Wednesday , 24 April 2019
Home / Featured / വിവേകത്തില്‍ വേരുപാകേണ്ട കൗമാരം

വിവേകത്തില്‍ വേരുപാകേണ്ട കൗമാരം

ജീവിതത്തിന്റെ അതിമനോഹരമായ നിമിഷങ്ങളുടെ ആരംഭം, അതാണ് ഓരോ വ്യക്തിയെയും സംബന്ധിച്ച് കൗമാരകാലഘട്ടം. സ്വാതന്ത്ര്യര്‍ അല്ലെങ്കിലും സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും വെമ്പല്‍ കാട്ടുന്ന കാലഘട്ടം. കൗമാരക്കാരരുടെ ജീവിതവീക്ഷണങ്ങളെക്കുറിച്ചും അവരുടെ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. കൗമാരക്കാരെ വളര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും
യുവതലമുറയ്ക്കും വേണ്ടി ആലുവ യു.സി. കോളജിലെ റിട്ട. പ്രൊഫ ഡോ. പി.എം. ചാക്കോ 1979 മുതല്‍ കൗണ്‍സിലിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചതിന്റെ വെളിച്ചത്തില്‍ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു.

‘യുവത്വത്തിന്റെ ആഘോഷത്തിലേക്കുള്ള തുടക്കമായിട്ടാണല്ലോ, കൗമാരത്തെ വിശേഷിപ്പിക്കാറുള്ളത്’- ഇതിലെ സന്തോഷങ്ങളെക്കുറിച്ച് പറഞ്ഞ് തുടങ്ങിയാലോ?

ഒരോ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും സംബന്ധിച്ച് വളര്‍ച്ചയുടെ കാലഘട്ടമാണ് കൗമാരം. തങ്ങളെത്തന്നെ തിരിച്ചറിയാനും അംഗീകരിക്കാനും തുടങ്ങുന്ന കാലഘട്ടം. എന്തുകൊണ്ടും മനോഹരമായ സമയങ്ങള്‍. ശരിയായ ബോധത്തിലും ബോധ്യത്തിലും പരിശീലിച്ചാല്‍ ഇതൊക്കെ തന്നെയാണ് ഈ കാലഘട്ടത്തിന്റെയും വരും കാലഘട്ടത്തിന്റെയും സന്തോഷം.

ഇക്കാലഘട്ടത്തില്‍, പ്രത്യേകമായി കൗമാരക്കാരില്‍ സങ്കീര്‍ണമായി കണ്ടുവരുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

തെറ്റിദ്ധരിക്കപ്പെടുന്ന സ്വാതന്ത്ര്യം, ഫാഷന്‍, മാറുന്ന മൂല്യങ്ങള്‍, പക്വതയില്ലായ്മ, അതിസുലഭമായി ലഭിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍, നിശാ പാര്‍ട്ടികളുടെയും ഡാന്‍സ് ക്ലബ്ബുകളുടെയും താളം തെറ്റിയ സമയക്രമം, അധ്വാനിക്കാതെ കൈയില്‍ കിട്ടുന്ന പോക്കറ്റ് മണി, നവമാധ്യമങ്ങളുടെ അതിപ്രസരണം തുടങ്ങിയവയെല്ലാം ഇന്നത്തെ തലമുറയുടെ സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ ഭാഗമാണ്.

കൗമാരക്കാരിലെ സങ്കീര്‍ണതയെ നേരിടുന്നതില്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന് അത്, കുട്ടിക്കാലം മുതല്‍ ഈ ബന്ധം വളര്‍ത്തുന്നതില്‍ എത്രമാത്രം പ്രാധാന്യമുണ്ട്?

മാതാപിതാക്കള്‍ ആയിരിക്കണം മക്കളുടെ ഏറ്റവും നല്ല കൂട്ടുകാര്‍. മക്കള്‍ക്കു നേര്‍സാക്ഷ്യമാകേണ്ടവര്‍ ആണ് മാതാപിതാക്കള്‍. പറയുന്നത് പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ഒരിക്കല്‍ സുഹൃത്തിന്റെ വീട്ടില്‍ ചെന്നപ്പോഴുണ്ടായ അനുഭവം. സംസാരിക്കുന്നതിനിടെ ഫോണ്‍ വന്നു. ഫോണ്‍ എടുക്കാന്‍ അയാള്‍ മകനു നിര്‍ദേശം നല്‍കിയിട്ടു പറഞ്ഞു എനിക്കാണ് ഫോണ്‍ എങ്കില്‍ ഞാനിവിടെ ഇല്ല എന്നു പറയണം. ആ ഫോണ്‍ അയാള്‍ക്കുതന്നെ ആയിരുന്നു. മകന്‍ അപ്പന്‍ പറഞ്ഞത് അതുപോലെ അനുസരിച്ചു.
കുറച്ചു കൈയില്‍ നിന്നു കൂടി ഇട്ടു. അപ്പന്‍ ഇവിടെ ഇല്ല, ഇപ്പോഴെങ്ങും വരുത്തുമില്ല. കള്ളം പറയരുത്, പ്രവര്‍ത്തിക്കരുത് എന്ന് പറഞ്ഞ് കൊടുക്കുന്ന ആള്‍ തന്നെ കള്ളം പറയാന്‍ പരിശീലിപ്പിക്കുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ‘ഇത് കള്ളമല്ല, ചെറിയൊരു നുണയല്ലേ, കുറച്ചൊക്കെ പ്രാക്ടിക്കല്‍ ആകാതെ എങ്ങനെ ജീവിക്കാന്‍ പറ്റും’?

ഇത്തരത്തില്‍ വളരുന്ന ഒരു കുട്ടിയില്‍ സ്വാഭാവികമായും ഉടലെടുക്കുക കണ്‍ഫ്യൂഷന്‍ ആയിരിക്കും. അതിനാല്‍ മൂല്യങ്ങള്‍ ആവശ്യാനുസരണം മാതാപിതാക്കള്‍ വളച്ചൊടിക്കാതിരിക്കുക.

കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്?

ഇന്നു കണ്ടുവരുന്ന ചില സൗഹൃദങ്ങള്‍ ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് നിലകൊള്ളുന്നു. വിശാലമായ കൂട്ടുകെട്ടിന്റെ ലോകത്തുനിന്ന് താത്കാലിക ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നു. ചിലപ്പോള്‍ ആ ഒരാള്‍ ആണ്‍ സുഹൃത്താകാം, പെണ്‍ സുഹൃത്താകാം എന്നാല്‍ അവരെ മാത്രം ഡിപ്പന്റ് ചെയ്ത് ആ വ്യക്തി ജീവിക്കുന്നു. തന്റെ കൂട്ടുകാരന്‍/കൂട്ടുകാരി തന്റെ മാത്രം പ്രാണന്‍ ആണെന്നു കരുതി സൗഹൃദം സൂക്ഷിക്കുന്നു. നാളെ ഒരിക്കല്‍ ആ പ്രാണന്‍ മറ്റൊരു വ്യക്തിയുമായി കൂട്ടുകൂടിയാല്‍ കടുത്ത നിരാശയിലേക്കും മാനസിക സമ്മര്‍ദത്തിലേക്കും അത് വഴിതെളിക്കുന്നു.

ഒരു വ്യക്തിയെ മാത്രം ആശ്രയിച്ച് ജീവിക്കാതെ നല്ല സൗഹൃദങ്ങള്‍ വളര്‍ത്തുക. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഒരാളെ ഒരു വ്യക്തിയായി അംഗീകരിക്കുക. സൗഹൃദത്തിന്റെ വലയം തീര്‍ക്കുക. സൗഹൃദം ആസ്വദിക്കുക.

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ ഇന്ന് ഒത്തിരി റിപ്പോര്‍ട്ട് ചെയ്യെപ്പടുന്നുണ്ട്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

സുഖാന്വേഷണങ്ങള്‍ ആണ് ഇന്നും കൂടുതല്‍ നടക്കുന്നത്. തങ്ങളുടെതന്നെ ശരീരത്തെക്കുറിച്ചുള്ള അറിവില്ലായ്മ, എവിടെ ആരോട് എങ്ങനെ നോ അല്ലെങ്കില്‍ വേണ്ട എന്നുപറയാന്‍ കുട്ടികള്‍ക്കും യുവതലമുറയ്ക്കും ധൈര്യമില്ലാതെ വരിക, തുടങ്ങിയ സാഹചര്യങ്ങളൊക്കെ കുട്ടികളെ ലൈംഗികപരമായ ചൂഷണത്തിനും മറ്റു തരത്തിലുള്ള അപകടങ്ങളിലും കൊണ്ടെത്തിക്കുന്നു.

ഇതിനെക്കാളുപരി ചാരിത്ര്യം എന്ന വാക്ക് പഴഞ്ചന്‍ സിദ്ധാന്തമായി, അര്‍ഥമില്ലാത്ത വാക്കായി പലപ്പോഴും പരിഗണിക്കപ്പെടുന്നു. വേദനാജനകമായ മറ്റൊരു കാര്യം ചാരിത്ര്യശുദ്ധിയുടെ ആവശ്യകതയ്‌ക്കെതിരെ ഏറ്റവും വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് പെണ്‍കുട്ടികളായും മാറിക്കഴിഞ്ഞു. അവര്‍ തുറന്നടിച്ചു പ്രതികരിക്കുന്നു ഞങ്ങള്‍ മാത്രം ഇതെല്ലാം എന്തിന് സൂക്ഷിക്കണം. ആണ്‍കുട്ടികള്‍ക്ക് ബാധകമല്ലാത്തത് ഞങ്ങള്‍ക്കും വേണ്ട. വ്യവസ്ഥാപിതമായ രീതികള്‍ക്കെതിരെ വെല്ലുവിളികള്‍ ശക്തം.

ഇന്നത്തെ തലമുറ ദൃഢചിത്തതയോടെ തീരുമാനങ്ങളെടുക്കുന്നതില്‍ പിന്നോക്കമാണെന്ന് തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായും. ഇന്നത്തെ കുട്ടികളുടെ കാഴ്ചപ്പാടില്‍ ശരി/തെറ്റ് എന്നതിലുപരി വലത്/ഇടത് എന്ന ചിന്ത വളര്‍ന്നിരിക്കുന്നു. ശരി/തെറ്റുകള്‍ക്ക് പ്രാധാന്യമില്ല. ചെയ്യേണ്ട കാര്യം ഏത്, എപ്പോള്‍ എന്തു ചെയ്യണം എന്നൊക്കെ വിവേചിച്ചറിയാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക. ഉദാഹരണത്തിനു ക്ലാസ്സ് മുടക്കി സിനിമയ്ക്കു പോകാന്‍ നിര്‍ബന്ധിക്കുന്ന കൂട്ടുകാര്‍ ഉണ്ടാകാം. ആ സമയത്ത് അവരോട് പറയാന്‍ സാധിക്കണം, ഇതു പഠിക്കേണ്ട സമയമാണ്. അതിനാല്‍ ഇപ്പോള്‍ ഞാനില്ല. ഈ മറുപടി വരുന്നത് അയാള്‍ ദൃഢചിത്തനായതുകൊണ്ടാകാം. പക്ഷേ ഈ ഉത്തരം കേട്ടിട്ട് കൂട്ടുകാര്‍ പഠിപ്പിസ്റ്റ്, ബുദ്ധിജീവി എന്നൊക്കെ വിളിച്ച് കളിയാക്കുമ്പോള്‍ തിരിച്ചു പ്രതികരിക്കുന്നത് ദ്വേഷ്യത്തോടെയൊക്കെയായി മാറുന്നു. ആര് എന്നെ പ്രകോപിപ്പിച്ചാലും ഞാന്‍ വിചാരിച്ചാല്‍ മാത്രമേ എനിക്കു മാറ്റം വരൂ എന്ന തിരിച്ചറിവ് ഓരോരുത്തരിലും വളരണം, വളര്‍ത്തിയെടുക്കണം. ഏറ്റവും ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ സ്വയം ബഹുമാനിച്ചും മറ്റുള്ളവരെ ബഹുമാനിച്ചും വളരുക. വിവേകത്തോടെ ‘നോ’ പറയാന്‍ കഴിയണം. പറയാനുള്ള കാര്യങ്ങള്‍ വ്യക്തതയോടും കൃത്യതയോടും കൂടി ആശയവിനിമയം നടത്താനും കഴിയണം.

മാതാപിതാക്കളോട് പറയാന്‍ പാടില്ലാത്ത എന്തെങ്കിലും നിങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ, അത് നിങ്ങളെ വഴിതെറ്റിക്കാം. പ്രത്യേകിച്ചും ബന്ധങ്ങളില്‍. കൗമാരത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നിങ്ങളുടെ യൗവനത്തേയും വ്യക്തിയെന്ന നിലയിലെ നിങ്ങളുടെ മുഴുവന്‍ ജീവിതത്തെയും സ്വാധീനിക്കാം.

എല്ലാം കുട്ടികള്‍ ഒരിക്കലും തുറന്ന് പറയണമെന്നില്ല. അപ്പോള്‍, ഇത്തരം പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന കുട്ടികളെ എങ്ങനെയാണ് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും തിരിച്ചറിയാന്‍ കഴിയുക?

കുട്ടിയെയും കുട്ടിയുടെ കൂട്ടുകാരേയും അിറഞ്ഞിരിക്കേണ്ടണ്ടത് മാതാപിതാക്കളുടെ കടമയാണ്. വിശേഷങ്ങള്‍കേള്‍ക്കുമ്പേള്‍ അവരുടേതും കൂടി ചോദിച്ചറിയുക. കുട്ടിയുടെ സംസാരരീതിയിലും പെരുമാറ്റത്തിലും വരുന്ന മാറ്റങ്ങളില്‍ നിന്നും കുട്ടിയെ തിരിച്ചറിയാം. പഠനത്തില്‍ പിന്നോക്കമാകുക, ഉറക്കമില്ലായ്മ, വിഷമിച്ചിരിക്കുക, അമിതദേഷ്യം, മുന്‍പത്തേപോലെ ഹോബികളിലൊന്നും ഏര്‍പ്പെടാതിരിക്കുകയോ പിന്മാറുകയോ ചെയ്യുന്നതൊക്കെ ഓരോ ലക്ഷണങ്ങളാണ്. ഇനി, കുട്ടികള്‍ എന്തെങ്കിലും സംസാരിച്ചുതുടങ്ങുകയാണെങ്കില്‍ അത് വിഷയമേതുമാകട്ടെ ആദ്യം അവരെ കേള്‍ക്കുക. അവരുടെ വികാരത്തേയും പറയുന്ന കാര്യത്തിന്റെ പൊരുളും കൂടി ഉള്‍ക്കൊണ്ട് മറുപടി നല്കുക. മാതാപിതാക്കളും അധ്യാപകരും കുട്ടിയുടെ കൂടെയുണ്ടെന്ന ബോധ്യം അവരില്‍ വേണം. അമിതകുറ്റപ്പെടുത്തലും വിചാരണയുമല്ല
വേണ്ടത്. പ്രവൃത്തിയില്‍ നിന്നും കരകേറാനുള്ള കൈത്താങ്ങാകാന്‍ മാതാപിതാക്കളും അധ്യാപകരും ഒന്നിച്ച് ശ്രമിച്ചാല്‍ സാധിക്കും.

ഇവിടെ കുട്ടികളും മാതാപിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൂടി പറയാമോ?

കുട്ടികളെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളോട് പറയാന്‍ പാടില്ലാത്ത എന്തെങ്കിലും നിങ്ങള്‍ സൂക്ഷിക്കുന്നുണ്ടോ, അത് നിങ്ങളെ വഴിതെറ്റിക്കാം. പ്രത്യേകിച്ചും ബന്ധങ്ങളില്‍. കൗമാരത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ നിങ്ങളുടെ യൗവനത്തേയും വ്യക്തിയെന്ന നിലയിലെ നിങ്ങളുടെ മുഴുവന്‍ ജീവിതത്തെയും സ്വാധീനിക്കാം. അതെന്നും ഓര്‍മയിലിരിക്കട്ടെ.

മാതാപിതാക്കളോട്, കാര്യത്തിന്റെ ഗൗരവമറിഞ്ഞ് അവരോട് ഇടപെടുക, ഒറ്റപ്പെടുത്താതെയും, അമിതമായി കുറ്റപ്പെടുത്താതെയും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ അവരുടെ കൂടെ നില്‍ക്കുക.

എല്ലാ അര്‍ഥത്തിലും ജീവിതം ആഘോഷമാക്കാന്‍ പുതുതലമുറയോട് എന്താണ്  നിര്‍ദേശിക്കാനുള്ളത്?

ഓരോരുത്തരും സ്വന്തം ജീവിതത്തിനുവേണ്ടി ഒരു വിശ്വാസ സംഹിത രൂപപ്പെടുത്തുക. നിങ്ങളുടെ വിശ്വാസ സംഹിതയില്‍ എന്തൊക്കെ രൂപപ്പെടുത്തണമെന്ന് നിങ്ങള്‍തന്നെ കണ്ടെത്തുക. കൃത്യനിഷ്ഠ, ആത്മാര്‍ഥത, സത്യസന്ധത, സ്‌നേഹം തുടങ്ങി എന്തുവേണമെങ്കിലും നിങ്ങള്‍ക്കതില്‍ കൂട്ടിച്ചേര്‍ക്കാം. നിങ്ങളുടെ വിശ്വാസ സംഹിത നന്മകൊണ്ടുവേണോ തിന്മകൊണ്ടു വേണോ എന്നു തീരുമാനിക്കാം. പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും നിങ്ങള്‍ ആണ് അതിന്റെ അവകാശികള്‍. ഒന്നിലും പകുതി ഇല്ല. സത്യസന്ധത എന്നാല്‍ 100% ആണ്. അല്ലാതെ ഞാന്‍ 40% അല്ലെങ്കില്‍ 66% സത്യസന്ധനാണ് എന്നു പറയാതിരിക്കുക. സ്‌നേഹം എന്നത് വാക്കുകളില്‍ ഒതുങ്ങാതെ പ്രവൃത്തി ആയി മാറ്റുക. മറ്റൊരാളുടെ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടി സ്‌നേഹത്തെ ഉപയോഗിക്കുക.

 
രശ്മി ജോയ്‌

Share This:

Check Also

വന്ദിച്ചില്ലെങ്കിലും… നിന്ദിക്കരുത്..!

മുന്നറിയിപ്പ്: ഈ കുറിപ്പ് വൈദികരെക്കുറിച്ചാണ് നെറ്റി ചുളിയുന്നവര്‍ വായിക്കണമെന്ന് നിര്‍ബന്ധമില്ല. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് പതിനേഴാം വയസ്സില്‍തന്നെ ജീവിതം മടുത്തുപോയൊരു കൗമാരക്കാരന്‍ …

Powered by themekiller.com watchanimeonline.co