Wednesday , 24 April 2019
Home / Articles / Vartha Vicharam / വാര്‍ത്താവിചാരം

വാര്‍ത്താവിചാരം

ഫുട്‌ബോള്‍ നമുക്ക് തരുന്ന പാഠം

കേരളത്തില്‍ തെക്കുവടക്കു യാത്രചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പു കാലത്തെക്കാള്‍ അധികമായി ഫ്‌ളെക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഈ ദിവസങ്ങളില്‍ കാണാന്‍ കഴിയുന്നു. മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങിയവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ എവിടെയും കാണാം. ഇഷ്ട ടീമംഗങ്ങളുടെ ചിത്രങ്ങള്‍ ഫ്‌ളെക്‌സില്‍ നിറഞ്ഞു നില്‍ക്കുന്നതു കണ്ട് ആരാധകര്‍ സംതൃപ്തിയടയുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ബ്രസീലിനും, അര്‍ജന്റീനയ്ക്കുമാണ് ഏറെ ആരാധകരുള്ളത്. ജര്‍മനി, സ്‌പെയിന്‍ എന്നിവയ്ക്കാണ് പിന്നെയുള്ളത്. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും പോര്‍ച്ചുഗലിനെയുമൊക്കെ പിന്തുണയ്ക്കുന്നവരും ഇവിടെയുണ്ട്.

ജാതി, മത, വര്‍ഗഭേദമില്ലാതെ എല്ലാവരെയും ഒരുമിപ്പിക്കുന്നു എന്നതാണ് ലോക ഫുട്‌ബോള്‍ നമുക്ക് നല്‍കുന്ന പാഠം. കാല്‍പന്തുകളിയുടെ മനോഹാരിതയില്‍ നിര്‍നിമേഷരായി ഉദ്വേഗത്തോടെ ടിവിക്കു മുമ്പില്‍ കണ്ണും നട്ട് ഇരിക്കുമ്പോള്‍ ഇഷ്ട ടീം എതിര്‍ഗോള്‍ വലയത്തിലേക്ക് പന്തടിച്ചു കയറ്റുന്നതു കാണുമ്പോഴത്തെ നിര്‍വൃതി പറഞ്ഞറിയിക്കാന്‍ വയ്യ. ഇന്ത്യയെപ്പോലൊരു ബഹുസ്വരതയുടെ നാട്ടില്‍ കായികരംഗം ശക്തമായാല്‍ സമൂഹത്തില്‍ അതിന് ഏറെ ഫലം പുറപ്പെടുവിക്കാന്‍ കഴിയും. ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഏറ്റവും പറ്റിയ മേഖല കായികരംഗമാണ്. പലസ്‌കൂളുകളിലും കായികരംഗത്തിന്റെ അവസ്ഥ പരിതാപകരമായ അവസ്ഥയിലാണ്. കായികരംഗത്തെ ശക്തിപ്പെടുത്തുകയും അതിലെ ധാര്‍മികത നിലനിറുത്തുകയും ചെയ്താല്‍ വിശ്വാസജീവിതത്തിനുതന്നെ അതൊരു പരിശീലനമായി മാറും. കൂട്ടായ്മ നല്‍കുന്ന സന്തോഷവും ദുശ്ശീലങ്ങളില്‍ നിന്നുള്ള വിടുതലും ആരോഗ്യമുള്ള ശരീരവും ഈ രംഗം നല്‍കുന്ന പൊതുവായ ഗുണങ്ങളാണ്.എന്നാല്‍ ടീമിനോടും കളിക്കോരോടുമുള്ള ആരാധന അതിരുകടന്നാല്‍ തെറ്റായ നടപടികള്‍ക്കും തിന്മകള്‍ക്കും വലിയ ദുരന്തത്തിനുമൊക്കെ കാരണമാകാനും സ്‌പോര്‍ട്‌സിനും കഴിയുമെന്നത് നിസ്തര്‍ക്കമാണ്. അര്‍ജന്റീന കളിയില്‍ ഒരു പ്രാവശ്യം തോറ്റതു സഹിക്കവയ്യാതെ യുവാവ് ആത്മഹത്യ നടത്തിയത് കേരളത്തിലാണ്. കളിക്കാരുടെ ഹെയര്‍സ്റ്റൈലാണ് യുവാക്കളും, കുട്ടികളും ഏറ്റവും കൂടുതല്‍ ഇപ്പോള്‍ അനുകരിക്കുന്നത്. ലോക ഫുട്‌ബോളിലെ ഇതിഹാസമായ മറഡോണയുടെ പേരില്‍ അര്‍ജന്റീനയില്‍ ഒരു ദേവാലയമുണ്ടെന്ന് അറിയാവുന്നവര്‍ ചുരുക്കമാണ്. മാറഡോണയുടെ നാമത്തില്‍ അവിടെ വിവാഹം പോലും നടക്കുന്നു. മനുഷ്യനെ ദൈവമാക്കുന്ന ആരാധനയിലേക്ക് അധഃപതിക്കാനും ഈ രംഗം സാക്ഷ്യം വഹിക്കുന്നു.

ഈ സാഹചര്യത്തിലാണ് വത്തിക്കാന്‍ കളിയുടെ ദൈവശാസ്ത്രത്തെപ്പറ്റി ഒരു പ്രമാണരേഖ ജൂണ്‍ ഒന്നിനു പുറപ്പെടുവിച്ചത് നാം മനസ്സിലാക്കേണ്ടത്. അല്മായര്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള വത്തിക്കാന്‍ കാര്യാലയമാണ് കളിക്കാര്‍ക്കും കായികപ്രേമികള്‍ക്കുമായി ഈ പ്രമാണ രേഖ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരമൊരു സംരംഭം സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇത് തയ്യാറാക്കാനുള്ള ടീമില്‍ അഞ്ചംഗങ്ങളാണുണ്ടായിരുന്നത്. വത്തിക്കാന്റെ ഈ ടീമില്‍ ജീസസ് യൂത്ത് ഫോര്‍മേഷന്‍ ടീം തലവനായ ശ്രീ. മനോജ് സണ്ണി ഉള്‍പ്പെട്ടുവെന്നത് അത്യന്തം അഭിമാനകരമായ സംഗതിയാണ്. സഭ ജീസസ് യൂത്തിനെ എത്രമാത്രം നെഞ്ചോടു ചേര്‍ക്കുന്നുവെന്നതിന്റെ പരമമായ ദൃഷ്ടാന്തമാണത്.കളികള്‍ക്ക് വ്യക്തികളിലുള്ള സ്വാധീനത്തെക്കുറിച്ചും സ്‌പോര്‍ട്‌സും സഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കായികരംഗം ഇക്കാലത്തു നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയും അതിനോടുള്ള സഭയുടെ അജപാലന നിലപാടുകളെക്കുറിച്ചും ഈ പ്രബോധനരേഖ
പ്രതിപാദിക്കുന്നു. തികച്ചും മാന്യമായ രീതിയില്‍ കളികള്‍ നമ്മുടെ ജീവിതത്തിലേക്കു കടന്നു വരുമ്പോള്‍ ആരോഗ്യകരമായ ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാന്‍ അതിനു കഴിയും. ശരീരത്തിന്റെയും മനസ്സിന്റെയും തലങ്ങളില്‍ പുനര്‍ജനിയായി സ്‌പോര്‍ട്‌സ് മാറും. കൂട്ടായ്മ തരുന്ന നല്ല പാഠങ്ങള്‍ ശീലിക്കാനും അതുവഴി സാധിക്കും. കലോറി കൂടിയ ഭക്ഷണം കഴിച്ച് മെയ്യനങ്ങാതെ ഇറച്ചിക്കോഴികളെപ്പോലെയിരിക്കുന്ന ഒട്ടനേകം കുട്ടികള്‍ക്ക് കായികരംഗം ആരോഗ്യകരമായ ശരീരം നല്കും. ജങ്ക്ഫുഡിന്റെ ആധിക്യത്താല്‍ രോഗങ്ങളുടെ അഗ്നിപര്‍വതമായിട്ടാണ് പലരും ജീവിക്കുന്നത്. സ്‌കൂളുകളില്‍ കായികരംഗം പരിപോഷിപ്പിക്കപ്പെടുമ്പോള്‍ ആരോഗ്യരംഗത്ത് അതു നല്‍കുന്ന പ്രത്യാശ ചെറുതല്ല.

പ്രണയാതുരമായ മനസ്സുകള്‍ നമ്മോടു പറയുന്നത്

കഴിഞ്ഞ ഒന്നുരണ്ടുമാസങ്ങള്‍ക്കിടയില്‍ പ്രണയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഒരു ക്ഷാമവുമില്ല. അതുമായി ബന്ധപ്പെട്ടുള്ള കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, സംഘര്‍ഷങ്ങള്‍ വളരെയേറെ സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രണയം വഴി വ്യക്തികള്‍ മാത്രമല്ല, അനേകം കുടുംബങ്ങളും ഇന്ന് ദുരന്തത്തിലാണ്. പ്രണയം മധുരമാണ്. ചേതോഹരമായ വികാരങ്ങളും അനുഭൂതികളും കൊണ്ട് അതു മനുഷ്യമനസ്സിനെ നിര്‍വൃതിദായകമായ ഒരു സാങ്കല്പികലോകത്തേക്കാനയിക്കുന്നു. ഇണക്കിളികളെപ്പോലെ ചില്ലകളില്‍ ചേക്കേറിയും, പൂക്കളിലെ തേന്‍ നുകര്‍ന്നും, പഴങ്ങള്‍ ഭക്ഷിച്ചും പാറിപ്പറന്ന് നടക്കുന്നത് അത്യന്തം രസകരമായ അനുഭവമാണ്. പക്ഷേ, എന്തുകൊണ്ടാണ് പ്രണയവുമായി ബന്ധപ്പെട്ട് കൊലപാതകങ്ങളും, ആത്മഹത്യകളും, സംഘര്‍ഷങ്ങളും സംജാതമാകുന്നത്?പ്രണയം എന്തെല്ലാം സന്തോഷം നല്കിയാലും ജീവിതത്തെ സംബന്ധിച്ച് അതൊരു വെല്ലുവിളി കൂടിയാണ്. വേണ്ടപ്പെട്ടവരുടെ പിന്തുണകിട്ടാത്ത ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് ആഗ്രഹപൂര്‍ത്തി കൈവരിക്കുമ്പോഴേക്കും ഒരുപാടു നഷ്ടങ്ങളും കൂടെയുണ്ടാകും. പില്ക്കാലജീവിതത്തില്‍ നഷ്ടപ്പെട്ടു പോയതിനെക്കാള്‍ ഗുണപരമായി എന്തെങ്കിലുമുണ്ടെങ്കിലാണ് ജീവിതം നേട്ടമായി എന്നു പറയാന്‍ കഴിയുക.

ദൈവം ഇച്ഛിക്കാത്ത എല്ലാ ബന്ധങ്ങളും തകര്‍ച്ചയിലാണു പര്യവസാനിക്കുക. വ്യക്തിയുടെ ഇഷ്ടങ്ങള്‍ പലപ്പോഴും ദൈവത്തിന്റെ ഇഷ്ടമല്ല. ദൈവേഷ്ടം അന്വേഷിക്കാതെ അവനവന്റെ ആഗ്രഹങ്ങള്‍ക്ക് പ്രപഞ്ചം മുഴുവനും കൂടെ വരുമെന്നു ചിന്തിക്കരുത്. ജീവിതകാലം മുഴുവനും നിലനില്‍ക്കേണ്ട ഒരു സംരംഭത്തെ ആരും ലാഘവത്തോടെ സമീപിക്കരുത്. എതിര്‍ലിംഗത്തില്‍പെട്ടവര്‍ രണ്ടോ മൂന്നോ തവണ തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്യുമ്പോഴേക്കും പ്രണയത്തില്‍ വീഴുന്ന മനസ്സുമായി ജീവിക്കുന്നവര്‍ മാനസിക പക്വത കൈവരിക്കാത്തവരാണ്. ഓരോ സംഭവത്തിന്റെയും മൂലക്കല്ല് അന്വേഷിച്ചുചെല്ലുമ്പോള്‍ അവസാനം ചെന്നെത്തുന്നത് കുടുംബത്തിലെ സ്‌നേഹരാഹിത്യത്തിലാണ്. പ്രണയം വേണം; അത് ദാമ്പത്യജീവിതത്തിലാണ് ആവശ്യമായി വേണ്ടത്. ദൈവേഷ്ടമനുസരിച്ചുളള ഫലങ്ങള്‍ അത് അവിടെ പുറപ്പെടുവിക്കുകയും ചെയ്യും.

എല്ലാ കോടതിവിധികളും സ്വീകരിക്കാന്‍ പറ്റില്ല

പതിനെട്ടു വയസ്സുകഴിഞ്ഞ യുവാവിനും യുവതിക്കും വിവാഹം കഴിക്കാതെ ഒരുമിച്ചു കഴിയാമെന്നുള്ള കോടതിവിധി നിഷേധാര്‍ഹമാണ്. സഭയുടെ പ്രബോധനവുമായി അത് യോജിച്ചുപോവില്ല. വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധം വ്യഭിചാരമാണ്. വ്യഭിചാരം പാപമാണ്. രാഷ്ട്രത്തിന്റെ നിയമങ്ങള്‍ ക്രിസ്തീയ നിയമങ്ങള്‍ക്ക് പലപ്പോഴും എതിരായി വരുന്നത് ഈ വിധത്തിലാണ്. കോടതിവിധിക്കനുസൃതമായിട്ടാണ് താന്‍ ജീവിക്കുന്നതെന്ന് ഏതൊരു ക്രിസ്ത്യന്‍ യുവാവോ, യുവതിയോ ഈ വിഷയത്തില്‍ ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ പാപാവസ്ഥയിലാണു കഴിയുന്നതെന്നു മനസ്സിലാക്കണം.


”… വിവാഹ ജീവിതത്തിനുള്ളില്‍ മാത്രമാണ് ലൈംഗിക ബന്ധം നടക്കേണ്ടത്; വിവാഹത്തിനു പുറത്ത് അത് ഗൗരവപൂര്‍ണമായ പാപമാണ്; ഒരുവനെ അത് വിശുദ്ധകുര്‍ബാന സ്വീകരണത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു” (CCC.2390).

‘സ്വയംഭോഗം, അവിവാഹിതവേഴ്ച, അശ്ലീലകല, സ്വവര്‍ഗഭോഗ പ്രവൃത്തികള്‍ എന്നിവ ശുദ്ധതയ്‌ക്കെതിരായ ഗൗരവപൂര്‍ണമായ പാപങ്ങളാണ്’ (CCC.2396).

 

സണ്ണി കോക്കാപ്പിള്ളില്‍

sunnykokkappillil@gmail.com

Share This:

Check Also

വാര്‍ത്താവിചാരം

സന്തോഷത്തില്‍ നമ്മുടെ സ്ഥാനമെന്ത് ? ഓരോ രാജ്യക്കാരും എത്രമാത്രം സന്തോഷഭരിതരാണെന്നുള്ളതിന്റെ പഠനങ്ങള്‍ അടുത്തകാലത്ത് ആരംഭിച്ചിട്ടുണ്ടണ്ട്. സമൂഹത്തിന്റെ പുരോഗതി, ലക്ഷ്യത്തിലേക്കുള്ള പൊതുവായ …

Powered by themekiller.com watchanimeonline.co