Wednesday , 24 April 2019
Home / Articles / Vartha Vicharam / വാര്‍ത്താവിചാരം

വാര്‍ത്താവിചാരം

ഒരത്ഭുത ശിശുവിന്റെ ജനനം

ഇതൊരത്ഭുത കഥയാണ്. കുട്ടികളെ വേണ്ടെന്നുവയ്ക്കുന്നവരും നിസ്സാര കാര്യത്തിന്റെ പേരില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നവരും വായിക്കേണ്ട സംഭവം. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ആ യുവതിക്ക് തലച്ചോറിന് ക്ഷതമേറ്റ് അബോധാവസ്ഥയിലായത്. ശ്വാസോച്ഛ്വാസം പോലും നിലച്ച മട്ടില്‍ ഒന്നരമാസം വെന്റിലേറ്ററില്‍ കിടക്കേണ്ടി വന്നു. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു ഈ കിടപ്പ്. പിന്നീട് യാതൊരനക്കവും ഇല്ലാത്തതിനാല്‍ അമ്മ അബോധാവസ്ഥയില്‍ നിന്ന് എപ്പോള്‍ ഉണരുമെന്നറിയാത്തതിനാല്‍ ഗര്‍ഭച്ഛിദ്രം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ഈ യുവതിയെ വീട്ടുകാരെത്തിച്ചു. ധാരാളം ആന്റിബയോട്ടിക്കുകള്‍ യുവതിക്കു നല്‍കിയിരുന്നു. ഈ സ്ഥിതിയില്‍ ഗര്‍ഭം അലസിപ്പിച്ചാല്‍ അമ്മയുടെ ആരോഗ്യത്തിന് അപകടകരമായതിനാല്‍ ഇപ്പോള്‍ നടത്തേണ്ടതില്ല എന്നും തനിയെ അതു സംഭവിച്ചുകൊള്ളുമെന്നും ഡോക്ടര്‍മാര്‍ തീരുമാനിച്ചു. വീണ്ടും കാരിത്താസിലെ ഐ.സി.യുവില്‍ യുവതി പ്രവേശിക്കപ്പെട്ടു. ഗര്‍ഭം തനിയെ അലസിയില്ല. വീട്ടുകാര്‍ ഐ.സി.യു-വിന് പുറത്ത് പ്രാര്‍ഥനയുമായി കാവലിരുന്നു. സ്‌കാനിങ് റിപ്പോര്‍ട്ടിലൊന്നും കുഞ്ഞിനു തകരാറൊന്നും കാണാത്തതിനാല്‍ കുഞ്ഞിനെയും കൂടി രക്ഷിക്കുന്നതിലായി ഡോക്ടര്‍മാരുടെ ശ്രദ്ധ.

പിന്നെ കുഞ്ഞിനു ഹാനികരമാകാവുന്ന മരുന്നുകള്‍ നിറുത്തലാക്കിയെങ്കിലും എന്തെങ്കിലും വൈകല്യങ്ങള്‍ക്കുള്ള സാധ്യത നിലനിന്നിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 14-ന് യുവതിയെ ശസ്ത്രക്രിയചെയ്ത് പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞിനെ പുറത്തെടുത്തു. അപ്പോഴും നിശ്ചലാവസ്ഥയിലായിരുന്നു യുവതി. ആവശ്യമായ പരിശോധനകള്‍ എല്ലാം നടത്തിയതിനുശേഷം ഡോക്ടര്‍മാര്‍ പൂര്‍ണ ആരോഗ്യവാനായ കുഞ്ഞിനെയാണ് കിട്ടിയതെന്നു പറഞ്ഞു. പിന്നീടാണ് അത്ഭുതം നടക്കുന്നത്. അവന്റെ കരച്ചില്‍ കേട്ട് അമ്മയുടെ കണ്ണുകള്‍ക്ക് ചലനമുണ്ടാകുന്നു. അവനെ ചേര്‍ത്തുകിടത്തിയപ്പോള്‍ അവള്‍ കരയുന്നു. കുഞ്ഞിനെ വാരിയെടുക്കാനായി കൈകള്‍ ചലിപ്പിക്കുന്നു. അവസാനം ചേര്‍ന്ന് കിടക്കുന്ന കുഞ്ഞിന്റെ നെറുകയില്‍ ഒരു മുത്തംകൂടി കൊടുത്തു. ഇപ്പോള്‍ സ്വഭവനത്തില്‍ ഒരു കുഴപ്പവും കൂടാതെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഏതാനും മാസങ്ങള്‍ ഫിസിയോതെറാപ്പി ചെയ്താല്‍ പഴയ സ്ഥിതിയിലേക്ക് അമ്മയെത്തിച്ചേരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോട്ടയം പേരൂര്‍, പെരുമണ്ണിക്കാലായില്‍ അനൂപ് മാത്യുവിന്റെ ഭാര്യ ബെനിറ്റയാണ് ഈ യുവതി. നിശ്ചലാവസ്ഥയിലായ ഒരമ്മയെ ഉണര്‍ത്താനുള്ള കുഞ്ഞിന്റെ ശക്തി ഇതിലൂടെ മനസ്സിലാക്കണം. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത അറിയാത്തവരാണ് ഗര്‍ഭം വേണ്ടെന്നു വയ്ക്കുന്നവരും താമസിപ്പിക്കുന്നവരും അലസിപ്പിക്കുന്നവരുമൊക്കെ. ശാസ്ത്രീയ നിഗമനങ്ങള്‍ക്കപ്പുറത്ത് മറ്റുപലതുമുണ്ടെന്ന് നാമറിയണം. ആര്‍ക്കും നിശ്ചയിക്കാനാവാത്ത ദൈവിക ഇടപെടലുകള്‍ ഇത്തരം സംഭവങ്ങളിലൂടെയാണ് നമുക്കു വെളിപ്പെടുന്നത്.

വിശുദ്ധ മരിയഗൊരേത്തിയെ മറക്കുന്നതെന്ത്?

ഈ ലോകജീവിതത്തില്‍ അനുഭവിക്കേണ്ട സൗഭാഗ്യങ്ങളും ഉന്നതികളും ലക്ഷ്യമാക്കുന്നവര്‍ക്ക് വിശുദ്ധ മരിയഗൊരേത്തി തരുന്ന സന്ദേശം സ്വീകരിക്കാന്‍ വിഷമമുണ്ടാകും. വികാരവിവശനായിതന്റെ കന്യകാത്വം നശിപ്പിക്കാന്‍ കടന്നു വന്ന യുവാവിന്റെ ഇംഗിതത്തിനു വഴങ്ങാതെ ശരീരത്തെ വിശുദ്ധമാക്കിക്കൊണ്ട് സ്വര്‍ഗത്തിന്റെ ചവിട്ടുപടികള്‍ കയറിപ്പോയ വിശുദ്ധയുടെ ജീവിതസന്ദേശത്തിനു നിറം മങ്ങിയോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനൊക്കുമോ? മേലില്‍ പാപം ചെയ്യുകയില്ലെന്നും പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും ഓരോ കുമ്പസാരത്തിലും പ്രതിജ്ഞയെടുക്കുന്നവര്‍ അത്തരം സാഹചര്യങ്ങളിലേയ്ക്ക് ഈയാംപാറ്റയെപോലെ എത്തിപ്പെടാന്‍ കാരണമെന്താണ്?

സമൂഹത്തിനു മുഴുവന്‍ വെളിച്ചം നല്‍കേണ്ടവരുടെ വിളക്കില്‍ എണ്ണ വറ്റിയതിനു കാരണമുണ്ടോ? പുരോഹിതനായാലും സന്ന്യസ്തരായാലും അല്മായനായാലും ലൗകികതയ്ക്ക് ജീവിതത്തില്‍ ഒന്നാം സ്ഥാനം കൊടുക്കുമ്പോള്‍ എണ്ണ വറ്റുക തന്നെ ചെയ്യും. എണ്ണയ്ക്ക് സ്‌നേഹമെന്ന് ബൈബിളില്‍ വ്യാഖ്യാനമുണ്ട്. സ്‌നേഹം നഷ്ടപ്പെടുമ്പോള്‍ അവരവരുടെ പ്രവര്‍ത്തന വ്യാപ്തി അനുസരിച്ച് അത്രയും ഭാഗത്ത് ഇരുട്ടുണ്ടാകും. ലോകകപ്പു കാണുന്നതിനിടയില്‍ വൈദ്യുതി നിലച്ചാല്‍ പ്രതികരണമെന്തായിരിക്കും? കാറ്റത്ത് വൈദ്യുതി ലൈനില്‍ മരം വീണതാണ്. ലൈന്‍മാനെ ചീത്ത വിളിച്ചതുകൊണ്ട് പ്രയോജനമില്ല. ആദ്യം ലൈന്‍ ഓഫ് ചെയ്യണം. മരം മുറിച്ച് നീക്കണം. പൊട്ടിയ ലൈന്‍ കൂട്ടിക്കെട്ടണം. ഫ്യൂസ് കെട്ടണം. ചര്‍ച്ച് ആക്ടിന്റെ പേരില്‍ സഭയെ ചീത്ത വിളിച്ച് ചാനലുകളില്‍ ഇരിപ്പിടം ഉറപ്പിച്ച യുവതിയ്ക്കും കൂദാശയെന്തന്നറിയാത്ത പ്രശസ്ത സാഹിത്യകാരിക്കും ചാനല്‍ അവതാരികയ്ക്കും മാര്‍പാപ്പയെവരെ ഉപദേശിക്കാന്‍ എന്തൊരു തിടുക്കമാണ്. അതിനിടയില്‍ സഭയെ അടിമുടി ഇപ്പോള്‍തന്നെ ശുദ്ധീകരിച്ചിട്ടേയുള്ളുവെന്ന് ചിന്തിച്ച് മറ്റു കുറേപേരും ഉറഞ്ഞു തുള്ളുന്നു. ഇതിനൊക്കെ അവസരങ്ങള്‍ വേണ്ടപ്പെട്ടവര്‍ ഉണ്ടാക്കിക്കൊടുക്കണമായിരുന്നോ എന്നാണ് മറ്റൊരു ചോദ്യം. ഒരു ഭാഗത്ത് ധാര്‍ഷ്ട്യത്തിന്റെ കൂടാരങ്ങളില്‍ അഭിരമിക്കുന്നവര്‍; മറ്റൊരു വശത്ത് സഹനത്തിന്റെ മൂല്യത്തെ തിരിച്ചറിയാത്തവരും. ഒരു വ്യക്തിയുടെ നീതി സമൂഹത്തിന് അനീതിയായി മാറുന്ന സന്ദര്‍ഭത്തെ സൃഷ്ടിക്കരുതായിരുന്നു. ഒരു കുടുംബത്തില്‍ ഒരു വ്യക്തിക്കു മാരകരോഗം പിടിപെടുന്നു. രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ല. കുറേ അംഗങ്ങളുള്ള ആ കുടുംബത്തിലുള്ള സകലതും വിറ്റ് രോഗിയായ വ്യക്തിയെ ചികിത്സിക്കുന്നത് ശരിയോ എന്ന ചോദ്യം ധാര്‍മിക ശാസ്ത്രത്തിലുണ്ട്. ക്രിസ്തു പ്രത്യേകം തെരഞ്ഞെടുത്ത 12 പേരില്‍ ഒരാള്‍ ഗുരുവിനെത്തന്നെ ഒറ്റിക്കൊടുത്തു. ഗുരുവിനെ ഒറ്റിക്കൊടുത്തവന്റെ സംഘമാണെന്നു പറഞ്ഞ് സഭയിലേക്ക് ആരും വരാത്തതായി കേട്ടിട്ടില്ല. വീഴ്ചകള്‍ സ്വാഭാവികമാണ്. മനുഷ്യ പ്രകൃതിയുടെ ഭാഗമാണത്. ഓരോ വീഴ്ചകളും തിരുത്തലുകള്‍ക്കും വിശുദ്ധീകരണത്തിനും കാരണമാകട്ടെയെന്നു പ്രാര്‍ഥിക്കാം.

തെറ്റിന്റെ വ്യാഖ്യാനങ്ങള്‍ മനസ്സിലാകുന്നില്ല

മദര്‍ തെരേസയെ എന്നും ചിലര്‍ക്കു ഭയമാണ്. അവരുടെ മരണത്തിനുശേഷവും ആ വേട്ടയാടല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ മദര്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ക്കെതിരെയാണ് രോഷം മുഴുവനും. നിസ്സഹായരും നിരാലംബരുമായ ചിലരെ അവര്‍ മരിക്കാന്‍ അനുവദിക്കുന്നില്ല പോലും! ദീപിക ദിനപത്രം ജൂലൈ 19-ന് പ്രസിദ്ധീകരിച്ച ഒന്നു രണ്ടു സംഭവങ്ങള്‍ വായിക്കുമ്പോഴാണ് ഝാര്‍ഖണ്ഡ് എന്ന സംസ്ഥാനത്തു നടമാടുന്ന വേദനാജനകമായ അനുഭവങ്ങള്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത്. ചന്‍ഡില്‍ നഗരത്തില്‍ നടന്ന ഒരു സംഭവം ഇങ്ങനെയാണ്: പ്രണയത്തില്‍ കുരുങ്ങി ഗര്‍ഭിണിയായ 17 കാരിയെ കാമുകനും വീട്ടുകാരും കൈയൊഴിഞ്ഞപ്പോള്‍ റോഡിലായി വാസം. പ്രസവവേദന തുടങ്ങിയപ്പോള്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചെന്നു. കൂടെ ആരുമില്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ അവിടെ നിന്നും ഇറക്കി വിട്ടു. റോഡരികില്‍ കിടന്ന് പിറ്റേന്ന് അവള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. പൊക്കിള്‍കൊടിപോലും വേര്‍പെടുത്താന്‍ കഴിയാതെ രക്തത്തില്‍ കുളിച്ച് ഏറെ നേരം റോഡരികില്‍ കിടന്നു. ഇത് മൊബൈലില്‍ പകര്‍ത്തി ഷെയര്‍ ചെയ്യാന്‍ പലരുമെത്തി. ആശുപത്രിയില്‍ ആരോ വിവരമറിയിച്ചിട്ടും അവര്‍ തിരിഞ്ഞുനോക്കിയില്ല. പിന്നീട് ഒരു നല്ല മനുഷ്യന്‍ അവരെ ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലെത്തിച്ചു.

മറ്റൊരു സംഭവം ഇങ്ങനെയാണ്: ഗുരുഗ്രാം ജില്ല ആശുപത്രിയില്‍ പ്രവേശിച്ച 18 കാരി കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. അയല്‍വാസി ബലാല്‍സംഗം ചെയ്തതാണ്. ജോലി സ്ഥലത്തു വച്ചായിരുന്നു ഈ സംഭവം. അയാള്‍ കൈയൊഴിഞ്ഞതോടെ യുവതിക്കു സ്വന്തം ഭവനത്തിലേക്കു പോകാന്‍ പോലും രക്ഷയില്ലാതായി. ഈ കുഞ്ഞിനെ പിന്നീട് എന്തുചെയ്യും? ഝാര്‍ഖണ്ഡില്‍ ഓരോ വര്‍ഷവും ഇത്തരത്തില്‍ നൂറുകണക്കിന് സംഭവങ്ങള്‍ അരങ്ങേറുന്നു. അതില്‍ പകുതി കുഞ്ഞുങ്ങളെങ്കിലും അനാഥരായി മരിച്ചുപോകുന്നു. കുറേ കുഞ്ഞുങ്ങളെങ്കിലും മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ നിര്‍മല്‍ ഹൃദയ് പോലുള്ള സ്ഥാപനങ്ങളില്‍ എത്തിപ്പെടുന്നു. അവര്‍ ജീവിതത്തിലേക്ക് പിച്ച വയ്ക്കുന്നു.

ഇത്തരത്തിലുള്ള ഒരു കുഞ്ഞിനെ ദത്തു നല്‍കിയതിലെ സാങ്കേതികത്വത്തിന്റെ പേരു പറഞ്ഞാണ് മിഷണറീസ് ഓഫ് ചാരിറ്റിയിലെ ഒരു സിസ്റ്ററെ അറസ്റ്റ് ചെയ്തതും അവരുടെ എല്ലാ സ്ഥാപനങ്ങളും പരിശോധനയ്ക്കു വിധേയമാക്കുന്നതും. അനാഥമായ ഒരു ശിശു ദത്തുസ്ഥാനംവഴി ഏതെങ്കിലും കുടുംബത്തിന്റെ അംഗമാകുന്നത് വലിയ തെറ്റാണിപ്പോള്‍. പാവപ്പെട്ട പെണ്‍കുട്ടികളെ പ്രണയിച്ചും ബലാല്‍സംഗം നടത്തിയും ഗര്‍ഭിണിയാക്കി അനാഥ ശിശുക്കളെ ജനിപ്പിച്ചുവിടുന്നതില്‍ ഒരു തെറ്റും അധികൃതര്‍ കാണാത്തതെന്ത്?

വാണിജ്യ താത്പര്യം മാത്രം നോക്കി ഏതോ അനാഥശാലക്കാര്‍ അനാഥശിശുക്കളെ വിറ്റതിന്റെ പേരില്‍ പടച്ചുണ്ടാക്കിയ പുതിയ നിയമം മിഷണറീസ് ഓഫ് ചാരിറ്റിപോലെ അനാഥരെ സനാഥരാക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിരുന്നവരെയൊക്കെ നിരുത്സാഹപ്പെടുത്തി. ജീവിതത്തിലേക്ക് പിച്ചവച്ചുകൊണ്ടണ്ടിരുന്ന ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ അവസ്ഥ ഇപ്പോള്‍ എന്താണെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? മനുഷ്യനെക്കാളുപരി പട്ടിക്കുവേണ്ടി ജീവിതം മാറ്റിവച്ച ശ്രീമതി മനേകാ ഗാന്ധി തന്നെ ഈ നിയമത്തിനും ചുക്കാന്‍ പിടിക്കുന്നുവെന്നത് സ്വാഭാവികമാണെന്നേ കരുതാന്‍ പറ്റൂ. മദര്‍ തെരേസയുടെ സ്ഥാപനങ്ങള്‍ക്കു പകരം വയ്ക്കാന്‍ ഭാരതത്തില്‍ മറ്റൊന്നില്ലായെന്ന തിരിച്ചറിവായിരിക്കണം ഇതിന്റെയെല്ലാം പിന്നില്‍ അടിസ്ഥാനകാരണമായി നിലനില്‍ക്കുന്നത്.

സണ്ണി കോക്കാപ്പിള്ളില്‍

sunnykokkappillil@gmail.com

Share This:

Check Also

വാര്‍ത്താവിചാരം

സന്തോഷത്തില്‍ നമ്മുടെ സ്ഥാനമെന്ത് ? ഓരോ രാജ്യക്കാരും എത്രമാത്രം സന്തോഷഭരിതരാണെന്നുള്ളതിന്റെ പഠനങ്ങള്‍ അടുത്തകാലത്ത് ആരംഭിച്ചിട്ടുണ്ടണ്ട്. സമൂഹത്തിന്റെ പുരോഗതി, ലക്ഷ്യത്തിലേക്കുള്ള പൊതുവായ …

Powered by themekiller.com watchanimeonline.co