Wednesday , 20 February 2019
Home / Cover Story / വീട്ടിലേക്കുള്ള വഴി

വീട്ടിലേക്കുള്ള വഴി

ഒരു ശ്മശാനം ഉണ്ടായിരുന്നു. രാത്രിയില്‍ അധികമാരും തനിച്ച് ആ വഴിയൊന്നും യാത്ര ചെയ്യാന്‍ ധൈര്യം കാണിക്കാറുമില്ല. എന്നിട്ടും ഒരു കൊച്ചു പെണ്‍കുട്ടി അതിലെ തനിയെ ഒരു കൂസലും കൂടാതെ ഇടയ്ക്കിടെ പോകുന്ന കണ്ടിട്ടാണ് ആ വൃദ്ധന്‍ ചോദിച്ചത് ”പേടിയില്ലേ കുഞ്ഞേ, തനിച്ചിങ്ങനെ ഇരുട്ടു വീണ ആ വിജനതയിലൂടെപോകാന്‍…”പുഞ്ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു: ”നോക്കൂ… ഈ സിമിത്തേരിക്കപ്പുറത്താണ് എന്റെ വീട്. നോക്കൂ… ആ കാണുന്ന ഇത്തിരി വെട്ടത്തിലേക്ക്, റാന്തല്‍ വിളക്കുമായി ഞാന്‍ വരുന്നതും നോക്കി കാത്തു നില്‍ക്കുകയാണ് എന്റെ പിതാവ്, പിന്നെ ഞാനെന്തിന് ഭയപ്പെടണം…”

വഴിയില്‍ കൂരിരുള്‍ പരക്കുമ്പോഴും, ഏവരും ഭയക്കുന്ന ആ ശ്മശാനത്തിനു കുറുകെ കടക്കാന്‍ അവള്‍ക്ക് ഭയമില്ലായിരുന്നു. കാരണം പടിവാതിലില്‍ കാവലായി, തന്നെ കാത്തു നില്‍ക്കുന്ന ഒരാളുണ്ട്, തന്റെ സ്‌നേഹം നിറഞ്ഞ പിതാവ്. എന്തിനാണ് ആ
നസറായനായ ചെറുപ്പക്കാരന്‍ ”എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തുനിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും” (യോഹ 14:23), ഇങ്ങനെയൊക്കെ പറഞ്ഞു വച്ചത്.

സങ്കീര്‍ത്തനങ്ങളില്‍ ദാവീദിങ്ങനെ ഏറ്റു പറയുന്നുണ്ട് ”ഞാന്‍ അങ്ങേയ്ക്ക് അല്‍പനേരത്തേക്കുമാത്രമുള്ള അതിഥിയാണ്; എന്റെ പിതാക്കന്മാരെപ്പോലെ
ഞാനും ഒരു പരദേശിയാണ്” (സങ്കീ 39:12). ഒരു പക്ഷേ, മനുഷ്യന്‍ ദൈവത്തിന്റെ അതിഥിയാണ് എന്ന് ലോകത്തെ പഠിപ്പിക്കുന്ന ഏക ഗ്രന്ഥം വി. ബൈബിളാകും. ശരിയാണ്, ദൈവം എത്ര നല്ല ആതിഥേയനാണ്, പ്രപഞ്ചത്തെ നല്ലവണ്ണം ഒരുക്കിയിട്ടാണ് അവിടന്ന് മനുഷ്യനെ ജീവനിലേക്ക് വിളിച്ചുണര്‍ത്തുന്നത്, ഓര്‍മയില്ലേ ഉത്പത്തി
പുസ്തകത്തിലെ ആദ്യ അധ്യായങ്ങള്‍. ഓരോരുത്തരും അവസാനം കൊടുക്കേണ്ടി വരുന്ന കണക്ക് ഈ അതിഥിമന്ദിരത്തിലെ അവനവന്റെ വാസകാലത്തെ സംബന്ധിച്ചാണ്. മോശയോട് ചവിട്ടി നില്‍ക്കുന്നിടം പരിശുദ്ധമാണ് പാദരക്ഷ അഴിച്ചു മാറ്റുക എന്നായിരുന്നു നിര്‍ദേശമെങ്കില്‍, (പുറ 3) മറിയത്തോട് ഗുരുപാദങ്ങളില്‍ ധ്യാനലീനമായിരിക്കാനും, (ലൂക്കാ 10:42) പത്രോസിനോട് വള്ളവും വലയും സ്വന്തമായി കണക്കാക്കാതെ (മര്‍ക്കോ 1:17) അനുഗമിക്കാനുമായിരുന്നു നിര്‍ദേശങ്ങള്‍. അല്‍പകാലത്തെ ആതിഥ്യത്തിനു ശേഷം മടങ്ങണം എല്ലാവരും. അതിഥിമന്ദിരങ്ങള്‍ സ്ഥിരവാസത്തിനു യോഗ്യമല്ലല്ലോ. നിത്യവാസത്തിനു പിതാവിന്റെ ഭവനത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട വാസസ്ഥലങ്ങള്‍ ഒരുക്കുമെന്നതാണ് വാഗ്ദാനം.

ഇനി ചില മനുഷ്യര്‍ ഈ ലോകത്തോടു വിട പറയുന്ന രംഗം വെറുതെ നിരീക്ഷിക്കുമ്പോള്‍ ചില തിരിച്ചറിവുകള്‍ നമുക്ക് ലഭിച്ചേക്കാം. ഈയടുത്ത് സംഭവിച്ച രണ്ടു പ്രശസ്തവ്യക്തികളുടെ വേര്‍പാടുകള്‍ ധ്യാനിക്കാം. ഒരാള്‍ പ്രശസ്തയായിരുന്ന അഭിനേത്രി, ലേഡി സൂപ്പര്‍ സ്റ്റാറെന്നറിയപ്പെടുന്ന അവരുടെ മരണം ആരാധകവൃന്ദത്തെ ദു:ഖത്തിലാഴ്ത്തി. മരണത്തെ ചുറ്റിപ്പറ്റി പിന്നീട് ഒരുപാട് ദുരൂഹതകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. മോര്‍ച്ചറിയില്‍ ചില ദിവസങ്ങള്‍ അവരുടെ മൃതദേഹം സൂക്ഷിക്കപ്പെട്ടു, ഒരു പ്രശസ്ത മലയാള പത്രം എഴുതിയത് ഇങ്ങനെയായിരുന്നു. ”ആരവങ്ങളില്ല…, ആരാധകരില്ല…, ആടയാഭരണങ്ങളില്ല… ശീതീകരിച്ച ശവമഞ്ചത്തില്‍ അനാഥയായി കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തീര്‍ത്തും തനിച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍” പ്രശസ്തിയും, സൗന്ദര്യവുമൊന്നും ശാശ്വതമല്ല, ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പിരിഞ്ഞാല്‍ മനുഷ്യന്‍ വെറും ജഡം മാത്രം.

മറ്റൊരു വേര്‍പാട് ആ ദിവസങ്ങളില്‍ ഹൃദയത്തെസ്പര്‍ശിച്ചു. പ്രശസ്ത സുവിശേഷകന്‍ ബില്ലിഗ്രഹാമിന്റെ നൂറാം വയസ്സിലെ വേര്‍പാട്. 180 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് 200 മില്ല്യന്‍ ജനങ്ങളോട് സുവിശേഷം അറിയിച്ച വ്യക്തി എന്നാണ് അറിയപ്പെടുന്നത്. ഒരുപാട് അമേരിക്കന്‍ പ്രസിഡന്റുമാരുടെ സുഹൃത്തും വഴികാട്ടിയുമായ ഒരാളായിരുന്നു ബില്ലിഗ്രഹാം. ഒരുപക്ഷേ, ഇത്രയധികം മനുഷ്യരോട് സുവിശേഷം പ്രസംഗിക്കാന്‍ മറ്റൊരു വ്യക്തിക്ക് ഗ്രഹാമിനെപ്പോലെ സാധിക്കുമോ എന്നതും സംശയമാണ്. ബില്ലി ഗ്രഹാമിന്റെ മകന്‍ ഫ്രാങ്ക്‌ളിന്‍ ഗ്രഹാമിനോട് പിതാവിനെ അനുസ്മരിക്കാന്‍ ഒരു ടി.വി ചാനല്‍ ആവശ്യപ്പെട്ടു അദ്ദേഹം പങ്കുവച്ചത് ദു:ഖത്തിന്റെ വാക്കുകളായിരുന്നില്ല. പ്രത്യാശയുടേയും, വിശ്വാസത്തിന്റേയും ഏറ്റുപറച്ചില്‍! ”ഞങ്ങള്‍ ദൈവത്തിന് നന്ദി പറഞ്ഞ് കര്‍ത്താവില്‍ ആനന്ദിക്കുന്നു. കാരണം എന്റെ പിതാവിന്റെ ഭൂമിയിലെ കഷ്ടതകള്‍ അവസാനിച്ചു. അദ്ദേഹം തന്റെ ജീവിതകാലം മുഴുവനും മനുഷ്യരോട് സ്വര്‍ഗത്തെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. അനേക പുസ്തകങ്ങള്‍ സ്വര്‍ഗത്തെ കുറിച്ച് എഴുതി, അനേകരെ സ്വര്‍ഗീയ പാതയിലൂടെ നയിച്ചു, ഇപ്പോള്‍ ഞങ്ങള്‍ക്കുറപ്പാണ് അദ്ദേഹം സ്വര്‍ഗത്തില്‍ ആനന്ദം ”.

എവിടെയോ വായിച്ചിട്ടുണ്ട് പ്രശസ്ത വിപ്ലവകാരിയും, നിരീശ്വര ചിന്തകനുമായ ഒരാളുടെ മരണ നേരത്ത് അയാളെ പരിചരിച്ചിരുന്ന നഴ്‌സ് പിന്നീട് പറഞ്ഞുവത്രേ: ”യൂറോപ്പിലുള്ള മുഴുവന്‍ സമ്പത്ത് തരാമെന്ന് പറഞ്ഞാലും ഇനിയും ഇത്തരമൊരാളെ പരിചരിക്കാന്‍ ഞാന്‍ തയ്യാറാവില്ല” അത്രയ്ക്ക് ഭീകരവും, ദൈന്യത നിറഞ്ഞതുമായിരുന്നു ആ മനുഷ്യന്റെ അന്ത്യനിമിഷങ്ങള്‍.

ഇനി മറ്റൊരാളുടെ മരണസമയം നിറഞ്ഞ സ്വാതന്ത്ര്യത്തോടെ അയാള്‍ ശാന്തമായി പറയുന്നു: ”സോദരി മരണമേ സ്വാഗതം”. പേര് അസ്സീസിയിലെ വി. ഫ്രാന്‍സിസ്. ഈയടുത്ത് വിരമിച്ച പോപ്പ് ബനഡിക്റ്റ് പതിനാറാമന്റെ മെലിഞ്ഞു ദുര്‍ബലമായ ഒരു ചിത്രവും ഒപ്പം ”ഞാനെന്റെ പിതാവിന്റെ വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണ്”എന്ന മട്ടിലുള്ള ഒരു പ്രസ്താവനയും കാണാനിടയായി. ഉള്ളില്‍ മരണത്തിനപ്പുറത്തേക്കുള്ള വെളിച്ചം കിട്ടിയ ഒരാള്‍ക്ക് മാത്രം പറയാന്‍ കഴിയുന്ന വാക്കുകളാണിവ.

നോബല്‍ സമ്മാനം നേടിയ വിശ്രുത കവി ടാഗോറിന്റെ ഗീതാഞ്ജലിയുടെ അവസാന അധ്യായങ്ങള്‍ മുഴുവനും പ്രത്യാശയോടെ യാത്രയ്‌ക്കൊരുങ്ങുന്ന ഒരാളുടെ യാത്രാമൊഴികളാണ്. ചില വരികള്‍ എത്രയോ ആഴമുള്ള മൃത്യു ധ്യാനഗീതങ്ങളാണ് ”പിരിയുന്ന ഈ വേളയില്‍ സ്‌നേഹിതരേ, എനിക്ക് ഭാവുകം നേരുക. ആകാശം ഉദയകാന്തിയില്‍ കുളിച്ചു നില്‍ക്കുന്നു. പാതയിതാ മനോജ്ഞമായി മുന്നില്‍ നീളുന്നു”. മറ്റൊന്ന് നോക്കൂ… ”എന്റെ ജന്മമാകെ അങ്ങേയ്ക്കുള്ള ഒരൊറ്റ പ്രണാമത്തില്‍ അതിന്റെ നിത്യഗേഹം തേടി യാത്രയാകട്ടെ…” പ്രത്യാശനിറഞ്ഞ വിടവാങ്ങലാണിത്.

എല്ലാ വിശ്വാസ സംഹിതകളും മരണത്തിനു മുമ്പില്‍ എല്ലാം അവസാനിപ്പിച്ച് നിസ്സഹായമായി നില്‍ക്കുമ്പോള്‍, അതിനപ്പുറത്തെ ലോകത്തിന്റെ രഹസ്യമുദ്രയും പേറി, തന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും എന്ന വാഗ്ദാനവുമായി മരിച്ചുയിര്‍ത്ത മിശിഹാ അനന്യനാവുന്നു. ചില മരണങ്ങള്‍ അവസാനമല്ല, പലരുടെയും ഉയിര്‍പ്പിന് കാരണമാണത്. മരണമേ നിന്റെ ദംശനമെവിടെ എന്ന് വി.പൗലോസ് സധൈര്യം ചോദ്യമുയര്‍ത്തുന്നത് മരണത്തിനപ്പുറത്തേക്ക് ഒരു കിളിവാതില്‍ തുറന്ന് ഒരു റാന്തല്‍ വിളക്കുമായി തന്നെ കാത്ത് നില്‍ക്കുന്ന ഒരാളുടെ മുഖദര്‍ശനം ദമാസ്‌ക്കസിലേക്കുള്ള വഴിയില്‍ ലഭിച്ചപ്പോഴാണ്. ചേര്‍ത്ത് വായിക്കാം ഈ തിരുവചനം. ”ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്” (1 കോറി 15:19).

ബൈബിളിനു ശേഷം ഇന്നലെകളില്‍ വിശ്വാസികള്‍ ചേര്‍ത്തു പിടിച്ച ക്രിസ്താനുകരണ പുസ്തകം ഓര്‍മപ്പെടുത്തുന്നു: ”മരണം ഭയങ്കരമാണെങ്കില്‍ ദീര്‍ഘായുസ്സ് അതിലേറെ വിപത്ക്കരമാണ്. ദീര്‍ഘായുസ്സ് എല്ലായ്‌പ്പോഴും ജീവിതത്തെ നന്നാക്കുന്നില്ല; പലപ്പോഴും പാപം വര്‍ധിപ്പിക്കുന്നതേയുള്ളൂ. മരണത്തില്‍ നിനക്കുണ്ടാകണമെന്ന് നീ ആഗ്രഹിക്കുന്ന വിശുദ്ധിയില്‍ എല്ലാ ദിവസവും നീ ജീവിക്കുക (ക്രിസ്താനു കരണം ഒന്നാം പുസ്തകം).

ഒരുക്കമുള്ള ഒരു ഹൃദയത്തോടെ ജീവിക്കണം എന്നു ചുരുക്കം. വീട്ടിലേക്കുള്ള വഴിയിലാണ് നാമോരോരുത്തരും. ധ്യാനിക്കണം,കാത്തുനില്‍ക്കുന്ന പിതാവിനെയും ആ കരങ്ങളിലെ ഇത്തിരിവെട്ടത്തെയും.

 

ശശി ഇമ്മാനുവല്‍

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co