Wednesday , 24 April 2019
Home / Cover Story / കളി ഒരു വല്ലാത്ത സ്പിരിറ്റാണ്

കളി ഒരു വല്ലാത്ത സ്പിരിറ്റാണ്

1998 ലോകകപ്പില്‍ ബ്രസീലിന്റെ ഫുട്‌ബോള്‍ കളി കണ്ടപ്പോള്‍ വല്ലാത്തൊരു ആകര്‍ഷണം തോന്നി. ചെറുപ്പം മുതലേ ക്രിക്കറ്റ് കളിച്ചിരുന്ന ആ ബാലന്റെ ഹൃദയത്തില്‍ ഫുട്‌ബോള്‍ ഒരു മായാത്ത
മുദ്ര പതിപ്പിച്ചിരുന്നു. ലോകകപ്പ് ഫൈനലില്‍ റൊണാള്‍ഡോയും, റിവാള്‍ഡോയും, റോബര്‍ച്ചോ കാര്‍ലോസുമൊക്കെയുണ്ടായിരുന്നിട്ടും, താരനിബിഢമായ ആ ബ്രസീല്‍ ടീം തോറ്റുപോയപ്പോള്‍ കൂടെക്കരഞ്ഞ ആ ബാലന്റെ ജീവിതത്തില്‍ പിന്നീട് കളി ഒരു പ്രധാന ഘടകമായി മാറുകയായിരുന്നു.

Image result for football

കളിയല്ലിത് ജീവിതം എന്നു പറയുന്നവര്‍ക്ക് മറുപടിയായി കളിയിലൂടെയുള്ള എന്റെ ജിവിതമാണ് എനിക്ക് പറയാനുള്ളത്. വൈകുന്നേരങ്ങളില്‍ പതിവായി ക്രിക്കറ്റോ ഫുട്‌ബോളോ കളിക്കുമായിരുന്നു. പഠിച്ചുതീര്‍ത്താല്‍ കളിക്കാന്‍ പോകാന്‍ പറ്റും എന്നുള്ളതിനാല്‍ പഠനത്തിലും ശ്രദ്ധ നഷ്ടപ്പെട്ടില്ല. ഒരു ദിവസം കളിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തൊ ഒരു വലിയ കുറവുള്ളതായി തോന്നുമായിരുന്നു അക്കാലത്ത്. പൊതുവേ കുട്ടികള്‍ പഠിത്തത്തിനിടയ്ക്ക് ഒരു വിശ്രമത്തിനായി കളിക്കാനിറങ്ങുമ്പോള്‍ എനിക്കിഷ്ടം കളിച്ചു മടുക്കുമ്പോള്‍ നിറുത്തുന്നതായിരുന്നു. ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, കബഡി, ഖൊ-ഖൊ, അത്‌ലറ്റിക്‌സ്… അങ്ങനെ ചെറുപ്പത്തില്‍ കളിക്കാത്ത കളികളില്ല. മേല്‍പറഞ്ഞ കളികളിലെല്ലാം സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് ടീമിനെ പ്രതിനിധാനം ചെയ്ത് കളിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വ്യത്യാസമില്ലാതെ ബുദ്ധിമുട്ടനുഭവിച്ച ഒരു കാര്യം പരീക്ഷാസമയത്ത് കൂടെക്കളിക്കാന്‍ ആളെക്കൂട്ടുക എന്നതായിരുന്നു.

എഞ്ചിനീയറിങ്ങിനു അഡ്മിഷന്‍ കിട്ടിയപ്പോള്‍ മെക്കാനിക്കല്‍ എടുക്കാതെ കമ്പ്യൂട്ടര്‍ സയന്‍സ് എടുക്കാനുള്ള പ്രധാന കാരണം കളിക്കാന്‍ കൂടുതല്‍ സമയം കിട്ടുമെന്നത് തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ അത് ദൈവത്തിന്റെ ഒരു ഇടപെടലായിട്ടു തോന്നുന്നു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിങ്ങും, ഇന്‍ഫോസിസിലെ ജോലിയുമൊക്കെ നന്നായി വിശകലനം ചെയ്യാന്‍ എന്നെ പ്രാപ്തനാക്കി.

2013-ല്‍ ജോലി രാജിവച്ച് ഉപരിപഠനത്തിനു പോകാന്‍ തീരുമാനിച്ചപ്പോഴും അവിടെയും ഒരു ദൈവിക ഇടപെടല്‍ ഉണ്ടായിരുന്നു. നാട്ടില്‍ അധികം കേട്ടറിവുപോലുമില്ലാത്ത സ്‌പോര്‍ട്‌സ് മാനേജുമെന്റ് തെരഞ്ഞെടുത്തപ്പോള്‍ പലരും നെറ്റി ചുളിക്കുകയും ഇവന് എന്തുപറ്റിയെന്ന് ചോദിക്കുകയുമുണ്ടായി. എല്‍ഡറിന്റെ സഹായത്തോടെ പ്രാര്‍ഥിച്ചെടുത്ത ഒരു തീരുമാനമായിരുന്നു സ്‌പോര്‍ട്‌സ് മാനേജുമെന്റില്‍ ബിരുദാനന്തരബിരുദം. പലരും ചോദ്യം ചെയ്തിട്ടുപോലും ആ തീരുമാനത്തെ മാതാപിതാക്കളും സഹോദരനും അംഗീകരിക്കുകയും ചെയ്തു.

ഉപരിപഠനത്തിനിടയില്‍ ഉണ്ടായ ആദ്യത്തെ തിരിച്ചറിവ് സാമ്പത്തിക അന്തരമായിരുന്നു. ഒരു സോഫ്ട്‌വെയര്‍ എഞ്ചിനീയറും സ്‌പോര്‍ട്‌സ് മാനേജുമെന്റുകാരനും തമ്മിലുള്ള ആ വ്യത്യാസം എന്നെ പലപ്പോഴും ഇരുത്തി ചിന്തിപ്പിച്ചു. ക്യാമ്പസ് പ്ലേസ്‌മെന്റുകളില്‍ ആദ്യത്തെ ചിന്ത ഈ ജോലി ഈ ശമ്പളത്തില്‍ ചെയ്താല്‍ ആത്മസംതൃപ്തി കിട്ടുമോ എന്നതായിരുന്നു. ജോലി തെരഞ്ഞെടുത്തശേഷം വേണ്ടത്ര സന്തോഷം നല്കിയില്ലെങ്കില്‍, പിന്നീട് അത് ഉപേക്ഷിക്കേണ്ടി വരുമ്പോള്‍ അതുമൂലം മറ്റൊരാളുടെ അവസരം നിഷേധിക്കും എന്നുള്ളതിനാല്‍ ഏറ്റെടുക്കാന്‍ സാധ്യതയില്ലാത്ത ജോലി ഇന്റര്‍വ്യൂവില്‍ തന്നെ വേണ്ട എന്നു വയ്ക്കാനും അവരോട് അത് പറയാനും ഞൊടിയിടയില്‍ സാധിച്ചു.

Image result for sports

ദൈവാനുഗ്രഹത്താല്‍ പഠനം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മുംബൈയിലെ ഒരു സ്‌പോര്‍ട്‌സ് സ്ഥാപനത്തില്‍ ജോലി കിട്ടി. പിന്നീട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ISL) പ്രൊ കബഡി ലീഗ് (PKL) ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) കബഡി ലോക കപ്പ് എന്നിങ്ങനെ പല പ്രൊജക്ടുകള്‍ എന്റെ നേതൃത്വത്തിലുള്ള ഡേറ്റ അനാലിസിസ് ടീമിനു കിട്ടുകയും അവിടെയൊക്കെ വിശകലനം നടത്തി ഇന്ത്യയിലെ പ്രമുഖരായ സ്‌പോര്‍ട്‌സ് വിദഗ്ധരുമായും കമന്റേറ്റര്‍മാരുമായും പഴയകാല കളിക്കാരു
മായും നല്ലൊരു ബന്ധം സ്ഥാപിക്കാനും ഇടയായി, മൂന്നു വര്‍ഷത്തിനുശേഷം ആ ജോലിയില്‍ നിന്നു വിടപറഞ്ഞപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2017/18 സീസണില്‍ മലയാളം കമന്ററി പറയാനുള്ള ഒരവസരം നഷ്ടപ്പെട്ടല്ലോ എന്നൊരു വിഷമമുണ്ടായിരുന്നു. പക്ഷേ, ദൈവപദ്ധതി മറ്റൊന്നായിരുന്നു, കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഹിന്ദി/ഇംഗ്ലീഷ് കമന്ററി ബോക്‌സിലും, കോമണ്‍ വെല്‍ത്ത് ഗെയിംസിലും, യുവേഫ ചാമ്പ്യന്‍സ്
ലീഗ് മത്സരങ്ങളിലുമൊക്കെ ഒരു സ്റ്റാറ്റിസ്റ്റീഷ്യനായി ഞാനുമുണ്ടായിരുന്നു. പല കായിക വിഭാഗങ്ങളില്‍ പ്രശസ്തരായ കമന്റേറ്റഴ്‌സിന്റെ അടുത്തിരുന്ന് അവരുടെ രീതികളും ശൈലികളും നോക്കി മനസ്സിലാക്കുവാനും വിശകലനം ചെയ്യാനും സാധിച്ചു. 2018 ഫിഫ ലോക കപ്പില്‍ കമന്ററി പറയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പിന്നീട് പ്രൊഡ്യൂസര്‍ & കമന്റേറ്റര്‍ എന്ന ഡബിള്‍റോള്‍ ഏറ്റെടുത്ത് രണ്ടു ജോലി ഒരേ സമയത്ത് ചെയ്യാന്‍ സാധിച്ചത് ദൈവകൃപ. ഇപ്പോഴും ജോലിത്തിരക്കിനിടയിലും വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതിനിടയിലും ആഴ്ചയിലൊരിക്കല്‍ കളത്തിലിറങ്ങി ഫുട്‌ബോള്‍ കളിക്കാനായി സമയം കണ്ടെത്തുന്നു.ഇന്നത്തെക്കാലത്ത് കുട്ടികളെ കളിക്കളത്തില്‍ കാണുന്നത് അത്യപൂര്‍വം. സ്‌കൂളും ട്യൂഷനുമൊക്കെ കഴിഞ്ഞിട്ട് ഒരല്‍പം സമയം കിട്ടിയാല്‍ ടിവി കാണാനും കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ഗെയിം കളിക്കാനുമാണ് കുട്ടികള്‍ക്കിഷ്ടം. എന്റെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വിദ്യാലയങ്ങളെപ്പോലെ കളിക്കളങ്ങളും ഒരു പാഠ്യ കളരിയായിരുന്നു.

ഒരു പാഠം പഠിച്ചുകഴിഞ്ഞാല്‍ കളിക്കാന്‍ പോകാം എന്ന ഒരു ലക്ഷ്യം മുന്നില്‍ വച്ചപ്പോള്‍ പഠിക്കാന്‍ അതൊരു പ്രചോദനമായി. അച്ചടക്കവും കൃത്യനിഷ്ടയും ചിട്ടകളും കുട്ടിക്കാലത്തില്‍ അനിവാര്യമായി മാറി. വ്യക്തിഗത മികവിനോടൊപ്പം ടീം വര്‍ക്കും കൂടി ചേരുമ്പോള്‍ വിജയത്തിലേക്കുള്ള വഴി അനായാസമായി. പെനാല്‍ട്ടിയെടുക്കാനായി തയ്യാറെടുക്കുമ്പോഴുള്ള ഫോക്കസ് പിന്നീട് പല ഘട്ടങ്ങളിലും ഗുണം ചെയ്തു. വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞ കളിക്കളങ്ങള്‍ എന്തിനെയും നേരിടാന്‍ പ്രാപ്തനാക്കി.

മാതാപിതാക്കള്‍ക്ക് ജോലി സംബന്ധമായി സ്ഥലം മാറ്റം കിട്ടിയപ്പോള്‍, പുതിയ ഒരു സ്ഥലത്ത് ഒരു സമൂഹത്തില്‍ അംഗമാകാനും അവരുടെ കൂട്ടായ്മയില്‍ ചേരാനും എളുപ്പമായതിനും കാരണം ഈ കായികബന്ധം തന്നെ. സംഘടനയുടെ ഭാഗമാകാനും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നേതൃനിരയിലേയ്ക്ക് കടന്നു വരുവാനും കളിക്കളങ്ങള്‍ അടിത്തറ പാകി. മുതിര്‍ന്ന കുട്ടികള്‍ക്കെതിരെ കളിക്കാനുള്ള അവസരം കിട്ടിയപ്പോള്‍ ധൈര്യം കിട്ടി എന്നു മാത്രമല്ല കിട്ടുന്ന അവസരം വിനിയോഗിക്കണം എന്ന പാഠം പഠിക്കാനുമായി. ടീമിന്റെയും കളിക്കാരുടെയും ശക്തിയും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞു തന്ത്രങ്ങള്‍ മെനയാന്‍ ചെറുപ്പത്തിലെ പഠിച്ചു. ജീവിതത്തില്‍ ഏതൊരു സാഹചര്യവും നേരിടാനും എന്തു വലിയ റിസ്‌കു എടുക്കാനും പ്രാപ്തനാക്കുന്നതില്‍ കളിക്കളങ്ങള്‍ വലിയൊരു പങ്കുവഹിച്ചു എന്ന് പറയുന്നതാണ് എനിക്കിഷ്ടം.

ആദ്യമായി കമന്ററി പറഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോള്‍ 10 മാസം പ്രായമായ ഞങ്ങളുടെ കുഞ്ഞുവാവ അതു കേട്ടുകൊണ്ട് ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ ഭാര്യ കാണിച്ചു തന്നതും കളിയിലൂടെയുള്ള ഈ ജീവിതത്തിനിടയില്‍ കിട്ടിയ മറ്റൊരു സമ്മാനം.

 

ജോസഫ് ജോര്‍ജ്

Share This:

Check Also

പരീക്ഷക്ക് ജയിക്കാനായി തുടങ്ങിയ ശീലം

പണ്ട് ഓണം ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ അടുപ്പിച്ച് പത്ത് ദിവസം കുര്‍ബാനയ്ക്ക് പോകണം എന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാന്‍. …

Powered by themekiller.com watchanimeonline.co