Wednesday , 24 April 2019
Home / Anubhavam / ആ യാത്രക്കിടയിൽ ഞാനും മാറി

ആ യാത്രക്കിടയിൽ ഞാനും മാറി

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ജീസസ്‌യൂത്ത് മിഷന്‍ യാത്രയെക്കുറിച്ച് എനിക്ക് അറിയിപ്പ് വന്നത്. കേട്ടപ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥ. കാരണം ഈ ഒരു മേഖലയിലെ പരിചയക്കുറവും, അതിലുപരി ഞാന്‍ എന്ന വ്യക്തി ഈ പ്രവര്‍ത്തനത്തിന് പ്രാപ്തനാണോ എന്നുള്ള സംശയവും എന്നെ അലട്ടുന്നുണ്ടായിരുന്നു. തെലങ്കാനയിലേക്കാണ് യാത്രയെന്നും, 10 ദിവസത്തോളം അവിടെ ആയിരിക്കുമെന്നും ചേട്ടന്മാര്‍ വിളിച്ച് പറയുമ്പോഴും എന്റെ മനസ്സ് ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തന്നെ, എന്നെ പ്രേരിപ്പിച്ചു. പിന്നീട് പലരും നിര്‍ബന്ധിച്ചപ്പോള്‍
മനസ്സില്ലാ മനസ്സോടെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. മെയ് 21-ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങുമ്പോള്‍ പത്തുപേരും സിസ്റ്ററും അടങ്ങുന്ന 11 അംഗ സംഘം ആയിരുന്നു ഞങ്ങള്‍. ആദ്യമൊക്കെ മനസ്സില്‍ ഒരു ഭയം ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം. തെലങ്കാന കേട്ടുകേള്‍വി മാത്രം ഉള്ള ഒരു സ്ഥലം.! അവരുടെ ഭാഷയും സംസ്‌ക്കാരവും ഒന്നും പരിചയമില്ലാത്ത ഞങ്ങള്‍ എങ്ങനെ അവിടെച്ചെന്ന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും എന്നുള്ള പേടി ഞങ്ങളില്‍ പലര്‍ക്കും ഉണ്ടായിരുന്നു. പോകുന്നതിന്റെ തലേന്ന് ഒരു ഉറക്കമില്ലാത്ത രാത്രിതന്നെയായിരുന്നു. ഒന്നരദിവസത്തോളം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഞങ്ങള്‍ എല്ലാവരും പരസ്പരം ഒരു കുടുംബംപോലെ ആയി മാറുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഒരേ ചിന്താഗതിയും ഒരേ മനഃസ്ഥിതിയുമുള്ള ഒരു കൂട്ടം ആളുകള്‍ കൂടുമ്പോള്‍ അത് ഒരു പ്രത്യേക അനുഭൂതി ആയിരുന്നു. മെയ് 22 ഉച്ചയോടുകൂടി മാഞ്ചരിയാല്‍ എന്ന സ്റ്റേഷനില്‍ ഞങ്ങള്‍ ഇറങ്ങി. ഞങ്ങളെ സ്വീകരിക്കാന്‍ അവിടുത്തെ ജീസസ് യൂത്തിലെ അംഗങ്ങള്‍ എത്തിയിരുന്നു. അവിടെനിന്നും ഉച്ചയൂണിനുശേഷം അദിലാബാദ് എന്ന സ്ഥലത്തേയ്ക്ക് ഞങ്ങള്‍ യാത്രയായി. 200 കി.മി ദൂരെയുള്ള സ്ഥലമാണ് അദിലാബാദ്. കാടുകളും മലകളും താണ്ടിയുള്ള യാത്രയ്‌ക്കൊടുവില്‍ ഞങ്ങള്‍ അവിടെയെത്തി. അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ ഒരു അച്ചന്‍ കാത്തുനില്‍പുണ്ടായിരുന്നു. ബൈജു അച്ചന്‍ ഞങ്ങളെ സ്വീകരിച്ചു. എന്തൊക്കെയാണ് ചെയ്യേണ്ടണ്ടത് എന്നുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ അച്ചന്‍ ഞങ്ങള്‍ക്ക് പറഞ്ഞ് മനസ്സിലാക്കി തന്നു. അതിനിടയില്‍ ഞങ്ങള്‍ പോകേണ്ടതായിട്ടുള്ള ചിന്തുഗുഡ എന്ന ഗ്രാമത്തിനെപ്പറ്റി അച്ചന്‍ ഞങ്ങള്‍ക്ക് വിശദീകരിച്ചുതന്നു. കേട്ടപ്പോള്‍ ഞങ്ങള്‍ ഏവരും ഒന്ന് പേടിച്ചുപോയി. കാരണം അച്ചന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു ‘നിങ്ങള്‍ക്ക് എത്രനാള്‍ അവിടെ നില്‍ക്കാന്‍ സാധിക്കും എന്ന് ഒരു ഉറപ്പും എനിക്കില്ല. എല്ലാംകൊണ്ടും തീരെ വികസനമില്ലാത്ത ഒരു ഗ്രാമമാണത്.’ എങ്കിലും ഞങ്ങള്‍ രണ്ടുംകല്‍പിച്ച് യാത്ര തുടര്‍ന്നു. അദിലാബാദില്‍നിന്നും 17 കി.മി. ദൂരെയാണ് ചിന്തുഗുഡ. ആദ്യത്തെ 15 കി.മി. ബസ്സില്‍. ബാക്കിയുള്ള 2 കി.മി. ഞങ്ങള്‍ ഏവരും നടന്നു. തെലങ്കാനയിലെ 43 ഡിഗ്രി ചൂടില്‍ നടക്കുമ്പോഴും ആ ചൂട് ഞങ്ങളെ തളര്‍ത്തിയില്ല എന്നുള്ളതാണ് സത്യം. ആ ഗ്രാമത്തില്‍ എത്തിയപ്പോള്‍ കൗതുകം തുളുമ്പുന്ന കണ്ണുകള്‍ അങ്ങിങ്ങായി ഞങ്ങള്‍ കണ്ടു. ഞങ്ങളുടെ വരവ് ആ ഗ്രാമത്തിലുള്ളവര്‍ക്ക് ശരിക്കും ഒരു കൗതുകമായിരുന്നു. അതേപോലെ ഒരു അന്ധാളിപ്പ് തന്നെ ആയിരുന്നു ഞങ്ങള്‍ക്കും.

നാല്‍പ്പത്തിരണ്ട് കുടുംബങ്ങള്‍ അടങ്ങുന്ന ആ ഗ്രാമത്തില്‍ ഞങ്ങള്‍ അഞ്ച് ദിവസത്തോളം ചെലവഴിച്ചു. ആദ്യത്തെ രണ്ട് ദിവസത്തില്‍തന്നെ ഞങ്ങള്‍ക്ക് മിക്ക വീടുകളിലും കയറി പ്രാര്‍ഥിക്കാന്‍ സാധിച്ചു. മനസ്സിന്റെ അടിത്തട്ടില്‍ സൂക്ഷിച്ച് വയ്ക്കാന്‍ ഉതകുന്ന ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായ ഒരു യാത്ര തന്നെയായിരുന്നു അത്. വ്യക്തമായ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു ഞങ്ങള്‍ ഏവരും എന്നും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നും രാവിലെ ഒരുമിച്ചുള്ള പ്രാര്‍ഥനയ്ക്കുശേഷമാണ് ഏവരും പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങി തിരിച്ചത്.

ചിന്തുഗുഡയിലെ പള്ളിയോട് ചേര്‍ന്നുതന്നെ വളരെ ചെറിയൊരു ബാത്‌റൂം ഉണ്ട്. അവിടെയാണ് ഞങ്ങളുടെ കൂടെയുള്ള പെണ്‍കുട്ടികള്‍ക്ക് കുളിക്കാനും മറ്റുമുള്ള സൗകര്യം ഒരുക്കിയിരുന്നത്. ബാത്‌റൂമിലുള്ളില്‍ തന്നെ വെള്ളം എത്തിക്കുന്ന മോട്ടോറും ഘടിപ്പിച്ചിട്ടുണ്ട്. ഒരുദിവസം ആ മോട്ടോര്‍ കേടാണെന്നും വെള്ളം കിട്ടുന്നില്ലെന്നും ഞങ്ങള്‍ അറിഞ്ഞു, പിറ്റേന്ന് എന്തെങ്കിലും പോംവഴി കാണാം എന്നുകരുതി ഉറങ്ങി. നേരം വെളുത്തപ്പോള്‍, ബാത്‌റൂമിനുള്ളില്‍ ഒരു വീപ്പക്കുള്ളില്‍ ഒരുമനുഷ്യന്‍ വെള്ളം കൊണ്ടു ചെന്ന് നിറയ്ക്കുന്നു! ഞങ്ങള്‍ പോയവീട്ടിലെ ഒരു യുവാവിന്റെ അപ്പനാണ് വളരെ ദൂരെനിന്നുമാണ് വെള്ളം ചുമന്ന് കൊണ്ടുവന്ന് വീപ്പക്കുള്ളില്‍ നിറച്ചിരുന്നത്. വെറും രണ്ട് ദിവസത്തെ മാത്രം പരിചയമുള്ള ഞങ്ങളെയാണ് അവര്‍ ഇത്ര കാര്യമായി സ്‌നേഹിച്ചത്. പീന്നീട് ഞങ്ങള്‍ക്ക് ഒരു കാര്യം കൂടി മനസ്സിലായി. ആ മോട്ടോര്‍ മിക്കപ്പോഴും കേടാണ്. പുതിയതൊന്ന് വാങ്ങിക്കാനുള്ള സാമ്പത്തികശേഷി അവിടത്തുകാര്‍ക്ക് ഇല്ല. മിഷന്‍ യാത്രക്ക് ചെന്ന ഞങ്ങള്‍ക്ക് അവരുടെ ആഗ്രഹം കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞില്ല. നാട്ടിലേക്ക് ഫോണ്‍ചെയ്ത് കുറച്ചാളുകളുടെയും സഹായത്തോടെ മോട്ടോര്‍ വാങ്ങുന്നതിനാവശ്യമായ പണം കണ്ടെത്തി നല്‍കിയിട്ടാണ് ഞങ്ങള്‍ മടങ്ങിയത്.

പിന്നീടുള്ള ദിവസങ്ങളില്‍ 2-3കി.മി. ചുറ്റളവിലുള്ള കവലകളില്‍ ചെന്ന് ഞങ്ങളുടെ ക്രിസ്ത്യന്‍ സ്ട്രീറ്റ് പ്ലേ അവതരിപ്പിക്കുകയും അവിടത്തെ യുവാക്കളുമായി ഒരു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള അവസരം ലഭിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായിരുന്നു
ഈ ഒരു അനുഭവം എന്ന് പറയാതെ വയ്യ. ഞാന്‍ അനുഭവിക്കുന്ന യേശുവിനെ അവരിലേയ്ക്ക് പകര്‍ന്നു നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഞങ്ങള്‍ താമസിച്ച ഗ്രാമത്തിലെ യുവാക്കളുമായി പരസ്പരം ഒരു ആത്മബന്ധം പുലര്‍ത്താന്‍ ഞങ്ങള്‍ ഏവര്‍ക്കും കഴിഞ്ഞു.

അഞ്ച് ദിവസത്തിനുശേഷം അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ഉണ്ടായിരുന്നു. ചുരുങ്ങിയ ദിവസംകൊണ്ട് ഏറെക്കാലത്തേക്കുള്ള ആത്മബന്ധം ഞങ്ങളുടെയും ഗ്രാമത്തിലുള്ളവരുടെയും ഇടയിലുണ്ടായി. നിറകണ്ണുകളോടെ അവര്‍ ഞങ്ങളെ യാത്രയാക്കിയപ്പോള്‍ സ്വന്തം വീടുവിട്ടു എങ്ങോട്ടോ പോകുന്ന പോലെയുള്ള മാനസികാവസ്ഥ ആയിരുന്നു ഞങ്ങള്‍ക്ക്.

അദിലാബാദ് ഇടവകയില്‍ തിരിച്ചെത്തിയ ഞങ്ങള്‍ക്ക് ബൈജു അച്ചനോട് അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ നൂറു നാവായിരുന്നു. പിന്നീട് ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ മാഞ്ചരിയാല്‍ സ്റ്റേഷനില്‍ തിരിച്ചെത്തി. അവിടെയെത്തിയപ്പോള്‍ അദിലാബാദ് രൂപതയിലെ പിതാവുമൊത്ത് സംസാരിക്കാനും ഞങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ഉള്ള അവസരം ലഭിച്ചു. പിറ്റേന്ന് രാവിലെ 4 മണിക്ക് ഞങ്ങള്‍ അവിടെനിന്നും ഹൈദരാബാദിലേയ്ക്ക് യാത്രയായി. തുടര്‍ന്ന് നാട്ടിലേക്കുള്ള ട്രെയിനില്‍ ഞങ്ങള്‍ മടങ്ങുമ്പോള്‍ എല്ലാവര്‍ക്കും വലിയതോതിലുള്ള സന്തോഷമായിരുന്നു.

മനസ്സിന്റെ ഒരു കോണില്‍ ഞങ്ങള്‍ എല്ലാവരും ഈ ഓര്‍മ പൊന്നുപോലെ കാത്തു സൂക്ഷിക്കും. പരസ്പരം കളിച്ചും, ചിരിച്ചും, അതുപോലെതന്നെ ദൈവത്തിന്റെ മക്കള്‍ ആയും ജീവിച്ച നാളുകള്‍.

യാത്രയുടെ ഏറ്റവും സുഖകരവും ഇന്നും മനസ്സില്‍ നീറ്റല്‍ തോന്നുന്നതുമായ ഒന്നുണ്ട്, മിക്ക ദിവസങ്ങളിലും അവിടെനിന്ന് വരുന്ന ഫോണ്‍കോളും സ്‌നേഹാന്വേഷണവും. യാത്രക്കൊടുവില്‍ ഒരു തവണപോലും അവരെ വിളിക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. എന്നിട്ടും അവര്‍ വിളിക്കുന്നു, അവര്‍ക്കറിയാവുന്ന ഭാഷയില്‍ വിശേഷം പറയുന്നു, ഇവിടത്തെ കാര്യങ്ങള്‍ ചോദിച്ചറിയുന്നു. മണിക്കൂറുകള്‍ മാത്രം നീണ്ട സമ്പര്‍ക്കം ഇത്രയും ഹൃദയഹാരിയായ അനുഭവം നല്കുന്നെങ്കില്‍ ഇനിയും പോകണം മിഷണറിയായി അനേകരുടെ ഇടയിലേക്ക്.

നോബിള്‍ രാജീവ്

 

Share This:

Check Also

കൃപയുടെ വഴിവെട്ടുന്നവര്‍

‘സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‍ക്കുവിന്‍. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും” (1 തിമോ 2:15). വെറും സാധാരണക്കാരിയായി, കരിയര്‍ ലക്ഷ്യം …

Powered by themekiller.com watchanimeonline.co