Wednesday , 24 April 2019
Home / Articles / പ്രളയക്കെടുതിയിലെ ദൈവകരങ്ങള്‍

പ്രളയക്കെടുതിയിലെ ദൈവകരങ്ങള്‍

കേരളത്തെ കണ്ണീര്‍ക്കടലിലാഴ്ത്തിയ മഹാപ്രളയ ദുരിതത്തിന്റെ വേദന
കളില്‍ നിന്നും ആരും ഇനിയും കരകയറിയിട്ടില്ല. എന്തുമാത്രം സുമനസ്സുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയത്. സര്‍ക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും യുവജന പ്രസ്ഥാനങ്ങളുടെയും നാട്ടുകാരുടെയും കരങ്ങളെല്ലാം മനുഷ്യമനസ്സാക്ഷിയെന്ന ചങ്ങലക്കണ്ണികളില്‍ ഒറ്റക്കെട്ടായി, ഒരേ മനസ്സായി, ദൈവകരങ്ങളായി പ്രവര്‍ത്തിക്കുന്ന നിമിഷങ്ങളായിരുന്നു.

കേരളത്തിലങ്ങളമിങ്ങോളമുള്ള ഇത്തരം സേവന പ്രവര്‍ത്തനങ്ങളില്‍ ജീസസ് യൂത്ത് ചെറുപ്പക്കാര്‍ നടത്തിയ സേവനങ്ങള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണ്. എറണാകുളത്തെ കൂനമ്മാവ്, വൈപ്പിന്‍, ആലുവ, കളമശ്ശേരി ഭാഗത്തുമാത്രം ദുരിതാശ്വാസ ക്യാമ്പുകളിലായി നൂറോളം യുവതീ യുവാക്കള്‍ വൊളന്റിയര്‍മാരായി സേവനത്തിനുണ്ടായിരുന്നു. മിക്കയിടങ്ങളിലും തുടക്കം മുതലേതന്നെ പ്രവര്‍ത്തനങ്ങളെയെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള സേവനമായിരുന്നു ഉണ്ടായിരുന്നത്. ക്യാമ്പുകളിലെ വിവരശേഖരണം, ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യതയും വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, ക്ലീനിംഗ് എന്നിവയായിരുന്നു പ്രധാനമായും ഇവര്‍ കൈകാര്യം ചെയ്തിരുന്നത്. ആഗസ്റ്റ് 18-ന് രാവിലെ കളമശ്ശേരി ഗവ. ഐ.ടി.ഐ.യിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലാണ് കൂനമ്മാവിലെ അതീവ ഗുരുതരാവസ്ഥ അറിയുന്നത്. പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ വള്ളമില്ലാതെ വിഷമിക്കുന്ന ഘട്ടത്തില്‍ റൈജു വര്‍ഗീസ്, ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍ നിന്നും ലോറികളില്‍ വള്ളങ്ങള്‍ കൂനമ്മാവില്‍ എത്തിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. വള്ളങ്ങളുടെ ദൗര്‍ലഭ്യതയും ഭക്ഷണത്തിന്റെ അപര്യാപ്തതയും ആദ്യസമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കി. ആദ്യദിനത്തില്‍ 20-ഉം പിന്നീട് 40-ഓളം പേരും ജീസസ് യൂത്തിന്റെ ഇവിടത്തെ പ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചുകൂടി പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കി ചെറുഗ്രൂപ്പുകളായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

ഭക്ഷ്യസാധനങ്ങളുടെ വരവും അതിന്റെ ശേഖരണവും വിതരണവും ക്യാമ്പുകളിലെ ആളുകളുടെ വിവരശേഖരണം, സാധനസാമഗ്രികളുടെയും വസ്ത്രങ്ങളുടെയും ശേഖരണം, വിതരണം എന്നീ പ്രവര്‍ത്തനങ്ങളും അവയുടെ ഓഫീസ് നിര്‍വഹണവും ക്ലീനിംഗ് ജോലികളും, മരുന്നു വിതരണവും, പ്രവര്‍ത്തനങ്ങളുടെയെല്ലാം ഡേറ്റാഎന്‍ട്രി ജോലിയും ഈ ചെറുപ്പക്കാര്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. കൂനമ്മാവിലെ ഈ പ്രവര്‍ത്തനങ്ങളെല്ലാംതന്നെ ഷിബു അച്ചന്റെയും ഗിന്നീസിന്റെയും നേതൃത്വത്തിലായിരുന്നു. പള്ളികളുടെ ഉള്‍വശം ക്യാമ്പായിരുന്നതിനാല്‍ രാത്രികളില്‍ പള്ളിയുടെ സങ്കീര്‍ത്തിയില്‍ ഷിബു അച്ചനോടൊത്തുള്ള ദിവ്യബലി അര്‍പ്പണവും പ്രവര്‍ത്തനങ്ങളും വിലയിരുത്തലിനായുള്ള ഒത്തുകൂടലും ഒരുമിച്ചുള്ള പ്രാര്‍ഥനയും ഒക്കെ ദൈവകരങ്ങളുടെ സാന്ത്വനവും സംരക്ഷണവും നല്‍കുന്ന അനുഭവങ്ങളായിരുന്നു. ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളും, ദുരിതങ്ങളുടെ തീവ്രതയും നമ്മള്‍ പത്രമാധ്യമങ്ങളിലൂടെ അറിയുന്നുണ്ടായിരുന്നുവെങ്കിലും അതിനേക്കാളൊക്കെ അപ്പുറത്തായിരുന്നു യഥാര്‍ഥ ദുരവസ്ഥ. പ്രളയത്തില്‍ നിന്ന് രക്ഷപെട്ടതിനുശേഷം ക്യാമ്പിലെത്തിയ ഒരാള്‍ പറഞ്ഞതിപ്രകാരമായിരുന്നു: ഒരു സ്‌കൂളിലായിരുന്നു ഞങ്ങളെ താമസിപ്പിച്ചിരുന്നത്. പക്ഷേ മുറ്റത്ത് വെള്ളം നിറഞ്ഞുകവിഞ്ഞ് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. രാത്രിയില്‍ വൈദ്യുതിയില്ല. സ്‌കൂളിന്റെ മൂത്രപ്പുര, കക്കൂസ് എന്നിവ വെള്ളത്തിനടിയിലായി. ഒരു മുറിയില്‍ത്തന്നെ അനേകമാളുകള്‍. സ്ത്രീകള്‍ക്ക് വസ്ത്രം മാറാനോ, യാതൊന്നിനും പറ്റാത്ത അവസ്ഥ. എന്നാല്‍, പുരുഷന്മാര്‍ ഈ ദുരിതത്തിനിടയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ബഞ്ചുകളും ഡസ്‌ക്കുകളും വിഘടിപ്പിച്ചെടുത്ത് മറയുണ്ടാക്കി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായമൊരുക്കി. പ്രാഥമിക കാര്യങ്ങള്‍ക്കായി പുരുഷന്മാരും വളരെയേറെ ക്ലേശിച്ചിരുന്നു. ഭക്ഷണം കിട്ടാതെ എല്ലാവരും നന്നേ അവശരുമായിരുന്നു. ദയനീയമായ ഈ അവസ്ഥയില്‍ നിന്നും ഏറെ വൈകി ഇവരെ പള്ളിക്യാമ്പിലേയ്ക്ക് എത്തിക്കുകയായിരുന്നു. അസുഖമായി കിടന്നിരുന്ന അപ്പനെ കാണാതായിട്ട് രണ്ടു ദിവസത്തിനുശേഷം ക്യാമ്പിനടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വച്ച് കണ്ടെത്തിയതും ആശ്വാസമായി. ഇതൊക്കെ ഒരാളില്‍ നിന്നു മാത്രം കേട്ട കാര്യങ്ങളായിരുന്നു. മരണത്തോട് മല്ലടിക്കുന്ന മറ്റു ലക്ഷക്കണക്കിനാളുകള്‍ പറയുന്നത് കേട്ടാല്‍ മനുഷ്യഹൃദയങ്ങള്‍ക്ക് താങ്ങാനാവുന്നതിനപ്പുറമാണ്. ഇവരെയെല്ലാം മാനസികമായി ധൈര്യപ്പെടുത്തുവാനും ഒപ്പം കരം കോര്‍ത്ത് സഹായിക്കുവാനും പ്രത്യേകം പ്രാര്‍ഥിക്കുവാനും ജീസസ് യൂത്ത് ചെറുപ്പക്കാര്‍ എപ്പോഴും മുന്നിലുണ്ടായിരുന്നു.

അടിയന്തര ഘട്ടത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച യുവജനങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ നല്ല അയല്‍ക്കാരന്‍ എന്ന വിശേഷണം നല്കി ഏകോപിപ്പിച്ച് കൊണ്ടുപോയി. കേരളത്തിന്റെ പലഭാഗങ്ങളിലേക്ക് അവര്‍ പാഞ്ഞു. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ധൃതഗതിയില്‍ പരിഹാരം കണ്ടെത്തി. പലതുടെയും ഭവനങ്ങള്‍ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. പ്രളയദുരിതം അനുഭവിച്ചവരുടെ ഭവനങ്ങള്‍ ശുചീകരിക്കുന്നതിനും മറ്റുമായി 200-ലേറെ ജീസസ് യൂത്ത് ചെറുപ്പക്കാര്‍ ആഗസ്റ്റ് 21 മുതല്‍ 26 വരെ ചെറുസംഘങ്ങളായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു. ഒരു നല്ല അയല്‍ക്കാരനായിത്തീരുന്നതിന്റെ നേര്‍ക്കാഴ്ചകളായിരുന്നു ഇതെല്ലാം.

 

സാജന്‍ സി.എ

Share This:

Check Also

മഴത്തുള്ളിക്കാലം

ജീസസ് യൂത്ത് പ്രൊഫഷണല്‍ മിനിസ്ട്രിയുടെ ‘പ്രൊഫസ്സ് മിശിഹാ’ കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ ഡസ്‌കില്‍ നിന്നാണ് വിളി വന്നത്, അലക്‌സി ജേക്കബ് ആണോ …

Powered by themekiller.com watchanimeonline.co