Wednesday , 20 February 2019
Home / Articles / Vartha Vicharam / വാര്‍ത്താവിചാരം

വാര്‍ത്താവിചാരം

സന്തോഷത്തില്‍ നമ്മുടെ സ്ഥാനമെന്ത് ?

ഓരോ രാജ്യക്കാരും എത്രമാത്രം സന്തോഷഭരിതരാണെന്നുള്ളതിന്റെ പഠനങ്ങള്‍ അടുത്തകാലത്ത് ആരംഭിച്ചിട്ടുണ്ടണ്ട്. സമൂഹത്തിന്റെ പുരോഗതി, ലക്ഷ്യത്തിലേക്കുള്ള പൊതുവായ ഐക്യം എന്നിവയുടെ കൃത്യമായ അളവായി സന്തോഷസൂചികയെ കാണുന്നു. പരിപാലന, സ്വാതന്ത്യം, സത്യസന്ധത, കാരുണ്യം എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സന്തോഷത്തെ നിര്‍ണയിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടു തയ്യാറാക്കിയ യു.എന്‍.വിദഗ്ധര്‍ അറിയിക്കുന്നു. ലോക സന്തോഷ റിപ്പോര്‍ട്ട് (World Happiness Report) ആദ്യമായി പ്രസിദ്ധീകരിച്ചത് 2016-ലാണ്. അന്ന് ഇന്ത്യ 122-ാം സ്ഥനത്തായിരുന്നുവെങ്കില്‍ പുതിയ റിപ്പോര്‍ട്ടില്‍ 133-മത്തെ സ്ഥാനത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ സ്ഥാനം 80 ആണെന്നോര്‍ക്കണം. ഒന്നാം സ്ഥാനത്തിന് അര്‍ഹമായിരിക്കുന്നത് നോര്‍വേ ആണ്. ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവ പിന്നീട് വരുന്നു.

നാം അധിവസിക്കുന്ന ഇന്ത്യാ രാജ്യത്തിന് സംഭവിച്ചതെന്താണെന്നറിയുന്നതിന് സമകാലിക സംഭവങ്ങള്‍ വീക്ഷിച്ചാല്‍ മതി. ജീവിതകാലം മുഴുവന്‍ രാഷ്ട്രം നമ്മെ പരിപാലിക്കുമെന്ന് ഒരുറപ്പും നമുക്ക് അവകാശപ്പെടാനില്ല. ജീവിക്കാനുള്ള അവകാശ സമരങ്ങളാണ് രാജ്യമെമ്പാടും കാണപ്പെടുന്നതും. നിയന്ത്രിക്കപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുന്ന അനുഭവമാണ് എങ്ങും കാണാന്‍ കഴിയുന്നത്. വിശ്വാസം പ്രകടിപ്പിക്കാനും തുറന്നു പറയാനും ഏറെ നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോള്‍ പ്രകടമാണ്.

സത്യസന്ധരെന്നു പറയാന്‍ ഒരു ചെറിയ ഗണമേ നമ്മുടെ ഇടയിലുള്ളൂ. തന്‍കാര്യ ലാഭത്തിനുവേണ്ടി അവസരോചിതമായി സംസാരിക്കുന്നവരാണ് അധികം പേരും. ഓരോരുത്തരും കൊടിയ സ്വാര്‍ഥതയ്ക്കടിമപ്പെടുമ്പോഴാണ് കാരുണ്യം അകന്നു മാറുന്നത്. ചുരുങ്ങിയ ശതമാനത്തിന്റെ മഹാമനസ്‌കതയില്‍ ഏതാനും സംരംഭങ്ങള്‍ ഉണ്ടെന്നു പറയാം. എന്നാല്‍, മറ്റനേകം രാജ്യങ്ങളെ വച്ചു നോക്കുമ്പോള്‍ ലോകത്തെ അഞ്ചിലൊന്നു വ്യക്തികള്‍ താമസിക്കുന്ന ദേശമെന്ന നിലവായതിനാല്‍ നോര്‍വേയിലെ ജയിലുകള്‍ പലതും അടച്ചു പൂട്ടിയെന്നാണു കേള്‍ക്കുന്നത്. ഇതിന്റെ അനുഭവമെന്തെന്നു കൃത്യമായി നമുക്കു ബോധ്യപ്പെടണമെങ്കില്‍ ഇവിടെ പുതിയ ജയിലുകള്‍ പണിയുന്നുവെന്നതിനെ കൂട്ടി വായിക്കണം. ഒരു രാജ്യത്ത് കുറ്റവാളികള്‍ കുറഞ്ഞതിനാല്‍ ജെയിലുകള്‍ കാലിയാകുന്നു. നമ്മുടെ രാജ്യത്ത് അവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പുതിയ ജയിലുകള്‍ പണിയുന്നു. അപ്പോള്‍ എവിടെയാണ് ‘മാവേലി’ വാഴുന്നത് ? കള്ളവും ചതിയും കൊലയും ചൂഷണവുമൊന്നുമില്ലാത്ത രാജ്യങ്ങളും ഈ ഭൂമിയിലുണ്ടെന്നുള്ളത് അഭിമാനകരം തന്നെയാണ്.

ലോകാവസാനത്തെ പുച്ഛിക്കുന്നവര്‍…!

അന്റാര്‍ട്ടിക്കയിലെ പൈന്‍ ഐലന്‍ഡ് ബേ എന്ന പ്രദേശത്തുള്ള രണ്ടു പടുകൂറ്റന്‍ മഞ്ഞുപാളികളിലാണ് കാലാവസ്ഥാ ഗവേഷകര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാരണം, ഇവ രണ്ടിലുമുള്ള മഞ്ഞുരുകിയാല്‍ ലോകമെമ്പാടും കടല്‍ നിരപ്പ് പതിനൊന്ന് അടിയോളം ഉയരും. ന്യൂയോര്‍ക്ക്, മുംബൈ, കൊച്ചി തുടങ്ങിയ നഗരങ്ങള്‍ ജലത്തിനടിയിലാകാന്‍ ഇതുമതി. ആഗോള താപനം ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍ 20 മുതല്‍ 50 വരെ വര്‍ഷത്തിനുള്ളില്‍ ഇതു സംഭവിച്ചിരിക്കും.

കഴിഞ്ഞ നവംബറില്‍ UCC എന്ന ശാസ്ത്രജ്ഞരുടെ ആഗോള സംഘടന ‘മനുഷ്യവംശത്തിന് ഒരു രണ്ടാം മുന്നറിയിപ്പ്’ എന്ന പേരില്‍ പുറത്തു വിട്ട കത്ത് അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നതാണ്. 184 രാജ്യങ്ങളില്‍ നിന്നുള്ള, നൊബേല്‍ സമ്മാന ജേതാക്കളടക്കമുള്ള 15,000-ലധികം ശാസ്ത്രജ്ഞര്‍ ഒപ്പു വച്ച ഈ രേഖയില്‍ പറയുന്നത് പരിമിതമായ വിഭവങ്ങളുടെ അപരിമിതമായ ഉപഭോഗം മനുഷ്യന്റെ അസ്തിത്വത്തിനു തന്നെ ഭീഷണിയായിരിക്കുന്നു എന്നാണ്.

മറ്റൊരു കാര്യം, ഇക്കഴിഞ്ഞ മാസം പ്രമുഖ ശാസ്ത്ര ജേര്‍ണലായ ‘ബുള്ളറ്റിന്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റ്‌സ്’ അവരുടെ ‘അന്ത്യദിന ഘടികാരം’ (cloomsclay clock)) മുപ്പതു സെക്കന്‍ഡ് മുന്‍പിലേക്കു നീക്കി. ലോകം നേരിടുന്ന വിപത്തുകളുടെ തോത് ശാസ്ത്രീയമായ കണക്കുകൂട്ടി, പ്രതീകാത്മകമായി ആവിഷ്‌കരിക്കുന്ന ഈ ക്ലോക്കില്‍ ഇപ്പോള്‍ സമയം പാതിരയ്ക്ക് രണ്ടു മിനിട്ട് മാത്രം. പാതിരയെ അന്ത്യമായിട്ടാണ് കരുതുന്നത്. (Mathrubhumi Weekly, April 22, 2018). വിഖ്യാത ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങും ഭൂമിയുടെ ആയുസ്സ് ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍, ഏതാനും ദശകങ്ങളാണ് പ്രവചിച്ചിട്ടുള്ളത്. ശാസ്ത്രം തന്നെ ഇങ്ങനെ വേവലാതിപ്പെടുമ്പോള്‍ ശാശ്വതമായ ജീവിതത്തിനു വേണ്ടിയുള്ള സ്വരുക്കൂട്ടലിലും പ്രത്യേക ശ്രദ്ധ നാം വയ്‌ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുന്നു. അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിലൂടെയും പരിസ്ഥിതി ആഘാതങ്ങളിലൂടെയും മനുഷ്യന്‍ തന്നെ വരുത്തി വയ്ക്കുന്ന ദുരന്തങ്ങളുടെ പരിണിതഫലം ഭാവനയ്ക്കതീതമായി നിലകൊള്ളുന്നു.

‘വെയ്സ്റ്റ്’ ദാനം ചെയ്യുന്നവര്‍

ധാരാളം വിവാഹങ്ങള്‍ നടക്കുന്ന പാരിഷ് ഹാളിന്റെ അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന അനാഥശാലയില്‍ അന്തേവാസികളായി 75-ല്‍ പരം പേരുണ്ടണ്ട്. ഇടയ്ക്കിടെ വിവാഹ സദ്യയ്ക്കുമിച്ചം വരുന്ന ഭക്ഷണം ‘മഹാമനസ്‌കത’യോടെ വിവാഹം നടത്തുന്നവര്‍ നാഥാലയത്തിലെത്തിക്കാറുണ്ട്. മിക്കവാറും ബിരിയാണിയോ ഫ്രൈഡ്‌റൈസോ ഒക്കെ ആകാം. അന്തേവാസികളില്‍ ഭൂരിഭാഗവും വൃദ്ധരും രോഗികളിമാണ്. ഭക്ഷണം കളയാന്‍ പാടില്ലാത്തതുകൊണ്ടും തങ്ങളോടുള്ള സ്‌നേഹം കൊണ്ടും എത്തിച്ചു തന്നതായതു കൊണ്ടും അവര്‍ക്കു കഴിക്കാതിരിക്കാന്‍ നിവൃത്തിയില്ല. ആഴ്ചയില്‍ ഒന്നിലധികമാകുമ്പോള്‍ കട്ടിയുള്ള ഭക്ഷണം ചിലര്‍ക്കെങ്കിലും അസുഖ കാരണമായി മാറുന്നു. പലപ്പോഴും ഉച്ചയ്ക്കു നടക്കുന്ന വിരുന്നിന്റെ ബാക്കി ഭാഗം ഇവര്‍ക്ക് രാത്രിയിലാണ് ഭക്ഷിക്കാന്‍ പറ്റുന്നതും. നിവൃത്തി കേടുകൊണ്ട് ഇതുവാങ്ങി അന്തേവാസികള്‍ക്കു കൊടുക്കേണ്ടി വരുന്നു എന്ന് അനാഥാലയ നടത്തിപ്പുകാര്‍ പറയുകയുണ്ടായി.

അഞ്ഞൂറോ ആയിരമോ പേര്‍ക്ക് വിരുന്ന് സംഘടിപ്പിക്കുമ്പോള്‍ കൂട്ടത്തില്‍ ആ സമയത്തു തന്നെ മുന്‍കൂട്ടി അറിയിച്ച് അനാഥാലയത്തിലുള്ള അന്തേവാസികള്‍ക്ക് ഭക്ഷണം നല്കിയിരുന്നുവെങ്കില്‍ അത് പുണ്യമാകും. വിവാഹ വിരുന്നിന് വിളിച്ച് ആള്‍ക്കാരില്‍ ചിലര്‍ വരാത്തതിനാല്‍ ബാക്കി വരുന്നത് ‘വെയ്സ്റ്റ്’ ആണ്. ‘വെയ്സ്റ്റ്’ കളയാന്‍ സ്ഥലമില്ലാത്തതിനാല്‍ അനാഥരുടെ ഉദരമായിക്കൊള്ളട്ടെ എന്നു കരുതി അവിടെ കൊണ്ടുപോയി ഇറക്കി 

വയ്ക്കുന്നത് മഹാകാരുണ്യമായി ആരും പറഞ്ഞു നടക്കരുത്.                                                                                       

സണ്ണി കോക്കാപ്പിള്ളില്‍

sunnykokkappillil@gmail.com

Share This:

Check Also

വാര്‍ത്താവിചാരം

ടൂറിസത്തിലൂടെ വികസനമോ? ടൂറിസംകൊണ്ട് കേരളത്തെ രക്ഷപെടുത്താമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. ഇനി കേരളത്തിന്റെ വികസനം ടൂറിസം മേഖലയിലാണുപോലും. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് …

Powered by themekiller.com watchanimeonline.co