Wednesday , 21 November 2018
Home / Editorial / അതിശയിപ്പിക്കുന്ന യുവജനങ്ങള്‍

അതിശയിപ്പിക്കുന്ന യുവജനങ്ങള്‍

രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയാതിരിക്കുന്നതാണ് നാട്ടിലെ ഫാഷന്‍. ആശയപരമായിയോജിപ്പുള്ളവരും അല്ലാത്തവരുമായ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരെക്കുറിച്ച് എനിക്ക് വലിയബഹുമാനമുണ്ട്. ആദര്‍ശവും, അധികാരവും അംഗീകാരവും ഉള്‍പ്പെടെ പലവിധ ലക്ഷ്യങ്ങളാവാം അവരെ പ്രചോദിപ്പിക്കുന്നതെങ്കിലും തങ്ങളുടെ ലക്ഷ്യം നേടാനുള്ള കഠിനാദ്ധ്വാനവും, വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളും കണ്ട് പഠിക്കേണ്ടവയാണ്. വാര്‍ദ്ധക്യം എന്നതൊന്നും അവര്‍ക്കൊരു പ്രശ്‌നമേയല്ല. 24 മണിക്കൂറും പ്രവര്‍ത്തന നിരതരാകാനും അവര്‍ക്കു മടിയില്ല. എതിരാളികള്‍ നേട്ടമുണ്ടാക്കാതിരിക്കാനാണെങ്കിലും ദിവസം മുഴുവനും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണവര്‍. നന്മയ്ക്കായി പ്രവര്‍ത്തിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് സമര്‍പ്പിതരായ രാഷ്ട്രീയക്കാരില്‍ നിന്ന് പലതും പഠിക്കാനുണ്ട്.

എറണാകുളത്തെ തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ തലശ്ശേരി രൂപതക്കാരനായ ഇംഗ്ലീഷ് അധ്യാപകന്‍ ജോസഫ് കുമ്പുക്കല്‍ അച്ചന്റെ (സാബു അച്ചന്‍ എന്ന് വിളിപ്പേര്. ഡിസംബര്‍ മാസത്തെ കെയ്‌റോസില്‍ അച്ചന്റെ വിശേഷങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു) തോല്‍ക്കാനല്ല ജീവിതം എന്ന പുസ്തകം വായിച്ചു. 20 ലഘു ജീവിത ചരിത്രക്കുറിപ്പുകള്‍. പരാജയങ്ങളെയും വൈകല്യങ്ങളെയുംവിജയങ്ങളാക്കി മാറ്റിയവരുടെ അത്ഭുത കഥകള്‍. വളരെയേറെ ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ജീവിതത്തിലേയ്ക്ക് ഉയിര്‍ത്തെണീറ്റ, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായവരുടെ പ്രചോദനം പകരുന്ന അനുഭവ കഥകള്‍. അവരോരോരുത്തരും ജീവിതത്തിന്റെ വിജയവഴികളില്‍ എത്തിച്ചേരുന്നതിനായി എടുത്ത തീരുമാനവും, വിജയം ഉറപ്പാക്കുന്നതിനായി നടത്തിയ കഠിന പരിശ്രമവും ഏവര്‍ക്കും പ്രചോദനം പകരും. ദൈവരാജ്യ നിര്‍മിതിക്കായി പരിശ്രമിച്ച്, ‘ക്ഷീണിച്ചു’ ‘മതി’ ‘ഇനി വയ്യ’ ‘ഇത്രയുമൊക്കെ ധാരാളം’ എന്നൊക്കെ ചിന്തിച്ചും വിഷമിച്ചും കഴിയുന്നവരൊക്കെ വായിച്ചാല്‍, കഠിനമായി പരിശ്രമിക്കാന്‍ ഇനിയും വഴികളുണ്ട് എന്ന് തിരിച്ചറിയാന്‍ സഹായകരമാകും.

ഇന്നത്തെക്കാലത്തെ ചെറുപ്പക്കാരുടെ ഇടയില്‍ ദൈവരാജ്യ തീക്ഷ്ണതയും, അതിനുള്ള സമര്‍പ്പണവും കുറവാണോ? ചുറ്റും കാണുന്ന ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നത് മറിച്ചാണ്. അഞ്ചു സഹോദരന്മാര്‍ക്ക് ഏക സഹോദരനായിരുന്നു ആ ചെറുപ്പക്കാരന്‍. ഡിഗ്രി പഠനം കഴിഞ്ഞയുടന്‍ തന്നെ വീട്ടുകാര്യങ്ങളുടെ ഉത്തരവാദിത്വം എടുക്കേണ്ടിവന്നു. അനേകം വര്‍ഷങ്ങള്‍നീണ്ട ക്ഷമാപൂര്‍ണമായ അദ്ധ്വാനത്തിന്റെയും കാത്തിരിപ്പിന്റെയും ഒടുവില്‍ എല്ലാ സഹോദരിമാരുടെയും ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റി, മാതാപിതാക്കന്മാരെയും ശുശ്രൂഷിച്ച്, കുടുംബസമേതം സന്തുഷ്ടനായി കഴിയുന്നു. ദൈവരാജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമയവും കഴിവും പണവും മാറ്റിവയ്ക്കുന്നതില്‍ അന്നും ഇന്നും ഒരു വ്യത്യാസവുമില്ല.

പകല്‍ ജോലിയും രാത്രി സുവിശേഷ പ്രവര്‍ത്തനങ്ങളുമായി നാടുചുറ്റുന്ന, കൗമാരക്കാര്‍ക്കും, യുവജനങ്ങള്‍ക്കും ചേട്ടനും ചേച്ചിയും കൂട്ടുകാരനും എന്നിങ്ങനെ വിവിധ റോളുകളില്‍ നല്ല സമറായരാകുന്ന നൂറു കണക്കിന് ചെറുപ്പക്കാരെ ചുറ്റും കാണാനുണ്ട്. പ്രതീക്ഷ പകരുന്ന, പ്രതിബദ്ധതയുള്ള, ദൈവരാജ്യത്തിനായി നഷ്ടപ്പെടാനും, ‘അഴിഞ്ഞ് ഇല്ലാതാകുന്ന ഗോതമ്പ് മണിയാകാനും’ തയ്യാറുള്ള ചെറുപ്പക്കാരുടെ വലിയ സമൂഹം നമ്മുടെ ചുറ്റുമുള്ളത് ആശ്വാസകരം തന്നെ. 

സ്‌നേഹപൂര്‍വം,

ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍

kairosmag@gmail.com

Share This:

Check Also

വരൂ, നമുക്ക് ചിരിക്കാം

വരൂ, നമുക്ക് ചിരിക്കാംഅടുത്തയിടെ കണ്ട ഒരു പോസ്റ്ററിലെ വാക്യങ്ങള്‍ രസകരവും ചിന്തോദ്ദീപകവുമായിരുന്നു. ‘വെള്ളിയാഴ്ചയാകാന്‍ കാത്തിരിക്കുന്നത് അവസാനിപ്പിക്കൂ, വേനല്ക്കാലമെത്താനും കാത്തിരിക്കേണ്ട, മറ്റാരെങ്കിലും …

Powered by themekiller.com watchanimeonline.co