Wednesday , 20 February 2019
Home / Cover Story / മഴത്തുള്ളി

മഴത്തുള്ളി

കാര്‍മേഘം മഴത്തുള്ളിയോട് ചോദിച്ചു: ഇത്രയും നേരം നീ എന്റെ കൂടെയായിരുന്നു. പിടിവിട്ട് താഴേയ്ക്ക് പതിക്കുമ്പോള്‍ നിനക്ക് പേടി തോന്നില്ലേ? താഴെവീണ് നീ ചിന്നി ചിതറി തീരുമ്പോള്‍ സങ്കടമാവില്ലേ? മഴത്തുള്ളി താഴേയ്ക്ക്, ഭൂമിയിലേയ്ക്ക് നോക്കി എന്നിട്ട് കാര്‍മേഘത്തോട് പറഞ്ഞു: ഇല്ല, എനിക്ക് പേടിയില്ല, സങ്കടമില്ല. ഞാന്‍ ഞാനാവുന്നത് ഭൂമിയിലേക്ക് പെയ്തിറങ്ങുമ്പോവാണ്. ഒരിക്കല്‍ അലിഞ്ഞു തീര്‍ന്ന മണ്ണിനോടും ഒഴുകി പോന്ന പുഴയോടും ലയിച്ചു ചേര്‍ന്ന കടലിനോടും നീരാവിയാക്കിയ ചൂടിനോടും എനിക്കുള്ള കടപ്പാടാണിത്. വീണ്ടും വീണ്ടും മഴയായ് ഇങ്ങനെ പെയ്തിറങ്ങാം എന്നത്. പറഞ്ഞുതീര്‍ന്നതും മഴത്തുള്ളി താഴേയ്ക്ക് പതിച്ചു. മഴ തുടങ്ങി.

ജീവിതം നമുക്ക് നല്‍കുന്ന ഏറ്റം വലിയ സമ്മാനങ്ങളില്‍ ഒന്ന് എന്തിന് വേണ്ടിയാണ് ഈ ജീവിതം എന്നതിനെക്കുറിച്ചുള്ള ഉള്‍വെളിച്ചമാണ് എന്നെനിക്ക് തോന്നുന്നു. ആ ഉള്‍പ്രകാശം ജീവിതത്തെ ആകമാനം ശോഭയുള്ളതാക്കുകയാണ്. അര്‍ഥം നല്‍കുകയാണ്. ജീവിക്കാന്‍ കാരണമുള്ളവര്‍ക്കൊക്കെ ജീവിതത്തോട് തന്റെ ഉത്തരവാദിത്വങ്ങളോട് തോന്നുന്ന ഈ സമര്‍പ്പണത്തിന് നല്‍കുന്ന പേരാണ് പ്രതിബദ്ധത എന്നത്. കടപ്പാട്, സമര്‍പ്പണം എന്നിവയ്‌ക്കൊക്കെ പകരം വയ്ക്കാവുന്ന വാക്ക്. ഒന്ന് ചിന്തിച്ചാല്‍ ജീവിതത്തിന് അര്‍ഥവും ആഴവും നല്‍കുന്ന ആന്തരിക ഭാവമാണ് അത്. സമര്‍പ്പണത്തിന്റെ ബലിവേദിയില്‍ സ്വയം നല്‍കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന ഉള്‍തള്ളല്‍ ആണത്.

33 വയസ്സുള്ള ഒരു ജൂതചെറുപ്പക്കാരന്റെ പ്രതിബദ്ധതയുടെ കഥയാണ് സുവിശേഷം. ദൈവത്തോടുംമനുഷ്യനോടും ഉള്ള പ്രതിബദ്ധതയുടെ ചരിത്രം. ഗുരുവിനോടും അവന്റെ ആദര്‍ശങ്ങളോടും ശിഷ്യര്‍ക്കുണ്ടായിരുന്ന പ്രതിബദ്ധത സുവിശേഷത്തിന്റെ തുടര്‍ച്ചയ്ക്ക് കാരണമായി, അങ്ങനെ പുതിയ നിയമം രൂപം കൊണ്ടു. ദൈവം, സ്‌നേഹം കൊണ്ട് മനുഷ്യവംശത്തോട് കാണിച്ച പ്രതിബദ്ധതയാണ് രക്ഷാകര ചരിത്രം മുഴുവനും. ഇതാ, കര്‍ത്താവിന്റെ ദാസി എന്ന വാക്കുകളോടുള്ള പ്രതിബദ്ധതയാണ് കന്യകാമറിയത്തെ കുരിശിന്‍ ചുവടുവരെ കൊണ്ടെത്തിച്ചത്. സ്വന്തം നീതി ബോധത്തോടുള്ള പ്രതിബദ്ധതയാണ് വി. യൗസേപ്പിതാവിനെ മറിയത്തിന്റെയും ഈശോയുടെയും സംരക്ഷകനാക്കി തീര്‍ത്തത്. പറഞ്ഞു വരുന്നത് പ്രതിബദ്ധത ഉണ്ടാകുന്നതിനും നിലനില്‍ക്കുന്നതിനും പലര്‍ക്കും പല കാരണങ്ങളാകാം. വ്യക്തികളോടോ, കുടുംബത്തോടോ സമൂഹത്തിനോടൊ, ആശയങ്ങളോടോ, ആദര്‍ശങ്ങളോടോ, പ്ര പ്രസ്ഥാനങ്ങളോടോ, മൂല്യങ്ങളോടോ ഒരാള്‍ക്ക് പ്രതിബദ്ധത തോന്നാം. അതിനനുസരണം ജീവിതത്തിലെ പ്രാമുഖ്യങ്ങള്‍ക്ക് മാറ്റം വരുന്നു. വ്യക്തിയുടെ കാഴ്ചപ്പാടുകളും മൂല്യശ്രേണിയും തിരഞ്ഞെടുപ്പുകളും പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ ആയിത്തീരുന്നു.

പ്രതിബദ്ധത നഷ്ടപ്പെട്ടാല്‍ നാം സ്വാര്‍ഥരായിത്തീരുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നവരും ദൈവത്തോടും സഹജരോടും പുറം തിരിഞ്ഞു നില്ക്കുന്നവരുമായി നാം മാറ്റപ്പെട്ടേക്കാം. അര്‍ഥമില്ലാത്ത ജീവിതത്തില്‍ അതിശയകരമായി ഒന്നും സംഭവിക്കാതെ ഒരു ജന്മം തന്നെ പാഴായേക്കാം. എന്നാല്‍, പ്രതിബദ്ധത നല്‍കുന്ന ഊര്‍ജ്ജം ജീവിതംകൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ നമ്മെ പ്രാപ്തരാക്കും. ലക്ഷ്യത്തിലെത്തുവോളം അത് ജീവിതത്തിന് ആഴവും ഓളവും നല്കിക്കൊണ്ടേയിരിക്കും. ഒരു ചലന സ്രോതസ്സുപോലെ അനുഭവങ്ങളിലും ആയിത്തീരലിലും അര്‍ഥത്തിന്റെ അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ക്കും. അവിടെ നഷ്ടങ്ങള്‍ക്കോ, വേദനകള്‍ക്കോ, ഇല്ലാതാകലിനോ ഒന്നും തടസ്സങ്ങളില്ല. അവയ്‌ക്കെല്ലാം തീക്ഷ്ണതയും ആഗ്രഹവും കൂടുകയും ചെയ്യും.

ദൈവത്തോടും മനുഷ്യരോടും പ്രകൃതിയോടും ഈ പ്രപഞ്ചത്തോടും പ്രതിബദ്ധതയുള്ളവര്‍ എല്ലാ കാലഘട്ടങ്ങളുടെയും അനുഗ്രഹവും ആവശ്യവുമാണ്. ഈ കാലത്തിന്റെയും അവനവന്‍ സൃഷ്ടിച്ചെടുത്ത സ്വന്തം ലോകത്തിനപ്പുറം ചിന്തിക്കാത്ത, പരസ്പര ബന്ധങ്ങള്‍ക്കര്‍ഥം കല്പിക്കാത്ത, അവനവനെ മാത്രം കേന്ദ്രീകരിച്ചുള്ള ജീവിതങ്ങള്‍ ഇവിടെ കൂടുതലായി രൂപം കൊള്ളുന്നെങ്കില്‍ നാം തീര്‍ച്ചയായും മാറേണ്ടിയിരിക്കുന്നു. ദൈവത്തോടും സഹജീവികളോടും ഈ പ്രപഞ്ചത്തോടും പ്രതിബദ്ധതയുള്ള തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരായി നാം തീരേണ്ടിയിരിക്കുന്നു.

ഭൂമിയോടും പുഴയോടും കടലിനോടും ഉള്ള കടപ്പാടോര്‍ത്തു മഴത്തുള്ളികള്‍ വീണ്ടും ഭൂമിയില്‍

 പതിക്കട്ടെ; മഴ തുടരട്ടെ.

സി. സോജ മരിയ

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co