Tuesday , 11 December 2018
Home / Interview / പുതിയ കാലത്തിനായി സച്ചിന്റെ പുതിയ ചുവടുവെയ്പ്പുകള്‍

പുതിയ കാലത്തിനായി സച്ചിന്റെ പുതിയ ചുവടുവെയ്പ്പുകള്‍

 

johnson”ഞാന്‍ നിനക്കായ് പോകാം, ഞാന്‍ നിനക്കായ് പോകാം
ഏകുവാന്‍ നിന്‍ വചനം നല്‍കുവാന്‍ നിന്‍ സാക്ഷ്യം”
ഞാന്‍ പോകാമെന്നുള്ള ഒരാളുടെ അന്തരംഗത്തിന്റെ ഉറപ്പുള്ള പ്രതികരണമാണ് പല നന്മകളും, പുതു ചലനങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നത്. ദൈവവചനം ലളിതമായി ചെറുപ്പക്കാര്‍ പഠിക്കുന്നതിനും സഭയുടെ മതബോധനം യുക്തമായി മനസ്സലാക്കുന്നതിനും ഒരു നവപാഠ്യ രീതി രൂപീകരിച്ച ചെറുപ്പക്കാരനാണ് എറണാകുളം സ്വദേശിയായ  എന്‍ജിനീയര്‍ ആന്റണി സച്ചിന്‍. സച്ചിന്‍ രൂപീകരിച്ച പാഠ്യ രീതി ഇന്ന് സഭാ സമൂഹത്തില്‍ ചര്‍ച്ചയായിക്കൊണ്ടണ്ടിരിക്കുന്നു.
ബൈബിളിനോടുള്ള സ്‌നേഹമാണ് സച്ചിനെ പുതിയ ചുവടുവയ്പിന് പ്രേരിപ്പിച്ചത്.  എന്താണ് ഈ സ്‌നഹത്തിന്റെ പശ്ചാത്തലം?
കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന സമയത്താണ്   (2000-2004) പ്രാര്‍ഥനാ ഗ്രൂപ്പിലേക്കെത്തുന്നത്.   ബൈബിള്‍ പഠനത്തോട് എനിക്ക് വലിയ താത്പര്യമായിരുന്നു. 2007-ല്‍ ജീസസ് യൂത്തിന്റെ തേജസ് ബൈബിള്‍ മിനിസ്ട്രിയുടെ ഭാഗമായി. 2008-ല്‍ എറണാകുളത്തെ ചില ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുത്തപ്പോഴാണ് യഥാര്‍ഥത്തില്‍ ബൈബിള്‍ പഠനം എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലായത്. മൂലഗ്രന്ഥ ഭാഷകളായ ഹീബ്രുവും ഗ്രീക്കും അറിയുകയും ഗ്രന്ഥകാരന്റെ  കാലഘട്ടത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനം  മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് വചനം വ്യാഖ്യാനിക്കേണ്ട രീതി പഠിക്കുന്നത്. അങ്ങനെ വ്യാഖ്യാനിക്കുമ്പോഴാണ് കത്തോലിക്കാ സഭയോടുചേര്‍ന്ന് തെറ്റുകൂടാതെ വ്യാഖ്യാനിക്കാനും വചനത്തിലാഴപ്പെടാനും കഴിയുന്നത് എന്ന് മനസ്സിലായി. ഇത് പുതിയൊരു  തിരിച്ചറിവിന് ഇടയാക്കി. ബൈബിള്‍ പണ്ഡിതരുടെ പുസ്തകങ്ങള്‍ വായിക്കുകയും ചിലരെയെങ്കിലും പരിചയപ്പെടുകയും ചെയ്തപ്പോഴാണ് വചനത്തോടുള്ള എന്റെ സമീപനം മാറ്റാനും എളിമയോടെ വചനത്തെ സമീപിക്കുവാനും   പഠിച്ചത്.
പിന്നീട് പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ദൈവവചനം എങ്ങനെ ക്രിയാത്മകമായി അവതരിപ്പിക്കാമെന്നും പ്രചരിപ്പിക്കാമെന്നും ചിന്തിച്ചു. അതിന് ഉത്തരം തേടിയുള്ള എന്റെ അന്വേഷണം ചെന്നെത്തിയത് ഇന്റര്‍നെറ്റിലും യൂട്യൂബിലുമായിരുന്നു. വചനത്തിന്റെ മേഖലയില്‍ ദൃശ്യമാധ്യമ രംഗത്തുണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തി. വളരെ ഗഹനമായ ഈ വിഷയം ലളിതമായി പകര്‍ന്നുകൊടുക്കാന്‍ സാധിക്കും എന്ന് എനിക്കുമനസ്സിലായി.
അതുവരെ കണ്ടിട്ടില്ലാത്ത ബൈബിള്‍ വിഷ്വല്‍ സോഫ്റ്റ് വെയറുകളും യൂത്തിനുവേണ്ടി പ്രത്യേകം തയാറാക്കിയിട്ടുള്ള ബൈബിളുകളും കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. കാരണം ഇവയെല്ലാം ഒരാള്‍ക്ക് സ്വന്തമായി ബൈബിള്‍ പഠിക്കാന്‍ വളരെ സഹായകരമായിരുന്നു. ഇത്തരം പ്രചോദനങ്ങളായിരുന്നു ടു ഇയര്‍ ബൈബിള്‍ ആന്‍ഡ് യൂ ക്യാറ്റ് റീഡിങ് പ്‌ളാന്‍ എന്ന പദ്ധതി ആവിഷ്‌കരിക്കാന്‍ ഇടയാക്കിയത്.
പുതിയ പാഠ്യരീതിയുടെ പ്രത്യേകത എന്താണ്?
രണ്ടു വര്‍ഷം കൊണ്ട് ബൈബിളും, കത്തോലിക്കാ യുവജന മതബോധന ഗ്രന്ഥവും (യൂക്യാറ്റ് ) ഒന്നിലധികം ആവര്‍ത്തി വായിച്ചു പഠിക്കുന്നതിനുള്ള ദിനം പ്രതിയുള്ള ചാര്‍ട്ടാണിത്. ബൈബിളിലെ പുസ്തകങ്ങളുടെ ക്രമത്തിലല്ല ഇത് രൂപീകരിച്ചിരിക്കുന്നത്. ഓരോദിവസവും വചനങ്ങള്‍ പഠിക്കുന്നതിനും ധ്യാനിക്കുന്നതിനും സഹായകരമായ വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. യൂക്യാറ്റിലെ ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടണ്ട്. സഭാത്മകമായി വചനം പഠിക്കുന്നതിന് ഒരാളെ ഇത് സഹായിക്കും.
ഈ പാഠ്യരീതി വഴി ബൈബിള്‍ കൂടുതല്‍ അടുത്തറിയാന്‍ ചെറുപ്പക്കാര്‍ക്ക് സാധിക്കുന്നുണ്ടോ?
ഇതു വായിച്ച, ഉപയോഗിക്കുന്ന പലരും എന്നോടു പറഞ്ഞത് ഇത് വളരെ മനോഹരമെന്നാണ്. ഇത് ഒരു ദിവസം കൊണ്ടു ഉരുത്തിരിഞ്ഞുവന്നതല്ല. 2007-ല്‍ ജീസസ്‌യൂത്ത് ബൈബിള്‍ മിനിസ്ട്രിയുടെ തേജസ് എന്ന പ്രോജക്ടിന്റെ ഉത്തരവാദിത്തം എനിക്കായിരുന്നു. പക്ഷേ, എനിക്കതു നന്നായി ചെയ്യാന്‍ കഴിഞ്ഞില്ലെന്ന ചിന്ത എന്നെ അലട്ടിയിരുന്നു. ചെറുപ്പക്കാര്‍ക്ക് ദൈവവചനം എങ്ങനെ ലളിതമായി സംലഭ്യമാക്കാം എന്ന അന്വേഷണം അന്നു മുതല്‍ തുടങ്ങിയതാണ്. അങ്ങനെ സാവധാനം ഉരുത്തിരിഞ്ഞു വന്നതാണ് ഈ പാഠ്യരീതി. എല്ലാസമയത്തും ദൈവത്തിന്റെ ഹിതം തിരിച്ചറിഞ്ഞ് നീങ്ങുവാനും ഞാന്‍ ശ്രദ്ധിച്ചിരുന്നു.
എല്ലാവര്‍ക്കും സമയക്കുറവുള്ള ഈ കാലത്ത് ദിവസവും 15 മിനിറ്റ് മാത്രം ചെലവഴിച്ചാല്‍  ഈ പാഠ്യപദ്ധത രണ്ടുവര്‍ഷംകൊണ്ട് വിജയകരമായി പൂര്‍ത്തീകരിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
അധികമാരും ശ്രമിക്കാത്ത ചുവടുവയ്പാണിത്. വളരെയധികം  അധ്വാനവും സൂക്ഷ്മമായ പഠനവും ആവശ്യമുള്ള ഈ ദൗത്യത്തില്‍ ഉടനീളം  സച്ചിനെ മുന്നോട്ട് നയിച്ച പ്രചോദനം എന്തായിരുന്നു ?
നമ്മുടെ അന്തഃരംഗത്തില്‍ ഒരു അസ്വസ്ഥത രൂപപ്പെടും. ശരിയായ വിധത്തില്‍ അതു ചെയ്തു കഴിയുമ്പോഴാണ് നമുക്ക് ശാന്തത ലഭിക്കുക. ദൈവം നല്‍കിയ കഴിവുകളും ക്രിയാത്മകതയും ഈ പ്രചോദനത്തിന്റെ സാക്ഷാത്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ടണ്ട്. പല രാത്രികളിലെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടണ്ട്. വളരെയധികം സമയം പുസ്തക വായനയ്ക്കും, ഇന്റര്‍നെറ്റ് സേര്‍ച്ചിങ്ങിനും വേണ്ടിവന്നിട്ടുണ്ടണ്ട്. സുഹൃത്തുക്കളുടെ സഹായം സ്വീകരിച്ചും  സ്വന്തം കൈയില്‍ നിന്നെടുത്തും കടം വാങ്ങിയും ഞാന്‍ ഇതിനായി പണം കണ്ടെത്തിയിട്ടുണ്ടണ്ട്.
ഓരോ സമയത്തും ദൈവം തുറന്നുതരുന്ന വഴികളിലൂടെ നീങ്ങാനുള്ള പ്രചോദനമാണ് ഇതിനു പിന്നില്‍ ഉണ്ടായിരുന്നത്. ദൈവിക പ്രചോദനങ്ങളെ പിന്‍തുടര്‍ന്ന് ഇതിനായി മനസ്സും ശരീരവും സമര്‍പ്പിച്ചാല്‍ പുതിയ ഒരു സമൂഹത്തെ നമുക്കു സൃഷ്ടിക്കാനാകും.
ബൈബിളും യുവജന മതബോധന ഗ്രന്ഥവും സമന്വയിപ്പിക്കുന്നത് പഠന രീതിയെ കൂടുതല്‍ സമ്പന്നവും സമഗ്രവുമാക്കുന്നു.
ബൈബിള്‍ ഒരു അമൂല്യ നിധിയാണ്. ഈ നിധി ശേഖരിക്കണമെങ്കില്‍ വളരെയധികം ഊര്‍ജം നാം ചെലവഴിക്കണം. ഒരു മനുഷ്യന്റെ എല്ലാ തലത്തിലുള്ള പരീക്ഷണ, നിരീക്ഷണ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ബൈബിളിലുണ്ടണ്ട്. അത് കണ്ടെത്താനും, ഇതില്‍ ആശ്രയം വയ്ക്കാനും തയാറാകുന്നവന് ജീവിതത്തില്‍ നിരാശനാകേണ്ടി വരില്ല.
‘എന്താണോ നാം വിശ്വസിക്കുന്നത് അത് നാം അറിഞ്ഞിരിക്കണമെന്നുള്ള ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ നമുക്കു വഴികാട്ടിയാണ്’. നമ്മുടെ സാധാരണ വിശ്വാസ ജീവിതത്തില്‍ അനുവര്‍ത്തിക്കുന്ന കാര്യങ്ങളെ ബൈബിളിന്റെയും, സഭാ പ്രബോധനത്തിന്റെയും പശ്ചാത്തലത്തില്‍ മനസ്സിലാക്കുവാന്‍ ചെറുപ്പക്കാരെ സഹായിക്കുകയാണ് ഈ സമന്വയത്തിലൂടെ സാധ്യമാകുന്നത്.
ദൈവവചനത്തിന്റെ ലിഖിത രൂപം മാത്രമാണ് ബൈബിള്‍. ദൈവം പല വഴികളിലൂടെ- സഭയുടെ പ്രബോധനങ്ങളിലൂടെ  പ്രകൃതിയിലൂടെ, സുഹൃത്തുക്കളിലൂടെ, ജീവിതാനുഭവങ്ങളിലൂടെ എന്നിങ്ങനെയെല്ലാം മനുഷ്യനോട് സംസാരിക്കുന്നുണ്ട്. കര്‍ത്താവിന്റെ വചനം (verbum domini) എന്ന അപ്പോസ്‌തോലിക പ്രബോധനത്തിലൂടെ സഭ  നമ്മെ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്. ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടണ്ടാണ്  ഒരു വിശ്വാസിക്ക് ബൈബിള്‍ എന്നപോലെ തന്നെ സഭയുടെ പ്രബോധനങ്ങളും പ്രധാനപ്പെട്ടതായി വരുന്നത്. അങ്ങനെയാണ് ബൈബിളും യൂക്യാറ്റും സമന്വയിപ്പിച്ച ഒറു പഠന രീതി വികസിപ്പിച്ചെടുത്തത്.
ബൈബിളിന്റെ ഒരു വലിയ ശേഖരം സച്ചിന്‍ സൂക്ഷിക്കുന്നുണ്ട്.  ബൈബിള്‍ സംബന്ധമായ പല നവീന ആശയങ്ങളും ഇന്റര്‍നെറ്റില്‍ തുടക്കമിടാനും  ശ്രമിച്ചിട്ടുണ്ടണ്ട്. പുതിയ ആശയങ്ങള്‍ പ്രവൃത്തി പഥത്തില്‍ എത്തിക്കാന്‍ എന്താണ് ചെയ്യുന്നത്?
എന്റെ കൈവശം  വിവിധങ്ങളായ 80-ല്‍ അധികം ബൈബിളുകള്‍ ഉണ്ട്. ബൈബിള്‍ സൊസൈറ്റിയുടെ ഒരു മീറ്റിങ്ങില്‍ രൂപതാതലത്തില്‍ ബൈബിളുകളുടെ എക്‌സിബിഷനും, അനുബന്ധ പഠനസാധ്യതകളും പ്രചരിപ്പിക്കേണ്ടണ്ടതിന്റെ ആവശ്യകത ഞാന്‍ ഉന്നയിച്ചു.
അധ്യക്ഷനായ സൂസൈപാക്യം പിതാവ് (തിരുവനന്തപുരം ആര്‍ച്ച് ബിഷപ്) ഇത് പ്രാവര്‍ത്തികമാക്കാന്‍ ഉടന്‍ തന്നെ തീരുമാനമെടുത്തു. ബൈബിള്‍ സ്റ്റഡി വിഡിയോ തയാറാക്കുന്നതിനും അത് www.jybibleministry.com  എന്ന വെബ്‌സൈറ്റില്‍  അപ്‌ലോഡ്  ചെയ്യുന്നതിനുമായി ഞാന്‍ ജോഷി മയ്യാറ്റിലച്ചനോട് (ബൈബിള്‍ കമ്മിഷന്‍ സെക്രട്ടറി) പറഞ്ഞപ്പോള്‍ അദ്ദേഹം വളരെ സജീവമായി സഹകരിച്ചു.
ദൈവിക പ്രചോദനങ്ങളെ നമ്മള്‍ അനുസരിക്കുകയാണെങ്കില്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെ ആശ്ലേഷിക്കാനും, പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ അതിനു യുക്തമായ സാഹചര്യങ്ങളും ഉരുത്തിരിഞ്ഞു വരുമെന്നാണ് എന്റെ അനുഭവം.
ഇന്നത്തെ സാഹചര്യത്തില്‍ വിശ്വാസ കൈമാറ്റത്തിനും യുവാക്കളെ സ്വാധീനിക്കുന്നതിനും പുതിയ തുടക്കങ്ങള്‍ വളരെ ആവശ്യമായിരിക്കുന്നു.
വ്യക്തിയിലൂടെ ഉടലെടുക്കുന്ന പുതിയ  ആശയങ്ങള്‍ വ്യക്തിയെ തന്നെയും, സഭയെയും, സമൂഹത്തെയും നവീകരിക്കുകയും, ശുദ്ധീകരിക്കുകയും ചെയ്യുമെന്ന കാര്യം നാം ഓര്‍ക്കണം. ഓരോ മനുഷ്യനും
പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ അനന്തമായ സാധ്യത ദൈവം നല്‍കിയിട്ടുണ്ടണ്ട്.  മനുഷ്യന്റെ നന്മക്കായി, സമൂഹപുരോഗതിക്കായി നമ്മുടെ അന്തരംഗത്തില്‍ നിന്നും പുറപ്പെടുന്ന ശക്തമായ ചിന്തകളെ നമുക്കു ദൈവിക പ്രചോദനങ്ങളായി കണക്കാക്കാം.
അസ്സീസിയിലെ ഒരു ഫ്രാന്‍സിസിനുണ്ടായ പ്രചോദനം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും നമ്മെ വെല്ലുവിളിക്കുന്നില്ലേ…
കൊല്‍ക്കത്തയിലെ തെരേസയെന്ന കന്യാസ്ത്രീ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ ഇന്നും നമ്മെ പ്രചോദിപ്പിക്കുന്നില്ലേ. ഈടുറ്റ പ്രഭാഷണങ്ങള്‍ റേഡിയോയിലൂടെ നടത്തിയ ബിഷപ്  ഫുള്‍ട്ടന്‍ ജെ. ഷീന്‍ നമ്മുടെ അന്തരംഗങ്ങളെ ഇന്നും ഉണര്‍ത്തുന്നില്ലേ. ചില ചെറുപ്പക്കാര്‍ക്ക് പ്രാര്‍ഥിക്കാന്‍ ഒരുമിച്ചു കൂടണമെന്നുള്ള നവ ചിന്തയല്ലേ ഇന്ന് ആഗോളസഭയില്‍ ശ്രദ്ധേയമായി മിഷന്‍ പ്രവര്‍ത്തനം നടത്തുന്നതിന് ജീസസ് യൂത്തിനെ സഹായിക്കുന്നത്.
നിലവിലുള്ള മറ്റു പ്രോജക്ടുകള്‍ എന്തൊക്കെയാണ് ?
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെക്കുറിച്ച് മൂന്നുമണിക്കൂറിന്റെ സ്റ്റഡി വിഡിയോ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ പുറത്തിറങ്ങും. അന്ധര്‍ക്ക് മലയാളത്തില്‍ ഉപയോഗിക്കാവുന്ന ബൈബിള്‍ സാഫ്റ്റ്‌വെയറിന്റെ ആരംഭദശയിലാണ്. faith database software, bible software, catholic youth bible എന്നിവ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നു. എന്റെ കൈവശമുള്ള വ്യത്യസ്തതരം ബൈബിളുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ബൈബിള്‍ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുന്നു.
ജോലി, കുടുംബം?
എറണാകുളത്ത് സ്വന്തമായി ബിസിനസ് നടത്തുകയാണ് ഇപ്പോള്‍. ഭാര്യ- സിമി,  FISAT എഞ്ചിനീയറിങ് കോളജില്‍ പഠിപ്പിക്കുന്നു. മകള്‍. ജിയന്ന, മകന്‍ ജിയോവന്‍.
പുതിയ ചിന്തകള്‍, സ്വപ്നങ്ങള്‍?
ബൈബിളിന് നല്ലൊരു ആമുഖം (ഒരു പുസ്തകം) എഴുതണമെന്ന് ആഗ്രഹിക്കുന്നു. ബൈബിളിലെ 73 പുസ്തകങ്ങളെ ലളിതമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ആനിമേറ്റഡ് സ്റ്റഡി വിഡിയോ, യൂക്യാറ്റ് സ്റ്റഡി വിഡിയോ എന്നിവയാണ് അടുത്തതായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന പദ്ധതികള്‍.
സച്ചിന്റെ സ്വപ്നങ്ങള്‍ ഒരുപാടാണ്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മനസ്സും, ശരീരവും തയാറാണ്. ഇതുപോലുള്ള യുവാക്കളുടെ നിശ്ചയദാര്‍ഢ്യത്തിലും പ്രതിബദ്ധതയിലും സൃഷ്ടിക്കപ്പെടുന്ന പുതിയ ആകാശവും, പുതിയ ഭൂമിയും ദര്‍ശിക്കാന്‍ ദൈവം നമ്മുടെ കണ്ണുകളെ തുറക്കട്ടെ

Share This:

Check Also

വി.പി.എന്ന വി. ഐ. പി. ജോസഫ്‌

കടമകളും ഉത്തരവാദിത്ത്വങ്ങളും ചടങ്ങുപോലെ ചെയ്യുന്നവരാണധികവും. ചെയ്യുന്ന കാര്യത്തോടുള്ള പ്രതിബദ്ധതയില്‍ മായം ചേര്‍ക്കുന്നവര്‍. തിരിച്ചടവ് പ്രതീക്ഷിക്കാതെ എല്ലാം ആവശ്യാനുസരണം നല്കുന്ന ദൈവത്തോട് …

Powered by themekiller.com watchanimeonline.co