Wednesday , 20 February 2019
Home / Cover Story / നിങ്ങളറിയണം നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌

നിങ്ങളറിയണം നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌

ഈ അടുത്തയിടെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി അവധി കഴിഞ്ഞ് തിരിച്ച് പോകുന്ന ഒരു സ്‌നേഹിതനെ യാത്രയാക്കാന്‍ പോയി. വീട്ടില്‍ നിന്നിറങ്ങി കാറില്‍ കയറുന്നതിന് മുമ്പ് ഏഴിലും നാലിലും പഠിക്കുന്ന മക്കളുടെ കവിളത്ത് ഓരോ ഉമ്മ കൊടുത്ത് നിറകണ്ണുകളോടെ ഭാര്യയെ ഒന്നു നോക്കാന്‍ പോലുമാകാതെ തിരിഞ്ഞ് നടന്നു. കാറില്‍ കയറി പുറത്ത് നില്‍ക്കുന്ന എനിക്ക് കൈ തരുമ്പോള്‍ അയാള്‍ പതുക്കെ പറഞ്ഞു. ”ഇനി ഒരുവര്‍ഷം ഇവരെക്കുറിച്ചുള്ള തുടിക്കുന്ന ഓര്‍മകളുമായി ആ മണലാരണ്യത്തില്‍ കഴിയണം.”

തിരികെ പോരുമ്പോള്‍ അതു തന്നെയായിരുന്നു ചിന്തയിലും. അയാളുടെ നന്നേ ചെറുപ്പത്തില്‍ അപ്പച്ചന്‍ മരിച്ചതിനുശേഷം ഏറ്റെടുത്ത കുടുംബഭാരമാണ്. എത്ര നിഷ്ഠയോടെയാണ് അയാള്‍ അത് ഏറ്റെടുത്ത് നടത്തിയത്. ഇന്ന് സ്വന്തം വീട് മാത്രമല്ല, വിവാഹം ചെയ്ത് വിട്ട ഒരു സഹോദരിയുടെ ഭവനവും ആ തോളിലാണ്. ആ പള്ളിയിലെ വികാരിയച്ചന്‍ ആ ചെറുപ്പക്കാരനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ അതിലേറെ സന്തോഷം തരുന്നവയായിരുന്നു. ഈ ഇടവകയിലെ ഒരു കുടുംബത്തിലൊരാവശ്യം ഉണ്ടായാല്‍ അയാള്‍ മുമ്പിലുണ്ടാകും. സമൂഹത്തില്‍ ഒരു പ്രതിസന്ധിയുണ്ടായാല്‍ അവിടെയും അയാള്‍ നിറസാന്നിധ്യമാകും. ഇന്ന് കുടുംബഭാരം വര്‍ധിച്ചതിനാല്‍ ജോലി തേടി അയാള്‍ വിദേശത്ത് പോയത് ഈ സമൂഹത്തിന് വലിയ നഷ്ടമാണ്.

ബസ്സിലിരുന്നപ്പോള്‍ അയാളെക്കുറിച്ചുള്ള ചിന്തകള്‍  പ്രതിബദ്ധത എന്ന വിഷയത്തിലേയ്ക്ക് മാറി. സത്യത്തില്‍ ദൈവം മനുഷ്യനോട് അങ്ങേയറ്റം പ്രതിബദ്ധത കാണിച്ച മണ്ണിലാണ് നാം ജീവിക്കുന്നത്. വിശുദ്ധ ബൈബിള്‍ പ്രസ്താവിക്കുന്നതുപോലെ ദൈവമായിരുന്നിട്ടും അവന്‍ മനുഷ്യര്‍ക്കുവേണ്ടി മനുഷ്യനായി. കരയുന്നവരുടെ കൂടെ കരഞ്ഞു. സാധാരണക്കാരുടെ ജീവിതത്തില്‍ അവന്‍ ഒപ്പം നടന്നു. സമൂഹത്തിന്റെ വിളുമ്പില്‍ താമസിക്കുന്നവരെ ചേര്‍ത്ത് പിടിച്ചു..

അപ്പം വേണ്ടവര്‍ക്ക് അപ്പം. സൗഖ്യം വേണ്ടവര്‍ക്ക് സൗഖ്യം. നീതി വേണ്ടവര്‍ക്ക് നീതി.

അവസാനം മനുഷ്യരുടെ ബലഹീനതകളും, പാപങ്ങളും ഏറ്റെടുത്ത് അവര്‍ക്ക് വേണ്ടി കുരിശിലും.

ക്രിസ്തുവിന്റെ കല്പനകളും സാരോപദേശങ്ങളും ഇങ്ങനെ സംഗ്രഹിക്കാം. ”ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍.”

എന്താണ് പ്രതിബദ്ധത?

നാം ജീവിക്കുന്ന ചുറ്റുപാടിനോട്, അതില്‍ വസിക്കുന്ന സഹജരോട്, നമ്മെ ചുറ്റി നില്‍ക്കുന്ന കുടുംബത്തോട്, ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തത്തോട് ഒപ്പം നമ്മോട് തന്നെയും നാം കാണിക്കുന്ന അനുകമ്പാപൂര്‍വമായ സഹാനുഭൂതിയാണ് പ്രതിബദ്ധത, ഭാരത മണ്ണിനോട് തന്റെ ഹൃദയത്തിലുയര്‍ന്ന സഹാനുഭൂതിയാണ് ആ മണ്ണിനോടും അതിലെ മനുഷ്യരോടും പ്രതിബദ്ധത കാണിക്കാന്‍ ഗാന്ധിജിയെന്ന ആ മഹാമനുഷ്യനെ പ്രേരിപ്പിച്ചത്. നിരക്ഷരരോടും അവഗണിക്കപ്പെട്ടവരോടും ഉള്ളില്‍ തോന്നിയ അനുകമ്പയാണ് വിശുദ്ധ ചാവറയച്ചനെയും ശ്രീ നാരായണഗുരുവിനെയും പുതിയ തുടക്കങ്ങള്‍ക്ക് പ്രചോദിപ്പിച്ചത്.

പിന്നെ, അവര്‍ മറ്റൊന്നും ആലോചിച്ചില്ല. അവരുടെ ഹൃദയത്തില്‍ നൊമ്പരത്തിന് കാരണമായവര്‍ക്ക് വേണ്ടി ഇറങ്ങിത്തിരിച്ചു. അവര്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്തു, സമര്‍പ്പിച്ചു.

ഓര്‍മകള്‍ വേണം

85 കഴിഞ്ഞ ഒരു വയോധികനെ ഒരഗതി മന്ദിരത്തില്‍ കണ്ടുമുട്ടി. അയാള്‍ ആദ്യം പറഞ്ഞത് അവര്‍ക്കൊന്നും ഓര്‍മയില്ലെന്നായിരുന്നു. മക്കളുടെ ചെറുപ്പത്തില്‍ ഭാര്യ മരിച്ചപ്പോള്‍ മുതല്‍ അപ്പനും അമ്മയുമൊക്കെയായി ആ മക്കളെ വളര്‍ത്തിയെടുത്ത കണ്ണീരില്‍ കുതിര്‍ന്ന കഥ അയാള്‍ പറഞ്ഞ് തീര്‍ത്തു. ഇപ്പോള്‍ മക്കള്‍ രണ്ടുപേര്‍ക്കും അപ്പനെ വേണ്ട. അയാള്‍ അനാഥാലയത്തിലും.

അയാളെ കേട്ടപ്പോള്‍ തോന്നിയ ചിന്ത ഇതാണ്. ഓര്‍മയുണ്ടെങ്കിലേ പ്രതിബദ്ധതയുണ്ടാകൂ. മാതാപി
താക്കള്‍ തനിക്ക് എന്ത് ചെയ്തു തന്നു എന്ന ഓര്‍മകളില്‍നിന്നേ അവരോട് സമര്‍പ്പണവും അവര്‍ക്കുവേണ്ടി ത്യാഗമെടുക്കുവാനുമുള്ള പ്രതിബദ്ധത ജീവിതത്തിലുണ്ടാകൂ. രാജ്യം തനിക്ക് എന്ത് തന്നുവെന്ന ഓര്‍മകള്‍ നമ്മെ രാജ്യത്തോട് പ്രതിബദ്ധതയുള്ളവരാക്കും. ഒരു യൂണിവേഴ്‌സിറ്റി ബിരുദം നേടിയ ആള്‍ തന്റെ നഴ്‌സറി ക്ലാസ്സു മുതല്‍ ആരുടെയൊക്കെ പരിശ്രമവും ത്യാഗവും നികുതി പണവും കൊണ്ടാണ് ബിരുദധാരിയായതെന്ന ഓര്‍മ അയാളെ സമൂഹത്തോട് കടപ്പാടും പ്രതിബദ്ധതയുമുള്ളവനാക്കും . ഓര്‍മകള്‍ നഷ്ടപ്പെട്ടാല്‍ ഓരോരുത്തരും അവരവരുടെ തുരുത്തില്‍ ഒറ്റയ്ക്കാകും. ആരുടെയും സഹായം വേണ്ടെന്ന ഗര്‍ജനത്തില്‍ ആര്‍ക്കും സഹായമില്ലെന്ന നോട്ടീസ് ബോര്‍ഡുമായി. അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും.

കുറയുന്ന പ്രതിബദ്ധത

വീടിനോടും സമൂഹത്തോടും ഉത്തരവാദിത്വങ്ങളോടും ഭാവിയോടുമുള്ള പ്രതിബദ്ധതയുടെ കാതിന് ഇമ്പകരമായ വാര്‍ത്തകള്‍ ധാരാളം കേള്‍ക്കുമ്പോഴും ആധുനിക തലമുറയില്‍ ഈ പ്രതിബദ്ധതയുടെ അളവ് കുറഞ്ഞാണ് വരുന്നതെന്ന ഒരു പ്രതിസന്ധി നാം നേരിടാന്‍ പോകുന്ന ദുരന്തത്തിന്റെ സൂചനയല്ലേ?

കാരണം വ്യക്തികളുടെ പ്രതിബദ്ധതയാണ് ആ സ്ഥാപനത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ കെട്ടുറപ്പിന് കാരണം. ഉദാഹരണം 70 ആണ്ടുകള്‍ക്ക് മുമ്പ് ഭാരതമനുഭവിച്ച സ്വാതന്ത്ര്യം തന്നെ. ഭാരതമക്കളുടെ പ്രതിബദ്ധത മാത്രമാണ് തീ തുപ്പുന്ന തോക്കുകളെ തോല്പ്പിച്ചത്.

വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്കും, ജാതി സ്പര്‍ദ്ധയ്ക്കും സാമ്പത്തിക ധ്രുവീകരണങ്ങള്‍ക്കുമൊക്കെ ചുക്കാന്‍ പിടിക്കുന്നത് ഇത്തരത്തിലുള്ള പ്രതിബദ്ധത സമൂഹത്തോട് നഷ്ടമാകുമ്പോഴാണ്. അതിനാല്‍ നാടും നാട്ടുകാരും കാത്തിരിക്കുന്നു, പ്രതിബദ്ധതയുള്ളവരെ. ഒന്നാമത് സൃഷ്ടിച്ച ദൈവത്തോട്. രണ്ടാമത് വളര്‍ത്തി വലുതാക്കിയതിന് കുടുംബത്തോടും സമൂഹത്തോടും. മൂന്നാമത് ഉത്തരവാദിത്വങ്ങളോട്, അത് മറ്റുള്ളവരുടെ വളര്‍ച്ചയ്ക്കാണ്. പിന്നെ എന്നോട് തന്നെ.


ഷാജി വൈക്കത്തുപറമ്പില്‍

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co