Wednesday , 20 February 2019
Home / Articles / സ്വന്തം പിതാവ്‌

സ്വന്തം പിതാവ്‌

‘ഇത്ര ചെറുതാകാനെത്രെ വളരേണം? ഇത്ര സ്‌നേഹിക്കാനെന്തു വേണം?” പത്തുവര്‍ഷം മുന്‍പ് ജീസസ്‌യൂത്ത് ഇന്റര്‍നാഷണല്‍ ന്യൂസ്‌ലെറ്ററിലെ ‘ഹാര്‍ട്ട് ടോക്കി’ല്‍ ആദ്യമായി ആര്‍ച്ച് ബിഷപ്പ് അബ്രഹാം വിരുതകുളങ്ങരയെക്കുറിച്ച് ഞാനിങ്ങനെയാണ് എഴുതിയത്. നാഗ്പൂരില്‍ പിതാവിനെ സന്ദര്‍ശിച്ചു മടങ്ങുമ്പോഴെല്ലാം സ്വയം ചോദിക്കാറുണ്ടായിരുന്നതും ഇതു തന്നെയാണ്. ദിവ്യകാരുണ്യഈശോയെ സൂചിപ്പിക്കുന്ന അതേ വരികളാല്‍ അവിടുത്തെ അരുമശിഷ്യനായ വിരുതകുളങ്ങരപ്പിതാവിനെ വിശേഷിപ്പിക്കുന്നത് ഒട്ടും അനുചിതമായി എനിക്കു തോന്നിയില്ല.

പിതാവിന്റെ മെത്രാഭിഷിക്ത റൂബി ജൂബിലി ആഘോഷങ്ങള്‍ 2017 ജൂലൈയിലാണ് നടന്നത്. മെത്രാന്‍ പദവിയില്‍ നീണ്ട നാല്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ ഭാരതീയനായിരുന്നു അദ്ദേഹം; ആഗോള കത്തോലിക്കാ സഭയില്‍ പോലും അപൂര്‍വം ചിലര്‍ക്കു മാത്രം ലഭിക്കുന്ന സുവര്‍ണാവസരം. വെറും മുപ്പത്തിനാലാം വയസ്സിലാണ് കാണ്ട്വ രൂപതയുടെ മെത്രാനായി അദ്ദേഹം അഭിഷിക്തനായത്. ഇരുപത്തൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം നാഗ്പൂര്‍ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെടുകയും പിന്നീടുള്ള രണ്ടുപതിറ്റാണ്ടു കാലം അവിടെ സേവന നിരതനാവുകയും ചെയ്തു.

സ്വസ്ഥം, ശാന്തം ഈ മടക്കയാത്ര

കഴിഞ്ഞ ഏപ്രില്‍ 19 വ്യാഴാഴ്ച പുലര്‍ച്ചയ്ക്ക് തികച്ചും അപ്രതീക്ഷിതമായാണ് അഭിവന്ദ്യ പിതാവിന്റെ വിയോഗവാര്‍ത്തയെത്തിയത്. തലേരാത്രി നമുക്കേവര്‍ക്കും സാധാരണ വിശ്രമത്തിന്റെ മണിക്കൂറുകളായിരുന്നെങ്കിലും പിതാവിന് അങ്ങനെയായിരുന്നില്ല. തിരക്കേറിയതും തീക്ഷ്ണവുമായിരുന്ന ശുശ്രൂഷാജീവിതത്തിന്റെ മൂര്‍ധന്യത്തില്‍ സ്വര്‍ഗ്ഗീയ യജമാനന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്ന രാവായിരുന്നു അത്. അദ്ദേഹം തന്റെ ഹൃദയനാഥനെ സന്തോഷത്തോടെ സ്വീകരിക്കുകയും അല്പനേരം പോലും കാക്കാതെ തന്റെ നിത്യഭവനത്തിലേയ്ക്ക് മടങ്ങുകയും ചെയ്തു. ശക്തമായ ഹൃദയാഘാതത്തെ തുടര്‍ന്ന് പതിനാലുവര്‍ഷങ്ങള്‍ക്കു മുമ്പ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നെങ്കിലും ക്രിയാത്മകവും ഊര്‍ജ്ജസ്വലവുമായ പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ അദ്ദേഹം മിക്കപ്പോഴും നമ്മില്‍ പലരെയുംകാള്‍ മുമ്പിലായിരുന്നു. ”ഞാനൊരു ഹൃദയമില്ലാത്തവനാണെന്ന് നിങ്ങളിനി കരുതില്ലല്ലോ”യെന്ന് ശസ്ത്രക്രിയയ്ക്കു ശേഷം കൂടെക്കൂടെ പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറയാറുണ്ടായിരുന്നു. ഇതേ രസികത്വം നിറഞ്ഞ ശൈലിയിലാണ് ജീവിതത്തിലെ കഠിന പരീക്ഷണങ്ങളെപ്പോലും പിതാവ് നേരിട്ടത്. അദ്ദേഹത്തിന്റെ വിയോഗം വളരെപ്പെട്ടന്നുള്ളതാണെന്നു നമുക്കേവര്‍ക്കും തോന്നുമെങ്കിലും ഒരു കാര്യം എനിക്കുറപ്പാണ്. തന്റെ യജമാനനെ ഏതു നിമിഷത്തിലും സ്വീകരിക്കാനുള്ള ഒരുക്കം അദ്ദേഹത്തിനുണ്ടായിരുന്നു; വിവേകമതികളായ കന്യകകളെപോലെ വക്കോളം നിറഞ്ഞ എണ്ണയും തെളിമയേറിയ പ്രകാശമുള്ള വിളക്കുമായാണ് പിതാവും ഭൂമിയിലെ തീര്‍ത്ഥയാത്ര തുടര്‍ന്നിരുന്നത്. സ്വസ്ഥവും ശാന്തവും അനുഗൃഹീതവുമായ ഒരു കടന്നുപോകലായി ആ മരണത്തെ കര്‍ത്താവ് അനുഗ്രഹിച്ചു.

കൂട്ടുകാരന്‍ മെത്രാന്‍

വ്യക്തിപരമായി നമുക്കോരോരുത്തര്‍ക്കും മുന്നേറ്റത്തിനു മുഴുവനുമായും വിരുതകുളങ്ങര പിതാവ് എത്രമാത്രം പ്രിയങ്കരനായിരുന്നുവെന്ന് പറഞ്ഞറിയിക്കുവാന്‍ എനിക്കു വാക്കുകളില്ല. എങ്കിലും കഴിഞ്ഞ മുപ്പതു വര്‍ഷത്തെ ബന്ധത്തിനിടയില്‍ എന്നെ വ്യക്തിപരമായി സ്വാധീനിച്ച നിരവധി ഓര്‍മകളില്‍ ചിലതു മാത്രം രേഖപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

മനുഷ്യരോടൊത്തായിരുന്നുകൊണ്ട് അവരെ സ്‌നേഹിക്കാന്‍ എപ്പോഴും ആഗ്രഹിച്ച അക്ഷീണ യാത്രികനായിരുന്നു വിരുതകുളങ്ങര പിതാവ്; നിരന്തരം ‘സാന്നിധ്യമേകുന്ന അപ്പസ്‌തോലന്‍’. ദൈവരാജ്യ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവജനങ്ങളുടെ വിവാഹം ആശിര്‍വദിക്കുന്നതുള്‍പ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങള്‍ക്കുപോലും ഭാരതത്തിന്റെ ഏറ്റവും ഉള്‍ഗ്രാമങ്ങള്‍വരെ അദ്ദേഹം സന്ദര്‍ശിച്ചു. യുവജന പരിപാടികള്‍ക്കിടയില്‍ തന്റെ സ്വതസിദ്ധമായ സ്‌നേഹത്തോടും കരുതലോടും കൂടെ അതില്‍ പങ്കാളികളായ ഓരോരുത്തരെയും പിതാവ് പരിചയപ്പെടുമായിരുന്നു; പ്രോഗ്രാം ഹാള്‍ മുതല്‍ അടുക്കളവരെ ചുറ്റിനടന്നുകൊണ്ടാണ് ഇതു സാധിച്ചത്. കുടുംബങ്ങള്‍ സന്ദര്‍ശിക്കുമ്പോഴാവട്ടെ മാതാപിതാക്കളോടും കുട്ടികളോടും മാത്രമല്ല വീട്ടുജോലിക്കാരോടും ഡ്രൈവര്‍മാരോടുമെല്ലാം അകമഴിഞ്ഞ സൗഹാര്‍ദത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്തു. പോകുന്ന ഇടങ്ങളിലെല്ലാം ആര്‍ക്കും തടുക്കാനാ
വാത്ത ആനന്ദാതിരേകത്തിന്റെ സുനാമിത്തിരകളായിരുന്നു ആ സാന്നിധ്യം. ഹൃദയഭാരത്തോടെ അഭിമുഖീകരിച്ചവര്‍ പുഞ്ചിരിനിറഞ്ഞ മുഖത്തോടെ പിതാവിന്റെ പക്കല്‍നിന്നു മടങ്ങി.

മെത്രാന്‍ പദവിയില്‍ നാല്പത്തൊന്നാം വര്‍ഷം തുടരുമ്പോഴും ‘ത്യാഗപൂര്‍ണമായ സാധാരണത്വം’കൊണ്ട് ആ ദൈവമനുഷ്യന്റെ ജീവിതം ഔന്നത്യമേറിയതായി. ലാളിത്യം, സേവനസന്നദ്ധത, സംലഭ്യത, എളിമ തുടങ്ങിയ നിരവധി വ്യക്തിഗുണങ്ങളുടെ വിളനിലമായിരുന്നു അദ്ദേഹം.

ആടിന്റെ മണമുള്ള ഇടയന്‍

1983-ല്‍ പിതാവിനെ ആദ്യമായി കണ്ടുമുട്ടിയ സംഭവം ഇപ്പോഴും പച്ചപ്പു നിറഞ്ഞ ഒരോര്‍മയാണെനിക്ക്. ഡാഡിയും ഞാനും നാഷണല്‍ ഷൂട്ടിംഗ് കോമ്പറ്റീഷനുവേണ്ടി മ്യൂവിലേയ്ക്കുള്ള യാത്രയ്ക്കിടയിലായിരുന്നു. ഡാഡിയ്ക്ക് പിതാവുമായി വ്യക്തിപരമായ പരിചയമുണ്ടായിരുന്നതിനാല്‍ കാണ്ട്വയിലെത്തിയപ്പോള്‍ പിതാവിനെ ഒന്നു സന്ദര്‍ശിച്ചു പോകാമെന്ന് കരുതി. ഞങ്ങള്‍ ചെന്നപ്പോള്‍ പിതാവ് അവിടുണ്ടായിരുന്നില്ല. ഏറെനേരം കഴിഞ്ഞ് ഒരു സാധാരണ പുരോഹിതന്‍ സൈക്കിള്‍ ചവിട്ടി അവിടേയ്ക്കു വന്നു. ദിവസത്തെ മുഴുവന്‍ വെയിലുംകൊണ്ട് ക്ഷീണിതനായ അദ്ദേഹം മണ്ണും ചെളിയും പുരണ്ട ളോഹയാണ് ധരിച്ചിരുന്നത്. ഡാഡി പൊടുന്നനെ ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ അഭിവാദ്യം ചെയ്തത് എന്നെ അത്ഭുതപ്പെടുത്തി; അത് പിതാവായിരുന്നു!! ചെളി പുരണ്ട വേഷത്തില്‍, സൈക്കിളോടിച്ചെത്തുന്ന ഒരു ബിഷപ്പിനെ ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല; ഒരു മിഷണറി ബിപ്പുമായുള്ള എന്റെ ആദ്യത്തെ കൂടിക്കാഴ്ച!! ആടിന്റെ മണമുള്ള ഒരു യഥാര്‍ഥ ഇടയന്‍!! നമുക്ക് പ്രിയങ്കരനായ ഫ്രാന്‍സിസ് പാപ്പായെപ്പോലുള്ള ഒരിടയന്‍!

യുവജനങ്ങള്‍ക്കായി തുടിക്കുന്ന ഒരു ഹൃദയയം പിതാവിനുണ്ടെന്നതിന്റെ വലിയ തെളിവായിരുന്നു ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി യുവജനക്കമ്മീഷന്റെ ആദ്യ ചെയര്‍മാനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ സേവനം. ആദ്യമായി ഒരു മെത്രാന്‍ സമിതിയും പിന്നീട് പരിശുദ്ധ സിംഹാസനവും നിയോഗിച്ച പ്രഥമ ജീസസ് യൂത്ത് എക്ലേസിയാസ്റ്റിക്കല്‍ അഡൈ്വസര്‍ പിതാവായിരുന്നു. യുവജനങ്ങള്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ സൗമ്യസാന്നിധ്യത്തെ സ്‌നേഹത്തോടെ വിലമതിച്ചു. യുവജനസംഗമങ്ങളിലെത്തുമ്പോള്‍ പ്രത്യേകം തയ്യാറാക്കിയ അതിഥിസത്കാര മുറിയില്‍ പിതാവ് പ്രവേശിച്ചതേയില്ല. യുവജനങ്ങളോടൊപ്പം നീണ്ട വരികളില്‍ നിന്ന് അവരുടെ അതേ ഭക്ഷണം കഴിക്കുകയും സംവദിക്കുകയും ചെയ്തു. പിതാവിനൊപ്പം സെല്‍ഫിയില്ലാത്ത ജീസസ് യൂത്ത് അംഗങ്ങള്‍തന്നെ അപൂര്‍വമായിരിക്കും! തീരെ പരിമിതമായ സൗകര്യങ്ങള്‍ കൊണ്ടു തൃപ്തിപ്പെടുന്ന ശീലമുള്ളതിനാല്‍ അന്താരാഷ്ട്ര യുവജനദിന സംഗമങ്ങളില്‍ പിതാവ് എല്ലായ്‌പ്പോഴും യുവജനങ്ങള്‍ക്കിടയിലെ സ്ഥിരസാന്നിധ്യമായിരുന്നു. അതിന്റെ ഒരുക്ക സംഗമങ്ങളിലൊന്നായ യൂത്ത് എറൈസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമെത്തുന്ന യുവജനങ്ങളുടെ ഒത്തുചേരലാണ്. പിതാവ് ലളിതവും സ്വാഭാവികവും ചൈതന്യവത്തുമായ ദിവ്യബലിയര്‍പ്പണത്തിലൂടെ യുവജനങ്ങളുടെ മുഴുവന്‍ ഹൃദയം കവര്‍ന്നു. പരിപാടിയിലെ അതിപ്രഗത്ഭരായ പ്രസംഗകരെ പോലും പിന്തള്ളുന്ന യുവജനപിന്തുണയോടെ വര്‍ണവും, ഭാഷയും, സംസ്‌കാരവുമെല്ലാം മറികടന്ന് അനേകം യുവജനങ്ങളുടെ ആരാധ്യപുരുഷനായാണ് ഓരോ തവണയും പിതാവ് മടങ്ങിയത്. ഹൃദയംഗമമായ സ്‌നേഹവും യുവജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സന്നദ്ധതയുമായിരുന്നു ഈ പ്രവര്‍ത്തനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ മൂലധനം.

ബന്ധങ്ങള്‍ക്ക് ആഴമേറിയ മൂല്യം കല്പിച്ച വ്യക്തിത്വമായിരുന്നു പിതാവിന്റേത്. ബന്ധുക്കളും അടുപ്പക്കാരുമായി മാത്രമല്ല ലോകമെമ്പാടുമുള്ള നിരവധി മനുഷ്യരോട് സ്‌നേഹബന്ധം പടുത്തുയര്‍ത്താനും അതു നിലനിര്‍ത്താനുമുള്ള അദ്ദേഹത്തിന്റെ താത്പര്യവും വിലനല്കലും കണ്ട് ഞാന്‍ അമ്പരന്നിട്ടുണ്ട്. തിരക്കേറിയ പരിപാടികള്‍ക്കിടയിലും കുടുംബങ്ങള്‍ സന്ദര്‍ശിക്കാനും അവരുമായി ഊഷ്മളമായ സൗഹൃദം നിലനിര്‍ത്താനും പിതാവ് പരിശ്രമിച്ചു. പലരുടെയും കുടുംബങ്ങളിലെ അടുപ്പമേറിയ സജീവാംഗം തന്നെയായിരുന്നു പിതാവ്. നാഗ്പൂരിലെ റൂബി ജൂബിലി ആഘോഷങ്ങള്‍ക്കു ശേഷം, രാത്രി പത്തു മണി കഴിഞ്ഞ് റൈജുവിനെയും എന്നെയും അദ്ദേഹം തന്റെ സ്വന്തം മുറിയിലേക്കു ക്ഷണിച്ചു. പിതാവിന്റെ വളരെ അടുത്ത ബന്ധുക്കളില്‍ ചിലരും ആ മുറിയിലുണ്ടണ്ടായിരുന്നു. പകലല്‍ നേരത്തെ ദീര്‍ഘമായ ആഘോഷ പരിപാടികള്‍ക്കു ശേഷം അദ്ദേഹം തികച്ചും ക്ഷീണിതനാണെന്ന് ഞങ്ങള്‍ക്കേവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും കുറച്ചു സമയംകൂടി ഒരുമിച്ചു ചെലവഴിക്കാന്‍ അദ്ദേഹം താത്പര്യപ്പെട്ടു. ഇത്തിരി കഴിഞ്ഞപ്പോള്‍ പഴയ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരരില്‍ പലരും അനുഗൃഹീത ഗായകരായിരുന്നു. ഞങ്ങളേവരും ചേര്‍ന്ന് പിതാവിനൊപ്പം പാട്ടുകള്‍ പാടി ഏതാണ്ട് നേരം പുലരുവോളം ചെലവഴിച്ചു!

ആനന്ദമുള്‍പ്പെടെ മനുഷ്യന്റെ സ്വാഭാവികവും സഹജവുമായ ഗുണവിശേഷങ്ങളൊന്നും മെത്രാനായശേഷവും പിതാവ് കൈവെടിഞ്ഞിരുന്നില്ല. ഞാന്‍ നാഗ്പൂര്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ സ്‌നേഹോഷ്മളവും സേവനസന്നദ്ധതയുമുള്ള ആതിഥ്യം അനേകം തവണ രുചിച്ചറിഞ്ഞിട്ടുണ്ട്. പിതാവില്‍നിന്നു മാത്രമല്ല, നാഗ്പൂര്‍ രൂപതയിലെവിടെനിന്നും ഇതേ അനുഭവമാണ് സ്വീകരിച്ചിട്ടുള്ളത്. സ്‌നേഹാധിഷ്ഠിതമായ ബന്ധങ്ങളുടെ സൗന്ദര്യം അതിരൂപതയുടെ തന്നെ മുഖമുദ്രയായി മാറിയിരിക്കുന്നു.

ഹൃദയത്തിന്റെ ഒരു ഭാഗം ജീസസ് യൂത്തിനായി

വിരുതകുളങ്ങര പിതാവ് ഒരു യഥാര്‍ത്ഥ മിഷണറി ബിഷപ്പായിരുന്നു. അദ്ദേഹവുമായുള്ള ആദ്യ കണ്ടുമുട്ടല്‍ മുതല്‍ എന്നെ നിരന്തരം പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്തത് ആ സഹജമായ തീക്ഷ്ണതയാണ്. ‘എ മിഷണറി മൂവ്‌മെന്റ് അറ്റ് ദ് സര്‍വീസ് ഓഫ് ദി ചര്‍ച്ച്’ (A Missionary Movement at the Service of the Church) എന്ന ലക്ഷ്യം പേറിയുള്ള ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ യാത്രയ്ക്ക് നിയതമായ അര്‍ഥവും ആഴവും കൈവന്നത് പിതാവു നല്കിയ നേതൃപരമായ ദിശാബോധത്തിന്‍ കീഴിലാണ്. മെത്രാഭിഷേക റൂബി ജൂബിലി ആഘോഷങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു: ”ഞാന്‍ എല്ലായ്‌പ്പോഴും ഒരു മിഷണറി ബിഷപ്പായി ജീവിക്കാന്‍ ആഗ്രഹിച്ചു. വൈദികനായതിനു ശേഷമുള്ള ആദ്യ ഒമ്പതു വര്‍ഷങ്ങള്‍ ഞാനൊരു മിഷണറി വൈദികനായി ജീവിച്ചു. ഇപ്പോള്‍ മെത്രാനെന്ന നിലയില്‍ കഴിഞ്ഞ നാല്പതു വര്‍ഷങ്ങള്‍ ഞാന്‍ ഒരു മിഷണറി ബിഷപ്പായി ജീവിക്കാന്‍ പരിശ്രമിക്കുന്നു.” വടക്കേയിന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടണ്ടതിനെക്കുറിച്ച് വളരെയടുത്ത നാളുകളില്‍പ്പോലും പിതാവ് നമ്മെ ഓര്‍മിപ്പിച്ചിരുന്നു.

”ആര്‍ച്ച് ബിഷപ്പിന്റെ ഹൃദയഭാഗങ്ങളിലൊന്ന് ജീസസ് യൂത്തിനു വേണ്ടി പ്രത്യേകം നീക്കിവച്ചിരിക്കുകയാണെ”ന്ന് പല മെത്രാന്മാരും വൈദികരും അഭിപ്രായപ്പെടുന്നത് ശ്രവിക്കാനിട വന്നിട്ടുണ്ട്. പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ മുന്നേറ്റത്തോടൊപ്പം കമ്മിറ്റ്‌മെന്റ് എടുത്ത ആദ്യ ബിഷപ്പ് അദ്ദേഹമാണ്. ‘ഞാനൊരു ജീസസ് യൂത്താണ്’ എന്ന പരസ്യപ്രഖ്യാപനത്തിലൂടെ അനേകരെ പ്രചോദിപ്പിക്കാനുള്ള അവസരമായി പിതാവ് ഇതിനെ ഉപയോഗിച്ചു. സ്റ്റാറ്റിയൂട്ട്‌സിലെ ”ജീസസ് യൂത്ത് ഈസ് ആന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് അസോസിയേഷന്‍ ഓഫ് ദ ഫെയ്ത്ഫുള്‍ ഓഫ് ഓള്‍ സ്റ്റേറ്റ്‌സ് ഓഫ് ലൈഫ്” (Jesus Youth is an international private association of the faithful of all states of life)) എന്ന പ്രസ്താവനയുടെ അര്‍ഥവും സൗന്ദര്യവും യഥാര്‍ഥത്തില്‍ ബോധ്യമായത് പിതാവ് തന്നെ മുന്നേറ്റത്തിലെ ഒരംഗമായി പ്രതിബദ്ധതയെടുത്തപ്പോഴാണ്.

പരസ്പരം സംവദിക്കുമ്പോഴെല്ലാം ലളിതവും വിശുദ്ധവുമായ സ്വന്തം ജീവിതംകൊണ്ട് പിതാവ് നമ്മെ വെല്ലുവിളിച്ചു. മുന്നേറ്റത്തിന് അത്യന്താപേക്ഷിതമായിരുന്ന ഘട്ടങ്ങളിലെല്ലാം ഒരു നല്ല ഇടയനായി അദ്ദേഹം മുന്നില്‍നിന്നു നയിച്ചു. ജീസസ് യൂത്തിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും പ്രയാസമേറിയതുമായ സമയങ്ങളിലുള്‍പ്പെടെ ഒരു യഥാര്‍ത്ഥ നേതാവായി മാര്‍ഗനിര്‍ദ്ദേശം നല്കിയ പിതാവ് അതിശയപ്പെടുത്തുന്ന സാന്നിദ്ധ്യമായിരുന്നു. 2009-ല്‍, ജീസസ് യൂത്ത് മുന്നേറ്റം പൊന്തിഫിക്കല്‍ അംഗീകാരത്തിനായുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ അതിനായിനിയോഗിക്കപ്പെട്ട സംഘത്തിന് പിതാവിന്റെ അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാര്യക്ഷമതയേറിയ ഇടപെടലുകളും ബോധ്യങ്ങളുമാണ് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം കാനോനിക അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിലെ രണ്ടാമത്തേതുമായ മുന്നേറ്റമായി വളരാന്‍ ജീസസ് യൂത്തിനെ സഹായിച്ചത്. പിതാവിന്റെ ശക്തവും ധീരവുമായ നിലപാടിന് മറ്റൊരു ഉദാഹരണമായിരുന്നു 2009-ല്‍ ആരംഭിച്ച വൈദികപരിശീലനം. ആദ്യസംഘം വൈദികവിദ്യാര്‍ഥികളുടെ പരിശീലനത്തിന്റെ ഓരോ ചെറിയ ഘട്ടങ്ങളിലും ഇടപെട്ടുകൊണ്ട്, ജീസസ് യൂത്ത് മുന്നേറ്റത്തിനു വേണ്ടിയുള്ള ആദ്യരണ്ടു വൈദികര്‍ക്ക്- ഫാ. ദാസും ഫാ ഡിറ്റോയും- 2016-ല്‍ അദ്ദേഹം തിരുപ്പട്ടം നല്കി. മറ്റെല്ലാറ്റിനെക്കാളുമുപരി കൂടെ നില്ക്കാനും തിരുത്തല്‍ നല്കാനും ആവശ്യമുള്ള ഇടങ്ങളിലെല്ലാംനമുക്കുവേണ്ടി വാദിക്കാനും നമ്മുടെ സ്വന്തം പിതാവ് ഉണ്ടെന്നത് ശക്തമായ ഒരറിവും ബോധ്യവുമായിരുന്നു; ദൈവരാജ്യത്തിനുവേണ്ടി കൂടുതല്‍ അധ്വാനിക്കാന്‍ ആത്മവിശ്വാസമേകിയ ഘടകങ്ങളിലൊന്നായിരുന്നു ഇത്.

പിതാവിന്റെ ഇഷ്ടഗാനങ്ങള്‍

സംഗീതത്തെ വളരെയധികം സ്‌നേഹിച്ച പിതാവ്, റെക്‌സ്ബാന്‍ഡ് അംഗങ്ങളുമായി വളരെ അടുപ്പത്തിലായിരുന്നു. ‘വേള്‍ഡ് യൂത്ത് ഡേ’കളിലെ റെക്‌സ്ബാന്‍ഡ് പ്രോഗ്രാമുകളിലെല്ലാം വേദിയുടെ മുന്‍നിരയില്‍ പാട്ടും നൃത്തച്ചുവടുകളുമായി അദ്ദേഹം ഉണ്ടാകാറുണ്ട്. ജാതി-മത ഭേദമില്ലാതെ നിരവധിപ്പേര്‍ പങ്കുചേര്‍ന്ന രണ്ടു റെക്‌സ്ബാന്റ് പ്രോഗ്രാമുകള്‍ പിതാവ് നാഗ്പൂരില്‍ സംഘടിപ്പിച്ചു. പതിനൊന്നു വര്‍ഷം മുമ്പ് അവിടെ നടന്ന ഒരു റെക്‌സ് ബാന്‍ഡ് പ്രോഗ്രാം അവസാനിച്ചത് രാത്രി വളരെ വൈകിയാണ്. ദിവ്യബലിയര്‍പ്പിച്ചതിനു ശേഷമേ ഞങ്ങള്‍ മടക്കയാത്ര ആരംഭിക്കുന്നുള്ളൂവെന്ന് പിതാവ് കേള്‍ക്കാനിടയായി. പെട്ടെന്ന് പിതാവ് സ്വയം ബലിയര്‍പ്പിക്കാന്‍ തയ്യാറായി. സന്നദ്ധരായ മറ്റ് വൈദികര്‍ ഉണ്ടായിരുന്നതിനാലും പിതാവിനുണ്ടാകാവുന്ന അസൗകര്യങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്നതിനാലും ഞങ്ങള്‍ നിരുത്സാഹപ്പെടുത്തിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല; ഒടുവില്‍ അത്യന്തം സുന്ദരവും ഹൃദയഹാരിയുമായ ഒരനുഭവം പിതാവ് ഞങ്ങള്‍ക്കായി സമ്മാനിച്ചു. വെളുപ്പിന് രണ്ടു മണിക്ക് ചാപ്പലില്‍ പ്രവേശിക്കുമ്പോള്‍, ശാന്തഗംഭീരമായ രാത്രി വിശ്രമത്തിനുശേഷം ഉണര്‍ന്നാലെന്നതുപോലെ ഉന്മേഷഭരിതനായി അദ്ദേഹം ഞങ്ങളെ അഭിവാദ്യം ചെയ്തു. ബലിയര്‍പ്പണം സമാപിച്ചപ്പോള്‍ ഞങ്ങളേവരോടുമായി പിതാവ് പറഞ്ഞു: ”സഭയോടും ദിവ്യകാരുണ്യത്തോടുമുള്ള നിങ്ങളുടെ പ്രതിബദ്ധതയും സ്‌നേഹവും എന്നെ ആശ്ചര്യപ്പെടുത്തുകയും ആഴത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. ഞാന്‍ എന്തുമാത്രം നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന് വെളിപ്പെടുത്താന്‍ എനിക്കാഗ്രഹമുണ്ട്. ഒരു പുരോഹിതനും മെത്രാനുമെന്ന നിലയില്‍ നിങ്ങളോടുള്ള എന്റെ സ്‌നേഹം പ്രകടമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നിങ്ങളോടൊത്തുള്ള ബലിയര്‍പ്പണമാണെന്ന് ഞാന്‍ കരുതി”!!

‘കരുണാമയനേ’, ‘ഇന്‍ ദ് സ്പിരിറ്റ്’ എന്നീ ഗാനങ്ങളായിരുന്നു പിതാവിന് ഏറ്റവും പ്രിയങ്കരമായവ.രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് റെക്‌സ് ബാന്‍ഡിന്റെ രണ്ടാമത്തെ പ്രോഗ്രാം നാഗ്പൂരില്‍ നടക്കുമ്പോള്‍, ഔദ്യോഗികമായി സംഗീതപരിപാടി അവസാനിച്ചതിനുശേഷം ഈ രണ്ടു ഗാനങ്ങളും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞങ്ങള്‍ വീണ്ടും ആലപിച്ചു. പ്രിയങ്കരനായ അഭിവന്ദ്യ പിതാവിന്റെ അതിയായ സ്‌നേഹത്തിനു മുന്നില്‍ പ്രൊഫഷണല്‍ സംഗീത പരിപാടിയില്‍ ഒരേ ഗാനം ആവര്‍ത്തിക്കുന്നത് അനൗചിത്യമാണെന്ന ചിന്തപോലും ഞങ്ങളെ ആലോസരപ്പെടുത്തിയില്ല. പിറ്റേന്ന് സുന്ദരമായ പ്രാര്‍ഥനയുടെയും പങ്കുവയ്ക്കലിന്റെയും സമയത്തിനുശേഷം ഞങ്ങള്‍ എയര്‍പോര്‍ട്ടിലേയ്ക്ക് പുറപ്പെട്ടു. പതിവുപോലെ പിതാവും ഞങ്ങളെ യാത്രയാക്കാനെത്തി. ചെക്ക്-ഇന്‍ ചെയ്തതിനുശേഷം കൗണ്ടര്‍ അടക്കുന്നതുവരെ അവിടെ കാത്തുനില്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് ഞങ്ങള്‍ യാത്ര ചെയ്യാനിരുന്ന ആ പ്രൈവറ്റ് എയര്‍ ലൈനിലെ എല്ലാം ജോലിക്കാരെയും ഒരുമിച്ചുകൂട്ടി ഞങ്ങളെ പരിചയപ്പെടുത്തി. അവിടെനിന്നുതന്നെ അവര്‍ക്കായി ചില ഗാനങ്ങള്‍ ആലപിക്കാനും അതിനുശേഷം എയര്‍ലൈനിനും ജോലിക്കാര്‍ക്കും വേണ്ടിപ്രാര്‍ഥിക്കാനും നിര്‍ദ്ദേശിച്ചു. അവസാനം, കാത്തു കിടക്കുകയായിരുന്ന വിമാനത്തിലേയ്ക്ക് ജോലിക്കാരുടെ അകമ്പടിയോടെയാണ് ഞങ്ങള്‍ തിരക്കിട്ടുകയറിയത്!! ‘ഇന്‍ ദി സ്പിരിറ്റ്’ എന്ന ഗാനമാലപിക്കുമ്പോള്‍ മറ്റൊരു ‘ഡാന്‍സിങ്ങ് ബിഷപ്പ്’ ഇനി ഒരിക്കലുമുണ്ടാ വില്ലായിരിക്കാം. അഭിവന്ദ്യ പിതാവേ, അങ്ങയുടെ അസാന്നിധ്യം ഞങ്ങളെ വല്ലാതെ വിഷമിപ്പിക്കും.

ജീവിതത്തിന്റെ നിറവ് ഓരോ നിമിഷവും

ജീവിതം അതിന്റെ പൂര്‍ണതയിലും നിറവിലും നയിച്ച മനുഷ്യനായിരുന്നു ആര്‍ച്ച് ബിഷപ്പ് അബ്രാഹം വിരുതകുളങ്ങര. ഒരിടത്തും തടഞ്ഞു നില്ക്കാതെ അദ്ദേഹം മുന്നോട്ടു പൊയ്‌ക്കൊണ്ടേയിരുന്നു. ശരീരവലിപ്പത്തില്‍ പിതാവിനേക്കാള്‍ ഏറെ മുന്നിലായിരുന്ന ഞാന്‍ പോലും ഒരുമിച്ചുള്ള യാത്രകളില്‍ അദ്ദേഹത്തിന്റെ ഒപ്പം നടന്നെത്താന്‍ പാടുപെട്ടു. ജീവിതത്തിലെ ഏറെ ലളിതമായ ചെറിയ കാര്യങ്ങളിലും ആനന്ദം കണ്ടെത്തിയിരുന്ന പിതാവ് ഒരു നിമിഷം പോലും വെറുതെ പാഴാക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തന്റെ ‘ഓട്ട’ത്തില്‍ അദ്ദേഹം സൂക്ഷിച്ച അനായാസമായ ഈ വേഗം, വിളിയും ദൗത്യവും തിരിച്ചറിഞ്ഞു മുന്നേറാന്‍ ജീസസ് യൂത്ത് മുന്നേറ്റത്തിനും വലിയ പ്രേരണയായി.

തന്റെ ഹൃദയത്തില്‍ നിന്നുള്ള വിശുദ്ധ ചോദനകളെയാണ് അഭിവന്ദ്യ പിതാവ് നിരന്തരം പിന്‍തുടര്‍ന്നത്. ‘എന്റെ അപ്പനെ ഒരിക്കല്‍ കൂടി നഷ്ടപ്പെട്ടതായി തോന്നുന്നു’വെന്ന് ഈ ദിനങ്ങളില്‍ അതീവദുഖത്തോടെ പലരും പറയുന്നതു കേട്ടു. പിതാവിന്റെ മടങ്ങിപ്പോകല്‍ നമുക്കൊരു വലിയ നഷ്ടം തന്നെയാണ്. പക്ഷേ, സ്വര്‍ഗത്തിലിരുന്ന് അദ്ദേഹം നമുക്കായി പ്രാര്‍ഥിക്കും; നമുക്കൊപ്പം യാത്ര ചെയ്യും.

പ്രിയപ്പെട്ട അഭിവന്ദ്യ പിതാവേ, അങ്ങയുടെ അസാന്നിധ്യം ഞങ്ങളെ അതീവ ദു:ഖിതരാക്കും; എങ്കിലും, അങ്ങ് സ്വന്തം പിതാവിന്റെ ഭവനത്തിലാണെന്നത് ഞങ്ങളെ സന്തോഷിപ്പിക്കുന്നു.യജമാനനെ മുഖത്താടു മുഖം കണ്ടുമുട്ടിയ ആ രാത്രിയില്‍ വി. പൗലോസിനെപ്പോലെ അങ്ങ് പറഞ്ഞിട്ടുണ്ടാവും:

”ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു.”യജമാനന്റെ വരവ് എപ്പോഴെന്നറിയാതെ ഇന്ന് ഞങ്ങളും ഓടുകയാണ്. അങ്ങയുടെ ചുവടുവയ്പ്പുകളെ പിന്തുടരുവാനും യജമാനനെ മുഖാഭിമുഖം കണ്ടുമുട്ടുമ്പോള്‍ അങ്ങ് ഉരുവിട്ട അതേ വാക്കുകള്‍ ആവര്‍ത്തിക്കുവാനും ഞങ്ങള്‍ക്കു വേണ്ടിനിരന്തരം പ്രാര്‍ഥിക്കേണമേ. ആമ്മേന്‍”

(ജീസസ് യൂത്ത് ഇന്റര്‍നാഷണലിന്റെ മുന്‍ അന്തര്‍ദേശീയ കോ-ഓര്‍ഡിനേറ്ററും ഫോര്‍മേഷന്‍

 ഡയറക്ടറുമാണ് ലേഖകന്‍. മൊഴിമാറ്റം: ജോബി തോമസ്)

മനോജ് സണ്ണി

 

Share This:

Check Also

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ …

Powered by themekiller.com watchanimeonline.co