Wednesday , 24 April 2019
Home / Editorial / പൂത്തുലയട്ടെ പ്രണയം

പൂത്തുലയട്ടെ പ്രണയം

“യാക്കോബ് റാഹേലില്‍ അനുരക്തനായി. അവന്‍ ലാബാനോട് പറഞ്ഞു: അങ്ങയുടെ ഇളയമകളായ റാഹേലിനുവേണ്ടി ഏഴുകൊല്ലം അങ്ങയുടെ കീഴില്‍ ഞാന്‍ ജോലി ചെയ്യാം.” ഉത്പത്തി 29:18.20-ാം വാക്യം തുടരുന്നു ”അങ്ങനെ റാഹേലിനുവേണ്ടി യാക്കോബ് ഏഴു വര്‍ഷം പണിയെടുത്തു. അവളോടുള്ള സ്‌നേഹംമൂലം ആ വര്‍ഷങ്ങള്‍ ഏതാനും നാളുകളായെ അവനു തോന്നിയുള്ളൂ. തീവ്ര പ്രണയത്തിന്റെയും അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന യാക്കോബിന്റെ കഥയും ജീവിതവും കാലിക പ്രസക്തിയുള്ളതാണ്. പഴയനിയമത്തില്‍ വളരെ ചുരുക്കി വിവരിച്ചിരിക്കുന്ന യാക്കോബിന്റെ ജീവിതം കേന്ദ്രപ്രമേയമാക്കി ജേക്കബ് തെക്കേമുറിയച്ചന്‍ രചിച്ച ‘ഏലോഹിമിന്റെ പാദമുദ്രകള്‍’ എന്ന നോവല്‍ പ്രണയത്തിനുവേണ്ടി ഏറെ നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്ന യാക്കോബിന്റെ ജീവിതം (പ്രണയമല്ല ആ നോവലിന്റെ പ്രധാന ഇതിവൃത്തമെങ്കിലും) കൂടുതല്‍ വിശദമായി ചിത്രീകരിക്കുന്നുണ്ട്.

എല്ലാ കാലഘട്ടങ്ങളിലും പ്രണയം മനുഷ്യമനസ്സുകളെ ഏറ്റവും ആകര്‍ഷിച്ചിരുന്നൊരു വികാരമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. കലയിലും കവിതയിലും നോവലിലും സിനിമയിലും ഏറ്റവും കൂടുതല്‍ കടന്നുവരുന്നൊരു വിഷയവും പ്രണയമാണ്. ലോകമെമ്പാടുമുള്ള എല്ലാ സംസ്‌കാരങ്ങളിലും ഇതൊരു യാഥാര്‍ഥ്യം തന്നെ. തന്റെ സ്‌നേഹത്തിന്റെ പരിപൂര്‍ണതയില്‍ മനുഷ്യനെ സൃഷ്ടിച്ച ദൈവം മനുഷ്യനു നല്കിയ ഏറ്റവും മഹത്തായ അനുഗ്രഹങ്ങളിലൊന്നായിരിക്കണം പ്രണയിക്കാനും സ്‌നേഹിക്കാനുമുള്ള കഴിവ്. ഉറക്കത്തില്‍ നിന്ന് എണീറ്റ ആദം ഹവ്വായെ കണ്ടപ്പോള്‍ പ്രഖ്യാപിച്ചത് ”ഒടുവില്‍ ഇതാ എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവും” എന്നാണ്. ഇന്നുവരെ എഴുതപ്പെട്ടിട്ടുള്ളതിലെ ഏറ്റവും മഹത്തായ പ്രണയകാവ്യമായാണിത് അറിയപ്പെടുന്നത്.

ആണും പെണ്ണും, പുരുഷനും സ്ത്രീയും തമ്മിലുള്ള സ്‌നേഹവും പ്രണയവും തെറ്റല്ല, പൂര്‍ണമായും ശരിയാണ്. മനുഷ്യന്റെ മാത്രമല്ല സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ഒഴിച്ചുകൂടാനാവാത്ത ഏറ്റവും മനോഹരമായൊരു നന്മ തന്നെയാണ് പ്രണയം.

Related image

പക്ഷേ, കരുതലുണ്ടണ്ടാവേണ്ടണ്ടത് ചില അതിര്‍ വരമ്പുകളെക്കുറിച്ചാണ്. ആര്‍ക്കും, എപ്പോഴും, എവിടെയും എങ്ങനെയും പ്രകടിപ്പിക്കാനുള്ളതാണോ പ്രണയം എന്നതാണ് ചോദ്യം. നമ്മുടെ രാജ്യത്ത് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുന്നതിനുള്ള പ്രായം പതിനെട്ടാണ്. വാഹനങ്ങള്‍ റോഡിലിറക്കി ഓടിക്കുന്നതിന് ലൈസന്‍സ് കിട്ടുന്നതിനുള്ള കുറഞ്ഞ പ്രായവും അതുതന്നെ. വരുംവരായ്കള്‍ ആലോചിച്ച് ഏതാണ് ശരിയെന്ന് തിരിച്ചറിഞ്ഞ്, ഉത്തരവാദിത്വത്തോടെയും പക്വതയോടെയും തീരുമാനമെടുക്കാന്‍ പതിനെട്ട് വയസ്സെങ്കിലും ആകേണ്ടണ്ടതുണ്ടെന്നാണ് നിയമങ്ങള്‍ പറയുന്നത്.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാകേണ്ട പ്രണയവും അതിന്റെ തുടര്‍ച്ചയാകേണ്ട വിവാഹവുമൊക്കെ മാതാപിതാക്കളോ, മുതിര്‍ന്നവരോ അറിയേണ്ടതില്ലാതെ, ഡ്രൈവിങ് ലൈസന്‍സിനെക്കാളും, വോട്ട് ചെയ്യുന്നതിനേക്കാളും ലാഘവത്തോടെ കാണാവുന്ന കാര്യമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അതിനെ വിഡ്ഢിത്തമെന്നേ പറയാനാകൂ.
റേറ്റിങ്ങും, ലാഭമെന്ന ലക്ഷ്യവും മാത്രമുള്ള, സമൂഹത്തിന്റെ കെട്ടുറപ്പോ, മൂല്യങ്ങളോ, കുടുംബ ബന്ധങ്ങളോ നിലനില്ക്കണമെന്ന് ആഗ്രഹമോ, താത്പര്യമോ ഇല്ലാത്ത ഓണ്‍ലൈന്‍/ടി.വി./പത്രമാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രണയ വീരകഥകള്‍ കേട്ട് ജീവിതം നശിപ്പിക്കുന്നവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ.

ചെറുപ്പക്കാരും, മുതിര്‍ന്നവരുമായ എല്ലാ വായനക്കാരുടെയും ജീവിതങ്ങളില്‍ യഥാര്‍ഥ പ്രണയം പൂത്തുലയാനിടയാകട്ടെ.

സ്‌നേഹപൂര്‍വം,
ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍
kairosmag@gmail.com

Share This:

Check Also

അതിശയിപ്പിക്കുന്ന യുവജനങ്ങള്‍

രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയാതിരിക്കുന്നതാണ് നാട്ടിലെ ഫാഷന്‍. ആശയപരമായിയോജിപ്പുള്ളവരും അല്ലാത്തവരുമായ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരെക്കുറിച്ച് എനിക്ക് വലിയബഹുമാനമുണ്ട്. ആദര്‍ശവും, അധികാരവും അംഗീകാരവും …

Powered by themekiller.com watchanimeonline.co