Wednesday , 24 April 2019
Home / Cover Story / ചില പൗരോഹിത്യ വിചാരങ്ങള്‍

ചില പൗരോഹിത്യ വിചാരങ്ങള്‍

”അജപാലന ശുശ്രൂഷയെന്നുപറഞ്ഞാല്‍ സഭയുടെ മാതൃത്വ ശുശ്രൂഷയാണത്. അമ്മ കുഞ്ഞിനെ പ്രസവിക്കുകയും, പാലൂട്ടി വളര്‍ത്തുകയും, തിരുത്തുകയും കൈപിടിച്ച് നടത്തുകയും ചെയ്യുന്നതു പോലെയാണ് സഭയും. അതിനാല്‍ കരുണയുടെ ഗര്‍ഭാശയം തിരിച്ചറിയുന്ന ഒരു സഭയെയാണ് നമുക്കിന്നാവശ്യം. ക്ഷമയും സ്‌നേഹവും ആവശ്യമുള്ള മുറിവേറ്റവരുടെ ഇന്നത്തെ ലോകത്തില്‍ കരുണയില്ലാതെ നമുക്ക് പിടിച്ചു നില്‍ക്കാനാവില്ല” (ഫ്രാന്‍സിസ് പാപ്പ)

വര്‍ഷങ്ങള്‍ക്കു മുമ്പാണ് കപ്പ്യൂച്ചന്‍ സെമിനാരിയുടെ നീണ്ട വരാന്തയില്‍, ഇരുള്‍ വീണു തുടങ്ങിയ ഒരു സന്ധ്യയില്‍, കരങ്ങള്‍ ചേര്‍ത്തു പിടിച്ച് ഒരു ശെമ്മാശന്‍ സ്‌നേഹപൂര്‍വം തന്റെ സ്‌നേഹിതനെ സ്വകാര്യമായി ഓര്‍മിപ്പിക്കുകയാണ് ”..ബ്രദറേ പല തരത്തിലുമുള്ള പ്രലേഭനങ്ങളൊക്കെ ഉണ്ടാകും, ഇതൊക്കെ മതിയാക്കി തിരിച്ചുപോകാനൊക്കെതോന്നും. പിടിച്ചു നില്‍ക്കണം. നന്നായി പ്രാര്‍ഥിക്കണം.”

എന്നിട്ടും, എന്തുകൊണ്ടോ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല! ഒരുവൈദിക പരിശീലന ഭവനത്തില്‍ കാലം തെറ്റി കയറിച്ചെന്ന്, ചെറിയകാലം വൈദിക പരിശീലനത്തിന്റെ ഭാഗമായി അവരിലൊരാളായി ജീവിച്ചിട്ടും, അര്‍ഹിക്കുന്നതിലേറെ സ്‌നേഹവും പരിഗണനയും ലഭിച്ചിട്ടും പിടിച്ചുനില്‍ക്കാനാവാതെ തിരിച്ചുനടന്ന ആ വൈദിക വിദ്യാര്‍ഥി ഞാന്‍ തന്നെയാണ് (എന്നെ സ്‌നേഹത്തോടെ ഉപദേശിച്ച സുഹൃത്ത് ഇന്ന് വൈദികനായി ശുശ്രൂഷ ചെയ്യുന്നു).

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഡയറിയിലിങ്ങനെ കുറിച്ചിടണമെന്ന് തോന്നിയ വരികള്‍ ഇതായിരുന്നു: ”ഒരു ഭീരുവിന് ഒരിക്കലും ഒരു സന്യാസിയാകാനാവില്ല, ഒരു സന്യാസിക്ക് ഒരിക്കലും ഒരു ഭീരുവാകാനും”

സന്യാസം ആവശ്യപ്പെടുന്ന അനുസരണമോ, ഏകാന്തതയോ, മൗനമോ, എന്നില്‍ ഇല്ലാത്തതിനാലാവണം അസഹ്യമായ വീര്‍പ്പുമുട്ടലോടെ പടിയിറങ്ങേണ്ടി വന്നത്. തന്റെ കാലത്ത് ആധുനികലോകത്തിന്റെ പ്രവാചകന്‍ എന്ന് മാര്‍പാപ്പമാരാല്‍ പോലും പുകഴ്ത്തപ്പെട്ട തന്റെ കാലത്തെ ഏറ്റവുമധികം ശ്രദ്ധേയനായ പണ്ഡിതനും, പുണ്യാത്മാവുമായ ഫുള്‍ട്ടണ്‍ ജെ ഷീന്‍ തന്റെ ആത്മകഥയ്ക്ക് മണ്‍പാത്രത്തിലെ നിഥി (Treasure in clay) എന്നുതന്നെ പേരിടാന്‍ എന്താവണം കാരണം? വി.ഗ്രന്ഥം പറയുന്നു: ”അവന്‍ പറഞ്ഞു, കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല.

എന്തെന്നാല്‍, ഷണ്ഡരായി ജീവിക്കുന്നവരുമുണ്ട്, മനുഷ്യരാല്‍ ഷണ്ഡരാക്കപ്പെടുന്നവരുണ്ട്. സ്വര്‍ഗരാജ്യത്തെ പ്രതി തങ്ങളെത്തന്നെ ഷണ്ഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ (മത്താ 19:11-12). ശ്രേഷ്ഠമായ ഈ ദൈവവിളി നല്കപ്പെട്ടത് മണ്‍പാത്രത്തിലാണ്. നിരന്തര ജാഗ്രതയോടെവേണം വര്‍ത്തിക്കാനെന്ന ഓര്‍മപ്പെടുത്തല്‍.

ക്രിസ്തുവിനെ തെരഞ്ഞെടുക്കുന്നവരും ക്രിസ്തു തെരഞ്ഞെടുക്കുന്നവരും 

ഒരു വൈദിക സുഹൃത്ത് തന്റെ ദൈവവിളിയെക്കുറിച്ചിങ്ങനെ ഓര്‍ത്തെടുക്കാറുണ്ട്. കുട്ടിക്കാലത്ത് വീട്ടില്‍ എന്തെങ്കിലും തെറ്റു ചെയ്താല്‍ അമ്മച്ചി ശാസിച്ചിരുന്നത് ഇങ്ങനെയായിരുന്നു: ”മോനെ, നീയത് ചെയ്‌തോ? അന്തോണി ചെയ്താലും ഔസേപ്പ് ചെയ്താലും അമ്മച്ചിക്ക് കുഴപ്പമില്ല, പക്ഷേ നീ സെമിനാരിയില്‍ പോകേണ്ടകുഞ്ഞല്ലേ..” നാലു പാടും കേട്ടുവളര്‍ന്നത് ഇത്തരം വാക്കുകളാണ്. എട്ടാം ക്ലാസ്സായപ്പോഴേക്കും മിക്കപ്പോഴും പള്ളിയിലാണ്. പല രാത്രിയിലും കിടപ്പ് ദേവാലയത്തിലാണ്, വൃദ്ധനായവികാരിയച്ചന് കൂട്ടായി, സാമുവല്‍ പ്രവാചകന്റെ ബാല്യം പോലെ ഒടുവില്‍ സെമിനാരിയിലേക്കുള്ള ഫൈനല്‍ ഇന്റര്‍വ്യൂ നടത്തുന്ന മെത്രാനച്ചന്‍ ചോദിക്കുന്നു: ”എന്തിനാ വൈദികനാവുന്നത്..?

”കുര്‍ബാന ചൊല്ലാന്‍..” എന്ന മറുപടിയില്‍ തൃപ്തിവരാത്ത മെത്രാനെ നോക്കി കൂട്ടിചേര്‍ത്തു ”പാവങ്ങളെ സഹായിക്കണം”. അദ്ദേഹത്തിന് പാവപ്പെട്ടവരോട് ഒരു പ്രത്യേക ചായ്‌വുണ്ടെന്ന് തിരിച്ചറിഞ്ഞാണ് മറുപടികൊടുത്തത്. ആ ഉത്തരം സെമിനാരി പ്രവേശനത്തിന് വഴിതെളിച്ചു. പിന്നെ ദിനങ്ങള്‍ വര്‍ഷങ്ങളായി മാറുന്നതറിയാതെ ഒടുവില്‍ പട്ടം സ്വീകരിച്ച് പൗരോഹിത്യ ശുശ്രൂഷയിലേയ്ക്ക്. ഇനി വേറേ ചിലരുണ്ടണ്ടത്രെ. ബാല്യത്തില്‍ പുരോഹിതനു കിട്ടുന്ന ബഹുമാനവും സ്‌നേഹവുമൊക്കെ കണ്ട് ഈ പരിപാടി കൊള്ളാമല്ലോ എന്ന മട്ടില്‍ കൗമാരത്തില്‍ വൈദികവൃത്തിയെ സമീപിക്കുന്നവര്‍. ക്രിസ്തു തെരഞ്ഞെടുത്തവരും ക്രിസ്തുവിനെ തെരഞ്ഞെടുത്തവരും എല്ലായിടത്തുമുണ്ട്. ഇക്കൂട്ടര്‍ തമ്മില്‍ വലിയ അന്തരം കാണാനാവും ശുശ്രൂഷയിലുടനീളം. ഒന്ന് പ്രൊഫഷനാണ്. മറ്റൊന്ന് വൊക്കേഷനാണ്. ഒന്ന് Appointed ആണ് മറ്റൊന്ന് Anointed ആണ്. വി.പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കാം ”സഹോദരരേ, നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെപ്പറ്റിത്തന്നെ ചിന്തിക്കുവിന്‍; ലൗകികമാനദണ്ഡമനുസരിച്ച് നിങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും.” (1 കോറി 1:26-27) മദര്‍ തെരേസ ഒരിക്കല്‍ പറഞ്ഞു: God has not called the Qualified, he Qualifies the called ആരാണ് ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ എന്ന ചോദ്യത്തിന് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ പറയാന്‍ വിദൂരസാധ്യതയില്ലാത്ത ഒരുമറുപടിയാണ് ഫ്രാന്‍സിസ് പാപ്പ കൊടുത്തത്. ”..ദൈവം കരുണാപൂര്‍വം തൃക്കണ്‍പാര്‍ത്ത ഒരു പാപിയാണ് ഞാന്‍..” കരുണയുടെ വാതിലുകള്‍ ഒരു വര്‍ഷക്കാലം മുഴുവനും തുറന്നിടാന്‍ മാര്‍പാപ്പ തീരുമാനിക്കാനുള്ള ഒരു കാരണവും ഈ തിരിച്ചറിവാണ്. വിശുദ്ധിയില്‍ നമുക്ക് അപ്രാപ്യമെന്ന് തോന്നിപ്പിച്ച ഒരാള്‍ ‘പാപികളില്‍ ഒന്നാമനാണെന്ന്’ നിരന്തരം ആവര്‍ത്തിച്ചിരുന്നു. മറ്റാരുമല്ല; സാക്ഷാല്‍ വി.പൗലോസ് തന്നെ. ക്രിസ്തു ഇന്നും അനേകെര തെരഞ്ഞെടുത്തുകൊണ്ടേയിരിക്കുന്നു. ഭയത്തോടും വിറയലോടും കൂടെവേണം ഒരു പുരോഹിതന്‍ ബലിപീഠത്തില്‍ അണയാന്‍. അസ്സീസിയിലെ ഫ്രാന്‍സിസ് പുണ്യവാന്‍ പോലും വൈദികനാകാതെ, ഒരു സഹോദരനായി മാത്രം ജീവിച്ചത് പൗരോഹിത്യം ആവശ്യപ്പെടുന്ന വിശുദ്ധി തനിക്കില്ലെന്ന് വിശ്വസിച്ചതുകൊണ്ടാണത്രെ! മെത്രാനായ ഫുള്‍ട്ടണ്‍ ജെ. ഷീന്‍ മണ്‍പാത്രത്തിലെ നിധി എന്ന തന്റെ ആത്മകഥയുടെ ആരംഭത്തില്‍എഴുതി ”ഒരുവൈദികന്റെ വീഴ്ച മറ്റാരുടേതിനേക്കാള്‍ ദാരുണമായിരിക്കും. കാരണം, പതനം അത്ര ഉയരത്തില്‍ നിന്നാണല്ലോ. ചീത്തയായാല്‍ ഏറ്റവും ചീത്തയാകുന്നത് സമര്‍പ്പിതരായിരിക്കും.” മുന്തിരിച്ചെടിയോട് ചേര്‍ന്നിരിക്കുന്ന ശാഖയായി ആറ്റുതീരത്തു നട്ട വൃക്ഷം പോലെയാവണം വിളിക്കപ്പെട്ടവര്‍ എന്നു ചുരുക്കം. ഷീന്‍ ഇങ്ങനെ കൂടെ ഓര്‍മിപ്പിക്കുന്നു: ”ഓരോ വൈദികനും മയമുള്ള കളിമണ്ണുതന്നെ. നിധിയുടെ ശുദ്ധി കാക്കാന്‍ അവന്‍ ജ്വലിക്കുന്ന കുരിശിന്റെ ചൂളയില്‍ തറക്കപ്പെടേണ്ടിയിരിക്കുന്നു.

അരൂപിയുടെ കൈയൊപ്പുള്ള മനുഷ്യന്‍

”ഈശോ എന്നെ സ്പര്‍ശിച്ചു” എന്ന ഗ്രന്ഥത്തിലൂടെ എഴുത്തുകാരനും ഈശോസഭ വൈദികനായിരുന്ന ജോണ്‍ പവല്‍ തന്റെ പൗരോഹിത്യ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ കൂരിരുള്‍ ദിനങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. പൗരോഹിത്യ സ്വീകരണദിനത്തെക്കുറിച്ചിങ്ങനെ വിവരിക്കുന്നു: ”..ദൈവശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പൗരോഹിത്യം നിര്‍വചിക്കപ്പടുന്നത് യേശുവുമായുള്ള ഗാഢ-താദാത്മ്യം എന്നാണ്. മറ്റൊരു ക്രിസ്തുവെന്ന് പുരോഹിതന്‍ വിശേഷിപ്പിക്കപ്പെടുന്നു. എന്നാല്‍ എന്റെ വാക്കുകളും പ്രവൃത്തികളും എന്റെ അര്‍പ്പണത്തിന്റെ അന്തസത്തയും തമ്മിലുള്ള വൈരുധ്യം അന്നുമുതലേ എന്നെ ആകുല ചിത്തനാക്കുമായിരുന്നു.”

പൗരോഹിത്യമെന്ന സ്വര്‍ഗീയ നിധി നല്‍കപ്പെടുന്ന മണ്‍പാത്രത്തിന്റെ നിസ്സഹായത നമ്മെ ഓര്‍മപ്പെടുത്തുകയാണ് പവലിന്റെ ഈ വരികള്‍. ശരിക്കും വിശുദ്ധനാകണമെങ്കില്‍ ദൈവത്തെപ്പോലും കൂട്ടുപിടിക്കാതെ (ഉപേക്ഷിച്ച്) ജീവിക്കണമെന്ന ഒരു ഭ്രാന്ത് അസ്സീസിയിലെ വി.ഫ്രാന്‍സിസ് പറയുന്നുണ്ട്. കസന്‍ ദ് സക്കീസിന്റെ പുസ്തകത്തില്‍. വിളിക്കപ്പെട്ടവര്‍ പലപ്പോഴും അത്രമേല്‍ തനിച്ചാവും.

പവല്‍ തന്റെ കഥ തുടരുന്നതിങ്ങനെയാണ്: ഉപരിപഠനാര്‍ഥം യൂറോപ്പിലേയ്ക്ക് പോയി. പ്രശംസാര്‍ഹമായവിധം ഡോക്ടറേറ്റ് ഡിഗ്രി സമ്പാദിച്ച് പഠിച്ച വിദ്യാലയത്തില്‍തന്നെ അധ്യാപകനായി നിയമനം നേടിയെടുത്തു. ഭൗതികമായ ഇത്തരം നേട്ടങ്ങള്‍ക്കിടയില്‍ തന്റെ ആത്മീയ ജീവിതത്തിലെ പാളിച്ചകള്‍ അദ്ദേഹം ഇങ്ങനെ കുറിച്ചിടുന്നു: ”..സുദീര്‍ഘങ്ങളായ പ്രഭാഷണങ്ങള്‍ തന്റെ അധരങ്ങളില്‍ നിന്നു പുറത്തുവന്നു പ്രാര്‍ഥിക്കുന്നതിന് പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളും ചര്‍ച്ചാക്ലാസ്സുകളും നടത്തി. പ്രാര്‍ഥിക്കുന്നതിന് പകരം, പ്രാര്‍ഥനയെക്കുറിച്ച് ഞാന്‍ പ്രസംഗിക്കുകയായിരുന്നു. വിജയംവരിച്ച അധ്യാപകന്‍ വിജയംവരിച്ച ഗ്രന്ഥകാരന്‍, വിജയംവരിച്ച പ്രസംഗകന്‍. എനിക്കുചുറ്റും ധൂപ പീഠത്തിന്റെ സുഗന്ധം തങ്ങിനിന്നു. പക്ഷേ, ഞാന്‍ പഠിപ്പിക്കുന്ന മെച്ചമായ ജീവിതവും ഞാന്‍ ജീവിക്കുന്ന മോശമായ ജീവിതവും തമ്മിലുള്ള അന്തരം വേദനാജനകമായിരുന്നു.”

ഒരു ശക്തമായ ദൈവാനുഭവത്തിലേയ്ക്ക് തുറക്കപ്പെട്ടപ്പോള്‍ പിന്നീട് പവല്‍ എഴുതി: He touched me (ഈശോഎന്നെ സ്പര്‍ശിച്ചു).

വിശുദ്ധനായ ഒരു ദൈവശാസ്ത്രജ്ഞന്‍ ഗഹനമായ തന്റെ ചില പഠനങ്ങള്‍ ഒരു പ്രഭാതത്തില്‍ നശിപ്പിച്ചു കളയുകയാണ്. കാരണം തിരഞ്ഞവരോട് അദ്ദേഹം സ്വകാര്യമായി പറഞ്ഞു: ഇന്നലെ എനിക്ക് ഒരു ദര്‍ശനമുണ്ടായി. യേശുവിനെ ഞാന്‍ നേരില്‍കണ്ടു. അപ്പോള്‍ മനസ്സിലായി ഞാന്‍ എഴുതി വച്ചതല്ല ശരിയെന്ന്. ശക്തമായ ഒരു ദൈവാനുഭവത്തിനുശേഷം ലാറ്റിനമേരിക്കക്ക് ഭാഷാവരമല്ല, വികസനമാണ് വേണ്ടത് എന്നു പറഞ്ഞ് ഓടിനടന്ന് രോഗിയായി മരണക്കിടക്കയില്‍ നിന്ന് ഉയിര്‍ത്ത എമിലിന്‍ ടര്‍ഡിഫ് എന്ന പുരോഹിതന്‍ പിന്നീട് ധ്യാനഗുരുവായി മാറുകയും അദ്ദേഹത്തിന്റെ വിശുദ്ധ കുര്‍ബാനമധ്യേ തളര്‍വാതരോഗികള്‍ പോലും എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. അരൂപിയുടെ ഒരു നവ്യമായ അഭിഷേകത്തിലാണ് ഭൂമുഖം പുതുതാവുന്നത്. അതിനായി പ്രാര്‍ഥിക്കണം, ധ്യാനിക്കണം, കാത്തിരിക്കണം.

വാല്‍ക്കഷണം: ഓരോ ആത്മീയശുശ്രൂഷകര്‍ക്കുമായി കാണാതായ ആടിന്റെ ഉപമ ഈയിടെ ഫ്രാന്‍സിസ് പാപ്പ നമ്മുടെ കാലത്തിനനുസൃതം ഒന്ന് മാറ്റി വ്യാഖ്യാനിച്ചു.

നൂറ് ആടുള്ളതില്‍ ഒരെണ്ണം നഷ്ടപ്പെട്ടാല്‍ 99-നെയും വിട്ട് നഷ്ടപ്പെട്ട ഒരെണ്ണത്തിനെ തേടിപ്പുറപ്പെടണമെന്നാണ് ഈശോയുടെ പാഠം. പാപ്പാ പറഞ്ഞു: ”എന്നാല്‍ ഇന്നത്തെ അവസ്ഥ നേരെമറിച്ചാണ്. 99 ആടും പുറത്താണ്. ഒരാടു മാത്രമേ ആലയ്ക്കകത്തുള്ളൂ. അകത്തുള്ള ഒരാടിന് ഭക്ഷണവും, സംരക്ഷണവും നല്കുന്ന വ്യഗ്രതയിലാണ് നാമിന്ന്. അതിനെ തീറ്റിപ്പോറ്റി കുളിപ്പിച്ച് മേക്കപ്പിട്ട്, അതില്‍ സന്തോഷിച്ചിരിക്കുന്നതല്ല ക്രിസ്തു ഉദ്ദേശിക്കുന്ന അജപാലനം. മറിച്ച് പുറത്തുള്ള ബഹുഭൂരിപക്ഷം ആടുകളെ തേടി പുറപ്പെടുന്നതാണ് ക്രിസ്തീയ അജപാലനത്തിന്റെ മര്‍മം”. വരൂ നമുക്ക് പുറപ്പെടാം.

 

ശശി ഇമ്മാനുവല്‍

sasiimmanuel@gmail.com

Share This:

Check Also

നിങ്ങള്‍ അപമാനിച്ചത് എന്നെയാണ് (അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും)

ഞാന്‍ മുപ്പതുവയസ്സുള്ള ഒരു ചെറുപ്പക്കാരനാണ്. 1997 മെയ് മാസത്തിലാണ് ആദ്യമായി കുമ്പസാരമെന്ന കൂദാശ സ്വീകരിച്ച് ആദ്യകുര്‍ബാന സ്വീകരണം നടത്തിയത്. കഴിഞ്ഞ …

Powered by themekiller.com watchanimeonline.co