Wednesday , 20 February 2019
Home / Cover Story / ഇയാള് ‘കമിറ്റഡ്’ ആണോ?

ഇയാള് ‘കമിറ്റഡ്’ ആണോ?

എപ്പോഴെങ്കിലും ഇത്തരമൊരു ചോദ്യം കേട്ടിട്ടുള്ളവരാണ് നമ്മള്‍ എല്ലാവരും. ചോദ്യത്തിന്റെ
അര്‍ഥവും സാഹചര്യവും ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. നമ്മള്‍ കേട്ട ആ ചോദ്യം സ്വയം ഒന്ന് ചോദിക്കാന്‍ പ്രേരിപ്പിക്കുക എന്ന എളിയ ഉദ്ദേശ്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ചുറ്റുപാടുകള്‍ പരതിയപ്പോള്‍ വിരലിലെണ്ണാവുന്ന വ്യക്തികളെ മാത്രമാണ് കിട്ടിയത്. അതിലൊന്നാണ് ഫാ. ജോയ് മാത്യു എസ്.ജെ.

പരിയാരം നിര്‍മ്മല ITI-യുടെ പ്രിന്‍സിപ്പല്‍ ഈശോ സഭ അംഗം ആയ ജോ അച്ചന്‍ കമിറ്റഡ് ആണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ പ്രതിബദ്ധതയുടെ സവിശേഷതകള്‍ ഒരു സ്വയം വിമര്‍ശനത്തിന് നമ്മെ സഹായിക്കും. ഈശോ സഭാ ചൈതന്യത്തില്‍ രൂപപ്പെട്ട ജോ അച്ചന്റെ വൈദിക ജീവിതത്തിലേയ്ക്ക് ഒരിക്കല്‍ ജീസസ് യൂത്ത് MEST (മെഡിക്കല്‍ എഞ്ചിനിയറിംഗ് സ്റ്റുഡന്റ് ടീം) ഒരു ആവശ്യവുമായി കടന്നുചെന്നു. അവരുടെ ആനിമേറ്ററായി കൂടെ കൂടാന്‍ അച്ചനെ ക്ഷണിച്ചു. പ്രൊവിന്‍ഷ്യാളിന്റെ അനുമതിയോടെ ജോ അച്ചന്‍ മെസ്റ്റ് ടീമിന്റെ ഒപ്പം യാത്ര ആരംഭിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് കാര്യങ്ങളാണ് അദ്ദേഹം സ്വയം ചോദിച്ചത്. എന്തിനാണ് ഇത്തരമൊരു ഉത്തരവാദിത്വത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കുന്നത്, അതിന് ഞാന്‍ ആരാണ്?

ഈ കാലഘട്ടത്തില്‍ യുവജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് അവര്‍ക്ക് വളരെ ആവശ്യമാണെന്നും അവരുടെ ഊര്‍ജ്ജസ്വലത തനിക്കും ഗുണപ്പെടുമെന്നും അച്ചന് തോന്നി. കൂടുതല്‍ ക്രിയാത്മകമായ രീതിയില്‍ തന്റെ വൈദിക വിളിയോട് പ്രത്യുത്തരിക്കുവാന്‍ ആനിമേറ്ററുടെ ഉത്തരവാദിത്വം സഹായിക്കുമെന്നും അച്ചന് ബോധ്യമായി, അങ്ങനെ അച്ചന്‍ മെസ്റ്റിനോട് കമിറ്റഡ് ആയി.

മാസത്തിലൊരിക്കല്‍ കണ്ണൂര്‍ ജില്ലയിലെ പരിയാരത്തു നിന്ന് ടീം മീറ്റിംഗ് നടക്കുന്ന എറണാകുളത്ത് എത്തി മുഴുവന്‍ സമയം മീറ്റിംഗില്‍ പങ്കെടുത്തു മടങ്ങുകയെന്നത് ഏറെ ശ്രമകരമാണ്. എത്തിച്ചേരുമെന്ന് പറഞ്ഞ മീറ്റിംഗുകള്‍ക്ക് കൃത്യസമയത്ത് എത്തുന്ന, ഇനി മീറ്റിംഗിനിടയില്‍ ബന്ധുവിന്റെ മരണാനന്തര ശുശ്രൂഷയാണെങ്കില്‍പോലും അവിടെ ഓടിയെത്തി തിരികെ ടീം മീറ്റിംഗിലേയ്ക്ക് മടങ്ങുകയും ചെയ്യുന്ന ജോ അച്ചന്‍ പ്രതിജ്ഞാ ബദ്ധതയുടെ ജീവിത മാതൃകയാണെന്ന് ടീം കോ-ഓര്‍ഡിനേറ്റര്‍ നിതിന്‍ പങ്കുവയ്ക്കുകയുണ്ടായി. ടീം അംഗങ്ങളെ വ്യക്തിപരമായി കേള്‍ക്കാന്‍ സമയം ചിലവഴിക്കുന്ന, കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് വളരെ വിവേകപൂര്‍വം നിര്‍ദേശങ്ങള്‍ നല്‍കുന്ന ശാന്തമായ സാന്നിധ്യമാണ് ജോ അച്ചന്‍ എന്ന് ടീം ഒന്നടങ്കം പറയുന്നു.

പ്രിന്‍സിപ്പലിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവ് കിട്ടുന്ന അവധി ദിവസങ്ങളിലെ വിശ്രമം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി മാറ്റിവച്ചിരിക്കുന്ന സമയം, തന്റെ മുറിയുടെ പ്രശാന്തതയില്‍ തനിച്ചിരിക്കാനും ഉല്ലസിക്കാനും ഒക്കെയുള്ള വീക്കെന്‍ഡുകള്‍ ടീമിനുവേണ്ടി പുനക്രമീകരിക്കേണ്ടതായി വരുന്നു. ത്യാഗത്തിന്റെ വില നല്‍കാതെ പ്രതിബദ്ധത പുലര്‍ത്താന്‍ ആര്‍ക്കുമാകില്ല എന്ന് ഓര്‍മപ്പെടുത്തുന്നതുപോലെ.

ജീസസ് യൂത്തുകളുടെ ജീവിതത്തില്‍ കര്‍ത്താവിനെ അറിഞ്ഞത്‌കൊണ്ട് അവര്‍ അവിടത്തേയ്ക്ക് വേണ്ടി പുലര്‍ത്തുന്ന പ്രതിബദ്ധതയും ത്യാഗ സന്നദ്ധതയും അച്ചനെ ആകര്‍ഷിച്ച കാര്യങ്ങളാണ്. ആത്മീയതയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ജീവിത രീതിയും, കേവലം ഭക്താനുഷ്ഠാനങ്ങളില്‍ ഒതുങ്ങുന്നതിനപ്പുറത്തേയ്ക്ക് വളരാനുള്ള ജീസസ് യൂത്തുകളുടെ തുറവി നമ്മെക്കുറിച്ച് അച്ചന്‍ എടുത്തു പറയുന്ന നന്മയാണ്.

ഒരു വ്യക്തിയില്‍ എങ്ങിനെയാണ് പ്രതിബദ്ധത ഉണ്ടാകുന്നത് എന്ന് ചോദിച്ചാല്‍ അച്ചന്റെ ഉത്തരം ലളിതമാണ്. അടിസ്ഥാനപരമായി അത് ദൈവം നല്‍കുന്ന കൃപയാണ്. രണ്ടാമതായി അത് ഒരു വ്യക്തിയില്‍ രൂപപ്പെടുന്ന ബോധ്യമാണ്.

പ്രതിബദ്ധത കുറഞ്ഞുവരുന്നു എന്ന് ഒരു വ്യക്തിക്ക് തോന്നുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാം. വല്ലാതെ മടുപ്പ് തോന്നുകയും ഉപേക്ഷ മനോഭാവം രൂപപ്പെടുകയും ചെയ്‌തേക്കാം. വൈദിക ജീവിതംപോലും എന്തിനാണ് എന്ന് സ്വയം ചോദിച്ച സാഹചര്യം അച്ചന്‍ തരണം ചെയ്തത് എങ്ങിനെയാണെന്ന് നോക്കാം. തന്റെ കൂട്ടുകാര്‍ നല്ല നിലയില്‍ ആഹ്ലാദിച്ച് കഴിയുന്നത് കണ്ടപ്പോള്‍ താന്‍ എന്തുകൊണ്ട് ഇങ്ങനെ ആയി എന്ന് വിമര്‍ശനാത്മകമായി സ്വയം ചോദിച്ചു. ഞാന്‍ ആരാണ്?
എന്ത് കാരണമാണ് എന്നെ വൈദികനാക്കി തീര്‍ത്തത്? സ്വയാവബോധവും ബോധ്യങ്ങളും വീണ്ടും പുതുക്കി പണിയാന്‍ അങ്ങനെ ഇടവന്നപ്പോള്‍ പ്രതിബദ്ധതയുടെ പുത്തന്‍ ഉണര്‍വ്വ് അച്ചന് ലഭിച്ചു.

നമുക്ക് വളരെ എളുപ്പത്തില്‍ മാതൃക ആക്കാന്‍ പറ്റുന്ന ഒരു കേടുപോക്കല്‍ വിദ്യയാണ് ആത്മവിമര്‍ശനം. എന്റെ പ്രവര്‍ത്തനങ്ങളില്‍ സ്വാര്‍ഥതാത്പര്യങ്ങള്‍ കടന്നു വരുന്നുണ്ടോ, സ്വയം പ്രദര്‍ശിപ്പിക്കാന്‍ മുന്നേറ്റത്തിന്റെ ഇടങ്ങളെ ഞാന്‍ ഉപയോഗിക്കുന്നുണ്ടോ അതിന് അവസരം ലഭിക്കാതെ വരുമ്പോള്‍ ഞാന്‍ മടുപ്പ് പ്രകടിപ്പിക്കുന്നുണ്ടോ? ഞാനെടുത്ത കമിറ്റ്‌മെന്റ് എന്തിനുവേണ്ടി ആയിരുന്നു. ഒരിടത്ത് സ്വസ്ഥമായി ഇരുന്ന് ഈ ചോദ്യങ്ങള്‍ ചോദിക്കാനും
ഈശോയുമായി എനിക്കുമുള്ള വ്യക്തിപരമായ ബന്ധം ശക്തിപ്പെടുത്താനും നമുക്ക് കഴിയുമ്പോള്‍ പരിഹരിക്കപ്പെടുന്ന ഒരു ചെറിയ പ്രതിസന്ധി മാത്രമാണ് കമിറ്റ്‌മെന്റ് നഷ്ടമായി എന്ന തോന്നല്‍. ആഴമേറിയ പ്രേഷിത തീക്ഷ്ണത നമ്മില്‍ രൂപപ്പെടട്ടെ.

അമല്‍ ടോം

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co