Wednesday , 24 April 2019
Home / Cover Story / അപകടം

അപകടം

ഭയ്ക്കുസംഭവിക്കാവുന്ന ഏറ്റവും വലിയ അപകടമെന്താണ് ? ഞായറാഴ്ചകളില്‍ സര്‍ക്കാര്‍ പരീക്ഷ നടത്തുന്നത്. ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിക്കപ്പെടുന്നത്. സോഷ്യല്‍മീഡിയയില്‍ പരിഹസിക്കപ്പെടുന്നത്. ആരെങ്കിലും തിരുവത്താഴത്തിന്റെ ചിത്രം മോശമായി വരയ്ക്കുന്നത്. കുമ്പസാരം നിരോധിക്കണമെന്ന് വനിതാ കമ്മിഷന്‍
പറയുന്നത്. തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ലഭിക്കാതെ പോകുന്നത്. ക്രിസ്തീയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമങ്ങള്‍ വരുന്നത്. വൈദികരും സന്യസ്തരുമടക്കമുള്ള വിശ്വാസികള്‍ കൊല്ലപ്പെടുന്നത്…

കേരളത്തിലെ ഒരു സാധാരണ വിശ്വാസിയുടെ ഭയം ഇങ്ങനെയൊക്കെയാണെന്ന് തോന്നുന്നു. ഇവയ്‌ക്കെതിരെ ജാഗരൂഗരായിരിക്കണമെന്ന ഓര്‍മപ്പെടുത്തലും പലകോണുകളില്‍നിന്നുണ്ട്. പക്ഷേ, ചരിത്രത്തില്‍ സഭ നേരിടാത്ത എന്തു പുതിയ പ്രതിസന്ധിയാണ് ഈ പട്ടികയിലുള്ളത് ? ഇതിലെന്താണ് ഇതുവരെ സഭയെ തളര്‍ത്തിയിട്ടുള്ളത് ?

ഇനി ഞാന്‍ വിശ്വാസിയല്ല എന്നു ചങ്കില്‍കൊണ്ട് ഒരാള്‍ പറയുന്നതാണ് സഭയ്ക്കുണ്ടാകാവുന്ന ഏറ്റവും വലിയ അപകടമെന്നാണ് അഭിപ്രായം. അടുത്തകാലത്ത് മനംനൊന്തും ആശയക്കുഴപ്പത്തിലായും ഈ വാക്കുകള്‍ പറഞ്ഞവരുടെ മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുകയാണ്. സഭയിലെ വിവാദങ്ങള്‍ സംബന്ധിച്ച മാധ്യമ ചര്‍ച്ചകള്‍ കണ്ടല്ല അവരില്‍ പലരും ആ തീരുമാനമെടുത്ത്. വ്യക്തിപരമായ മുറിവുകള്‍ വേദനിപ്പിച്ചിട്ടാണ്. കരുണ പ്രതീക്ഷിച്ചവരില്‍നിന്ന് തിരസ്‌കാരം ലഭിച്ചപ്പോള്‍, ലളിതമായ ആത്മീയതയെ
വ്യാഖാനിച്ച് എടുത്താല്‍പൊങ്ങാത്ത ഭാരമാക്കിയപ്പോള്‍, പാപം പാപമെന്നുമാത്രം പറഞ്ഞ് മനസ്സിനെ മടുപ്പിച്ചപ്പോള്‍, പള്ളിമുറികള്‍ വിചാരണക്കോടതികളായപ്പോള്‍, അള്‍ത്താരയില്‍നിന്ന് രാഷ്ട്രീയ പ്രസംഗങ്ങള്‍ ഉയര്‍ന്നപ്പോള്‍, സ്‌കൂള്‍ മാനേജരുടെ മുറിയിലെ കണക്കുകള്‍ പേടിപ്പിച്ചപ്പോള്‍, നഴ്‌സുമാരുടെയും അധ്യാപകരുടെയും അധ്വാനത്തിന് വിലകുറച്ചപ്പോള്‍…

എറണാകുളത്തും ജലന്ധറിലും കൊരട്ടിയിലും കുറവിലങ്ങാട്ടുമെല്ലാം സംഭവിച്ചത് എന്താണെന്ന് വിധിക്കാന്‍ ലേഖകന്‍ ആളല്ല. അതിനുള്ള യോഗ്യതയില്ല. അറിവുമില്ല. എന്തോ സംഭവിച്ചെന്ന് എല്ലാവരും പറയുന്നുവെന്ന് മാത്രമറിയാം. അന്ധമായി ന്യായീകരിച്ച് ചിലര്‍ അപഹാസ്യരാകുന്നുണ്ടെന്നുമറിയാം. സഭയ്‌ക്കെതിരെ ആരോ കൂടോത്രം ചെയ്യുന്നതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നുവരെ കേട്ടു. കഷ്ടമെന്നല്ലാതെ എന്തുപറയാന്‍… ഒന്നുറപ്പാണ്; വിശ്വാസി വഹിക്കേണ്ട ഭാരങ്ങള്‍ ഇതൊന്നുമല്ല. ഇത് നമ്മുടെ യുദ്ധത്തിന്റെ ഭാഗവുമല്ല. കച്ചവടമായാല്‍ ചില നഷ്ടങ്ങളുണ്ടാകുമെന്നും രാഷ്ട്രീയക്കാരായാല്‍ ആരോപണങ്ങളുണ്ടാകുമെന്നും കൂട്ടിയാല്‍മതി.

കോലാഹലങ്ങളും വാദപ്രതിവാദങ്ങളും നമ്മെ മടുപ്പിക്കുന്നുണ്ടാകാം. ആരെ വിശ്വസിക്കുമെന്ന ആശയക്കുഴപ്പമുണ്ടാകാം. എന്തു സഭയെന്നും എന്തു വിശ്വാസമെന്നും തോന്നിയേക്കാം. അപ്പോഴും നമുക്ക് പ്രതീക്ഷയുണ്ട്. ബഹളങ്ങളില്‍നിന്ന് മാറിയൊരു രൂപം നാം ഇപ്പോഴും കാണുന്നുണ്ട്. ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത സത്യത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നുണ്ട്. കൊടിയപാപിക്കും ശാന്തി നല്‍കുന്ന കരുണ ആ കണ്ണുകളില്‍ നിറയുന്നുണ്ട്. നമ്മള്‍ ആശ്വസിക്കേണ്ടത് ഇങ്ങനെയാണ്. ആദ്യമായും അവസാനമായും സഭയ്ക്ക് ഒരു മുഖമേയുള്ളൂ. അത് ക്രിസ്തുവിന്റെ മുഖമാണ്. മുറിവേറ്റതും രക്തമൊലിക്കുന്നതുമായ മുഖം. ആ മുഖത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കുന്നവരും നമ്മുടെ ഇടയില്‍ കുറവൊന്നുമല്ല. മാധ്യമങ്ങളില്‍ കാണില്ലെന്നേയുള്ളൂ. അവര്‍ ഇപ്പോഴും ആശ്രമമുറികളിലും അനാഥാലയങ്ങളിലും അക്ഷരക്ഷേത്രങ്ങളിലും പശുത്തൊഴുത്തുകളിലുമെല്ലാം അധ്വാനിക്കുന്നുണ്ട്. വിയര്‍ക്കുന്നുണ്ട്. ചിലരുടെ മുഖത്തു രക്തം പൊടിയുന്നുണ്ട്. കണ്ണുകളില്‍ കരുണ പൊഴിയുന്നുണ്ട്.

അവസാനം ഒരു പ്രാര്‍ഥനയാണ് ശേഷിക്കുന്നത്. കോടതികളിലെ കേസില്‍ അനുകൂലവിധിയുണ്ടാകണേ എന്നല്ല, നഷ്ടപ്പെട്ട ഭൂമി തിരിച്ചുകിട്ടണേ എന്നുമല്ല. അങ്ങയുടെ ചെറിയവരില്‍ ഒരാളുടെപോലും വിശ്വാസം നശിക്കാനിടവരരുതേയെന്ന്. കാരണം തകര്‍ന്ന പള്ളികളെക്കാള്‍ എപ്പോഴും ഭയപ്പെടുത്തുന്നത് ഒഴിഞ്ഞ പള്ളികളാണ്.

ജീവന്‍ ജോണ്‍

Share This:

Check Also

നിങ്ങള്‍ അപമാനിച്ചത് എന്നെയാണ് (അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും)

ഞാന്‍ മുപ്പതുവയസ്സുള്ള ഒരു ചെറുപ്പക്കാരനാണ്. 1997 മെയ് മാസത്തിലാണ് ആദ്യമായി കുമ്പസാരമെന്ന കൂദാശ സ്വീകരിച്ച് ആദ്യകുര്‍ബാന സ്വീകരണം നടത്തിയത്. കഴിഞ്ഞ …

Powered by themekiller.com watchanimeonline.co