Wednesday , 24 April 2019
Home / Articles / Vartha Vicharam / വാര്‍ത്താവിചാരം

വാര്‍ത്താവിചാരം

”മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ”

മേല്‍ പറഞ്ഞ ഈരടികള്‍ സ്‌കൂളില്‍ പഠിച്ചതാണ്. പാടാന്‍ സുഖമുണ്ടെങ്കിലും അതുപോലെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2018-ലെ ഓണക്കാലത്തു അതും സംഭവിച്ചു. എല്ലാ തരത്തിലും വൈവിധ്യമുള്ള ദശലക്ഷക്കണക്കിന് വ്യക്തികള്‍ക്ക് ഒരേ പോലെ ജീവിതം നയിക്കാനുള്ള അവസരം ദൈവം നല്‍കി.

ലോകത്ത് ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും യുദ്ധത്തിന്റെ കെടുതിയിലൂടെ കടന്നുപോയവരാണ്.
കേരളജനതയ്ക്ക് അത്തരമൊരനുഭവം നേരിടേണ്ടി വന്നിട്ടില്ല. പ്രളയം യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുവെന്നു പറയുന്നതിലും അര്‍ഥമില്ല. കാരണം യുദ്ധത്തില്‍ കൊള്ളയും കൊലപാതകവും ബലാല്‍സംഗവും തേര്‍വാഴ്ച നടത്തിയിരിക്കും. ഇവിടെ രക്ഷിക്കാന്‍ ധാരാളമായി സുമനസ്സുകള്‍ നിറഞ്ഞുനിന്നു. ഓരോ ജീവന്റെയും വില വലുതാണെന്നു തെളിയിച്ചു കൊടുത്തു. സമസ്ത മേഖലകളില്‍ നിന്നും കാരുണ്യത്തിന്റെ മഹാ ഉറവകള്‍ പൊട്ടിയൊഴുകി.

മനുഷ്യന്‍ എന്തെല്ലാം സ്വരുക്കൂട്ടിയാലും അതൊന്നും രക്ഷ നല്‍കില്ലെന്ന് ഈ പ്രളയം നമ്മെ പഠിപ്പിക്കുന്നു. കൊട്ടാരസദൃശമായ വീട് നിര്‍മിച്ച് ആരും അതിക്രമിച്ചു കയറാതിരിക്കാന്‍ മതിലില്‍ കുപ്പിച്ചില്ലും പതിപ്പിച്ച് ഗേറ്റില്‍ കൂര്‍ത്ത ഗ്രില്ലും വച്ച് (ഇത്തരം വീടുകളില്‍നിന്നും ആള്‍ക്കാരെ രക്ഷിക്കാനായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ഏറ്റവും ബുദ്ധിമുട്ടിയത്) വിലകൂടിയ വാഹനവും സ്വന്തമാക്കിയാല്‍ ജീവിതം നേടിയെന്നു കരുതിയവര്‍ക്കു തെറ്റുപറ്റി. മുതിര്‍ന്ന തലമുറയിലെ മിക്കവരും കഷ്ടപ്പാടുകളിലൂടെ വളര്‍ന്നുവന്നവരാണ്. തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളെപ്പറ്റി മക്കളോടുപറയുമ്പോള്‍ അതു പഴയകാലത്തല്ലേ എന്നും കാലം മാറിയെന്നും മക്കള്‍ പറയാറുണ്ടെന്ന് കണ്ണീരോടെ അനേകം മാതാപിതാക്കള്‍ എന്നോട് പങ്കുവച്ചിട്ടുണ്ട്. മനുഷ്യന്റെ കഴിവിനപ്പുറത്ത് മറ്റു പലതുമുണ്ടെന്ന്പുതുതലമുറയ്ക്കും ബോധ്യപ്പെടാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകട്ടെ.

മാധ്യമങ്ങള്‍ അവരുടെ പങ്ക് നല്ല രീതിയില്‍ നിര്‍വഹിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയും അവരുടേതായ രീതിയില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തി. പക്ഷേ, ഇതൊക്കെ വൈദ്യുതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. ഒരു പരിധി കഴിഞ്ഞാല്‍ അതിനും പ്രസക്തിയില്ലാതാകുന്നു. അവിടെയാണ് എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ സേവനം അനന്യമാകുന്നത്. അറുപതിനായിരത്തില്‍ പരം പേരെയാണ് മുക്കുവര്‍ ബോട്ടും വള്ളവുമായി വന്ന് രക്ഷപെടുത്തിയത്. ഒരാധുനിക ഉപകരണത്തിനും ഒന്നും ചെയ്യാന്‍ കഴിയാത്ത മേഖലകളായിരുന്നു അവയില്‍ പലതും. ഇവിടെയാണ് വിധവയുടെ നാണയത്തുട്ടിന് ശ്രേഷ്ഠത കൈവരുന്നത്. ഈ പ്രളയത്തില്‍ ഏറ്റവും ആദരവ് അര്‍ഹിക്കുന്നവര്‍ മുക്കുവരാണ്. തങ്ങളുടെ ജീവിതമാര്‍ഗം നഷ്ടപ്പെടുത്തിയാണ് അവര്‍ വന്നത്. കടലില്‍ പോയില്ലെങ്കില്‍ വീടുകളില്‍ തീപുകയില്ലെന്ന് അവര്‍ക്കറിയാം. കുത്തിയൊലിക്കുന്ന പ്രളയജലത്തില്‍ സ്വന്തം ജീവന്‍ പണയം വച്ച് മനുഷ്യന്റെ ജീവന്‍ രക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യംമുന്‍നിറുത്തി രണ്ടും മൂന്നും ദിവസം ഭക്ഷണം പോലുംകഴിക്കാതെ അവര്‍ അധ്വാനിച്ചു. രക്ഷപെട്ട പലരും പാരിതോഷികം നല്‍കിയിട്ടും അവര്‍ വാങ്ങിയില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികവും അവര്‍ വേണ്ടെന്നു പറഞ്ഞു. ഞങ്ങള്‍ക്കു സമ്പത്ത് കടലിലുണ്ട് എന്നാണവര്‍ പറഞ്ഞത്. പൊതുജനങ്ങള്‍ക്ക് അര്‍ഹമായത് ചെയ്തുകൊടുത്തിട്ട് അതിനു പാരിതോഷികവും കൈക്കൂലിയും വാങ്ങിക്കുന്നവരെ ട്രെയിനിങ്ങിനായി മത്സ്യത്തൊഴിലാളികളുടെ അടുക്കലേക്കു പറഞ്ഞു വിടുന്നത് നന്നായിരിക്കും.

ഈയിടെ കേരളത്തിലെ പ്രശസ്തമായ ഒരു എന്‍ജിനിയറിങ് കോളേജിലെ ഒരു ബാച്ചിന്റെ രജതജൂബിലിയോടനുബന്ധിച്ച് കൂടിച്ചേരലുണ്ടായി. എല്ലാവരും തന്നെ ഉയര്‍ന്ന നിലയിലെത്തിയവാണ്. എല്ലാവരും വിവരങ്ങള്‍ പങ്കുവച്ചപ്പോള്‍ മനസ്സിലായ കാര്യം അവരില്‍ രണ്ടുപേര്‍ മാത്രമാണ് സത്യസന്ധമായി ജോലി ചെയ്ത് പ്രതിഫലം പറ്റി സമ്പാദ്യം ഉണ്ടാക്കിയത് എന്നായിരുന്നു.

ഈ പ്രളയദുരന്തത്തെ ഏതാനും വര്‍ഷം കൊണ്ട്നാം അതിജീവിക്കും. നല്ല മനുഷ്യരുടെ കൂട്ടായപ്രവര്‍ത്തനങ്ങള്‍ അതിനു കാരണമാകും. ആഡംബരവും ധൂര്‍ത്തും അതിന്റെ എല്ലാ പരിധിയും കഴിഞ്ഞ അവസ്ഥയായിരുന്നു ഇവിടെ. അടുത്ത കാലത്ത് രൂപം കൊണ്ട ഒരു മധ്യവര്‍ഗം പാവപ്പെട്ടവരെ അവഗണിക്കുന്ന സ്ഥിതി ഇനി തുടരരുത്. കേരളത്തിന്റെ ഭൂപ്രകൃതിയെപ്പറ്റി പഠനങ്ങള്‍ ഇനിയും നടത്തണം. അമിതമായ പ്രകൃതി ചൂഷണത്തെ തടയണം. സമുദ്രതീരത്തോട് ചേര്‍ന്ന് ഇത്രയടുത്ത് പര്‍വതനിരകളുള്ള പ്രദേശങ്ങള്‍ ലോകത്ത് വിരളമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കാതെയുള്ള വികസനത്തിനായിരിക്കണം ഇനി ഊന്നല്‍ നല്‍കേണ്ടണ്ടത്.

ഭയപ്പെടാന്‍ ഇനിയുമുണ്ട്

മുല്ലപ്പെരിയാര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പഴക്കമുള്ള രണ്ട് അണക്കെട്ടുകളിലൊന്നാണ്. 60 വര്‍ഷത്തെ ആയുസ്സാണ് നിര്‍മാണവേളയില്‍ അതിനു കല്പിച്ചത്. ഇപ്പോള്‍ 119 കൊല്ലമായി. പല രാജ്യങ്ങളിലും അണക്കെട്ടുകള്‍ ഡി കമ്മിഷന്‍ ചെയ്തുതുടങ്ങി. മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വത്തെപ്പറ്റി രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോള്‍ വേവലാതി കുറഞ്ഞു. സുപ്രീംകോടതിയില്‍ വേണ്ടവിധത്തില്‍ ഈ കേസ് അവതരിപ്പിക്കുന്നില്ലെന്നാണ് സംസാരം. ഇതിനെപ്പറ്റി അന്വേഷിച്ചുചെന്നവര്‍ക്കു മനസ്സിലായ കാര്യമിതാണ്: വേണ്ടത്ര തെളിവുകള്‍ കോടതിക്കു മുന്‍പില്‍ ഹാജരാക്കുന്നില്ല. കോടതിയില്‍ തെളിവാണു പ്രധാനം. കേരളത്തിലെ അനേകം രാഷ്ട്രീയ നേതാക്കള്‍ക്ക് ബിനാമി പേരില്‍ തമിഴ്‌നാട്ടില്‍ സ്ഥലമുണ്ട്. മുല്ലപ്പെരിയാറിന്റെ പേരില്‍ കടുംപിടിത്തം പിടിച്ചാല്‍ ഇതു പുറത്താക്കുമെന്ന് തമിഴ്‌നാട് ഭീഷണിപ്പെടുത്തുന്നുണ്ടെന്നുപോലും. ഏതായാലും ഇതുമായി ബന്ധപ്പെട്ട തമിഴ്‌നാട്ടിലെ ഒരുദ്യോഗസ്ഥന്‍ അടുത്ത നാളില്‍ ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്, അണക്കെട്ടു തകര്‍ന്നാല്‍ ജനങ്ങളുടെ ഉത്തരവാദിത്വം കേരള സര്‍ക്കാറിന്റെ ചുമതലയാണെന്നാണ്. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കാരണമെന്തന്നറിയില്ല. അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി അവര്‍ക്കും സംശയം തോന്നിത്തുടങ്ങിയോ?

ഇക്കാര്യത്തില്‍ കേരളം ഇനിയും അലസത കാണിക്കരുത്. 1924-ലെ മഹാപ്രളയത്തിനുശേഷം മറ്റൊന്നുരും കരുതിയതല്ലല്ലോ. 80-ല്‍പരം അണക്കെട്ടുകള്‍ തലയിലേറ്റി കേരളം പിടയ്ക്കുന്നു.
ഒരു പരിധിയില്‍ കൂടുതല്‍ ഭാരം വഹിക്കാന്‍ ഒന്നിനും കഴിയുകയില്ല. 1341-ല്‍ കൊടുങ്ങല്ലൂര്‍ തുറമുഖത്തെ തകര്‍ത്ത് കൊച്ചി അഴിമുഖം രൂപം കൊണ്ട മഹാപ്രളയവും ചരിത്രമാണ്. മനുഷ്യന്റെ ബുദ്ധിശൂന്യതകൊണ്ട് ഇതൊന്നും സംഭവിക്കാതിരിക്കട്ടെ.

 

സണ്ണി കോക്കാപ്പിള്ളില്‍

 

sunnykokkappillil@gmail.com

Share This:

Check Also

വാര്‍ത്താവിചാരം

സന്തോഷത്തില്‍ നമ്മുടെ സ്ഥാനമെന്ത് ? ഓരോ രാജ്യക്കാരും എത്രമാത്രം സന്തോഷഭരിതരാണെന്നുള്ളതിന്റെ പഠനങ്ങള്‍ അടുത്തകാലത്ത് ആരംഭിച്ചിട്ടുണ്ടണ്ട്. സമൂഹത്തിന്റെ പുരോഗതി, ലക്ഷ്യത്തിലേക്കുള്ള പൊതുവായ …

Powered by themekiller.com watchanimeonline.co