Wednesday , 20 February 2019
Home / Featured / വി.പി.എന്ന വി. ഐ. പി. ജോസഫ്‌

വി.പി.എന്ന വി. ഐ. പി. ജോസഫ്‌

കടമകളും ഉത്തരവാദിത്ത്വങ്ങളും ചടങ്ങുപോലെ ചെയ്യുന്നവരാണധികവും. ചെയ്യുന്ന കാര്യത്തോടുള്ള പ്രതിബദ്ധതയില്‍ മായം ചേര്‍ക്കുന്നവര്‍. തിരിച്ചടവ് പ്രതീക്ഷിക്കാതെ എല്ലാം ആവശ്യാനുസരണം നല്കുന്ന ദൈവത്തോട് നമുക്കുള്ള പ്രതിബദ്ധത എത്ര വലുതാണ്. ദൈവസ്‌നേഹത്തിന്റെ യഥാര്‍ത്ഥ രുചി ആദ്യം അറിഞ്ഞപ്പോള്‍ മുതല്‍ ദൈവരാജ്യത്തിന്റെ വയലില്‍ മുഴുവന്‍ സമയ അധ്വാനിയാകാന്‍ തീരുമാനിച്ചു. വിളവില്‍ ലാഭം പ്രതീക്ഷിക്കാത്ത ശുശ്രൂഷയില്‍ വീഴ്ച വരുത്താതെ വിശ്വസ്തനായ കാര്യസ്ഥനാകുന്നു. എറണാകുളം സോണിന്റെ മുന്‍ കോ-ഓര്‍ഡിനേറ്ററും ജീസസ് യൂത്ത് ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ എറണാകുളം ബേസ് ടീമിലെ അംഗവുമായ വി.പി. ജോസഫ്, ജോജോ എന്ന പഴയ മനുഷ്യനില്‍ നിന്ന് ജോസഫ് എന്ന പുതിയ മനുഷ്യനിലേക്കും അവിടുന്ന് തികഞ്ഞ പ്രതിബദ്ധതയോടെ നടത്തുന്ന യാത്രയെക്കുറിച്ചും കെയ്‌റോസുമായി പങ്കുവയ്ക്കുന്നു.

1990-ല്‍ നവീകരണത്തിലെത്തി ദൈവത്തെ തിരിച്ചറിഞ്ഞ ആദ്യ അനുഭവത്തെക്കുറിച്ച്?

പോപ്പുലര്‍ മിഷന്റെ ധ്യാനത്തിലാണ് ആദ്യം പങ്കെടുക്കുന്നത്. ധ്യാനം കഴിഞ്ഞെങ്കിലും വലിയൊരു മാറ്റം ഒന്നും എന്നില്‍ സംഭവിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല. കാരണം അതുവരെയുള്ള എന്റെ കൂട്ടുകെട്ടുകളും തല്ലിപ്പൊള്ളി പരിപാടികളുമൊന്നും ഉപേക്ഷിക്കുന്നതിന് താത്പര്യം ഇല്ലായിരുന്നു. പക്ഷേ, പതുക്കെ പാലാരിവട്ടത്തുള്ള ഇടവക പ്രയര്‍ഗ്രൂപ്പില്‍ ഞാന്‍
പോയി തുടങ്ങി. അവിടെവച്ച് അലക്‌സിയും (അലക്‌സി പള്ളന്‍) കൂട്ടുകാരും തന്ന സ്‌നേഹവും കരുതലുമാണ് എന്നെ പിടിച്ചു നിര്‍ത്തിയത്.

ജീസസ് യൂത്ത് മുന്നേറ്റത്തിലേക്കുള്ള വരവ്?

പ്രയര്‍ഗ്രൂപ്പില്‍ വന്നിരുന്ന എല്ലാവരുടെയും പ്രത്യേക ശ്രദ്ധ പാരിഷ് മിനിസ്ട്രിയെ ശക്തിപ്പെടുകയായിരുന്നു. പാരിഷുകളില്‍ പ്രയര്‍ഗ്രൂപ്പിന് നേതൃത്വം നല്കുന്നവര്‍ക്കായി ഒരുക്കിയ ഫോര്‍മേഷന്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നത് അങ്ങനെയാണ്. കളത്തിലച്ചന്‍ അവസാനത്തെ ദിവസം ധ്യാനിപ്പിക്കാന്‍ വരുമെന്ന് പറഞ്ഞിരുന്നു. അച്ചനെ കാണണം, ഒന്ന് പ്രാര്‍ഥിക്കണം ഇത്രയും മാത്രമായിരുന്നു എന്റെ ലക്ഷ്യം അതുകൊണ്ടണ്ടുമാത്രമാണ് ആ പ്രോഗ്രാമിലേയ്ക്ക് ഞാന്‍
പോയതും. പക്ഷേ, ആ ട്രെയിനിംഗ് എന്റെ ജീവിതത്തെ മാറ്റിമറിച്ചു. സഭയെന്താണെന്നും അതിന്റെ അമൂല്യത തിരിച്ചറിഞ്ഞതും അവിടെവച്ചാണ്. വിശുദ്ധ കുര്‍ബാനയുടെ സൗന്ദര്യവും ശക്തിയും അറിഞ്ഞു. ഞാനെന്ന വ്യക്തിക്ക് വേണ്ടതെല്ലാം ആ പ്രോഗ്രാമില്‍ എനിക്ക് കിട്ടി. ധ്യാനിപ്പിക്കാന്‍ വരുമെന്ന് പറഞ്ഞ കളത്തിലച്ചന്‍ എന്തോ തടസ്സം മൂലം എത്തിയില്ല. പക്ഷേ ഞാന്‍ സന്തോഷവാനായിരുന്നു.

ജോജോയില്‍ നിന്നും ജോസഫിലേക്ക് മേല്‍വിലാസം മാറ്റിയതും അങ്ങനെയാണോ?

എന്റെ കൂട്ടുകെട്ടും ചീത്ത പരിപാടികളും എന്നെ ദൈവത്തില്‍ നിന്നും ദേവാലയത്തില്‍ നിന്നും അകറ്റിയിരുന്നു. മാത്രമല്ല, വി.കുര്‍ബാനയ്ക്ക് ഇടയില്‍ സ്ഥിരമായി തലകറങ്ങി വീഴുമായിരുന്നു ഞാന്‍. കാരണമൊന്നും അറിയില്ല. വീഴ്ച പതിവായപ്പോള്‍ ഞാനൊരു അസുഖക്കാരനായി നാട്ടുകാര്‍ മുദ്രകുത്തി. ഈ ചീത്തപ്പേര് കൂടി ആയപ്പോള്‍ എന്റെ എതിര്‍പ്പും കൂടി. പള്ളിയില്‍ പോകുമ്പോഴുള്ള ഈ വീഴ്ചയെ പേടിച്ച് പള്ളി തന്നെ ഞാന്‍ ഉപേക്ഷിച്ചു. ക്രിസ്ത്യന്‍ മേല്‍വിലാസം പോലും വെറുപ്പായി. ക്രിസ്ത്യാനി ആയതുകൊണ്ടണ്ടല്ലേ ഈ ഗതികേട് എന്ന് ചിന്തിച്ച് മതവിശ്വാസം പോലും തള്ളിപ്പറയുവാന്‍ ശ്രമിച്ചു. പ്രയര്‍ഗ്രൂപ്പില്‍ എനിക്കുവേണ്ടി ശക്തമായി പ്രാര്‍ഥിച്ചു. അവരെന്നെ ഒത്തിരി സ്‌നേഹിച്ചു. ഒത്തിരി മാറ്റി. ദിവ്യകാരുണ്യം എനിക്ക് ഒത്തിരി ആശ്വാസത്തിന്റെ സ്ഥലമായി, അങ്ങനെ ഞാനെന്റെ കത്തോലിക്ക മേല്‍വിലാസത്തെ എന്നെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ചു തുടങ്ങി. ജീസസ് യൂത്ത് എന്ന പേരില്‍ എനിക്ക് ഒത്തിരി മേഖലയില്‍ പരിഗണനയും ലഭിച്ചു.

വീട്ടില്‍ നിന്നും മാതാപിതാക്കളുടെ പിന്തുണ എങ്ങനെയായിരുന്നു?

പഠനത്തില്‍ ഞാനൊരു പരാജയമായിരുന്നു. സ്ഥിരം അസുഖം കാരണം ക്ലാസ്സൊന്നും കിട്ടിയിരുന്നില്ല. പത്താം ക്ലാസ്സ് കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോള്‍ എറണാകുളത്തുള്ള ചെറിയൊരു കമ്പനിയില്‍ ജോലിക്ക് പോയി തുടങ്ങി. ധ്യാനം കൂടി വന്നശേഷം ജീസസ്‌യൂത്ത് പരിപാടിക്കായി ലീവൊക്കെ മേടിച്ച് പോകുമായിരുന്നു. അത് അമ്മയ്‌ക്കൊന്നും അത്ര ഇഷ്ടമായിരുന്നില്ല. ജാഗരണ പ്രാര്‍ഥനയ്ക്ക് പോയിരുന്നത് കമ്പനിയില്‍ രാത്രി ജോലിക്കെന്നു പറഞ്ഞാണ്.

ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ സൗന്ദര്യമായി എനിക്ക് തോന്നിയ രണ്ട് കാര്യങ്ങളുണ്ട്. കൂട്ടായ്മയും മധ്യസ്ഥപ്രാര്‍ഥനയും. അതുകൊണ്ടുതന്നെ ജാഗരണപ്രാര്‍ഥനയ്ക്ക് പോകാന്‍ ഒത്തിരി ഇഷ്ടമായിരുന്നു. വീട്ടില്‍ നുണ പറഞ്ഞ് പോയിരുന്നതുപോലും അങ്ങനെയാണ്. ഒരു ദിവസം പ്രാര്‍ഥനയ്ക്കിടയില്‍ കുമ്പസാരിക്കാന്‍ ചെന്നു. ഫാ. ജോസ് പൂണേലി CMI ആണ് കുമ്പസാരിപ്പിക്കുന്നത്. കുമ്പസാരശേഷം അച്ചന്‍ പറഞ്ഞു: ഇനിമുതല്‍ നുണ പറഞ്ഞിട്ട് ജാഗരണപ്രാര്‍ഥനയ്ക്ക് വരരുത്. വീട്ടില്‍ നിന്നും പൂര്‍ണസമ്മതം ഉണ്ടെങ്കില്‍ മാത്രം മതിയെന്ന് ഒത്തിരി വിഷമിച്ചിട്ടാണെങ്കിലും അച്ചന്‍ പറഞ്ഞത് കേട്ടു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ പെങ്ങള്‍ക്ക് നടുവിന് വേദന തുടങ്ങി. ദിവസം കഴിയുന്തോറും വേദന കൂടി വരുന്നു. മരുന്ന് കഴിച്ചിട്ടൊന്നും യാതൊരു കുറവുമില്ല. വേദനകൊണ്ട് അവള്‍ പുളയുന്നതാണ് ഞങ്ങള്‍ കാണുന്നത്. പിറ്റെ മാസത്തെ ജാഗരണപ്രാര്‍ഥനയുടെ തിയതിയും അടുത്തു. വേദനിച്ച് കരയുന്ന പെങ്ങളെ വീട്ടില്‍ ആക്കി പ്രാര്‍ഥനയ്ക്ക് പോകാന്‍ സമ്മതിക്കില്ല. ഉറപ്പാണ് അതുകൊണ്ട് തന്നെ ഞാന്‍ അതിനുള്ള അനുമതിയും വീട്ടില്‍ ചോദിച്ചില്ല. പ്രാര്‍ഥനയുടെ അന്ന് വൈകുന്നേരമായപ്പോള്‍ അനുജത്തി വേദന സഹിക്കാന്‍ വയ്യാതെ കരയുന്നത് കണ്ടപ്പോള്‍ അമ്മ എന്നോട് പറഞ്ഞു. എടാ നീ ആരാധനയുടെ മുമ്പില്‍ പോയിരുന്ന് പ്രാര്‍ഥിക്ക്. കൊച്ചിന് ദൈവം സൗഖ്യം കൊടുക്കട്ടെ എന്ന്. അന്ന് അങ്ങനെ അമ്മയുടെ അടുത്ത് നിന്ന് അനുവാദം കിട്ടി പ്രാര്‍ഥനയ്ക്ക് പോയി. നിരന്തരമായ പ്രാര്‍ഥനയുടെ ഫലമായി നടുവിന് വേദനയില്‍ നിന്നും അവളെ ദൈവം സൗഖ്യപ്പെടുത്തി. അത് എന്റെ വീടിന്റെ അന്തരീക്ഷത്തെ ആകെ മാറ്റി.

മധ്യസ്ഥ പ്രാര്‍ഥനയെ ഇത്രയേറെ സ്‌നേഹിക്കാന്‍ കാരണം?

നമ്മള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ ദൈവം അതിനെ ഒത്തിരി മാനിക്കുന്നുണ്ട്. മതവിശ്വാസവും ഈശ്വരവിശ്വാസവും തള്ളിപ്പറഞ്ഞ് നടന്ന എന്നെ, കുറേപ്പേരുടെ നിരന്തരമായ കരം വിരിച്ചുള്ള പ്രാര്‍ഥനയുടെ ഫലമാണ് ദൈവത്തിലേക്ക് അടുപ്പിച്ചത്. കൂട്ടം പിരിഞ്ഞുപോയ എന്നെ ഈവിധം ചേര്‍ത്തുനിര്‍ത്തിയ ദൈവം നിരന്തരമായ പ്രാര്‍ഥനയിലൂടെ അനേകംപേരെ സ്വന്തമാക്കുന്നുണ്ടണ്ട്. പ്രാര്‍ഥിക്കുമ്പോള്‍ ഒന്നേ ചിന്തിക്കാറുള്ളു. പ്രാര്‍ഥനയുടെ ഉദ്ദേശശുദ്ധിയെപ്പറ്റി. നിഷ്‌കളങ്കമായി മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക. അത്രമാത്രം.

നിരവധിക്കാലം ഒരു വ്യക്തിക്കോ, പ്രത്യേക നിയോഗത്തിനോ വേണ്ടി പ്രാര്‍ഥിക്കുന്നു. പ്രതീക്ഷിക്കുന്ന രീതിയില്‍ മാറ്റം ഒന്നും കാണുന്നില്ല. അപ്പോള്‍ മടുപ്പ് തോന്നാറില്ലേ?

എനിക്കൊരിക്കലും അക്കാര്യത്തില്‍ മടുപ്പ് തോന്നില്ല. കാരണം, ഇതുപോലുള്ള ഫലം കിട്ടുന്നില്ല. എന്ന ചിന്ത എനിക്കും തോന്നിയിട്ടുള്ള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടണ്ട്. അപ്പോള്‍ ഞാന്‍ എന്നിലേയ്ക്ക് നോക്കിയപ്പോള്‍, പ്രാര്‍ഥനയില്‍ ഞാന്‍ കൂടുതല്‍ സ്ഥിരതയോടെ ആഴപ്പെടുന്ന കാഴ്ചയാണ് കണ്ടത് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥനയിലൂടെ ആ യാത്ര എന്നെ ദൈവത്തിലേയ്ക്ക് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ പിന്നെ ഞാനെന്തിന് സങ്കടപ്പെടണം. പിന്നെ, ഇന്നല്ലെങ്കില്‍ നാളെ ഫലം കിട്ടാത്ത ഒരു പ്രാര്‍ഥനയും ഇല്ല.

ദിവ്യ ബലിക്ക് മുടക്കം വരുത്താറില്ല എന്ന് കേട്ടിട്ടുണ്ട്?

മുടക്കം വരുത്താറില്ല കഴിവതും. ഇനി കുര്‍ബാനയ്ക്ക് ചെല്ലുന്നത് താമസിച്ചാല്‍ ആ ദിവ്യബലിയില്‍ പങ്കെടുക്കാറില്ല. തൊട്ടടുത്ത കുര്‍ബാനയില്‍ പോകുകയാണ് പതിവ്. ദിവ്യബലി ദിവ്യമായ വിരുന്നാണ്. ആ വിരുന്നിന് വൈകി ചെല്ലുന്നത് അതിഥേയനെ വേണ്ടവിധം പരിഗണിക്കാത്ത പ്രവര്‍ത്തിയല്ലേ. അതെനിക്ക് വിഷമമുള്ള കാര്യമാണ്. കല്യാണം കഴിച്ച നാള്‍ മുതല്‍ എന്റെ ഈ സ്വഭാവം ഭാര്യക്കും അറിയാം. വിശുദ്ധകുര്‍ബാനയില്‍ സമയത്ത് എത്തേണ്ടണ്ടതിന്റെ ആവശ്യകത മക്കള്‍ക്കും പറഞ്ഞുകൊടുത്തിട്ടുണ്ട്.

പ്രാര്‍ഥനയ്ക്ക് പുറമെ ഇത്രതന്നെ വിലകൊടുത്ത് കാത്തു പുലര്‍ത്തുന്ന മറ്റൊരു കാര്യം?

സമയനിഷ്ഠ. സമയത്തെ മാനിക്കണം എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. കാരണം അതൊരിക്കല്‍ കടന്നുപോയാല്‍ പിന്നെ തിരിച്ചു വരില്ല. ഏത് കാര്യത്തിനു പോകുമ്പോഴും പറഞ്ഞ സമയത്തിനും മുമ്പേ എത്തിച്ചേരുകയാണ് പതിവ്. എറണാകുളത്തെ ഗതാഗത കുരുക്കിനിടയില്‍ സമയക്രമം തെറ്റുമെന്ന സാഹചര്യത്തില്‍ അതും കൂടി കണക്കിലെടുത്ത് നേരത്തെ യാത്രക്കിറങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ മറ്റുള്ളവര്‍ വൈകി വരുന്നതില്‍ ഞാന്‍ അസ്വസ്ഥനാകാറില്ല. കൃത്യമായകാരണം അവരുടെ പക്ഷത്തുണ്ടെങ്കില്‍ അവരോട് പങ്കുചേരാനാണ് എനിക്കിഷ്ടം.

ഉത്തരവാദിത്വങ്ങളില്‍ കൃത്യതയും പ്രാര്‍ഥനയില്‍ സ്ഥിരതയും പാലിക്കുന്നതിന് പിന്നില്‍?

ബൈബിളില്‍ വി.ലൂക്കായുടെ സുവിശേഷത്തിലൊരു വാക്യമുണ്ട്. ”ശിമയോന്‍, ശിമയോന്‍, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാ റ്റാന്‍ ഉദ്യമിച്ചു. എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം.’ (ലൂക്കാ 22: 31-32). ഞാന്‍ നില്‍ക്കുന്നുവെങ്കില്‍ ഈശോയുടെ പ്രാര്‍ഥനയാണ്. അതുകൊണ്ട് തന്നെ മറ്റൊരുവന്‍ വീഴാതിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കണം. ഈശോയെ ഞാന്‍ തിരിച്ചറിഞ്ഞത് ഒരുപാട് പേര്‍ എനിക്കുവേണ്ടി നിരന്തരം പ്രാര്‍ഥിച്ചതിന്റെയും എന്നെ രക്ഷിക്കാന്‍ കരം തന്നതിന്റെയും ഫലമാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരെ സഹായിക്കാന്‍ എനിക്കും പ്രതിബദ്ധതയുണ്ട്. കൃത്യതയുടെ കാര്യത്തില്‍ പരിശുദ്ധാത്മാവാണ് അതിനെന്നെ ശക്തിപ്പെടുത്തുന്നത്. അവിടുന്ന് കൃത്യതയുടെ ആത്മാവാണ്. ചെയ്യുന്ന ഓരോ കാര്യങ്ങളുടെ സൗന്ദര്യം കൃത്യതയിലും വ്യക്തതയിലും ആയിരിക്കാന്‍ പരിശുദ്ധാത്മാവ് സഹായിക്കുന്നു.

കുടുംബം?

ഭാര്യ സുനു ജോസഫ്. ഷോണ്‍, ഷിയോണ എന്നിവര്‍ മക്കള്‍. എന്റെ ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ പ്രോത്സാഹനവും പിന്തുണയും നല്കുന്നത് കുടുംബമാണ്. മക്കളെയും ദൈവാശ്രയത്തില്‍ നിലനിറുത്താന്‍ ഒത്തിരി കരുതല്‍ അവള്‍ കാണിക്കുന്നുണ്ട്.

ജീസസ് യൂത്തിലെ പ്രധാന ചില ഉത്തരവാദിത്വങ്ങള്‍?

എറണാകുളം സോണിന്റെ കോ-ഓര്‍ഡിനേറ്റര്‍. ജീസസ് യൂത്ത് ജൂബിലി കോണ്‍ഫറന്‍സിന്റെ മധ്യസ്ഥപ്രാര്‍ഥനയുടെ കോ-ഓര്‍ഡിനേറ്റര്‍, അങ്കമാലി സോണിന്റെ ആനിമേറ്റര്‍ എന്നിങ്ങനെ ചില കാര്യങ്ങള്‍ ചെയ്തു. കൂടാതെ ഇപ്പോള്‍ ഫോര്‍മേഷന്റെ ബേസ് ടീമിലും ഫിലിപ്പ് കോഴ്‌സിന്റെ

സെന്‍ട്രല്‍ ടീമിലുമുണ്ട്.

എല്‍സീന ജോസഫ്

Share This:

Check Also

വന്ദിച്ചില്ലെങ്കിലും… നിന്ദിക്കരുത്..!

മുന്നറിയിപ്പ്: ഈ കുറിപ്പ് വൈദികരെക്കുറിച്ചാണ് നെറ്റി ചുളിയുന്നവര്‍ വായിക്കണമെന്ന് നിര്‍ബന്ധമില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനേഴാം വയസ്സില്‍തന്നെ ജീവിതം മടുത്തുപോയൊരു കൗമാരക്കാരന്‍ …

Powered by themekiller.com watchanimeonline.co