Wednesday , 24 April 2019
Home / Cover Story / ‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ വെല്ലുവിളിക്കുക. മറ്റുള്ളവരുമായും ദൈവവുമായും ഇടപെടുക. സാധാരണ നിലവാരത്തിലുള്ള സമനിലയ്ക്കു വഴങ്ങരുത്. നിന്റെ ഏറ്റവും മികച്ചത് നല്കുക. വിലയുറ്റതും സനാതനവുമായവയ്ക്കുവേണ്ടി നിന്റെ ജീവിതം വ്യയം ചെയ്യുക” – ഫ്രാന്‍സിസ് പാപ്പ.

സഭ കായിക വിനോദത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നത് പുതുമയല്ല. വ്യക്തിയുടെ ശ്രേഷ്ഠതയെ മാനിച്ചുകൊണ്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സഭ എല്ലായ്‌പ്പോഴും ക്രിയാത്മകമായ ശ്രദ്ധപതിപ്പിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇത്തരമൊരു പരിസരത്തില്‍ സജീവമായിരുന്നുകൊണ്ട് ആധുനിക കായിക രംഗവുമായി ഫലദായകമായ ബന്ധം പുലര്‍ത്തിപോരുന്നു. അല്മായര്‍ക്കും, കുടുംബത്തിനും ജീവനും വേണ്ടിയുള്ള തിരുസംഘം ഈയിടെ പുറപ്പെടുവിച്ച പ്രമാണരേഖയുടെ ശീര്‍ഷകം, കായിക വിനോദത്തോടുള്ള സഭയുടെ താത്പര്യത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനവും പൊരുളും വെളിപ്പെടുത്തുന്നു; മാത്രമല്ല, എന്തുകൊണ്ടാണ് ഈ പ്രമാണരേഖ എന്റെ നെഞ്ചില്‍ പേറുന്നതെന്നും.

കേന്ദ്രസ്ഥാനത്ത്, ശരീരത്തോടും ആത്മാവോടും കൂടി അനന്യമായി സൃഷ്ടിക്കപ്പെട്ട മനുഷ്യവ്യക്തിയുണ്ട്. കായികവിനോദം ഉള്‍പ്പെടെയുള്ള അവന്റെ ഓരോ പ്രവൃത്തിയും ധാര്‍മികതയിലും സദ്ഗുണങ്ങളിലും അധിഷ്ഠിതമായിരിക്കണം. അതാണ് ഓരോ പ്രവൃത്തിയുടെയും അടിത്തറയിളക്കുന്ന അപകടത്തില്‍ പതിക്കാതെ വ്യക്തിമഹാത്മ്യം ഉയര്‍ത്തുവാന്‍ ഇടയാക്കുന്നത്. ‘കഴിവിന്റെ പരമാവധി ചെയ്യുക’ എന്നതാണ് ഒന്നാമത്തെ ധാരണ. ഇത് ഫ്രാന്‍സിസ് പാപ്പ അനേകം പ്രഭാഷണങ്ങളില്‍ പരാമര്‍ശിക്കുന്നു. ജീവിതത്തില്‍ ”ഒരു സമനിലകൊണ്ട് തൃപ്തരാകരുത്” എന്ന് അദ്ദേഹം യുവജനങ്ങളെ പ്രത്യേകമായി ഓര്‍മിപ്പിക്കുന്നു.
കായികവിനോദം അടിസ്ഥാനമിടുന്നത് സമര്‍പ്പണം, ത്യാഗം, കഠിനാധ്വാനം കൊണ്ട് പരിമിതികളെ മറികടക്കുക എന്ന ആശയം എന്നിവയിലാണ്. വിജയം ലക്ഷ്യമാക്കി കുതിക്കുമ്പോഴും ചതിയില്ല, – ‘എന്തു വിലയും കൊടുക്കലില്ല’- അതേ സമയംതന്നെ തകര്‍ന്നു തരിപ്പണമാകാതെ തോല്‍വി കൈകാര്യം ചെയ്യാന്‍ പഠിക്കുകയും ചെയ്യുന്നു.

അഞ്ചു ഭാഗങ്ങളുള്ള ഈ പ്രമാണരേഖ നാനാവിധ കായികവിനോദ പ്രവൃത്തികളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നില്ല. എങ്കിലും അവയെക്കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട് നമുക്കു നല്കുന്നു. കായിക പരിശീലനത്തിലേര്‍പ്പെടുന്നവര്‍, കാണികളെന്ന നിലയില്‍ പ്രോത്സാഹനം നല്കുന്നവര്‍, സാങ്കേതിക വിദഗ്ധര്‍, ജഡ്ജിമാര്‍, പരിശീലകര്‍, കുടുംബങ്ങള്‍, വൈദികര്‍, ഇടവകകള്‍ എന്നിങ്ങനെ വളരെ നീണ്ട ഒരു നിരയെ അഭിസംബോധന ചെയ്യുന്നു.

സ്‌പോട്‌സിലുള്ള സഭയുടെ താത്പര്യത്തിന്റെ കാരണവും ആ മേഖലയിലെ അജപാലക ശ്രദ്ധയുടെ ആവശ്യകതയും ഒന്നാം അധ്യായം വിശദീകരിക്കുന്നു. സഭയുടെ ഈ അജപാലക ബന്ധം മൂന്നു തൂണുകളില്‍ ഉറപ്പിച്ചിരിക്കുന്നു.

1) തന്നെത്തന്നെ ആവിഷ്‌കരിക്കാനുള്ള കായിക താരത്തിന്റെ ശാരീരികാധ്വാനം.
2) അയാളുടെ പ്രതിബദ്ധതയെ പിന്‍താങ്ങുന്ന ധാര്‍മിക ഗുണവിശേഷങ്ങള്‍.
3) കായികവിനോദത്തിലൂടെ വ്യാപകമാകേണ്ടുന്ന ശാന്തി, സാഹോദര്യം, ഐക്യദാര്‍ഢ്യം എന്നിവയ്ക്കുവേണ്ടണ്ടിയുള്ള ദാഹം.

രണ്ടാം അധ്യായത്തില്‍ കായിക വിനോദമെന്ന പ്രതിഭാസത്തിന്റെ മുഖ്യസവിശേഷതകളും സമകാലീന സമൂഹത്തില്‍ അത് ഉള്‍ച്ചേര്‍ക്കപ്പെടുന്നതും വിവരിക്കുന്നു. കായിക വിനോദം നരവംശത്തിലെ ഒരു സ്ഥായീഘടകമെന്ന നിലയിലും മിക്കവാറും എല്ലാ സംസ്‌കാരങ്ങള്‍ക്കും ഇണങ്ങുന്ന സാര്‍വത്രിക പ്രതിഭാസമായും പ്രതിപാദിക്കപ്പെടുന്നു.

മൂന്നാമധ്യായത്തില്‍ വ്യക്തിജീവിതത്തിലെ സ്‌പോട്സിന്റെ പ്രസക്തിയാണ് പഠന വിഷയം. പരിത്യാഗം, ഉത്തരവാദിത്വബോധം, നിയമങ്ങളോടുള്ള ആദരവ്, ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള ശേഷി, ആനന്ദം, ധീരത, ഐക്യദാര്‍ഢ്യം, പാരസ്പര്യം എന്നിങ്ങനെ കായികവിനോദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ചില സവിശേഷഗുണങ്ങളിലേക്കും അപഗ്രഥനത്തിന്റെ കാഴ്ചപ്പാടു വിസ്തൃതമാക്കുന്നു. അതിനുവേണ്ടി നാം കായികവിനോദത്തെക്കുറിച്ച് കത്തോലിക്കാസംവാദത്തിനു (ശരീരം-ആത്മാവ്-ചേതന) സുപരിചിതമായ പ്രമേയങ്ങളില്‍ ചര്‍ച്ച തുടങ്ങുന്നു.

നാലാമധ്യായം പ്രകടമായ വെല്ലുവിളികള്‍ക്കായി നീക്കിവച്ചിരിക്കുന്നു. സനാതന മൂല്യങ്ങള്‍ സ്‌പോട്‌സിലൂടെ പരിപോഷിപ്പിക്കുവാനുള്ള ആഗ്രഹം, സമകാലിക കായികരംഗം അഭിമുഖീകരിക്കുന്ന ഉത്തേജക മരുന്നുപയോഗം, അഴിമതി, സാംക്രമികമായ അക്രമവാസന തുടങ്ങിയ അപകടസാധ്യതകള്‍ മറികടക്കാന്‍, ഓരോ കായിക താരത്തെയും പ്രചോദിപ്പിക്കുന്നു.

അവസാന അധ്യായം വിനിയോഗിച്ചിരിക്കുന്നത് കായിക രംഗത്തിലൂടെയുള്ള മനുഷ്യവത്കരണത്തിന്റെ ഈ പാതയില്‍ നായക സ്ഥാനത്തുള്ള സഭയുടെ ധര്‍മം വ്യക്തമാക്കാനാണ്. നല്ല കളിക്കാരന്റെ, നല്ല പൗരന്റെ, നല്ല ക്രൈസ്തവന്റെ സ്വഭാവസവിശേഷതകളായ സദ്ഗുണങ്ങളും പുണ്യങ്ങളും ഓരോ ഇനത്തിലും പരിശീലകനിലും കാണിയിലും വളര്‍ത്തുക ലക്ഷ്യമാക്കുന്ന ഒരു അജപാലക കായിക വിനോദം/കളി-(പാസ്റ്ററല്‍ സ്‌പോട്‌സ്) ഉള്ള അനേകം ഇടങ്ങള്‍ വീട്ടിലും കുടുംബത്തിലും സ്‌കൂളിലും ജിംനേഷ്യത്തിലും ഇടവകയിലുമുണ്ട്.

സഭാജീവിതത്തില്‍ കായിക വിനോദത്തിനു ഗണനീയമായ സ്ഥാനം നല്കുന്ന മൂന്നു ഘടകങ്ങള്‍ ഫ്രാന്‍സിസ് പാപ്പ ചൂണ്ടിക്കാട്ടുന്നു.

1. സ്‌പോട്‌സ് – ഒത്തുചേരലിന്റെ വേദി:
പല തട്ടിലും വ്യത്യസ്ത സാമൂഹിക അവസ്ഥകളിലുമുള്ളവര്‍ ഒരു പൊതു ലക്ഷ്യപ്രാപ്തിക്കായി ഒത്തുചേരുന്നു. വ്യക്തിസ്വാതന്ത്ര്യവാദവും തലമുറകള്‍ തമ്മിലുള്ള വിടവും ആധിപത്യം പുലര്‍ത്തുന്ന ഒരു സംസ്‌കൃതിയില്‍ കായിക വിനോദം സവിശേഷാനുകൂല്യങ്ങളുടെ മേഖലയാണ്. അവിടെ വംശം, ലിംഗം, മതം, ആദര്‍ശം എന്നിവയുടെ പേരിലുള്ള വേര്‍തിരിവില്ലാതെ ആളുകള്‍ ഒത്തുചേരുന്നു. ഒരേ ലക്ഷ്യത്തില്‍ ഒന്നിച്ച് എത്തിച്ചേരുന്നതിനുവേണ്ടി മത്സരിക്കുന്നതിന്റെ, ഒരു ടീമില്‍ പങ്കാളിയാകുന്നതിന്റെ ആനന്ദം അവിടെ നമുക്ക് അനുഭവിക്കാനാവും. വിജയമോ തോല്‍വിയോ പങ്കിടാനാകും; അതിജീവിക്കാനാകും.

2. സ്‌പോട്‌സ് – രൂപവത്കരണ മാധ്യമം:
എക്കാലത്തേക്കാളുമുപരി നമ്മുടെ നോട്ടം യുവജനങ്ങളില്‍ കേന്ദ്രീകരിക്കണം. കാരണം, എത്രയും നേരത്തെ രൂപവത്കരണ പ്രക്രിയ ആരംഭിക്കുന്നുവോ, കായിക വിനോദത്തിലൂടെയുള്ള സമഗ്രമായ വികാസം അത്രയേറെ എളുപ്പമാകും. ഇന്ന് യുവജനങ്ങള്‍ കായിക താരങ്ങളുടെ ആരാധകരാണ്; അവരില്‍നിന്നു പ്രചോദനവും ഉള്‍ക്കൊള്ളുന്നു. കായിക ലോകത്തുള്ളവര്‍ ഔദാര്യം, എളിമ, പരിത്യാഗം, സ്ഥിരത, പ്രസന്നത തുടങ്ങിയ സദ്ഗുണങ്ങള്‍ക്കു മാതൃകകളാണ്.

3. സ്‌പോട്‌സ് – പ്രേഷിതവേലയ്ക്കും വിശുദ്ധീകരണത്തിനുമുള്ള മാര്‍ഗം:
ഓരോ അവസരവും ക്രിസ്തുവിന്റെ സന്ദേശം പ്രഖ്യാപിക്കുന്നതിനു നല്ലതാണ്. ക്രിസ്തുവിനെ പ്രത്യക്ഷമായി പ്രഘോഷിക്കാന്‍ വ്യത്യസ്ത കാരണങ്ങളാല്‍ സാധ്യമല്ലാത്ത ഇടങ്ങളിലും പരിസരങ്ങളിലും വഴി തുറക്കാന്‍ കായിക വിനോദത്തിനു കഴിയും. അവിടെ സമൂഹമായി ഒരു കായിക വിനോദത്തിലേര്‍പ്പെടുമ്പോള്‍ ആനന്ദത്തിന്റെ സാക്ഷികളായി അവര്‍ക്കു സദ്വാര്‍ത്തയുടെ സന്ദേശവാഹകരാകാനാവും. ഫ്രാന്‍സിസ് പാപ്പ ചൂണ്ടിക്കാട്ടുന്നതുപോലെ കായിക രംഗത്ത് ഒരുവനു തന്റെ ഏറ്റവും മികച്ചത് നല്കാനാവുന്നത്, ‘തന്നിലെ ഏറ്റവും ശ്രേഷ്ഠമായത്’, ”ഹൃദയത്തില്‍ ദൈവം പ്രതിഷ്ഠിച്ചിരിക്കുന്ന ഏറ്റവും വൈയക്തികമായ ദാനം”
പുറത്തുകൊണ്ടുവരുന്നത് വിശുദ്ധിക്കുവേണ്ടി തീവ്രമായി ആഗ്രഹിക്കാനുള്ള വിളി കൂടിയാണ്.

തേടിപ്പുറപ്പെടുന്നസഭയുടെ അടയാളം

മതിലുകളും അതിര്‍ത്തിയും കെട്ടിപ്പൊക്കാതെ, തേടിപ്പുറപ്പെടുന്ന സഭയാകാനുള്ള ക്ഷണം സമൂര്‍ത്തമായി അനുഭവിക്കാനുള്ള ഒരു പരിസരമാണ് കായികവിനോദം. മറ്റൊരു വേദിക്കും കഴിയാനാവാത്ത വിധം കായികവേദി, അടിച്ചമര്‍ത്തപ്പെട്ടവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, അഭയാര്‍ഥികള്‍, തദ്ദേശീയര്‍, സമ്പന്നര്‍, ശക്തന്മാര്‍, ദരിദ്രര്‍ തുടങ്ങിയവരെ പങ്കുവയ്ക്കപ്പെടുന്ന
ഒരു താത്പര്യത്തിന്റെ ചുറ്റും, ചിലപ്പോഴെങ്കിലും ഒരു പൊതുസ്ഥലത്തും ഒരുമിച്ചു ചേര്‍ക്കുന്നു. ഫ്രാന്‍സിസ് പാപ്പ പറയുന്നതുപോലെ ”സഭയുടെ വഴി അവളുടെ നാലു ചുവരുകള്‍ പിന്നിലുപേക്ഷിച്ച് അകലങ്ങളിലും ജീവിതത്തിന്റെ പ്രാന്തപ്രദേശങ്ങളിലും കഴിയുന്നവരെ തേടി പുറപ്പെടുകയും നമുക്കുതന്നെ സൗജന്യമായി കിട്ടിയവ സൗജന്യമായി പങ്കുവയ്ക്കുകയുമാണ്.”

വിജാതിയരുടെ ഒരു സമകാലിക അങ്കണം

പള്ളികളുടെ പരിസരങ്ങള്‍ യുവജനതയ്ക്കായി തുറന്നുകൊടുക്കുന്ന പാരമ്പര്യം ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ട്. അവര്‍ മിക്കപ്പോഴും ഒരുമിച്ചുകൂടുന്നത് കായിക വിനോദത്തിനാണ്. ഇന്ന് വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ചുറ്റുപാടില്‍ ഇത്തരം ഇടങ്ങള്‍ സമുദായങ്ങള്‍ക്കും സംസ്‌കൃതികള്‍ക്കും മതങ്ങള്‍ക്കും അതീതമായി പാരസ്പര്യഭരിതമായ ഇടപഴകലുകള്‍ സുഖകരമാക്കുന്നു. മാനവകുടുംബത്തില്‍ ഐക്യബോധംപരിപോഷിപ്പിക്കുന്ന ഇത്തരം ഇടപെടലുകള്‍ക്ക് സഭ വലിയ മൂല്യം കല്പിക്കുന്നു. ഇത്തരെമാരു ഇടം, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ഭാഷയില്‍, ”വിജാതീയരുടെ അങ്കണം” ഒരു സംഭാഷണം സാധ്യമാക്കുന്നു; അത് ”ദൈവത്തെ അറിയാത്തവരെങ്കിലും ദൈവമില്ലാതെ പിന്‍തള്ളപ്പെടാന്‍ ആഗ്രഹിക്കാത്തവരും, അജ്ഞാതനായ ആ ദൈവത്തോടടുക്കുവാന്‍ ആഗ്രഹിക്കുന്നവരുമായി” ആണ് ആ സംഭാഷണം.

സ്‌പോട്‌സ് – കത്തോലിക്കാ വിദ്യാഭ്യാസത്തിന് ഒരു മാര്‍ഗം

ഫ്രാന്‍സിസ് പാപ്പ പറയുന്നു: ‘കായിക വിനോദം ശാരീരികതലത്തിനുപരി ആത്മാവിന്റെയും ദിവ്യരഹസ്യങ്ങളുടെയും കളരിയിലേക്കു നമ്മെ നയിക്കുന്നു.’ ക്രൈസ്തവ രീതിയില്‍ വിദ്യാഭ്യാസം നല്‍കുന്നത് വ്യക്തിയെ അലൗകികത ഉള്‍ച്ചേര്‍ന്നിരിക്കുന്ന സമ്പൂര്‍ണമായ യാഥാര്‍ഥ്യത്തിന്റെ അടിസ്ഥാനത്തില്‍ മാനുഷിക മൂല്യങ്ങളില്‍ രൂപപ്പെടുത്തലാണ്. കായിക വിനോദത്തിന്റെ ഉദാത്തമായ പൊരുള്‍ ജീവിതത്തികവിലേക്കും അലൗകികതയുടെ അനുഭവത്തിന്റെ തുറവിലേക്കും ശിക്ഷണം കൊടുക്കാനാകും എന്നതാണ്.

കായിക വിനോദം – കാരുണ്യ പ്രവൃത്തി

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കും സംലഭ്യമാക്കിക്കൊണ്ട് കായിക വിനോദത്തിനു ശക്തമായ മാധ്യമമാകാനാകും. ഗുണ്ടാസംഘങ്ങളുടെ അക്രമവിളയാട്ടത്തിനും മയക്കുമരുന്നിനും മനുഷ്യക്കടത്തിനും ഇരയാകാന്‍ ഇടയുള്ള ചുറ്റുപാടുകളില്‍ ജീവിക്കുന്ന കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും ഏര്‍പ്പെടുവാന്‍ ഉതകുന്ന ഭാവാത്മകമായ സംവിധാനമായി കായിക വിനോദത്തെ വളര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒട്ടനവധി അന്താരാഷ്ട്ര കായിക വിനോദ ഭരണസമിതികളും, സ്വകാര്യ സ്ഥാപനങ്ങളും എന്‍.ജി.ഒ-കളും ഉണ്ട്. മയക്കുമരുന്നിലും അക്രമത്തിലുംനിന്നു യുവജനങ്ങളെ വിമോചിപ്പിക്കുവാന്‍ അനുയോജ്യമായ മാര്‍ഗങ്ങള്‍ എന്ന നിലയില്‍ കായികാഭ്യാസത്തെയും പരിശീലനങ്ങളെയും കായിക മേളകളെയും ഉപയോഗിക്കുന്ന സംരംഭങ്ങളില്‍ മുമ്പേ തന്നെ ഏര്‍പ്പെട്ടിരിക്കുന്ന ക്രൈസ്തവ സ്‌നേഹ സമൂഹങ്ങള്‍ ലോകമെമ്പാടുമുണ്ട്.

ജീസസ് യൂത്ത് – കായിക വിനോദ അജപാലക ശുശ്രൂഷ സാധ്യതകള്‍

കുടുംബങ്ങള്‍: സ്‌പോട്‌സിന്റെ പ്രഥമ പാഠങ്ങള്‍ക്ക് നാം എവിടെ തുടക്കം കുറിക്കും? കുടുംബങ്ങളില്‍. കാരണം, മാതാപിതാക്കളാണ് കായിക വിനോദത്തിന്റെ ആദ്യ അധ്യാപകര്‍; അവര്‍ പഠിപ്പിക്കുകയും കുട്ടികളോടൊത്തു കളിക്കുകയും ചെയ്യുന്നു. കായിക വിനോദത്തിന്റെ പ്രഥമ വീരനായകരാകാന്‍ നമ്മുടെ കുടുംബങ്ങളെ നാം പ്രോത്സാഹിപ്പിക്കണം.

ഇടവകകള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു: ‘ഇടവകയ്ക്ക് ഒരു സ്‌പോട്‌സ് ക്ലബ് ഉണ്ടാകുമ്പോള്‍ അതു മനോഹരമാണ്. ഇല്ലെങ്കിലോ, ചിലതൊക്കെ ഇല്ലാത്തതുപോലെയും.’ എങ്കിലും ഇടവകയിലെ സ്‌പോട്‌സ് ക്ലബ് ഇടവകയുടെ വിശ്വാസ പ്രതിബദ്ധതകളോടൊത്തുപോകുന്നതാകണം. അവ വിദ്യാഭ്യാസപരവും അജപാലനപരവുമായ പദ്ധതികളിലാകണം വേരൂന്നേണ്ടിയിരിക്കുന്നത്.

വിദ്യാലയങ്ങള്‍, സര്‍വകലാശാലകള്‍: വിദ്യാ അഭ്യാസനം, ഉള്‍ച്ചേര്‍ക്കല്‍ എന്നിവ ലക്ഷ്യമാക്കുന്ന കായിക വിനോദത്തെക്കുറിച്ചുള്ള ശരിയായ അറിവ് പരിപോഷിപ്പിക്കുന്ന മാതൃകാ ഇടങ്ങളാണ് വിദ്യാലയങ്ങളും സര്‍വകലാശാലകളും. മാതാപിതാക്കളും, കുടുംബങ്ങളും, അധ്യാപകരും വിദ്യാലയ അധികൃതരുമായി സംഭാഷണങ്ങള്‍ നടത്തുന്നു. അവയിലൂടെ വിദ്യാര്‍ഥികളുടെ സമഗ്രമായ വികാസത്തിലേക്കു നയിക്കാനുതകുന്ന സ്‌കൂള്‍ കായികവിനോദ പ്രവൃത്തികള്‍ രൂപപ്പെടുത്താനാകും. തങ്ങളുടെ വിശ്വാസവുമായി ഒരു പുത്തന്‍ കണ്ടുമുട്ടലുളവാക്കുന്നതിലേക്കു യുവജനങ്ങളെ ആഹ്വാനം ചെയ്യാന്‍ ഈ വേദികള്‍ സുവര്‍ണാവസരങ്ങളായി മാറും.

അജപാലക അനുയാത്രയും ആത്മീയ പരിരക്ഷയും: ഇതു വ്യക്തിയുടെ സജീവമായ കായിക ജീവിതത്തിനപ്പുറത്തേക്കു വളരണം. തങ്ങളുടെ തൊഴിലിന്റെ അന്ത്യത്തില്‍ നിശൂന്യതയും വിഷാദവും അനുഭവിക്കുന്ന, ചിലപ്പോഴെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി തകരുന്ന അനേകം കായിക താരങ്ങളെ കായിക ലോകം കണ്ടിട്ടുണ്ട്. സുസ്ഥിരമായ ഒരു അനുയാത്രാപദ്ധതി തങ്ങളുടെ തനിമ, ഒരു പക്ഷേ ആദ്യമായി, കായിക ലോകത്തിനു വെളിയില്‍ തിരയാന്‍ ഇത്തരമാളുകള്‍ക്കു സഹായകമാകാം.

കായിക വിനോദ അജപാലക പ്രവര്‍ത്തകരുടെ ശൃംഖല: സ്‌പോട്‌സില്‍, പരിശീലകര്‍, റഫറികള്‍, അധ്യാപകര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ കളിക്കാരുടെയോ അത്‌ലിറ്റുകളുടെയോ മനോഭാവം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ടണ്ട്. ഉചിതവും പ്രസക്തവുമായ ആത്മീയ/അജപാലക പരിശീലന പദ്ധതി കായിക രംഗത്തെ മാനവീകരിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കും. നാം കായിക പരിശീലന പ്രവര്‍ത്തകരുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടണം; അവരുമായി സഹകരിക്കണം; കായിക വിനോദത്തിന്റെ അജപാലക ഭാവങ്ങളെ സംബന്ധിക്കുന്ന പരിശീലനപാതകള്‍ പ്രോത്സാഹിപ്പിക്കണം.

ഈ പ്രമാണരേഖ ഞാന്‍ നെഞ്ചില്‍ പേറുന്നുവെന്നു തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു. എന്റെ കൗമാരപ്രായത്തില്‍ പിതാവ് ഷൂട്ടിങ് എന്ന കായിക വിനോദരംഗത്തേക്ക് എന്നെ നയിച്ചു. ഞാന്‍ നല്ല തുടക്കം കുറിച്ചു. റെക്കോര്‍ഡ് വിജയത്തോടെ ദേശീയ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. എന്നാല്‍ ആ രംഗത്തുനിന്ന് പെട്ടെന്നു വിടപറയേണ്ടിവന്നു. ഇത്തരമൊരനുഭവത്തിലൂടെ കടന്നുപോകാന്‍ കര്‍ത്താവ് എന്തുകൊണ്ട് ഇടയാക്കി എന്നത് എന്നെ ആശ്ചര്യപ്പെടുത്തി. 32 വര്‍ഷങ്ങള്‍ക്കുശേഷം എനിക്ക് ഉത്തരം കിട്ടി. ഈ പ്രമാണരേഖയ്ക്കു രൂപം നല്കുന്ന ടീമിന്റെ ഭാഗമാകാന്‍ വത്തിക്കാനില്‍നിന്ന് എനിക്കു ക്ഷണം കിട്ടി. കര്‍ത്താവിന്റെ പരിപൂര്‍ണമായ പദ്ധതിയില്‍ ഒന്നും പാഴാകുന്നില്ല! 1996-ല്‍ കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ജീസസ് യൂത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോള്‍ ഏതാനും ദിവസങ്ങള്‍ ഞാന്‍ പ്രാര്‍ഥനയില്‍
ചെലവഴിച്ചു. ദൈവദത്തമായ ഈ ദൗത്യം ”തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെയും ആത്മീയമായ ഉണര്‍വോടുംകൂടി” നിറവേറ്റാന്‍ സഹായകമായി കര്‍ത്താവില്‍നിന്ന് ഒരു പ്രവാചക സന്ദേശം ഞാന്‍ ചോദിച്ചു. ഇതായിരുന്നു, എനിക്കു ലഭിച്ച വാക്കുകള്‍. ”ഏറ്റവും ശ്രേഷ്ഠമായത് അവിടത്തേക്കു നല്കുക.” അത് എന്റെ ജീവിതത്തിന്റെ ആദര്‍ശസൂക്തമായി. ”നിന്റെ ഏറ്റവും മികച്ചതു നല്കുക” എന്ന ശീര്‍ഷകത്തില്‍ പരിശുദ്ധ സിംഹാസനം പുറപ്പെടുവിക്കുന്ന ഈ പ്രമാണരേഖയുടെ ഭാഗമാകാന്‍ അവിടന്ന് എന്നെ ഇപ്പോള്‍ 22 വര്‍ഷങ്ങള്‍ക്കുശേഷം വിളിച്ചത് മനോഹരമല്ലേ?

മനോജ് സണ്ണി

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co