് നമ്മുടെ കൂടെ നില്‍ക്കുകതന്നെ ചെയ്യും.

                                                                                                                                                           അഗസ്റ്റിന്‍ കോടനാട്

Share This:

Check Also

LOVE STORIES

ഒരു കഥ പറയാം. കഥയല്ല, കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഒരു സുഹൃത്ത് പറഞ്ഞ അനുഭവമാണ്. അത് അയാളുടെ ജീവിതവും ആയിരുന്നു എന്നതാണ് …

Powered by themekiller.com watchanimeonline.co