Wednesday , 24 April 2019
Home / Featured / വിളിയെക്കുറിച്ച് അഭിമാനത്തോടെ -ഫാ. കെവിന്‍

വിളിയെക്കുറിച്ച് അഭിമാനത്തോടെ -ഫാ. കെവിന്‍

ഇതാ! വീണ്ടും മുന്നേറ്റത്തില്‍ നിന്നും മറ്റൊരു പുരോഹിതന്‍. ജീസസ് യുത്ത് മുന്നേറ്റത്തിലൂടെ ദൈവത്തെ കുടുതല്‍ അനുഭവിച്ച് നിത്യപുരോഹിതനോടൊപ്പം സഞ്ചരിക്കാന്‍ തീരുമാനിച്ച യുവാവ്. ആ തീരുമാനം പിന്നീട് ചരിത്രത്തിലേക്കുള്ള ഏടായി. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മലയാളി യുവാവ് അവിടത്തെ ഷിക്കാഗോ രൂപതക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചപ്പോള്‍, സീറോമലബാര്‍ സഭയ്ക്ക് അമേരിക്കയില്‍ ലഭിച്ച ആദ്യ വൈദികനായി ഫാ. കെവിന്‍ മുണ്ടക്കല്‍. പൗരോഹിത്യ ജീവിതത്തിലേക്കുള്ള വിളിയെയും യാത്രയെയും കുറിച്ച് കെയ്‌റോസിനോട് പങ്കുവയ്ക്കുന്നു.

വ്യക്തിപരമായ ദൈവാനുഭവം പറഞ്ഞു തുടങ്ങാം:

ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ദിവ്യകാരുണ്യ ഈശോയോട് ഞാന്‍ പ്രത്യേക അടുപ്പം സൂക്ഷിച്ചിരുന്നു. ദൈവസാന്നിധ്യവും, സ്‌നേഹവും അനുഭവിക്കാനും എനിക്ക് സാധിച്ചിരുന്നു. അങ്ങനെ, ദൈവത്തിന്റെ ആഴമേറിയതും, പരിധികളുമില്ലാത്ത സ്‌നേഹം മനസ്സിലാക്കാന്‍ സാധിച്ചതോടെ അവിടത്തെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞു. ദൈവവുമായുള്ള ഈ കൂടിക്കാഴ്ചയ്ക്കു മുമ്പുതന്നെ ഞാന്‍ എല്ലാ ഞായറാഴ്ചകളിലും കുര്‍ബാനയില്‍ പങ്കെടുക്കുകയും, പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും അവിടന്നുമായുള്ള അടുപ്പത്തില്‍നിന്ന് സംഭവിച്ചതല്ല. സാധാരണമായ അറിവിനപ്പുറമായതും, എന്റെഉള്ളില്‍ ജീവിക്കുകയും, സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിയായി ക്രിസ്തു മാറിയത് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്. ദൈവം പരിധികളില്ലാതെ എന്നെസ്‌നേഹിക്കുന്നുണ്ടെന്നും, അതിനാല്‍ത്തന്നെ ദൈവത്തിന് എന്നെക്കുറിച്ച് വ്യക്തമായ പദ്ധതി ഉണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഈശോയോട് വ്യക്തിപരമായി ഞാന്‍ അടുപ്പം തുടങ്ങിയെങ്കിലും, അതിനേറെ പരിശ്രമിക്കേണ്ടി വരുമെന്ന് ഞാന്‍ അറിഞ്ഞിരുന്നു.

ജീവിതാന്തസ് തെരഞ്ഞെടുക്കുന്ന സമയത്ത് എന്തൊക്കെ വെല്ലുവിളികളാണ് അഭിമുഖീകരിച്ചത്?

ഈ കാലഘട്ടത്തില്‍ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കുക അത്ര എളുപ്പമല്ല. എന്നാല്‍, ദൈവത്തിന്റെ സ്വരം ശ്രവിക്കാന്‍ എന്നെ സഹായിക്കുന്ന ആളുകളെ നല്‍കിദൈവം എന്നെ അനുഗ്രഹിച്ചു. പഠനത്തില്‍ ഞാന്‍ മിടുക്കനായിരുന്നതിനാല്‍, എന്റെ താത്പര്യത്തിനൊത്ത മേഖലയില്‍ ഞാന്‍ ശോഭിച്ചിരുന്നേനെ. എന്നാലും, എന്റെ ജീവിതം ക്രിസ്തുവിന് സമര്‍പ്പിക്കണമെന്ന ചിന്തയാണ് എന്റെ ഹൃദയത്തില്‍ കൂടുതല്‍ സമാധാനം നിറച്ചത്. ഈ യാത്രയില്‍ ഞാന്‍ തനിച്ചല്ലെന്നും, ഒരുപാടുപേര്‍ സഹായിക്കാനുമുണ്ടെന്ന് പ്രാര്‍ഥനയിലൂടെ എനിക്ക് ബോധ്യപ്പെട്ടു.

വിശ്വാസ വളര്‍ച്ചക്ക് ഇടവക വരുത്തിയ സ്വാധീനത്തെക്കുറിച്ച് പറയാമോ?

വിശ്വാസരൂപീകരണത്തിനും, വിശ്വാസ വളര്‍ച്ചയ്ക്കും എന്നെ ഏറെ സഹായിച്ചത് എന്റെ ഇടവകയായിരുന്നു. ഞങ്ങളുടെ വികാരി ബഹു. ജോസ് കണ്ടത്തിക്കുടിയച്ചന്‍, യൂത്ത് മിനിസ്ട്രിക്ക് ഇടവകയില്‍ പ്രത്യേക പരിഗണന നല്‍കുകയും, ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇടവകയുടെ സൗകര്യങ്ങള്‍ യുവജനങ്ങളുടെ പ്രോഗ്രാമുകള്‍ക്കായി വിട്ടു നല്കാനും യുവജനങ്ങളാണ് സഭയുടെ ഭാവി എന്ന് നിരന്തരം ഓര്‍മിപ്പിക്കുവാനും അച്ചന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. ദീര്‍ഘമായ ഡയാലിസിസിന് ശേഷവും ക്ഷീണവും തളര്‍ച്ചയും വക വയ്ക്കാതെ ഇടവകയിലെ ബൈബിള്‍ ക്ലാസ്സുകള്‍ നയിച്ച അച്ചന്‍ എനിക്ക് വലിയ പ്രചോദനവും മാതൃകയുമായി. ദൈവവചനം പ്രഘോഷിക്കാനും ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുക്കുന്നവരോട് വിശ്വാസത്തെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കാനും അച്ചന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ക്രിസ്തീയ വിശ്വാസത്തില്‍ തീക്ഷ്ണതയുള്ളവരാകാനും പൗരോഹിത്യ/സന്യസ്ത വിളികള്‍ തെരഞ്ഞെടുക്കുവാനും കുട്ടികളെ അച്ചന്‍ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു.

ചെറുപ്പം മുതല്‍ ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ഭാഗമാകുവാന്‍ സാധിച്ചിട്ടുണ്ട്. അച്ചന്റെ ആത്മീയ ജീവിതത്തില്‍ മുന്നേറ്റത്തിന്റെ പങ്ക് വിവരിക്കാമോ?

എന്റെ പ്രാര്‍ഥനാ ജീവിതത്തിലും പൗരോഹിത്യ ജീവിത തെരഞ്ഞെടുപ്പിനും ജീസസ് യൂത്ത് മൂവ്‌മെന്റ് മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഒരുപാട് ധ്യാനങ്ങളില്‍
പങ്കെടുക്കുവാനും ദിവ്യകാരുണ്യ ഈശോയോട് അടുക്കുവാനും എന്നെ സഹായിച്ചത് ജീസസ് യൂത്താണ്. ഞായറാഴ്ചകളില്‍ മാത്രം പ്രകടിപ്പിക്കേണ്ട ഒന്നല്ല ക്രിസ്തീയ വിശ്വാസമെന്നും അത് ഒരു ജീവിതരീതിയാണെന്ന് ഞാന്‍ പഠിപ്പിച്ചതും ഇവിടന്നാണ്. മൂവ്‌മെന്റിലൂടെ ധാരാളം കൂട്ടുകാരെ നേടിയെടുക്കാനും, ഈശോയുമായുള്ള ബന്ധം സ്ഥിരതപ്പെടുത്തുന്നതിന് അവര്‍ എന്നെ സഹായിക്കുകയും ചെയ്തു. ആത്മീയ ജീവിതം തനിയെ നയിക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് ഞാന്‍ തിരിച്ചറിയുകയും ചെയ്തു. ദൈവത്തിലും സഹോദരങ്ങളിലും ചുറ്റിയുള്ള ക്രിസ്തു-കേന്ദ്രീകൃതമായ ജീവിതം നയിക്കാന്‍ മൂവ്‌മെന്റ് എന്നെ സഹായിച്ചു. ക്രിസ്തുവിന് ജീവിതം സമര്‍പ്പിച്ച ഒരുപാട് വ്യക്തികളും സ്‌നേഹത്തെക്കുറിച്ചുള്ള അവിടത്തെ കല്പനകളും പൗരോഹിത്യത്തെ ജീവിതത്തിലേക്കുള്ള ദൈവവിളിയോട് പ്രത്യുത്തരം നല്‍കാന്‍ എന്നെ സഹായിച്ചു. പ്രസ്ഥാനത്തിലെ മുതിര്‍ന്നവര്‍ ആത്മീയ നിര്‍ദേശങ്ങള്‍ നല്‍കുകയും എന്നെ മുന്നോട്ട് നയിക്കുകയും ചെയ്തു.

സെമിനാരിയില്‍ ചേരാനുള്ള തീരുമാനത്തോട് മാതാപിതാക്കളുടെ സമീപനം?

ക്രിസ്തീയ വിശ്വാസത്തിന് മുന്‍ഗണന നല്കിയ കുടുംബത്തിലായിരുന്നു ദൈവാനുഗ്രഹത്താല്‍ ഞാന്‍ ജനിച്ചത്. എന്തെങ്കിലും ജോലി തെരഞ്ഞെടുക്കുവാന്‍ അവരൊരിക്കലും എന്നെ നിര്‍ബന്ധിച്ചിട്ടില്ല; തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ എപ്പോഴും എനിക്ക് തന്നിരുന്നു. കൂടാതെ, ജീവിതത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് പരിശുദ്ധാത്മാവിന്റെ സഹായം അപേക്ഷിക്കാന്‍ എന്നെ നിരന്തരം ഓര്‍മിപ്പിച്ചിരുന്നു. പഠനമോ, കായികമോ, പാഠ്യേതര പ്രവര്‍ത്തനങ്ങളോ, എന്തുമാകട്ടെ ദൈവവിശ്വാസത്തിന് ശേഷമായിരുന്നു കുടുംബത്തില്‍ ഇവയ്ക്കുള്ള സ്ഥാനം. ഞങ്ങള്‍ ഗൃഹപാഠം ചെയ്യുകയോ, ടി.വി. കാണുകയോ, വീഡിയോ ഗെയിം കളിക്കുകയോ എന്നിരുന്നാലും കൃത്യം ഒന്‍പതു മണിയാകുമ്പോള്‍ വീട്ടില്‍ കുടുംബ പ്രാര്‍ഥന ചൊല്ലും. അതിന് ഒരു മുടക്കവും സംഭവിച്ചിട്ടില്ല. ബന്ധുമിത്രാദികള്‍ അടങ്ങുന്ന വലിയൊരു കുടുംബാന്തരീക്ഷം ആത്മീയതയില്‍ വളരാന്‍ എന്നെ സഹായിച്ചു.

മാസത്തിലൊരിക്കല്‍, ഞങ്ങള്‍ കുടുംബം ഒത്തുകൂടുകയും നിത്യസഹായമാതാവിനോട് നൊവേന ചൊല്ലുകയും ചെയ്യുമായിരുന്നു. ഈ പ്രാര്‍ഥനാ മീറ്റിംഗുകളിലൂടെയാണ് എല്ലാ കുട്ടികളും വളര്‍ന്നു വരുകയും, ക്രിസ്തീയ വിശ്വാസം ഞങ്ങളും കുടുംബത്തില്‍ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് തിരിച്ചറിയുകയും ചെയ്തത്. നിത്യസഹായ മാതാവ് ഞങ്ങളുടെ കുടുംബത്തെ പ്രത്യേകമായ രീതിയില്‍ സംരക്ഷിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ കസിന്‍സ് നടത്തുന്ന പ്രാര്‍ഥനാ മീറ്റിംഗുകളില്‍ ആഴചതോറും കുട്ടികളും, യുവതി-യുവാക്കളും പങ്കെടുക്കുകയും തിരക്കേറിയ സ്‌കൂള്‍ ജീവിതത്തില്‍ വചനം തുറക്കാന്‍ കഴിയുന്നതും, വിശ്വാസത്തില്‍ വളരാന്‍ കഴിയുന്നതും മനോഹരമാണ്.

പൗരോഹിത്യ ജീവിതത്തിലേയ്ക്കുള്ള വിളി ലഭിച്ചതിനെക്കുറിച്ചും, എങ്ങനെ അതു സ്വീകരിച്ചുവെന്നും വിശദീകരിക്കാമോ?

എനിക്ക് ചുറ്റുമുണ്ടായിരുന്ന ആളുകളും അന്തരീക്ഷങ്ങളും നന്മ നിറഞ്ഞതായിരുന്നതിനാല്‍ ദൈവത്തിന്റെ സ്വരം ശ്രവിക്കാന്‍ അത് എന്നെ എളുപ്പം സഹായിച്ചു. വിശ്വാസത്തില്‍ വളര്‍ന്നതിനാല്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ വൈദികനാകണമെന്ന ചിന്ത എന്റെ ഉള്ളിലുണ്ടായി. എന്നാല്‍, പ്രത്യേക ദര്‍ശനമോ, ഉച്ചത്തിലുള്ള സ്വരങ്ങളോ അതിനെപ്പറ്റി എനിക്കുണ്ടായില്ല. പൗരോഹിത്യ ജീവിതം തെരഞ്ഞെടുക്കുവാനുള്ള ആഗ്രഹം ദൈവം എന്റെ ഹൃദയത്തില്‍ നിറച്ചു. എന്നാല്‍ പ്രാര്‍ഥനാ ജീവിതവും കൂദാശകളും വൈദിക ജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ വളര്‍ത്താന്‍ എന്നെ സഹായിച്ചു.

ഈ ചിന്തകളെ എന്തു ചെയ്യണമെന്നും, എവിടേയ്ക്ക് പോകണമെന്നും എനിക്കറിയാമായിരുന്നെങ്കിലും സെമിനാരിക്കാരെ ഞാന്‍ ഒരിക്കലും കണ്ടുമുട്ടിയിരുന്നില്ല. വൈദിക ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്ന എന്റെ പ്രായത്തിലുള്ള ആരെയും എനിക്കറിയില്ലായിരുന്നു. പൗരോഹിത്യ ജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ നിറഞ്ഞ എന്റെ ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ 2009-10 പൗരോഹിത്യത്തിലേക്കുള്ള വിളികളെ പ്രോത്സാഹിപ്പിക്കുകയും, വൈദികരുടെ മധ്യസ്ഥനായ വി.ജോണ്‍ മരിയ വിയാനിയുടെ ജീവിതവെളിച്ചത്തില്‍ വൈദിക ജീവിതത്തിന്റെ പ്രാധാന്യം അറിയിക്കുകയും ചെയ്തു. പൗരോഹിത്യത്തിലേക്കുള്ള വിളികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധാരാളം വീഡിയോകളും ബുക്കുകളും നിര്‍മിക്കപ്പെട്ടു. പൗരോഹിത്യ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വൈദികവര്‍ഷം എന്നെ സഹായിച്ചു. ഈ സമയം, സെന്റ് ജോണ്‍ ഇവാഞ്ചിലിസ്റ്റ് പള്ളിയിലെ കപ്യാരായിരുന്നു ഞാന്‍. പള്ളിയിലെ ഫാ. വിന്‍സെന്റ് ലൂക്കായോട് ഞാന്‍ എന്റെ ആഗ്രഹം പറയുകയും എന്റെ ആത്മീയ ഗുരുവാകാന്‍ അദ്ദേഹം സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. എന്റെ ഹൃദയവിചാരങ്ങളെ മനസ്സിലാക്കാനും വൈദിക ജീവിതത്തിലേയ്ക്ക് ദൈവം എന്നെ നയിക്കുന്നത് കാണാനും അച്ചന്‍ എന്നെ സഹായിച്ചു.

ഒരു വൈദികനെന്ന നിലയില്‍ സ്വന്തം ജീവിതത്തെ അച്ചന്‍ എങ്ങനെ നോക്കിക്കാണുന്നു?

”ജനങ്ങളില്‍ നിന്നു ജനത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതന്‍, ദൈവിക കാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്. അവന്‍ തന്നെ ബലഹീനനായതുകൊണ്ട്, അജ്ഞരോടും, വഴി തെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാനും പാപങ്ങള്‍ക്കു വേണ്ടിയെന്നപോലെ, സ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും ബലി സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു. അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാത്ത ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയില്ല (ഹെബ്രാ 5:1-5).

ആരും സ്വയം തെരഞ്ഞെടുക്കുന്നതിലൂടെയല്ല വൈദികനാകുന്നത്. സേവിക്കുവാനാണ് അവന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. പൗരോഹിത്യം ഒരു വിളിയും സമ്മാനവുമാണ്. അതിനര്‍ഹനായിത്തീരുവാന്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ദൈവത്തിന്റെ അനന്തമായ ദയ കൊണ്ടാണ് ഞാന്‍ പൗരോഹിത്യത്തിലേക്ക് വിളിക്കപ്പെട്ടത്; ദൈവാനുഗ്രഹവും, പരിശുദ്ധ അമ്മയുടെ മധ്യസ്ഥവും, മറ്റുള്ളവരുടെ പ്രാര്‍ഥനകളും വഴി ആ വിളിക്ക് മറുപടി നല്‍കാന്‍ എനിക്ക് സാധിച്ചു. തുടര്‍ന്നുള്ള ജീവിതത്തില്‍ ദൈവം എന്നെ ശക്തിപ്പെടുത്തണേ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ഈശോയുടെ നാമം വാഴ്ത്തപ്പെട്ടതാകട്ടെ; ഇപ്പോഴും എന്നേക്കും.

പൗരോഹിത്യ/സന്യസ്ത ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത്?

”എന്നെ അനുഗമിക്കുവിന്‍” (മര്‍ക്കോ 10:21) ”ദൈവമേ, അവിടത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ ഞാന്‍ വന്നിരിക്കുന്നു” (ഹെബ്രാ 10:7). മനുഷ്യജീവിതം രൂപപ്പെട്ടിരിക്കുന്നത് ഈ രണ്ട് തിരുവെഴുത്ത് അടിസ്ഥാനമാക്കിയാണ്. ഒന്ന്, ദൈവത്തില്‍ നിന്നും, മറ്റൊന്ന് മനുഷ്യനില്‍ നിന്നുള്ള അപേക്ഷയും മറുപടിയും. അപേക്ഷകള്‍ക്ക് മറുപടി ലഭിക്കാതെ വരുമ്പോള്‍ തോല്‍വിയും, ദുരിതവും നിറഞ്ഞ ജീവിതം നയിക്കാന്‍
മനുഷ്യന്‍ നിര്‍ബന്ധിതനാകുന്നു.

യുവജന സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത്: എപ്പോഴും ദിവ്യകാരുണ്യത്തിന്റെ സാന്നിധ്യത്തില്‍ ഈശോയുമായി അടുക്കുവാനും, പ്രാര്‍ഥനാ ജീവിതം നയിക്കാനും ഒപ്പം, പരിശുദ്ധ അമ്മയോട് അടുപ്പം സൂക്ഷിക്കുവാനു ശ്രമിക്കുക. നിങ്ങളുടെ തെരഞ്ഞെടുപ്പുകളുടെയെല്ലാം മാതാവ് പരിശുദ്ധ അമ്മയാണ്.പൗരോഹിത്യ/സന്യസ്ത ജീവിതം മനോഹരമായി നയിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പരിശുദ്ധ അമ്മയ്ക്ക് അത് ഭരമേല്പ്പിക്കുക. അത്
നഷ്ടപ്പെടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ മാതാവിനോടപേക്ഷിക്കുക. ദൈവം നിങ്ങള്‍ക്കു നല്‍കിയ സമ്മാനം കാത്തു സൂക്ഷിക്കുക. പരിശുദ്ധ അമ്മ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. അമ്മയുടെ പാതയിലൂടെ സ്വര്‍ഗത്തില്‍ നിങ്ങളെ എത്തിക്കുവാന്‍ സഹായിക്കുകയും ചെയ്യും.

ഡോ. സണ്ണി ജോര്‍ജ്‌

Share This:

Check Also

കളിയിലാണ് കാര്യം

തിരുവനന്തപുരം മണ്‍വിള ഡോണ്‍ ബോസ്‌ക്കോ പ്രൊജക്റ്റ് റെക്ടര്‍, എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍ അംഗം, യൂത്ത് ഡയറക്ടര്‍, കൗണ്‍സിലര്‍ …

Powered by themekiller.com watchanimeonline.co