Wednesday , 20 February 2019
Home / Cover Story / അഹങ്കാരത്തിന്‌ ‘തീ’വച്ച കൂദാശ

അഹങ്കാരത്തിന്‌ ‘തീ’വച്ച കൂദാശ

+2 കഴിഞ്ഞ് എന്‍ട്രന്‍സിനായി വീണ്ടും തയ്യാറെടുക്കുന്ന സമയത്താണ് വിശുദ്ധബലിയും ദിവ്യകാരുണ്യവും പതിവാക്കിയത്. എക്‌സാമും പരീക്ഷയുമൊക്കെയായിരുന്നു ആവശ്യങ്ങളുടെ ലിസ്റ്റില്‍ ആദ്യ സ്ഥാനത്തെങ്കിലും പിന്നീട് ഒരു പ്രാര്‍ഥനകൂടി കൂട്ടിച്ചേര്‍ത്തു. ദിവസവും വിശുദ്ധബലി പങ്കെടുക്കാന്‍
പറ്റിയ ഒരിടത്ത് വേണം അഡ്മിഷന്‍ കിട്ടാന്‍ എന്ന്.

ഒരു കോംബോ ഓഫര്‍ എന്നോണം കര്‍ത്താവത് സാധിച്ചു തന്നു. ക്യാമ്പസിനു ഉള്ളില്‍തന്നെ ദിവസവും വിശുദ്ധ കുര്‍ബാന, നിത്യ ആരാധന ചാപ്പല്‍, ശക്തമായ ജീസസ് യൂത്ത് പ്രെയര്‍ഗ്രൂപ്പ് അങ്ങനെ നീണ്ടുപോകുന്നു അമലയില്‍ (അമല മെഡിക്കല്‍ കോളേജ് തൃശ്ശൂര്‍) എനിക്കായി കരുതിവച്ച അനുഗ്രഹങ്ങള്‍.

ഇടയ്ക്ക് ഓമനപ്പേരിട്ടു വിളിക്കാറുള്ള അഹങ്കാരത്തിന്റെ ആ ചെറിയ വിത്ത് ഉള്ളില്‍ വളരാന്‍ തുടങ്ങി. രണ്ടാംവര്‍ഷം മുതല്‍ മുതല്‍ ഹൗസ് സര്‍ജന്‍സി തുടക്കം വരെ ഒരു ദിവസംപോലും മുടങ്ങാതെ വിശുദ്ധബലിയില്‍ പങ്കുകൊണ്ടു. കൂട്ടുകാരൊക്കെ എന്തെങ്കിലും പ്ലാന്‍ ചെയ്താല്‍ എനിക്ക് കുര്‍ബാനയ്ക്കായി ഒരു ഗ്യാപ്പ് മാറ്റി വച്ചിരുന്നു. ഇവിടെ ആയിരുന്നാലും എനിക്കുവേണ്ടി ബലി ഒരുക്കിവച്ചിരിക്കുന്ന ഈശോയുടെ സ്‌നേഹത്തെപ്പറ്റി പ്രെയര്‍ മീറ്റിംഗുകളിലും ഗാതറിംഗുകളിലും വലിയ ഷെയറിംഗ് ഉണ്ടായിരുന്നു. അങ്ങനെ ഉള്ളിലുള്ള അഹങ്കാരത്തിന്റെ വിത്ത് വളര്‍ന്ന് ഒരു വലിയ മരം ആയി..

ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് അമലയില്‍ ജോയിന്‍ ചെയ്തു. ഒരു കാഷ്വാലിറ്റി ഡ്യൂട്ടി ദിവസം വൈകിട്ട് 6 മണിക്കുള്ള കുര്‍ബാനയ്ക്ക് പോകാനായി എല്ലാം റെഡിയാക്കി ഇറങ്ങാന്‍ തുടങ്ങിയ സമയത്ത് ഒരു അപ്പച്ചന്‍ ശ്വാസംമുട്ടായി വന്നു. മരുന്നുകള്‍ കൊടുത്തതിനുശേഷം കുര്‍ബാനയ്ക്ക് പോകാനായി ഇറങ്ങിയപ്പോള്‍ ആ അപ്പച്ചന്‍ കുഴഞ്ഞുവീണു.

ദേഷ്യത്തോടെ ആണ് ചെന്നത്. പരിശോധിച്ച് നോക്കിയപ്പോള്‍ മിടിപ്പും ശരീരത്തിലെ ഓക്‌സിജന്റെ അളവും ബിപിയും ഒക്കെ കുറഞ്ഞുകൊണ്ടിരിക്കുന്നു. വേഗംതന്നെ ജീവന്‍രക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങി. അപ്പച്ചനെ വേഗം വെന്റിലേറ്ററിലേക്കു മാറ്റി പ്രാഥമിക മരുന്നുകളും നല്‍കി വേഗം ഐസിയുലേക്ക് ഷിഫ്റ്റ് ചെയ്തു.

തിരികെ വന്നിരുന്നപ്പോള്‍ സ്പീക്കറിലൂടെ കുര്‍ബാനയുടെ അവസാന ആശീര്‍വാദം കേള്‍ക്കാം. ആ നിമിഷം ഉള്ളില്‍ വളര്‍ന്നുപന്തലിച്ച് ഇരുന്ന അഹങ്കാരത്തിന്റെ ആ മരത്തിനു ആരോ തീവച്ചപോലെ തോന്നി. പതുക്കെ ഉള്ളില്‍ നിന്നും നന്ദി ഉയരാന്‍ തുടങ്ങി.

കാരണം ആ സംഭവം സമ്മാനിച്ചത് ഒരു വലിയ ബോധം ആയിരുന്നു. ഈശോയെ, എല്ലാം നീ അനുവദിച്ചു തരുന്നതാണ്.

ഡോ. സമീറ സെബാസ്റ്റ്യന്‍

Share This:

Check Also

നിങ്ങള്‍ അപമാനിച്ചത് എന്നെയാണ് (അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും)

ഞാന്‍ മുപ്പതുവയസ്സുള്ള ഒരു ചെറുപ്പക്കാരനാണ്. 1997 മെയ് മാസത്തിലാണ് ആദ്യമായി കുമ്പസാരമെന്ന കൂദാശ സ്വീകരിച്ച് ആദ്യകുര്‍ബാന സ്വീകരണം നടത്തിയത്. കഴിഞ്ഞ …

Powered by themekiller.com watchanimeonline.co